എക്സ് ട്രാ ടൈം ഇല്ലാത്ത കളികൾ

"എണ്ണപ്പാടത്തിനു നടുവിലാണ് ഞാൻ ജനിച്ചു വീണത്”

പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകനുമായ ബൂ ബേക്കർ സങ്കടക്കെട്ടഴിക്കുന്നത് എപ്പോഴും ഈ വാചകങ്ങളോടെയാണ്‌. 

“ഓയിൽ ആൻഡ് ഗ്യാസ് ഫീൽഡിൽ പതിറ്റാണ്ടുകളുടെ അനുഭവജ്ഞാനമുണ്ട്‌. എന്നിട്ടും എന്റെ ജന്മനാട്ടിൽ-അൾജീരിയയിൽ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാൻ കഴിയാതെ പോയല്ലോ!"

"അൾജീരിയ നമുക്ക് അറിയാത്ത സ്ഥലമൊന്നും അല്ലല്ലോ?" ഞാൻ ആശ്വസിപ്പിക്കും. അതു പറയുമ്പോൾ "അൾജീരിയയ്ക്ക് അങ്ങനെ തന്നെ വേണം" എന്നാണോ എന്റെ മനസ്സിലിരിപ്പ്‌  എന്നു സംശയിക്കുകയും ചെയ്യും.

അൾജീരിയയും ഞാനും തമ്മിലുള്ള ബന്ധത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ 1985 ജനുവരി മുതൽ. അന്ന് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. നാലാമത് നെഹ്‌റുകപ്പ്  അന്താരാഷ്‌ട്ര ഫുട്ബോൾ മത്സരം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ താൽകാലിക സ്റ്റേഡിയത്തിൽ നടക്കുന്നു. സോവിയറ്റു യുണിയൻ, സൗത്ത് കൊറിയ, മൊറോക്കോ, യൂഗോസ്ലോവിയ, അൾജീരിയ തുടങ്ങിയ ഏഴു ടീമുകൾക്കൊപ്പം ഇന്ത്യയും മാറ്റുരയ്ക്കുന്നു. 

ഇന്ത്യ കളിക്കുന്ന കളികളൊഴികെ എല്ലാ കളികളും കാണാൻ ഉപ്പ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ കളി കണ്ടിരിക്കുന്നത് തന്നെ നാണക്കേടാണെന്നാണ് മൂപ്പരുടെ അഭിപ്രായം. രണ്ടോ മൂന്നോ കളികൾക്ക്‌ എന്നെയും കൊണ്ടു പോകാമെന്നു പറഞ്ഞിട്ടുണ്ട്. വാഗ്ദാനമൊക്കെ ഇഷ്ടപ്പെട്ടു. പക്ഷേ ആറ്റിട്യൂഡ്,  അതെനിക്കത്ര പിടിച്ചില്ല. രാജ്യസ്നേഹത്തേക്കാൾ വലുതാണോ പന്തുകളി? 

ഞാനാകട്ടെ ജീവിതത്തിൽ അതുവരെ ഫുട്ബോൾ കളിച്ചിട്ടുണ്ടായിരുന്നില്ല. ഫുട്ബോൾ അടുത്ത് കണ്ടിട്ടു പോലുമില്ല. സാങ്കേതികമായി മിക്സഡ് സ്‌കൂളായിരുന്ന സ്ഥാപനത്തെ രണ്ടായി കീറി ഒരു ബോയ്സ് സ്കൂളും ഒരു ഗേൾസ് സ്‌കൂളുമായി പ്രവർത്തിക്കുന്ന കാലമായിരുന്നു. പിന്നെയും രണ്ടു കൊല്ലം കഴിഞ്ഞാണ് പാട്ടും യുവജനോത്സവവും ഹറാമല്ലാതായി തീർന്നത്. സ്‌കൂളിന്റെ പകുതി മാത്രമല്ല കളിസ്ഥലവും അപ്രാപ്യമായിരുന്നു. 

കളിക്കാൻ കഴിയാത്ത കുറവു തീർത്തത് പത്രങ്ങളുടെ സ്പോർട്സ് പേജുകളായിരുന്നു. പത്രം പുറകിൽ നിന്നും വായിച്ച്‌ തുടങ്ങുന്ന കാലം. വിംസി മുതലിങ്ങോട്ട് പ്രതിഭാധനരായ സ്പോർട്സ് ലേഖകർ. ലൈവ് ടെലികാസ്റ്റിനെ വെല്ലുന്ന കളി വിവരണം. സ്പോർട്സ് പേജുകൾ മാത്രം ദിവസേന പലതവണ വായിച്ചു. ഓരോ ലോങ്ങ് വോളിയും മനസ്സിൽ പുതിയ മഴവില്ലുകൾ വരച്ചു.

 "ഉപ്പാ, ഇന്ത്യയെ അത്ര കൊച്ചാക്കി കാണുകയൊന്നും വേണ്ട. ഈ ടൂർണമെന്റിൽ നാഷണൽ ടീമിനെ ഇറക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. സോവിയറ്റു യൂണിയനും കൊറിയയുമൊക്കെ സി ടീമിനെയും യൂത്ത് ടീമിനെയുമൊക്കെയല്ലേ ഇറക്കുന്നത്?"

 "അതിനെന്താ, നല്ല കളിക്കാരായാൽ പോരെ?" "

"ഇന്ത്യക്കാരെന്താ, നല്ല കളിക്കാരല്ലേ? ഇന്ത്യൻ ഗോൾ കീപ്പർ അതാനു ഭട്ടാചാര്യയുടെ പൊക്കം എത്രയാണെന്നറിയോ?" 

"റഷ്യക്കാരുടെ തോളൊപ്പം ചാടാൻ പറ്റിയാൽ മതി." 

"ഉപ്പാക്ക്‌ ചീട്ടുകളി അല്ലാതെ ഒരു കളിയും അറിയില്ല. വെറുതെയല്ല നാട്ടുകാർ ക്ലാവർ മാഷ് എന്ന് വിളിക്കുന്നത്!"

"ക്ലാവറല്ലെടാ..ക്ലെവർ. അവരെന്നെ ക്ലെവർ മാഷ് എന്നാണു വിളിക്കുന്നത്‌"

സിനിമയ്ക്ക് പോകാൻ വീട്ടിൽ നിന്ന് കാശു കിട്ടാത്തവരൊക്കെ നേരെ പോയി നെക്സലൈറ്റ് ആകുന്ന പരിപാടി അന്നു തുടങ്ങിയിട്ടില്ലായിരുന്നു. എങ്കിലും മരണം വരെ സമരം ചെയ്യാൻ തന്നെ ഞാൻ തീരുമാനിച്ചു: "ഒരു കളിയെങ്കി ഒരു കളി. അതു കണ്ടാ മതി. പക്ഷേ, അതിലൊരു ടീം ഇന്ത്യ ആയിരിക്കണം. അല്ലെങ്കിൽ ഞാൻ വരുന്നില്ല." 

"വരണ്ട, അതാണ് നല്ലത്" 

മുറ്റത്തെ ചാമ്പമരമാണ് ഞാൻ സത്യാഗ്രഹത്തിന് തെരഞ്ഞെടുത്തത്. പ്രതിഷേധസൂചകമായി ചാമ്പയുടെ അത്ര ഉയരത്തിലല്ലാത്ത ഒരു കൊമ്പിൽ കയറിയിരുന്നു. ഉപ്പ അന്നത്തെ മാച്ച് കാണാൻ പോയി. ഇവിടെ എനിക്ക് നയതന്ത്രപരമായ ഒരു വലിയ വീഴ്ച സംഭവിച്ചിരുന്നു. ഞാൻ സത്യാഗ്രഹത്തിലാണെന്ന വിവരം എന്നെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാനോ, ഉപ്പയുമായി സന്ധിസംഭാഷണത്തിൽ ഏർപ്പെടാനോ സാധ്യതയുള്ള ആരെയെങ്കിലും, പ്രത്യേകിച്ച് വെല്ലുപ്പാനെ, അറിയിക്കാനുള്ള സാവകാശമോ അവസരമോ കിട്ടാതെ പോയി. നേരം ചുമ്മാ സന്ധ്യയായി. രാത്രിയായി. ചാമ്പമരത്തിലിരിക്കുന്ന സമരസഖാവിനെ ഒരാളും തിരിഞ്ഞു നോക്കിയില്ല. ഉപ്പ കളി കഴിഞ്ഞെത്തിയപ്പോൾ പതിനൊന്നു മണി കഴിഞ്ഞിരുന്നു. നേരെ ചാമ്പമരത്തിനടിയിൽ വന്നു ഉറക്കെ വിളിച്ച് പറഞ്ഞു. "ഞായറാഴ്ച ഇന്ത്യയും അൾജീരിയയും തമ്മിലാണ് കളി. അന്ന് സ്‌കൂൾ ഇല്ലല്ലോ. വേണോങ്കി പോര്" 

ഞാൻ താഴെയിറങ്ങി.

"സ്‌കൂൾ ഇല്ലാഞ്ഞിട്ടാണോ ഉപ്പ എല്ലാ മാച്ചിനും പോകുന്നത്‌?" 

"ചാമ്പേല് പുളിയുറുമ്പ് ഉണ്ടായിരുന്നില്ലേടാ?"

"കൊറച്ച്" 

ആകാശങ്ങളെയും, ഭൂമിയെയും, സർവ്വചരാചരങ്ങളെയും സൃഷ്ടിച്ച തമ്പുരാന് ഞായറാഴ്ചയാവാൻ ഇത്ര ബുദ്ധിമുട്ടുണ്ടായിക്കാണില്ല. ഉച്ച കഴിഞ്ഞ് ഇറങ്ങാം എന്നാണ് ഉപ്പ പറഞ്ഞിരിക്കുന്നത്. അതാണെങ്കിൽ കഴിയുന്നുമില്ല. 

വൈപ്പിനിൽ നിന്ന് എറണാകുളത്തേക്കുള്ള ബോട്ടിലിരിക്കുമ്പോൾ ഉപ്പ ജീവിതത്തിൽ ടൈമിംഗ് എത്ര പ്രധാനമാണെന്ന് ഉദാഹരിക്കുന്ന ഒരു കഥ പറഞ്ഞു. ഗോശ്രീ പാലങ്ങൾ അന്ന് വന്നിട്ടില്ല. ഇന്ത്യൻ ഫുട്ബോൾ ടീമിനെ പരിഹസിക്കാനുള്ള എന്തോ ഒന്നിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് തോന്നിയ ഞാൻ പെട്ടെന്ന് അലേർട്ടായി . 

പക്ഷേ സംഭവം അതല്ലായിരുന്നു. കളി തുടങ്ങുന്നത് ഏഴരയ്ക്കാണ്. ഇൻജുറി ടൈം കൂടി ചേർത്ത് 8:20 നു ബ്രേക്ക്. രണ്ടാം പകുതി എട്ടരയ്ക്ക് തുടങ്ങും. കളി കഴിയാൻ നിന്നാൽ ഒമ്പതരയ്ക്ക് വൈപ്പിനിലേക്കുള്ള ബോട്ട് കിട്ടില്ല. പിന്നെയുള്ള ബോട്ട് പത്തരയ്ക്കാണ്. അതിനു പോയാൽ വൈപ്പിനിൽ നിന്ന് എടവനക്കാടേക്ക് ബസും കിട്ടില്ല. ഒമ്പതു മണിക്കിറങ്ങി വേഗം നടന്നാൽ ബോട്ട് ജെട്ടിയിലെത്താം. അഞ്ചു മിനിറ്റ് വൈകിയാൽ സ്റ്റേഡിയത്തിൽ നിന്ന് ബോട്ട് ജെട്ടിയിലേക്ക് ഓടേണ്ടി വരും. ചുരുക്കിപ്പറഞ്ഞാൽ അവസാനത്തെ പതിനഞ്ചു മിനിറ്റ് കളി കാണാൻ പറ്റില്ല. 

"കളി എക്സ്ട്രാ ടൈമിലേക്കു പോയാലോ?" 

"ഇന്ത്യയുടെ കളി! ...ഹ് ഹ് " 

ഞാൻ ഉപ്പാടെ മുഖത്തേക്ക് നോക്കി. ഒരു രാജ്യദ്രോഹിയുടെ മുഖഛായ എങ്ങനെയിരിക്കുമെന്ന് ഏതാണ്ടൊരു രൂപം കിട്ടി. ഈ പരിഹാസത്തിന് ഗ്രൗണ്ടിൽ തന്നെ ഉത്തരം കിട്ടണേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു.

ബോട്ട് ജെട്ടിയിൽ നിന്ന് മഹാരാജാസ് ഗ്രൗണ്ടിലേക്കു നടക്കുമ്പോൾ ഉപ്പ എന്റെ കൈ പിടിച്ചത് ഞാൻ ബലം പ്രയോഗിച്ച് വിടുവിച്ചു. ഇത്തരക്കാരുമായുള്ള ചങ്ങാത്തമൊന്നും നമുക്ക് പറ്റില്ല. ചുരുങ്ങിയത് ഇന്നത്തെ കളി കഴിയുംവരെയെങ്കിലും. 

ഇന്ത്യൻ ടീമിന്റെ കളിക്കാരുടെ പേരുകളും ജേഴ്സി നമ്പറും പത്രത്തിൽ നോക്കി ഞാൻ എഴുതിയെടുത്തിരുന്നു. ജേഴ്സി നോക്കി കളിക്കാരെ തിരിച്ചറിയാനുള്ള ശ്രമമായിരുന്നു ആദ്യപകുതിയിൽ. മോഹൻ ബഗാനും ഈസ്റ്റ്‌ ബംഗാളിനും വേണ്ടി കളിച്ചിരുന്നവരായിരുന്നു ഏതാണ്ട് മുഴുവൻ പേരും. എഴുത്തുകാരുടെ പേരുകളുടെ ഗാംഭീര്യം ഒന്നുകൊണ്ടു മാത്രം വായിച്ചിരുന്ന ബംഗാളി നോവലുകൾ ലോകോത്തരമാണെന്നു കരുതിയിരുന്ന കാലം. ടീം ലിസ്റ്റ് വായിക്കുന്തോറും എനിക്ക് അഭിമാനം തോന്നി. 

അതിനിടയിൽ അൾജീരിയ ഏതാനും നീക്കങ്ങൾ നടത്തുന്നുണ്ടായിരുന്നു. ഡിഫെൻസിൽ ഉണ്ടാകുന്ന പിഴവുകൾ എന്നെ പറഞ്ഞു മനസിലാക്കാൻ ഉപ്പ ഒരു ശ്രമം നടത്തി. ഞാൻ "ഞങ്ങടെ കാര്യം നോക്കാൻ ഞങ്ങക്കറിയാം" എന്ന മട്ടിലിരുന്നു. ഒന്നാം പകുതി ഒന്നും സംഭവിക്കാതെ കഴിഞ്ഞു പോയി. (ഇന്ത്യ -0 അൾജീരിയ -0)

"കയ്യിൽ കിട്ടിയ എലിയെ ഒറ്റയടിക്ക് കൊല്ലാൻ ഒരു പൂച്ചയും ഇഷ്ടപ്പെടില്ല" ഉപ്പ പറഞ്ഞു. ആ പറഞ്ഞത്‌ ഞാനങ്ങു ക്ഷമിച്ചു. ക്ഷമിക്കേണ്ട ഒരു കാര്യമുണ്ടായിരുന്നു.

"ഒമ്പതു മണി ആയിട്ടും ആരും ഗോൾ അടിച്ചില്ലെങ്കിലോ? നമുക്ക് കളി കഴിഞ്ഞു പത്തരയുടെ ബോട്ടിനു പോയാൽ പോരെ?" 

"വൈപ്പിനിൽ നിന്ന് എടവനക്കാട്ടേക്കു പതിനഞ്ചു കിലോമീറ്ററുണ്ട്. നടന്നു പോകോ?" 

ഇന്ത്യ ജയിക്കുമെങ്കിൽ നടക്കാൻ ഞാൻ തയ്യാറായിരുന്നു. എങ്കിലും പരിഹാസം ഭയന്ന് അക്കാര്യം ഉറക്കെ പറഞ്ഞില്ല. ഇന്ത്യൻ പോസ്റ്റിൽ തുടരെ തുടരെ ആക്രമണം അഴിച്ചു വിടുന്ന പുതിയ ഒരു അൾജീരിയയെയാണ് രണ്ടാം പകുതിയിൽ കണ്ടത്. ഉപ്പ പറഞ്ഞ പൂച്ചയുടെയും എലിയുടെയും ഉദാഹരണം അവർ ഓരോ മിനിറ്റിലും ഓർമിപ്പിച്ചു കൊണ്ടിരുന്നു. പക്ഷേ കളിയുടെ ഗതിയ്ക്കു വിപരീതമായി അറുപത്തഞ്ചാം മിനുറ്റിൽ അപ്രതീക്ഷിതമായി ലഭിച്ച ബോൾ അലോക് മുഖർജി അൾജീരിയയുടെ വലയിലെത്തിച്ചു. (ഇന്ത്യ -1, അൾജീരിയ -0). അവിടെയും നിന്നില്ല. എഴുപതാം മിനുറ്റിൽ അൾജീരിയൻ ബോക്സിൽ ഉണ്ടായ കൂട്ടപ്പൊരിച്ചിൽ കണ്ടു ബോറടിച്ച പന്ത് തനിയെ ഗോൾ പോസ്റ്റിന്റെ ഇടതു മൂലയിൽ പോയി വിശ്രമിച്ചു. ഒന്നും മനസിലാകാതിരുന്ന ബികാസ് പാഞ്ചിയും, പ്രശാന്ത ബാനർജിയും പന്ത്‌ പോസ്റ്റിൽ കയറുന്നതിനു തൊട്ടു മുൻപ് തങ്ങളുടെ കാലിലാണ് തൊട്ടത് എന്ന അവകാശവാദവുമായി പരസ്പരം നോക്കി. (ഇന്ത്യ -2, അൾജീരിയ -0). 

സ്‌റ്റേഡിയം ആർത്തിരമ്പുകയായിരുന്നു. ചൂളമരം കൊണ്ടു നിർമ്മിച്ച താൽകാലികഗാലറി പൊളിഞ്ഞു വീഴുമെന്നു തോന്നി. വീഴുമെങ്കിൽ വീഴട്ടെ. നിന്നു ചാടുകയായിരുന്ന എന്നെ ഉപ്പ പിടിച്ചു വലിച്ചു.  

"ഒമ്പതു മണിയായി" 

ഞാൻ കേട്ട ഭാവം കാണിച്ചില്ല. എന്തായിരുന്നു പരിഹാസം! കുറച്ചു നേരം അവിടെ നിക്കട്ടെ. ഉടനെ ഇറങ്ങാൻ ഉപ്പ നിർബന്ധിച്ചുമില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ പറഞ്ഞു. "ഇനി ഓടിയാലേ ബോട്ട് കിട്ടൂ..." 

ഓടാമല്ലോ. വേണമെങ്കിൽ പറക്കാം. അത്രയ്ക്കായിരുന്നു ആഹ്‌ളാദം. ആർത്തലച്ചു വരുന്ന സന്തോഷത്തിന്റെ തിരമാലകൾ. അതിനു മീതെ ഓടി ജെട്ടിയിലെത്തിയപ്പോഴേയ്ക്കും ഒമ്പതരയുടെ ബോട്ട് പോയിക്കഴിഞ്ഞിരുന്നു. ഉപ്പ ചീത്ത പറയുമെന്നാണ് കരുതിയത്. ഒന്നും പറഞ്ഞില്ല. പത്തരയുടെ ബോട്ടിലിരിക്കുമ്പോൾ ഉപ്പയുടെ മുഖത്തും അതേ സന്തോഷം കണ്ടു. ഇന്ത്യ ജയിച്ചത് കൊണ്ടാണോ, എന്റെ സന്തോഷം കണ്ടിട്ടാണോ, ആർക്കറിയാം?  

പതിനഞ്ചു കിലോമീറ്റർ നടന്നു വീട്ടിലെത്തിയപ്പോൾ രണ്ടു മണി കഴിഞ്ഞിരുന്നു. മൂന്നു നാലു മണിക്കൂറുകൾക്കുള്ളിൽ പത്രം വരും. വന്നയുടനെ സ്പോർട്സ് പേജ് തുറക്കണം. കണ്ണിൽ നിന്ന് മായാത്ത കാഴ്ച്ചകൾ വായിച്ചറിയണം. ടൈമിംഗ് ജീവിതത്തിൽ പ്രധാനമാണല്ലോ. കൂടുതൽ ദീർഘിപ്പിക്കുന്നില്ല. പത്രവാർത്തയുടെ രത്നച്ചുരുക്കം ഏതാണ്ട് ഇപ്രകാരമായിരുന്നു. "ഇന്ത്യ പൊരുതിത്തോറ്റു. 77', 86', 88' മിനുറ്റുകളിലാണ് അൾജീരിയ ഗോൾ മടക്കിയത്. (ഇന്ത്യ -2, അൾജീരിയ -3)

.

Comments

Popular posts from this blog

ജിന്നുകളുടെ ഉസ്താദ്‌

സ്പെസിഫിക് ഗ്രാവിറ്റി

ഓര്‍മ്മകള്‍ക്ക് എന്തു സുഗന്ധം!