പാസഞ്ചേഴ്‌സ്, അറ്റെൻഷൻ പ്ലീസ്..!

അപരിചിതമായ ഒരു മുറിയിൽ ഒറ്റയ്ക്കിരിക്കേണ്ടി വരുന്ന ഒരാളെ അയാളറിയാതെ നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ? അയാളെ നിങ്ങൾക്ക് യാതൊരു മുൻപരിചയവുമില്ല. അയാൾ ആരുമാകാം. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രവാസം തെരെഞ്ഞെടുത്ത ഒരു സാധുമലയാളിയോ, ഗുഹ്യഭാഗങ്ങളിൽ സ്വർണം ഒളിപ്പിച്ച് കടത്തുന്ന ഏജന്റോ, അതുമല്ലെങ്കിൽ ഗൂഢപദ്ധതികളുമായി എയർ പോർട്ടിനുള്ളിലേക്കു ഒളിച്ചു കടന്ന തീവ്രവാദി പോലുമാകാം. അയാളെ കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ല എന്നതു മാത്രമാണ് അയാളെ കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന ഒരേയൊരു കാര്യം. അതെന്തു തന്നെ ആയാലും, ഷിഫ്റ്റ് മാനേജർ എന്ന നിലയിൽ ഞാൻ ജോലി ചെയ്യുന്ന ബജറ്റ് എയർലൈൻസിന്റെ സൽപ്പേരും, എന്റെ ജോലിയും അടുത്ത ഒരു മണിക്കൂറിനുള്ളിൽ അയാളെ ഞാൻ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നനുസരിച്ചിരിക്കും.

 ബോർഡിങ് പാസിൽ അയാളുടെ പേരെഴുതിയിരിക്കുന്നത് മുഹമ്മദ് ഐ പാഴേപ്പ എന്നാണ്. അയാളുടെ യഥാർത്ഥപേര് പാഴേപ്പറമ്പിൽ മുഹമ്മദ് ഇർഫാൻ എന്നാണെന്നു മനസിലാക്കാൻ പാസ്പോർട്ട് കോപ്പി നോക്കേണ്ടി വന്നു. വയസ് - 52. രണ്ടര മണിക്കൂർ മുൻപ്, കൃത്യമായി പറഞ്ഞാൽ രാവിലെ 8 :05 നു പത്ത് മിനിറ്റ് വൈകി ദോഹയിൽ നിന്നും കണ്ണൂർക്ക് പുറപ്പെട്ട ഞങ്ങളുടെ ഫ്‌ളൈറ്റിൽ 43 C സീറ്റിലിരുന്ന് യാത്ര ചെയ്യേണ്ടിയിരുന്നു അയാൾ. അയാളെയാണ് എയർപോർട്ടിലെ എന്റെ കുടുസ്സ് ഓഫീസിനു പുറത്ത് പരാതികളും അന്വേഷണങ്ങളുമായി വരുന്ന യാത്രികർക്കിരിക്കാനിട്ടിരിക്കുന്ന 3- സീറ്റർ സ്റ്റീൽ ചെയറിൽ ഇരുത്തിയിരിക്കുന്നത്. ഓഫീസിന്റെ ഗ്ളാസ് ഡോറിലൂടെ ഞങ്ങൾക്കയാളെ കാണാം. അയാളുടെ മുഖഭാവങ്ങളിൽ നിന്നോ ശരീരഭാഷയിൽ നിന്നോ അയാളെ മനസിലാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ മാത്രമാണ് റേച്ചൽ അയാളോട് സംസാരിച്ചു നോക്കട്ടെ എന്നു തീരുമാനിച്ചത്. അതിനു ശേഷം മാത്രം ഞാൻ രംഗത്ത് വരുന്നതാകും ബുദ്ധി.

"വളയ്ക്കാനേ പാടുള്ളൂ... ഒടിക്കരുത്"

ഞാൻ പറഞ്ഞതിന്റെ അർത്ഥം റേച്ചലിനു മനസിലായോ എന്തോ? മനസിലായിക്കാണണം. ഇപ്പോഴത്തെ അവസ്ഥയിൽ ഞങ്ങൾ എത്തിപ്പെട്ടതിനു  എന്നെ പോലെ അവൾക്കും ഉത്തരവാദിത്വമുണ്ടല്ലോ?

കാര്യത്തിലേക്കു വരാം. മുഹമ്മദ് ഇർഫാൻ ചെക്ക് ഇൻ തീരുന്നതിനു അല്പം മുൻപ് മാത്രം എയർപോർട്ടിലെത്തുന്നു. ലോഗ് അനുസരിച്ച് അവസാനം ചെക് ഇൻ ചെയ്ത പത്ത് പേരിൽ ഒരാളാണ് മിസ്റ്റർ ഇർഫാൻ. എങ്കിലും എമിഗ്രെഷൻ കഴിഞ്ഞു കൃത്യ സമയത്ത് ഗെയ്റ്റിൽ എത്താനുള്ള സമയം ഉണ്ടായിരുന്നു. പക്ഷെ, പല തവണ അനൗൺസ് ചെയ്തതിനു ശേഷമാണ് ഓടിക്കിതച്ച് അയാൾ ഗെയ്റ്റിലെത്തിയതെന്ന് റേച്ചൽ കൃത്യമായി ഓർക്കുന്നു.

"നാട്ടിൽ കിട്ടാത്തത് എന്തുണ്ട് സാർ. മനുഷ്യനെ മെനക്കെടുത്താൻ അവന്റെയൊക്കെ അമ്മൂമ്മയെ കെട്ടിക്കുന്നതു വരെ ഡ്യൂട്ടി ഫ്രീയിൽ തെണ്ടി നടക്കും" റേച്ചലിന് ദേഷ്യവും സങ്കടവും പേടിയുമുണ്ട്. സിറ്റുവേഷൻ കൈകാര്യം ചെയ്യാൻ അവളെ കൊണ്ടാകുമോ എന്ന് എനിക്ക് സംശയം തോന്നി.

"റേച്ചൽ, ഇമോഷൻസ് കൺട്രോൾ ചെയ്യണം. സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമാണ്.  അയാളുടെ മനസ്സിലെന്തായിരുന്നു എന്നറിയാതെ നമുക്കൊരു  സ്റ്റെപ് എടുക്കാനാകില്ല."

രണ്ടു മണിക്കൂർ മുൻപ് ബോർഡിങ് പാസിൽ സ്റ്റാമ്പ് ചെയ്ത് ഗെയ്റ്റ് കടത്തി വിട്ടത് റേച്ചൽ തന്നെയാണ്. അയാളെയാണ് അതേ  എയർപോർട്ടിലെ ഓഫീസിലിരുത്തി ഇന്റർവ്യൂ ചെയ്യേണ്ടത്. അയാളെങ്ങനെ ഫ്‌ളൈറ്റിൽ കയറാതെ ഒളിച്ചു കടന്നു?

ഒരുപക്ഷെ, എയർപോർട്ടിനകത്ത് വെച്ച് സ്വർണം എത്തിച്ച് കൊടുക്കാമെന്ന് ഏറ്റയാളെ അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞു കാണില്ല. അല്ലെങ്കിൽ വൈകിയത് കൊണ്ട് സ്വർണം ഒളിപ്പിക്കാൻ പറ്റിയില്ല. അതുമല്ലെങ്കിൽ അയാൾ കടത്തുമുതൽ മറ്റൊരിടത്തേക്കു മാറ്റിയതാണോ? ചതിയുടെയും പ്രതികാരത്തിന്റെയും കഥകൾ എത്ര കേട്ടിരിക്കുന്നു!

റേച്ചൽ അയാൾക്ക് കുടിക്കാൻ വെള്ളം കൊടുത്തു. അയാളോട് എത്രയും അടുത്തിരിക്കാമോ അത്രയും അടുത്തിരുന്നു. അയാളെ മയപ്പെടുത്താൻ എത്ര സൗമ്യമായി ചിരിക്കാമോ അത്രയും സൗമ്യമായി ചിരിച്ചു. അതുകൊണ്ടു വലിയ പ്രയോജനമുണ്ടായില്ല. അയാൾ വെള്ളം വാങ്ങിക്കുടിച്ചു. റേച്ചലിനു കണ്ണ് കൊടുക്കാതെ തിരിച്ചു ചിരിച്ചു. അയാളെ കുറിച്ച് റേച്ചൽ എന്തായിരിക്കും ഇപ്പോൾ വിചാരിക്കുന്നത്?

കഴിഞ്ഞ രണ്ടു മണിക്കൂറിലധികം അയാൾ എവിടെ ആയിരുന്നു? അയാളില്ലാതെ ഫ്‌ളൈറ്റിൽ കയറിയ ബാഗേജിനകത്ത് എന്തായിരിക്കും? ആകാശത്ത് വെച്ച് എങ്ങാനുമത് ... ഗുരുവായൂരപ്പാ!

ലെറ്റസ്‌ കീപ്  ഇറ്റ് സിമ്പിൾ. ഞാൻ ഒരു കസ്റ്റംസ് ഓഫീസറോ, സെകുരിറ്റി ചീഫോ അല്ല. അപ്പുറത്തിരിക്കുന്നയാൾ ആരാണ് എന്നത് എനിക്കൊരു വിഷയം പോലുമല്ല. ഷിഫ്ട് മാനേജർ എന്ന നിലയിൽ എനിക്ക് അക്ഷന്തവ്യമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഗെയ്റ്റിലെ ലോഗ് ഷീറ്റിലെ എണ്ണവും ബോർഡ് ചെയ്ത പാസഞ്ചേഴ്സിന്റെ എണ്ണവും ടാലി ചെയ്യുന്നില്ലെന്നു മനസിലാക്കാതെ ഫ്ളൈറ് പറന്നു കഴിഞ്ഞു. നാളെ ഈ സമയത്ത് ഈ കസേരയിൽ ഇരിക്കാനൊക്കുമോ എന്ന് പറയാനാകില്ല. എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ ഇരു ചെവിയറിയാതെ അയാളെ അടുത്ത ഫ്‌ളൈറ്റിൽ കയറ്റി നാടു കടത്തണം.

റേച്ചൽ അയാളോട് സംസാരിച്ചു തുടങ്ങിയിരിക്കുന്നു. സൗമ്യമായ ഈ മുഖഭാവം ഒരിക്കലെങ്കിലെങ്കിലും കൗണ്ടറിൽ കാണിച്ചിരുന്നെങ്കിൽ അവൾക്കൊരു പ്രൊമോഷൻ കൊടുക്കുന്ന കാര്യം ആലോചിക്കാമായിരുന്നു.

എന്നെ അലട്ടുന്നത് അയാളുടെ ആ ഇരിപ്പാണ്. തീവ്ര ആചാരാനുസാരിയായ ഒരാളിൽ മാത്രം കാണുന്ന കൂസലില്ലായ്മ അയാൾക്കുണ്ട്. നെറ്റിയിൽ രൂപപ്പെട്ടു വരുന്ന കറുത്ത തഴമ്പും ആ താടിയും എന്നെ കുറച്ച് ഒന്നുമല്ല അസ്വസ്ഥനാക്കുന്നത്. അയാൾ കുഴപ്പക്കാരനാണെന്ന ചെറിയ സൂചനയെങ്കിലും കിട്ടിയാൽ സംശയം തോന്നിക്കാത്ത രീതിയിൽ പിടിച്ചേല്പിക്കണം. ജോലി പോയാലും കുഴപ്പമില്ല. തീവ്രവാദിയെ സഹായിച്ചുവെന്ന് സംശയിക്കാൻ പോലും ഇട വരുത്തരുത്. മുഹമ്മദ് ഇർഫാൻ പോലും! ഇവന്മാർക്കിടയിൽ തന്നെ എത്രയോ നല്ല പേരുകളുണ്ട്.

റേച്ചൽ അകത്ത് വന്നു വാതിൽ ചാരി എനിക്ക് അഭിമുഖമായി ഇരിക്കുമ്പോൾ ഞാൻ അയാളെ തന്നെ നോക്കുകയായിരുന്നു. ഇല്ല, എഴുന്നേറ്റ് ഓടിക്കളയാനൊന്നും പോകുന്നില്ല. അയാൾ ഹാൻഡ് ബാഗേജ് എടുത്ത് മടിയിൽ വെച്ചിട്ടുണ്ട്. അതിനകത്ത് എന്തായിരിക്കും?

"അയാളൊരു പാവമാണ് സർ"

അല്ലെങ്കിലും സ്ത്രീകൾ ഇങ്ങനെയാണ്. ഇന്നു മാത്രം കണ്ട ഒരാളാണെന്ന് ഓർക്കില്ല. എത്ര ബുദ്ധിയുള്ളവളാണെങ്കിലും ആരുടെയെങ്കിലും വാക്ചാതുരിയിൽ പെട്ടെന്നു വീണു പോകും.

"അയാള് കോബസ്സിൽ ഇരുന്ന് ഉറങ്ങിപ്പോയതാണ് സർ. വണ്ടി പാർക് ചെയ്ത് ഡ്രൈവർ അയാളുടെ പാട്ടിനു പോയി."

"വാട് ഡു യു മീൻ?" എനിക്ക് ദ്വേഷ്യം വന്നു. മനുഷ്യർ ഇങ്ങനെ കഴുതകളാകുമോ? "ഗെയ്റ്റിൽ നിന്ന് അഞ്ചു മിനിറ്റ് എടുക്കില്ല ഫ്ളൈറ്റിലേക്ക്. അതിനിടയിൽ ഒരാൾ ഉറങ്ങിപ്പോകുമോ? കോ പാസഞ്ചേഴ്‌സ് ബോർഡ് ചെയ്യാൻ തിരക്ക് കൂട്ടുമ്പോൾ അയാൾ ഉണരില്ലേ? അല്ലെങ്കിൽ അയാൾ ഉറങ്ങുന്നത് ആരും കാണില്ലേ?"

"മറ്റുള്ളവരുടെ കാര്യം നോക്കാൻ ആർക്കാണ് സർ നേരം?" ഇപ്പോൾ കണ്ട ഒരുത്തനു വേണ്ടി റേച്ചൽ വക്കാലാത്ത് പറയുകയാണ്. "അയാൾക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. ഉറങ്ങിപ്പോയി"

"യു ഡംപ്? നീയത് വിശ്വസിച്ചോ?"

"സർ, മുപ്പത്തിയാറു മണിക്കൂർ അയാൾ തുടർച്ചയായി ജോലി ചെയ്യുകയായിരുന്നു" റേച്ചൽ അവനവനോടെന്ന വണ്ണം പറഞ്ഞു "രണ്ടു ദിവസമായി ഉറങ്ങിയിട്ട്"

"ഇവന്മാരെങ്ങനെ പല കഥകളും പറയും. രണ്ടു ദിവസം ഉറങ്ങാതെ ജോലി ചെയ്തു പോലും. മനുഷ്യർക്ക് പറ്റുന്ന കാര്യമാണോ അത്?"

"പറ്റും സർ. നാളെ അയാളുടെ മോളുടെ കല്യാണമാണ്. ഇന്ന് ഡേ ഷിഫ്റ്റ് ചെയ്ത് രാത്രിയിലെ ഫ്‌ളൈറ്റിന് പോയാൽ നാളെ രാവിലെയേ അയാൾ അവിടെ എത്തൂ" റേച്ചൽ തല തിരിച്ച് അയാളെ ഒന്ന് കൂടി നോക്കി "രാവിലത്തെ ഫ്‌ളൈറ്റിനു പോയാൽ മൈലാഞ്ചിക്ക് മുൻപ് അങ്ങെത്താം. സൂപ്പർവൈസറുടെ കാലു പിടിച്ച് ഷിഫ്റ്റ് വെച്ചു മാറിയതാണ്"

റേച്ചലിന് അയാളിപ്പോൾ ആരെ പോലെയാണെന്ന് എനിക്ക് മനസിലായി. ആരുമാകട്ടെ. അടുത്ത ഫ്‌ളൈറ്റിൽ കയറ്റി വിട്ട് സൊല്ല ഒഴിവാക്കിയാൽ മതി.

"അയാളോട് വരാൻ പറ" ഞാൻ പറഞ്ഞു " ലെറ്റ് ഹിം ബോർഡ് ഇൻ ദി നെക്സ്റ്റ് ഫ്ലൈറ്റ്"

റേച്ചലിന്റെ മുഖം തെളിഞ്ഞു. ആവേശത്തോടെ കാബിൻ ഡോർ തുറക്കും മുൻപ് ഞാൻ ഓർമ്മിപ്പിച്ചു.

"ഒരു മിനിറ്റ്. ഇൻസിഡന്റ് റിപ്പോർട്ടിൽ റേച്ചൽ എഴുതാൻ പോകുന്ന കഥ ഇതായിരിക്കില്ല. അത് ഞാൻ പറഞ്ഞു തരുന്ന പോലെ ആയിരിക്കണം"

അയാൾ എനിക്ക് അഭിമുഖമുള്ള കസേരയിലിരുന്നു. റേച്ചൽ ഡോറിനടുത്ത് നിന്നു.

ഞാൻ നോക്കിയത് അയാളുടെ കണ്ണുകളിലേക്കാണ്. ആ കൂസലില്ലായ്മ ഇപ്പോളുമുണ്ടോ? കണ്ണുകൾ കുഴിഞ്ഞു രണ്ടു മാളങ്ങൾ പോലെ. അവയിൽ നിന്നും ഇപ്പോഴും നാവു നീട്ടുന്ന ഉറക്കത്തിന്റെ സർപ്പങ്ങൾ.

"മോളുടെ കല്യാണത്തിന് കുറച്ച് ദിവസം കൂടി നേരത്തെ പോകണ്ടേ ഇർഫാൻ" ഞാൻ ചോദിച്ചു "താൻ ചത്ത് പണമുണ്ടാക്കിയിട്ട് എന്തിനാണ്?"

മറുപടി പറഞ്ഞത് റേച്ചലാണ് "സർ, പ്ലീസ്..."

"നോക്കൂ ഇർഫാൻ, നിങ്ങളെ അടുത്ത ഫ്‌ളൈറ്റിൽ കയറ്റി വിടാം. ബോർഡിങ് പാസിന്റെ കോപ്പി ഇവിടെ ഏൽപ്പിക്കണം. ഫ്ലൈറ്റ് മിസ്സായത് എങ്ങനെയെന്ന് ഞങ്ങൾ പറയുന്നത് പോലെ എഴുതി തരികയും വേണം. കല്യാണമൊക്കെ ഭംഗിയായി കൂടി തിരിച്ചു വന്നു നഷ്ടപരിഹാരം ചോദിക്കാമെന്ന് കരുതരുത്"

"എന്റെ നഷ്ടം പരിഹരിക്കാൻ നിങ്ങൾക്ക് പാങ്ങുണ്ടോ സാർ?" അയാൾ തലയുയർത്തി അല്പം പോലും ശബ്ദമുയർത്താതെ ചോദിച്ചു "എങ്കിൽ മൈലാഞ്ചിക്ക് മുൻപ് എന്നെ വീട്ടിലെത്തിക്ക്"

ഇതാണ് ഇവറ്റകളുടെ സ്വഭാവം. ഒരു ഉപകാരം ചെയ്യാമെന്നു കരുതിയാൽ പരമാവധി പിഴിയാൻ നോക്കും. നെഗോഷിയേഷൻ ടേബിളിൽ ഞാൻ എത്ര ദയാരഹിതനായ മൃഗമാണെന്ന് ഇവൻ ഇന്നറിയും.

"ഇർഫാൻ, തെറ്റു നിങ്ങളുടെ ഭാഗത്ത് മാത്രമാണ്. ഒരു ഇൻവെസ്റ്റിഗേഷൻ വന്നാൽ നിങ്ങൾ മൂന്നു ഷിഫ്റ്റ്, മുപ്പത്താറു മണിക്കൂർ തുടർച്ചയായി ജോലി ചെയ്തു എന്ന് വ്യക്തമാകും. അതുകൊണ്ടു മാത്രമാണ് നിങ്ങൾ ബസിലിരുന്നു ഉറങ്ങിപ്പോയത്. അന്വേഷണം വന്നാൽ നിങ്ങളെ സഹായിച്ച സൂപ്പർവൈസറുടെ ഗതിയെന്താകും?"

"സാറിനു പ്രായമായ പെണ്മക്കളുണ്ടോ?" ഇർഫാൻ ഒന്ന് മന്ദഹസിച്ച പോലെ എനിക്കു തോന്നി "അവളുടെ മൈലാഞ്ചിത്തലേന്നു മറ്റൊരു നാട്ടിലിരുന്നു സാറിന് ഉറങ്ങാൻ കഴിയുമോ?" 

"നിങ്ങൾ പറയുന്നത് കേട്ടാൽ ബസിലിരുന്ന് ഉറങ്ങി ഫ്ലൈറ്റ് മിസ്സാക്കിയത് ഞാനാണെന്ന് തോന്നുമല്ലോ? എന്ത് പറഞ്ഞാലും തെറ്റ് നിങ്ങളുടേത് അല്ലാതാകുമോ?"

"ഡ്യൂട്ടി ചെയ്തില്ലെങ്കിലും ഞാൻ ഉറങ്ങുമായിരുന്നില്ല സാറേ"

അയാൾ ഹാൻഡ് ബാഗ് മേശപ്പുറത്ത് വെച്ച് അതിനുള്ളിൽ എന്തോ തിരയാൻ തുടങ്ങി. അയാൾ തിരയുന്നത് തോക്കോ ബോംബോ ആയിരിക്കുമെന്ന് എന്തുകൊണ്ടോ എനിക്ക് സംശയം തോന്നിയില്ല. തെരച്ചിലിനിടയിൽ അയാൾ മന്ത്രിക്കുന്നത് പോലെ പറഞ്ഞു.
"പിറ്റേ ദിവസത്തെ കാഴ്ചകൾ മനസ്സിൽ തിക്കു മുട്ടുമ്പോൾ എങ്ങനെ ഉറങ്ങാനാണ്?"

ബാഗിനുള്ളിൽ നിന്നും മൊബൈൽ ഫോണെടുത്ത് അയാളെന്തോ തെരഞ്ഞു കൊണ്ടിരിന്നു. " ഡ്യൂട്ടി സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. ഫ്ലൈറ്റ് മിസാകാതിരിക്കാൻ ഓടിപ്പിടഞ്ഞെത്തുന്നതിനിടെ ഇതൊന്നു തുറന്നു നോക്കാനും പറ്റിയില്ല. ദാ, അവിടെയിരിക്കുമ്പോഴാണ് ഇത് കാണുന്നത്. സാറീ കുഞ്ഞിന്റെ മുഖത്തേക്ക് ഒന്ന് നോക്കിക്കേ"

അയാൾ ഫോൺ എന്റെ കയ്യിൽ തന്നു. കഴിഞ്ഞ ദിവസത്തെ പ്രധാനവാർത്ത. വാട്സാപ്പിൽ എത്ര പേരിൽ നിന്ന് ഷെയർ ചെയ്തു കിട്ടിയതാണ്‌. ദുരന്തവാർത്തകൾ ഷെയർ ചെയ്യുന്നതു കൊണ്ട്‌ ഇവർക്ക്‌ എന്തു മനസ്സുഖമാണ്‌ ഉണ്ടാകുന്നത്‌!

"സ്‌കൂൾ ബസിലിരുന്നു ഉറങ്ങിപ്പോയതാണ്. പച്ചിരുമ്പിനു തീ പിടിക്കുന്ന വെയിലത്തു വണ്ടി നിർത്തി എല്ലാവരും ഇറങ്ങിപ്പോയി. ആരെങ്കിലും ഒരാൾ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ അവൾ ഇന്നുമുണ്ടാകുമായിരുന്നു. തെറ്റ് അവളുടേതായിരുന്നു എന്ന് നിങ്ങൾ പറയുമോ സർ?"  

തൊണ്ടയൊന്നിടറാതെ അയാളിതെങ്ങനെ പറഞ്ഞൊപ്പിക്കുന്നു!  

"അന്ന് അവളുടെ ബെർത്ത് ഡേ ആയിരുന്നു. ടീച്ചർമാർക്കും കൂട്ടുകാർക്കും കൊടുക്കാനുള്ള ചോക്ലേറ്റുകളായിരുന്നു സ്‌കൂൾ ബാഗ് നിറയേ"

ഒരു അനൗൺസ്‌മെന്റ് മുഴങ്ങി. ഗെയ്റ്റിൽ എത്താൻ വൈകിയ ഏതോ യാത്രക്കാരനുള്ള മുന്നറിയിപ്പാണ്.

"തലേന്ന് അവളുറങ്ങിക്കാണില്ല സാറേ" അയാൾ വീണ്ടും പിറുപിറുത്തു "പിറ്റേ ദിവസത്തെ കാഴ്ചകൾ മനസ്സിൽ തിക്കു മുട്ടുമ്പോൾ എങ്ങനെ ഉറങ്ങാനാണ്?"

Popular posts from this blog

ജിന്നുകളുടെ ഉസ്താദ്‌

സ്പെസിഫിക് ഗ്രാവിറ്റി

ഓര്‍മ്മകള്‍ക്ക് എന്തു സുഗന്ധം!