ജിന്നുകളുടെ ഉസ്താദ്
ബാവക്കുട്ടിയെപ്പറ്റി
പറയുമ്പോള്‍ ബാലമാസികകളില്‍ കാണുന്ന ദേശാടനപക്ഷികളുടെ രേഖാചിത്രങ്ങളാണ് ഓർമ്മ വരിക. ഉയരം കുറഞ്ഞ്, മെലിഞ്ഞു നെഞ്ചുന്തിയ ശരീരപ്രകൃതി കൊണ്ടും, കൈകള്‍ വിടര്‍ത്തി എന്നാല്‍ വലുതായി
വീശാതെയുള്ള നടത്തത്തിന്‍റെ പ്രത്യേകത കൊണ്ടും തോന്നുന്ന വെറും സാദൃശ്യം മാത്രമായിരുന്നില്ല അത്. ഞങ്ങളെ
സംബന്ധിച്ചിടത്തോളം ബാവക്കുട്ടി ഒരു ദേശാടനക്കിളി
തന്നെയായിരുന്നു.
തോളിലൊരു എയർബാഗുമായി
ഹോസ്റ്റൽ വരാന്തയിലെവിടെയെങ്കിലും പെട്ടെന്നൊരു ദിവസം ബാവക്കുട്ടി പ്രത്യക്ഷപ്പെടുമ്പോഴാണ് പരീക്ഷാസീസണ്‍
അടുത്തെത്തിക്കഴിഞ്ഞു എന്ന സത്യം ഞങ്ങൾ മനസ്സിലാക്കുന്നത്. ഓരോ സെമെസ്റ്റര്‍
അവസാനിക്കുമ്പോഴും അത്ര കണിശമായ കൃത്യതയോടെയായിരുന്നു ബാവക്കുട്ടിയുടെ വരവ്. സത്യത്തില്‍ ബാവക്കുട്ടി ഞങ്ങളെക്കാള്‍ എത്ര
കൊല്ലം സീനിയറാണെന്നോ,
ബാക്ക്
പേപ്പറുകള്‍ എത്രയുണ്ടെന്നോ ആരും അന്വേഷിച്ചില്ല. സുഹൃത്തെന്നു പറയാന്‍
പ്രത്യേകിച്ചാരെങ്കിലും ചങ്ങാതിക്ക് ആ ഹോസ്റ്റലിലുണ്ടായിരുന്നുമില്ല. എങ്കിലും ബാവക്കുട്ടിക്ക്
ഒരിടമില്ലാത്ത മുറികള്‍ അവിടെ കുറവായിരുന്നു. കുട്ടികളുടെതിനേക്കാൾ നിഷ്കളങ്കമായ ചിരിയേയും, കലര്‍പ്പില്ലാത്ത സ്നേഹത്തെയും ആര്‍ക്കാണ്
വേണ്ടെന്നു പറയാനാവുക!
ബാവക്കുട്ടി ഹോസ്റ്റല്‍ ജീവിതത്തില്‍
അലിഞ്ഞുചേര്‍ന്നു എന്നതിനേക്കാള്‍, ഹോസ്റ്റല്‍ ബാവക്കുട്ടിയെക്കൊണ്ട് നിറഞ്ഞു
എന്നുപറയുന്നതായിരിക്കും കൂടുതല്‍ ശരി. പച്ചവെള്ളം നിറച്ച ഗ്ലാസ്സില്‍ ഒരു തുള്ളി
ചോര അലിയുംപോലെ ഊഷ്മളമായിരുന്നു ആ ലയനം. വിസ്മയാവഹമായ ഏതോ കുഴല്‍വിളി കേട്ടിട്ടെന്ന
പോലെ താരതമ്യേന ജൂനിയറായ കൂട്ടുകാര്‍ പോലും അയാളുടെ പുറകേ കൂടി. എങ്കിലും
മറ്റുള്ളവരേക്കാള്‍ കുറച്ചുകൂടി ദൃഡമായ ആത്മബന്ധം ഞാനും ബാവക്കുട്ടിയും
തമ്മിലുണ്ടായിരുന്നുവെന്ന് ഞാന്‍ കരുതിയിരുന്നു. ഇതുപോലെ കരുതിയിരുന്ന മറ്റു
ചിലരെക്കൂടി എനിക്കറിയാം.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം ആ വാര്‍ത്ത
പരക്കുന്നത് - "ബാവക്കുട്ടി
മറ്റുള്ളവരുടെ മനസ്സ് വായിക്കുന്നു."
അതെ. നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും
മനസ്സില്‍ വിചാരിക്കാം. അതെന്തു തന്നെയായാലും ബാവക്കുട്ടി വെളിപ്പെടുത്തും. പക്ഷേ വിചാരിക്കുന്നത്
തെളിമയോടെയായിരിക്കണം. അവനവനു പോലും മനസ്സിലാവാത്ത കുഴഞ്ഞുമറിഞ്ഞ ചിന്തകള്‍
കൊണ്ടുനടക്കുന്ന ഭീകരന്മാര്‍ വരണമെന്നില്ല.
അന്നേ ദിവസം തന്നെ ബാവക്കുട്ടി
അഞ്ചുപേരുടെ മനസ്സ് വായിച്ചു. അഞ്ചും കിറുകൃത്യം. സ്വാഭാവീകമായും ഒരു ഒത്തുകളി
മണത്തതുകൊണ്ടാണ് മനസ്സറിയിച്ച അഞ്ചുപേരെക്കുറിച്ചും അന്വേഷിച്ചത്. ഷിറാസും
അതിലുണ്ടായിരുന്നു എന്നറിഞ്ഞപ്പോള്‍ അതിശയം തോന്നി. ബാവക്കുട്ടി നടത്തുന്ന
കറക്കുകമ്പനിയില്‍ നിന്നുകൊടുക്കാന്‍ അവനെ കിട്ടാനിടയില്ല.
“ഡേയ്, ആളെപ്പറ്റിക്കുന്ന ഈ ഇടപാടില്‍
നിനക്കെന്തു കിട്ടും?” ഞാന്‍ ഷിറാസിനോട് ചോദിച്ചു.
“മിണ്ടാതെ സ്ഥലം വിട്ടോ.
ഇവിടെ ഒരുത്തന്‍റെ തല കറങ്ങുന്നു. അപ്പോഴാണ് അവന്‍റെയൊരു ക്വൊസ്റ്റ്യന്‍ ചെയ്യല്‍...”
എന്തായാലും ഇത്രയും ഭംഗിയായി
അഭിനയിക്കാനൊന്നും ഷിറാസിന് കഴിയില്ല. എന്തോ കുഴപ്പമുണ്ട്.
“തലകറക്കമൊക്കെ അവിടെ നിക്കട്ടെ. നീയെന്താണ്
മനസ്സില്‍ വിചാരിച്ചത്?”
“അതുപിന്നെ..” ഷിറാസ് ലജ്ജിച്ചു. “ലവളെയും
കൊണ്ട്...സിനിമ...”
“മിണ്ടിപ്പോവരുത്! ഈ ഹോസ്റ്റലിലെ ഏതു
കുഞ്ഞും നിന്‍റെ മനസ്സിലിരിപ്പ് ഇതാണെന്ന് പറയും. ഒരു ബാവക്കുട്ടി
വന്നിരിക്കുന്നു.”
അന്വേഷിച്ചപ്പോള്‍ എല്ലാവരുടെയും സ്ഥിതി ഏതാണ്ട്
ഇങ്ങനെയൊക്കെ തന്നെ. ഞാന്‍ വിഷയം വിട്ടു. എങ്കിലും ഈ ടെലെപതി മാഹാത്മ്യം പറഞ്ഞു
നടക്കുന്നവരെ കിട്ടുന്നിടത്ത് കളിയാക്കാന്‍ ഒരു മടിയും തോന്നിയതുമില്ല.
അന്നു രാത്രി ഞാന്‍ ഒരു സുഹൃത്തിന്‍റെ
എഴുത്ത് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവന്‍റെ കത്തുകള്‍
എപ്പോഴും അങ്ങനെയാണ്. എത്ര വായിച്ചാലും മതി വരില്ല. എഴുത്തിന്റെ ഒടുവില്‍ കവിത
പോലെ എന്തോ കുറിച്ചിട്ടിരിക്കുന്നു.
"രക്തസേചിതമായ പ്രണയവൃക്ഷമേ..."
ആരാധനയോടും അല്പം അസൂയയോടും കൂടി ആ വരികള്‍
വീണ്ടും വീണ്ടും വായിക്കുമ്പോള്‍, ബാവക്കുട്ടി കയറി
വന്നു. മുഖം ചുവന്നു തുടുത്തിട്ടുണ്ട്. നല്ല ദ്വേഷ്യത്തിലാണെന്ന് കണ്ടാലറിയാം.
“സര്‍വ്വജ്ഞാനി എന്ന് സ്വയം
വിശ്വസിക്കുന്നവരെക്കാള്‍ പമ്പരവിഡ്ഢികള്‍ ലോകത്ത് വേറെ കാണില്ല. നീ
അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ്.”
മുഖവുരയില്ലാതെ ബാവക്കുട്ടി
വിഷയത്തിലേക്ക് പ്രവേശിച്ചു.
“ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഒരു കണക്ക്
നിനക്ക് മനസ്സിലായില്ലെങ്കില്‍ അത് ഗണിതശാസ്ത്രത്തിന്‍റെ തകരാറാണോ? നിന്‍റെ ചെറിയ
ബുദ്ധിക്ക് ആ കണക്ക് മനസ്സിലാക്കാനുള്ള പ്രാപ്തിയില്ല എന്നുമാത്രമാണ് അതിനര്‍ത്ഥം.”
അതൊരു യുക്തിസഹമായ വാദം തന്നെയാണെന്ന്
എനിക്ക് തോന്നി. എങ്കിലും ചോദിച്ചു.
“ബാവക്കുട്ടിയുടെ മനസ്സുവായന ഏതു
ശാസ്ത്രശാഖയില്‍ പെട്ടതാണ്?”
“പരിഹാസം മാത്രം ശീലിച്ചവരോട് വാദിച്ചു
ജയിക്കാന്‍ എനിക്ക് താല്പര്യമില്ല. പക്ഷേ, എനിക്കു വേണമെങ്കില്‍ നിന്‍റെ മനസ്സും
വായിക്കാനാവും. എന്താ, കാണണോ?”
"തീര്‍ച്ചയായും കാണേണ്ടിവരും"
“കണ്ടു കളയാം. പക്ഷെ എനിക്ക് നിന്നെ
ഭയങ്കരവിശ്വാസമാണ് എന്നറിയാമല്ലോ? ഇനിയിപ്പോ ഞാന്‍
ശരിയായി പറഞ്ഞാലും നീ സമ്മതിച്ചു തരില്ല. അതുകൊണ്ട് മനസ്സില്‍ വിചാരിക്കുന്ന ഏര്‍പ്പാട്
വേണ്ട. എഴുതിവെക്കണം."
അതാണു നല്ലത്. ഈ തല്ലിപ്പൊളി നാടകം ഇവിടെ
അവസാനിക്കാന്‍ ഒരു തെളിവിരിക്കട്ടെ. പുസ്തകത്തില്‍ നിന്നും പേജ് കീറി മേശപ്പുറത്തു
വെച്ചു. താഴത്തെ പേജുകളില്‍ ഒന്നും പതിയുന്നില്ലെന്ന് ഉറപ്പു വരുത്തണമല്ലോ. ജയിക്കുമെന്ന്
ഉറപ്പുള്ള ഒരു കളി തുടങ്ങും പോലെ എഴുതിത്തുടങ്ങി.
"രക്തസേചിതമായ പ്രണയവൃക്ഷമേ..."
ശരിക്കും ഓര്‍മയില്ല. കിട്ടാത്ത ഭാഗങ്ങള്‍
അതെഴുതിയ സുഹൃത്തിനോട് മനസ്സില്‍ ക്ഷമ ചോദിച്ച് സ്വയം പൂരിപ്പിച്ചു. പത്തു വരിയോളം
എഴുതി. ഇത്രയും മതി.
"കഴിഞ്ഞു"
“ഇനി അതു മടക്കി നിന്‍റെ തന്നെ
പോക്കെറ്റില്‍ ഇട്ടോളൂ. എന്നിട്ട് കണ്ണടച്ച് വെളുത്ത് ചതുരാകൃതിയിലുള്ള ഒരു
സ്ക്രീന്‍ മനസ്സില്‍ വിചാരിക്കുക."
ബാവക്കുട്ടി കട്ടിലിലാണ് ഇരിക്കുന്നത്.
ഞാന്‍ മേശയോട് ചേര്‍ന്ന കസേരയിലും...നാല് മീറ്ററോളം ദൂരമുണ്ട്. കണ്ണടച്ചാലും
കുഴപ്പമില്ല. ബാവക്കുട്ടി എഴുന്നേറ്റാല്‍ കട്ടില്‍ കരയുന്ന ശബ്ദം കൊണ്ടറിയും.
"വെളുത്ത് ചതുരാകൃതിയിലുള്ള ഒരു സ്ക്രീന്‍...!
വിചാരിച്ചോ?"
"വിചാരിച്ചു"
"ഇനി വെളുത്ത സ്ക്രീനില്‍ ഒരു കറുത്ത ഒന്ന്
വിചാരിക്കൂ"
"ശരി"
“ഒന്ന് കഴിഞ്ഞാല്‍ രണ്ട്...പിന്നെ
മൂന്ന്...എന്നിങ്ങനെ ക്രമത്തില്‍ വിചാരിക്കണം. ഞാന്‍ നിര്‍ത്താന്‍ പറയുന്നതുവരെ. ഇരുപതെത്തുന്നതിനു
മുമ്പ് നിര്‍ത്താന്‍ പറഞ്ഞില്ലെങ്കില്‍ ഞാന്‍ തോറ്റുപോയി എന്നാണര്‍ത്ഥം."
"സമ്മതിച്ചു"
ഒന്ന്...രണ്ട്...മൂന്ന്...പതിമ്മൂന്നെത്തിയപ്പോള്‍
ബാവക്കുട്ടി നിര്‍ത്താന്‍ പറഞ്ഞു.
“പതിമ്മൂന്നല്ലേ?"
"അതെ"
“ഇനി നീ പോക്കെറ്റിലിട്ടിരിക്കുന്നതെടുത്ത്
മനസ്സില്‍ വായിക്ക്. ശബ്ദം വേണ്ട"
ഞാന്‍ മനസ്സില്‍ വായിക്കാന്‍ തുടങ്ങി.
ഭ്രാന്തു പിടിച്ചതുപോലെ ബാവക്കുട്ടി എഴുതാനും. എഴുതിത്തീര്‍ന്നപ്പോള്‍ പേപ്പര്‍
എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ ശേഷം വാതില്‍ വലിച്ചടച്ചു പുറത്തേക്കു പോയി.
ഞാന്‍ ആ പേപ്പറെടുത്ത് വായിച്ചു. എന്തൊരു
എഴുത്താണിത്? ഏതു ലിപി? ചില അക്ഷരങ്ങള്‍ വളരെ വലുത്. ചിലത് കുറുകിയത്... കൈയ്യൊടിഞ്ഞതും, കാലൊടിഞ്ഞതുമായ അക്ഷരങ്ങള്‍ വേറെ. എഴുതിയെന്നതിനേക്കാള്‍ വരച്ചുവെച്ച
മാതിരിയുണ്ട്. വായിക്കാന്‍ വല്ലാതെ കഷ്ടപ്പെടണം.
അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി ഞാന്‍ പതുക്കെ
വായിച്ചു:
"രക്തസേചിതമായ പ്രണയവൃക്ഷമേ..."
വിശ്വസിക്കാന്‍ കഴിയുന്നില്ല. വാക്കുകള്‍
ഏതോ പ്രേതലോകത്തു നിന്ന് വന്നുവീണത് പോലെ ആ പേപ്പറില്‍ ചിതറിക്കിടക്കുന്നു. അവ
എന്നെ പരിഹസിച്ചു കൊണ്ട് ആര്‍ത്തട്ടഹസിക്കുന്ന പോലെയും, നൃത്തം വെയ്ക്കുന്ന പോലെയും തോന്നി.
യുക്തിബോധം വീണ്ടെടുക്കാന്‍ കുറച്ചു
സമയമെടുത്തു. ഇനി ഞാനില്ലത്താപ്പോഴെങ്ങാന്‍ ബാവക്കുട്ടി ആ എഴുത്ത് വായിച്ചു കാണുമോ? ഇല്ല. ഞാന്‍ ഇതുതന്നെ എഴുതുമെന്ന് അയാളെങ്ങനെ അറിയാന്‍? ബാവക്കുട്ടി
എഴുതിയതാവട്ടെ ഞാന്‍ വരുത്തിയ തെറ്റുകള്‍ പോലും വള്ളിയോ പുള്ളിയോ വിടാതെ.
ബാവക്കുട്ടിയുടെ മനസ്സുവായന ഷിറാസിന് സമ്മാനിച്ചത്
വെറുമൊരു തലകറക്കം മാത്രമായിരുന്നു. എന്നാല്‍ എനിക്കോ? ജീവിതത്തില്‍ അതുവരെ പുലര്‍ത്തിപ്പോന്ന ജീവിതശൈലിയും മനോനിലയും ഒറ്റയടിക്ക് ആ
ഷോക്ക് ട്രീറ്റ്മെന്‍റ് തകിടം മറിച്ചു. സാമാന്യയുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍
പോലും തള്ളിക്കളയാനുള്ള ധൈര്യം പിന്നീടൊരിക്കലുമുണ്ടായിട്ടില്ല. പിന്നീടൊരു
കാര്യത്തിലും ഉറച്ചു വിശ്വസിച്ചിട്ടില്ല, ഉറച്ച്
അവിശ്വസിച്ചിട്ടുമില്ല.
അപ്പോഴും ഒരു സംശയം മാത്രം ബാക്കി. പിറ്റേന്ന്
എ-മിഡിലിലെ തിണ്ണയിലിരുന്ന്, ഗ്രൗണ്ടില്‍
അടൂര്‍ സതീഷും സംഘവും ഹോക്കി കളിക്കുന്നതു കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഞാനത് ബാവക്കുട്ടിയോടു
ചോദിക്കുകയും ചെയ്തു.
“അല്ല മാഷേ, ഇത്തരം കഴിവുകളുണ്ടായിട്ടും
നിങ്ങളെന്തിനാണ് ആറാറു മാസം കൂടുമ്പോള്‍ പരീക്ഷയെഴുതാനെന്നും പറഞ്ഞ് ഇങ്ങോട്ട്
കെട്ടിയെടുക്കുന്നത്? പരീക്ഷാഹാളില്‍ അടുത്തിരിക്കുന്ന ഏതെങ്കിലും തലേക്കല്ലന്‍റെ മനസ്സൊന്നു
വായിച്ചാല്‍ പോരെ?”
“അതു നടക്കില്ല. ആരുടെ മനസ്സാണോ
വായിക്കേണ്ടത് അയാളുടെ സഹായം കൂടാതെ ഈ പരിപാടി ലോകത്തിലാര്‍ക്കും കഴിയില്ല” ബാവക്കുട്ടി
പറഞ്ഞു. “മറ്റുള്ളവരുടെ മനസ്സറിയാനുള്ള കഴിവ് എല്ലാ മനുഷ്യര്‍ക്കും ഉള്ളതാണ്.
നിനക്ക് പോലുമുണ്ട്. നാമെല്ലാം നിത്യേന അറിഞ്ഞോ അറിയാതെയോ എത്രയോ പേരുടെ മനസ്സ് വായിക്കുന്നു!
ഒന്നഭ്യസിച്ചാല്‍ ആര്‍ക്കും വികസിപ്പിക്കാവുന്ന ചെറിയൊരു ടെക്നിക് മാത്രമാണിത്"
അപ്പോഴേക്കും ബോള്‍ ഗ്രൌണ്ടിനപ്പുറത്തെ
ചെരിവിലേക്ക് വീണുപോയിട്ടുണ്ടായിരുന്നു. കളിക്കാരില്‍ ചിലര്‍ പന്തന്വേഷിച്ചു
താഴോട്ടിറങ്ങി. ബാവക്കുട്ടി എഴുന്നേറ്റു.
“എന്നു കരുതി ഞാനൊരു പോങ്ങനാണെന്നൊന്നും നീ
വിചാരിക്കണ്ട. ബാക്കിയുള്ള പരീക്ഷകള്‍ ജയിക്കാനുള്ള കുതന്ത്രമൊക്കെ ഈ ബുദ്ധിയില്‍
എപ്പോഴേ വിരിഞ്ഞു കഴിഞ്ഞു."
ബാവക്കുട്ടിയുടെ ആത്മവിശ്വാസം കണ്ടപ്പോള്‍
എനിക്ക് ചിരിവന്നു. തുണ്ടുവെയ്പ്പിന് മറ്റൊരു സാങ്കേതികവിദ്യ കൂടി
കണ്ടുപിടിക്കപ്പെട്ടിരിക്കാം എന്നുമാത്രമേ അപ്പോള്‍ തോന്നിയുള്ളൂ.
“അതേന്നേ. കുറച്ചു ചിലവുണ്ട്.
തൃശ്ശൂരടുത്ത് ഒല്ലൂര്‍ എന്നൊരു സ്ഥലം അറിയുമോ? അവിടെ
കുട്ടിച്ചാത്തനെ വാടകയ്ക്ക് കിട്ടും. ഒരെണ്ണത്തിനെ വാങ്ങിച്ച് യൂണിവേര്‍സിറ്റിയില്‍
കടത്തിവിട്ടാല്‍ മതി. ചോദ്യപേപ്പര്‍ അടിച്ചു കൊണ്ടിങ്ങു വരും” ബാക്കി അല്പം
പതുക്കെയാണ് പറഞ്ഞത്. “തല്‍ക്കാലം വേറെയാരും അറിയണ്ട"
"ഞാനായിട്ട് പുറത്തു പറയില്ല” ഞാന്‍ ജാമ്യമെടുത്തു
“ആരും മനസ്സ് വായിക്കാതിരുന്നാല്‍ മാത്രം മതി"
എങ്കിലും എന്‍റെ കണ്ണുകള്‍ അറിയാതെ
മുറിയിലെ വാതിലിനു മുകളിലെ വെന്‍ടിലേറ്ററില്‍ ചെന്നുനിന്നു. ഹോസ്റ്റല്‍ മുറികളുടെ
ട്രേഡ് മാര്‍ക്കാണ് മൂന്നു ഇരുമ്പഴികള്‍ വീതമുള്ള വെന്‍ടിലേറ്ററുകള്‍.
എല്ലാത്തിന്റെയും അഴികള്‍ ഒരാള്‍ക്ക് അകത്തു ചാടിക്കടക്കാന്‍ പാകത്തില്‍ വളച്ചുവെച്ചിട്ടുണ്ടാവും.
ഇത്രയും പഴക്കമുള്ള ഹോസ്റ്റലിലെ ഈ അഴികള്‍
ആരാണ് വളച്ചുവെച്ചതെന്നോ, എന്തിനാണതു ചെയ്തതെന്നോ ചോദിക്കരുത്. അടച്ചു
തഴുതിട്ട വാതിലിനു മുകളിലൂടെ വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയ സഞ്ചാരം മാത്രം മിക്കവാറും
മുറികളില്‍ ഇപ്പോഴും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
യൂണിവേര്‍സിറ്റിയില്‍ ഇത്തരം സംവിധാനങ്ങള്‍
ഉണ്ടാവുമോ? എന്തൊക്കെയാണ് ഈ ചങ്ങാതി ഇനി
ഒപ്പിക്കാനിരിക്കുന്നത്?
പരീക്ഷകള്‍ തുടങ്ങി. പല വര്‍ഷങ്ങളിലും, ബ്രാഞ്ചുകളിലും ഉള്ളവര്‍ക്ക്
പല സമയത്താണ് പരീക്ഷകള്‍. പഠനമെന്നത് ഒരു സീസണല്‍ ഏര്‍പ്പാടായതുകൊണ്ട്
ഓടിയെത്തിക്കാന്‍ ഇത്തിരി പണിയാണ്. മിക്കവാറും പരീക്ഷാത്തലേന്ന് ഉറങ്ങാന്‍
കഴിയാറില്ല. ഇത്തവണ കുറച്ചു വ്യത്യാസമുണ്ട്. വെളുപ്പിന് നാലു മണിയായിരിക്കുന്നു.
ഏതാണ്ടൊക്കെ പഠിച്ചുതീര്‍ന്നു. നാലരയ്ക്ക് ചെറുതായൊന്നു കണ്ണുവലിക്കണം. ആറരയ്ക്ക്
തട്ടിവിളിക്കണമെന്ന് സൂരജിനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഏല്‍പ്പിച്ചില്ലെങ്കിലും
എന്റെ ഉറക്കം അറിയാവുന്നതുകൊണ്ട് അവനതുചെയ്യും.
"ടക്...ടക്...ടക്..."
വാതിലില്‍ ആരോ ശക്തിയായി തട്ടുന്നു. മുട്ടുന്നതല്ല.
ചവുട്ടിപ്പൊളിക്കുന്ന പോലെ. സൂരജ് ഇത്ര നേരത്തെയോ? അവനൊരിക്കലും ഇങ്ങനെ തട്ടില്ല.
ഒറ്റയടിക്ക് ഉറക്കെ വിളിക്കുക പോലുമില്ല.
ഞാന്‍ എഴുന്നേറ്റുചെന്ന് വാതില്‍ തുറന്നു – ബാവക്കുട്ടി!
പിടിച്ചില്ലെങ്കില്‍ വീണുപോകുമെന്ന പ്രതീതി. മുഖത്ത് ഒരു
തുള്ളി ചോരയില്ല. ഇട്ടിരിക്കുന്ന ഷര്‍ട്ട് വിയര്‍ത്തൊട്ടിയിരിക്കുന്നു. ഷര്‍ട്ട്
മാത്രമല്ല, ഉടുത്തിരിക്കുന്ന
ലുങ്കിയും... എന്തിന്, തലമുടി വരെ.
ഞാന്‍ താങ്ങിപ്പിടിച്ചുകൊണ്ടുവന്ന് കട്ടിലില്‍ ഇരുത്തി. ഒരു ഗ്ലാസ് വെള്ളം
കൊടുത്തപ്പോഴേക്കും കിടക്കയിലേക്ക് മറിഞ്ഞുവീണ് ഉറക്കം തുടങ്ങി.
അപ്പോള്‍ എന്‍റെ ഉറക്കം കസേരയില്‍ തന്നെ.
ബാവക്കുട്ടിക്ക് എന്തുപറ്റി? ആകെ പേടിച്ചിരിക്കുന്നു.
ആരോ ഇട്ടോടിച്ച മട്ടുണ്ട്. എനിക്ക് പെട്ടെന്ന് കുട്ടിച്ചാത്തനെ ഓര്‍മ വന്നു. ഇന്നുരാത്രി തന്നെ പോലീസ് അന്വേഷിച്ചെത്തുമോ?
ഏതായാലും ഞാന്‍ കസേരയിലിരുന്ന് ഒന്നുറങ്ങി.
അത്ര സുഖമുള്ള ഉറക്കമൊന്നും ആയിരുന്നില്ല അത്. ബാവക്കുട്ടി നിര്‍ത്താതെ പിച്ചും
പേയും പറയുന്നു. നേരമൊന്ന്‍ വെട്ടം വെച്ചപ്പോള്‍, ബക്കറ്റും, തോര്‍ത്തും, ബീഡിപ്പൊതിയും
മറ്റുമെടുത്ത് പുറത്തേക്കിറങ്ങുന്നതിനുമുമ്പ് ബാവക്കുട്ടിയെ കുലുക്കിവിളിച്ച് ഞാന്‍ വിവരം ചോദിച്ചു.
"എടാ അതുപിന്നെ, നമ്മുടെ അലിയുടെ
റൂമില്ലേ....ഞാന്‍ നോക്കിയപ്പോള്‍, അതില്‍ നിന്നും അലിയുടെ പാന്റും ഷര്‍ട്ടുമിട്ട് ഒരു ജിന്ന്
ഇറങ്ങിപ്പോവുന്നു” ബാവക്കുട്ടി തിരിഞ്ഞു കിടന്ന് ഉടുമുണ്ട് തലവഴി പുതച്ചു. “അപ്പൊ ശരി. നിന്ന്
നാറ്റമടിപ്പിക്കാതെ പോയി പല്ലുതേക്കാന്‍
നോക്കെടാ..."
എനിക്ക് ശരിക്കും ദ്വേഷ്യം വന്നു. എന്‍റെ വിലപ്പെട്ട ഉറക്കം ഈ അരക്കിറുക്കന്‍ കാരണം...
ഹോസ്റ്റലിലെ കുളിമുറികളിലും, കക്കൂസുകളിലും വെള്ളം വരാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് കുളിയും
പല്ലുതേപ്പുമൊക്കെ പുറത്തെ ഒരു വാട്ടര്‍ ടാങ്കിനു ചുറ്റുമാണ്. ആണുങ്ങളുടെ കുളിസീന്‍
വിവരിക്കുന്നത് അരോചകമായത് കൊണ്ട് ഒരു കാര്യം മാത്രം പറയാം. അലത്തറയിലേക്കും
തിരിച്ചും പോയിരുന്ന സിറ്റി ബസുകളുടെ ജനല്‍ഷട്ടറുകള്‍ ഹോസ്റ്റലിനടുത്തെത്തുമ്പോള്‍
താഴ്ത്തിയിടാറാണ് പതിവ്.
ഞാന്‍ കുളിക്കാനെത്തിയപ്പോള്‍ത്തന്നെ അത്യാവശ്യം
തിരക്കുണ്ടായിരുന്നു. ഹോസ്റ്റല്‍ ദിവസങ്ങളെ ഇത്ര ഉന്മേഷഭരിതമാക്കുന്നത് പുലര്‍ച്ചെയുള്ള
ഈ കുളിയാണ്. തണുത്ത വെള്ളവും തമാശകളും പൊട്ടിച്ചിരികളും ചെറിയ
പാരവെപ്പുകളുമൊക്കെച്ചേര്‍ന്ന്, ഈ വാട്ടര്‍ടാങ്കിനടുത്തു നിന്നാണ് സംഭവബഹുലമായ ഓരോ
ദിവസവും ആരംഭിക്കുന്നത്. എന്നാല്‍ ഇന്നത്തെ ഉത്സാഹത്തിന് ഒരു പ്രത്യേകകാരണം
കൂടിയുണ്ട്. മിക്കവര്‍ക്കും ഇന്നത്തേത് കഴിഞ്ഞാല്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ്
അടുത്ത പരീക്ഷ. അപൂര്‍വ്വം ചിലര്‍ക്ക് നാളെയുമുണ്ട്. നാളെ വൈകുന്നേരം
ശൂദ്രന്മാരുമായി ഫുട്ബോള്‍ മാച്ച്. വടക്കേ ഇന്ത്യയില്‍ നിന്നും സര്‍ക്കാര്‍
സ്കോളര്‍ഷിപ്പില്‍ പഠിക്കാന്‍ വരുന്ന ഇവരില്‍ മിക്കവരും സമ്പന്നരും, ഉദ്യോഗസ്ഥ
രാഷ്ട്രീയതലങ്ങളില്‍ നല്ല സ്വാധീനമുള്ളവരുമാണ്. പിന്നെ ശൂദ്രനെന്ന വിളിപ്പേര്
എങ്ങനെ കിട്ടിയെന്നു ചോദിച്ചാല്‍ ഊഹിക്കൂ എന്നുമാത്രമാണ് മറുപടി.
മിക്കവര്‍ക്കും നാളത്തെ കളിയെക്കുറിച്ചു മാത്രമേ
സംസാരിക്കാനുള്ളൂ. വെല്ലുവിളികള്‍ പലത് നടന്നുകഴിഞ്ഞു. തോറ്റാല്‍ സ്ഥലം വിടണോ, അടിയുണ്ടാക്കണോ എന്നതാണ്
പ്രധാനചര്‍ച്ച. അപ്പോഴാണ് വായ നിറച്ചു പതയും കടിച്ചു പിടിച്ച ബ്രഷുമായി സ്ലോ
മോഷനില്‍ അലി പ്രത്യക്ഷപ്പെട്ടത്. എനിക്ക് ഒരൊറ്റ നോട്ടമേ നോക്കാന്‍ കഴിഞ്ഞുള്ളു.
ചിരിച്ചു പോയി. അലിയുടെ വേഷത്തില്‍ ബാവക്കുട്ടി ജിന്നിനെ കണ്ടെങ്കില്‍ അതില്‍
അത്ഭുതപ്പെടാന്‍ മാത്രം എന്താണുള്ളത്? ഇത് വെറും ജിന്നല്ല; ജിന്നുകളുടെ തമ്പുരാന്‍ തന്നെ.
ചുറ്റുമുള്ളവരോട് ബാവക്കുട്ടി ജിന്നിനെ കണ്ട കാര്യം ഞാന്‍ വിശദീകരിച്ച് പറഞ്ഞുകൊടുത്തു. അവനവന്‍റെ ഭാവനയ്ക്ക് തോന്നുന്ന രീതിയില്‍
എരിവും പുളിയും ചേര്‍ത്ത തമാശകളുടെ ഘോഷയാത്രയായിരുന്നു പിന്നീട്. എന്നാല്‍ അലിയൊരു
പിശാചാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇതെല്ലാം കേട്ട് ചെറുചിരിയോടും എന്നാല്‍ പെരുത്ത്
അഭിമാനത്തോടും കൂടി അലി അവിടെയൊക്കെ ഉലാത്തിക്കൊണ്ടിരുന്നു. തിരിച്ചെന്തെങ്കിലും
ഉരിയാടുക പോലും ചെയ്യാതെ. ഇതിലും വലിയ വെള്ളിയാഴ്ച്ച
വന്നിട്ടില്ലേ? വെല്ലുപ്പ പള്ളിയില്‍ പോയിട്ടുണ്ടോ?
പരീക്ഷ വലിയ കുഴപ്പമില്ലായിരുന്നു. എങ്കിലും ഒരു വല്ലായ്മ.
അലിയെ ജിന്ന് ബാധിച്ച കഥ തൊണ്ട തൊടാതെ വിഴുങ്ങാന്‍ കഴിയുന്നില്ല. സത്യത്തില്‍
ബാവക്കുട്ടി ഏതു കുരുക്കിലാണ് ചെന്നുചാടിയിരിക്കുന്നത്? ഹാളില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ കേള്‍ക്കാനിഷ്ടമില്ലാത്ത
ഒരു വാര്‍ത്തയും കാത്തുനില്‍ക്കരുതേ.
പുറത്തേക്കിറങ്ങിയതും കണ്മുന്നില്‍ ബാവക്കുട്ടി. എയര്‍ബാഗ്
കൈയ്യിലെടുത്തിരിക്കുന്നു. ഒരു വലിയ യാത്രയ്ക്കുള്ള
തുടക്കം പോലെയുണ്ട്. ഞങ്ങള്‍ ഒരുമിച്ചു നടന്നു.
ബാവക്കുട്ടി നടക്കുന്നിടത്തേക്ക് ഞാന്‍ കൂടെച്ചെന്നു എന്നുപറയുന്നതായിരിക്കും ശരി.
താഴത്തെ കടയില്‍ നിന്നും എനിക്ക് ഒരു നാരങ്ങാവെള്ളവും വില്‍സും വാങ്ങിത്തന്നു. ബാവക്കുട്ടിക്ക്
എന്തോ പറയാനുണ്ടെന്ന കാര്യം ഉറപ്പായിരുന്നു. പക്ഷേ അതൊന്നു തുടങ്ങിക്കിട്ടാനാണ് ഈ
ഒരുക്കങ്ങളത്രയും. ബാവക്കുട്ടിയെ പോലെ മനസ്സ് വായിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇത്രയും ക്ഷമിച്ച് കാത്തുനില്‍ക്കില്ലായിരുന്നു.
“വലിയ തമാശക്കാരനാവരുതെന്ന് ഞാന്‍ നിന്നോട് മുമ്പും പറഞ്ഞിട്ടുണ്ട്”
ഒടുവില്‍ ബാവക്കുട്ടി വായ തുറന്നു. “ചുമ്മാ ഒച്ചപ്പാടുണ്ടാക്കി നടക്കാനല്ലാതെ
നിനക്കൊക്കെ എന്തറിയാം?"
പടച്ചോനെ, അടുത്ത ഷോക്ക് ട്രീറ്റ്‌മെന്റാണോ വരുന്നത്?
“ഭൂതപ്രേതപിശാചുക്കളുടെ ഒരു വിഹാരരംഗമാണ് നമ്മുടെ ഹോസ്റ്റല്‍. ഞാന്‍
പറഞ്ഞില്ലെന്നു വേണ്ട.”
“ബാവക്കുട്ടി പറയൂ...” എന്‍റെ മുഖത്ത്
പെട്ടെന്നുണ്ടായ വിനയവും ജിജ്ഞാസയും ഒട്ടും കൃത്രിമമായിരുന്നില്ല "ഇന്നലെ എന്താണുണ്ടായത്?"
ബാവക്കുട്ടി സംഭവം വിവരിച്ചു. ഇന്നലെ രാത്രി അലിയുടെ
മുറിയിലാണ് കിടന്നുറങ്ങിയത്. എപ്പോഴോ, വലിയ ശബ്ദം കേട്ടുണര്‍ന്നു.
അലി ഉറക്കെ പാട്ട് വെച്ചിരിക്കുകയാണ്. അതും തമിഴ് പാട്ട് - "ഒട്ടകത്തെ
കെട്ടിക്കോ..കെട്ടിയാടി..." അലി പാന്‍റ്സും ഷര്‍ട്ടുമിട്ട് പാട്ടിനൊപ്പം ഡാന്‍സ്
ചെയ്യുന്നു. പാട്ട് തീരുമ്പോള്‍ അതേ പാട്ടുതന്നെ റീ വൈന്‍ഡു ചെയ്തു വീണ്ടും
വെക്കും. കുറെ നേരമായി ഈ കളി തുടങ്ങിയിട്ട്. ചെയ്യുന്നത് അലിയായതുകൊണ്ട്
പാതിരാത്രി തമിഴ്പാട്ടു വെച്ച് ഒറ്റയ്ക്കു ഡാന്‍സ് ചെയ്യുന്നതിനെ അസ്വാഭാവികമായി കാണേണ്ടതില്ല.
പാതിമയക്കത്തില്‍ ബാവക്കുട്ടി ഇതു സഹിച്ചുകൊണ്ട് കിടന്നു. പെട്ടെന്ന് ശബ്ദം നിലയ്ക്കുന്നു. ഒരു
നിമിഷം സ്തബ്ദനായി നിന്ന അലി വാതില്‍തുറന്ന് പുറത്തേക്ക് ഇറങ്ങിയോടുന്നു. അതേ
നിമിഷംതന്നെ മുണ്ടും ടി ഷര്‍ട്ടും ധരിച്ച അലി
മുറിയിലേക്ക് കയറിവരുന്നു. വന്നയുടനെ മുണ്ടും ടി ഷര്‍ട്ടും ധരിച്ച അലി അടുത്ത
കട്ടിലില്‍ കയറിക്കിടന്നു. കൂര്‍ക്കംവലി തുടങ്ങിയപ്പോള്‍ ബാവക്കുട്ടി ഇറങ്ങിയോടി. ജീവന്‍ കൂട്ടിപ്പിടിച്ചോടിയ ആ ഓട്ടമാണ് എന്‍റെ മുറിയില്‍ വന്നുനിന്നത്.
“ആ ഡാന്‍സ് ചെയ്തത് അലിയല്ല. എനിക്കുറപ്പാണ്” ബാവക്കുട്ടി പ്രവചനം പോലെ മന്ത്രിച്ചു “അതൊരു
ജിന്നായിരുന്നു. വേറെയും പിശാചുക്കള്‍ ഇവിടെ കറങ്ങി നടപ്പുണ്ട്."
ജിന്നുകള്‍ ഡാന്‍സ് ചെയ്യുമോ? എനിക്ക് നല്ല സംശയമുണ്ടായിരുന്നു.
എന്നാല്‍ ചോദിച്ചത് മറ്റൊന്നാണ്.
“കുട്ടിച്ചാത്തനെ കിട്ടിയോ?"
“ഓ, അതൊന്നും നടന്നില്ല.” ബാവക്കുട്ടി നെടുവീര്‍പ്പിട്ടു
“മാത്രവുമല്ല, മനുഷ്യര്‍ക്ക്
നിയന്ത്രിക്കാവുന്ന വെറും അടിമകള്‍മാത്രമാണ് കുട്ടിച്ചാത്തന്‍മാര്‍. അമാനുഷീകജീവികള്‍ കറങ്ങിനടക്കുന്ന
സ്ഥലത്തേക്ക് അവരെ കൊണ്ടുവന്നാല്‍ നമ്മുടെ കൈയ്യില്‍ നില്‍ക്കില്ല. വളരെയധികം
സൂക്ഷിക്കേണ്ടിയിരിക്കുന്നു."
ബാവക്കുട്ടി ഷേക്ക് ഹാന്‍ഡ് തന്നു. വിരലുകള്‍ നന്നേ തണുത്തിരുന്നു.
“ഞാനിനി അങ്ങോട്ടില്ല. രണ്ടാഴ്ച കഴിഞ്ഞേയുള്ളൂ അടുത്ത എക്സാം.
തിരിച്ചു വന്നിട്ട് ഏതെങ്കിലും ലോഡ്ജില്‍ മുറിയെടുക്കും. നീ വേണം എല്ലാവരെയും
ഇക്കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍. പ്രേതങ്ങളുമായാണ് കളി എന്ന ഓര്‍മ
വേണം."
തല്‍ക്കാലം ശൂദ്രന്മാരുമായുള്ള കളിയാണ് പ്രധാനം. എങ്കിലും
രാത്രിഭക്ഷണത്തിനു ശേഷം മെസ്സ് ഹാളിനു പുറത്ത് നാളത്തെ കളിയെക്കുറിച്ചുള്ള
അടവുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്ന ജനാവലിയെ അഭിസംബോധന ചെയ്ത് ബാവക്കുട്ടി പറഞ്ഞ വിവരങ്ങള്‍ ഞാന്‍
അവതരിപ്പിച്ചു. പ്രതീക്ഷിച്ചതിനു വിപരീതമായി അവിടെ ഒരു പൊട്ടിച്ചിരിയോ, അനുബന്ധതമാശകളോ
ഉണ്ടായില്ല. പറയുന്നത് നമ്മളെപ്പോലെ സാധാരണക്കാരനല്ലല്ലോ. ബാവക്കുട്ടിയല്ലേ?
ഏതായാലും അലി തന്നെയായിരുന്നു അന്നത്തെ ചര്‍ച്ചയിലെ താരം.
സാധാരണ ബാക്ക് കളിക്കുന്ന അലിയെ മിഡ്‌ഫീല്‍ഡില്‍ കളിപ്പിക്കണം എന്ന
ആവശ്യത്തിന്മേല്‍ ഒരു തീരുമാനം ഇതുവരെ ആയിട്ടില്ല. അതിനിടയിലാണ് അലി
ജിന്നാണെന്നുള്ള പുതിയ വിവാദം.
അലിയുടെ ഒരൊറ്റ ഡയലോഗ് കൊണ്ട് ആ വിവാദം അവിടെ കെട്ടടങ്ങി.
“ആ കള്ളഹിമാറ് ബാവക്കുട്ടിക്ക് മറ്റുള്ളവരുടെ ഖല്‍ബില്‍ കയറിനോക്കാമെങ്കില്‍ എനിക്കും ചിലതൊക്കെ പറ്റും. അലിയായാലും ശരി, ജിന്നായാലും ശരി...
ഞാനില്ലാതെ നാളത്തെ കളി നീയൊക്കെ കുറെ ഒലത്തും"
ശരിയാണ്. അലിയില്ലാതെ കളി ജയിക്കാന്‍ ബുദ്ധിമുട്ടാണ്.
സത്യത്തില്‍ അലി വലിയ ചടുലതയുള്ള കളിക്കാരനൊന്നുമല്ല. എങ്കിലും പ്രതീക്ഷിക്കാത്ത
നേരത്ത് അലിയുടെ ലോങ്ങ് പാസ്സുകള്‍ പലപ്പോഴും ഗോളില്‍ കലാശിക്കാറാണ് പതിവ്. മാര്‍ക്കു
ചെയ്യപ്പെടാതെ നില്‍ക്കുന്ന ഫോര്‍വേഡുകളെ കണ്ടെത്താന്‍ കക്ഷിക്ക്
നല്ല മിടുക്കാണ്. ഇതുകൊണ്ടാണ് അലിയെ മിഡ്‌ഫീല്‍ഡില്‍ കളിപ്പിക്കണം എന്ന പുതിയ
ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നത്. ഒടുവില്‍ "അലി ബാക്ക് തന്നെ..."
എന്ന് ഫിറോസ് ഖാന്‍ പറഞ്ഞതോടെ അക്കാര്യത്തിലും ഒരു തീരുമാനമായി. മലയാളികള്‍
പൊതുവേ ഗോളടിവീരന്മാരായതു കൊണ്ടാവും ഡിഫെണ്ടര്‍മാര്‍ക്ക് എപ്പോഴും ക്ഷാമം.
കളി തുടങ്ങി. ക്യാപ്റ്റന്‍ ഫിറോസ് ഖാന്‍ തന്നെയാണ് ഗോള്‍ കീപ്പര്‍. ദാവീദും ഗോലിയാത്തും
തമ്മിലാണ് മത്സരമെന്നു തോന്നും. ശൂദ്രന്മാരുടെ വലുപ്പത്തോടും, കരുത്തിനോടും അല്‍പമെങ്കിലും
പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത് സെന്റര്‍ ഫോര്‍വേഡ് ഇരുമ്പന്‍ രാജേഷിനു മാത്രം.
രാജേഷ് എന്ന പേര് മിക്കവര്‍ക്കും അറിയില്ല. ഒരിക്കല്‍ കണ്ടിട്ടുള്ളവര്‍ക്ക്
ഇരുമ്പനെയോര്‍ക്കാന്‍ ഒരു പേരിന്‍റെ ആവശ്യവുമില്ല.
കളി വളരെ പതുക്കെയാണ് നടക്കുന്നത്. ശൂദ്രന്മാര്‍ ചുമ്മാ
അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കൊണ്ടിരിക്കുന്നു. സ്റ്റാമിനയില്ലാത്ത ബ്ലഡി മലയാളീസ്
ക്ഷീണിച്ചു കഴിയുമ്പോള്‍ കയറിപ്പൂശാനാണ് പരിപാടി. എന്നാല്‍ പതിനാറാം മിനുറ്റില്‍
അലി നടത്തിയ ഒരൊറ്റ നീക്കം കളിയുടെ ഗതി മാറ്റി. ഫിറോസ് തട്ടിക്കൊടുത്ത ഗോള്‍
കിക്കുമായി അലി ഇടതു വിങ്ങിലൂടെ പതുക്കെ മുന്നോട്ട്... രണ്ടു ഫോര്‍വേഡുകളെ ഡ്രിബിള്‍
ചെയ്തതോടെ അലിയുടെ മട്ടുമാറി. മിന്നല്‍ വേഗത്തില്‍ കോര്‍ണര്‍ ഫ്ലാഗിനടുത്തേക്ക്.
തിരിച്ചു കിട്ടുമെന്നുറപ്പുള്ള രണ്ടു പാസ്സുകളൊഴിച്ചാല്‍ കൃത്യമായ സെല്‍ഫ് പ്ലേ.
കോര്‍ണറില്‍ നിന്ന് അലി അളന്നു മുറിച്ചുവിട്ട ക്രോസ്സില്‍ ഇരുമ്പന്‍
കാലുവെക്കുന്നതോടെ പന്ത് ശൂദ്രന്മാരുടെ പോസ്റ്റില്‍...
ഗോള്‍...!!!
എന്നാല്‍ അതുണ്ടായില്ല. ഇരുമ്പന്‍ കാലുവെച്ചില്ല. ഇരുമ്പന്
അബദ്ധം പറ്റിയെന്നാണ് ആദ്യം കരുതിയത്. നാല്‍പ്പത്തിരണ്ടാം മിനുറ്റിലെ അലിയുടെ
അടുത്ത മാസ്മരീകപ്രകടനം വരെ. വര്‍ഷങ്ങള്‍ക്കു ശേഷം അലി ഒരു ഹാജിയാരാവുമെന്ന
കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. എന്നാല്‍ റുമേനിയയുടെ ഫുട്ബോള്‍ ഇതിഹാസം
ജോര്‍ജി ഹാജിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു വോളിയായിരുന്നു ഹാഫ് ലൈനിനു പിന്നില്‍നിന്ന് അലി
അപ്പോള്‍ തൊടുത്തുവിട്ടത്. മാര്‍ക്കു ചെയ്യപ്പെടാതെ നിന്ന ഇരുമ്പന് മുന്നില്‍ പാരഷൂട്ടിലിറങ്ങുന്നതുപോലെ അത് വന്നുവീണു. വലതുകാലുകൊണ്ട് സ്റ്റോപ്പ്
ചെയ്തശേഷം ഇടങ്കാലു നീട്ടിയൊരടി. ഗോള്‍ കീപ്പര്‍ക്ക് നോക്കി നില്‍ക്കാനേ
പറ്റൂ. എന്നാല്‍ അതും ഉണ്ടായില്ല.
“ഇരുമ്പന്‍ ഗോ ബാക്ക്" വിളികളുയര്‍ന്നു. ഉടനെ തന്നെ ആ ആരവവും നിലച്ചു. അതിനര്‍ത്ഥം ഇന്നുരാത്രി
ഇരുമ്പന് ഇരുട്ടടി ഉറപ്പായി എന്നാണ്.
പക്ഷെ, ഞാനൊരിക്കലും ഇരുമ്പനെ കുറ്റപ്പെടുത്തില്ല.
പുറത്തിരിക്കുന്നവര്‍ക്ക് എന്തുവേണമെങ്കിലും പറയാം. തരുന്നത് മനുഷ്യനാണോ പിശാചാണോ എന്നറിയാതെ പാസ്സുകള്‍
സ്വീകരിക്കുന്നത് എളുപ്പമല്ല.
ഏതായാലും ഹാഫ് ടൈമോടെ ഇരുമ്പനെ തിരിച്ചുവിളിക്കും.
സബ്സ്റ്റിട്ട്യുട്ട് "ദിപ്പ ശരിയാക്കിത്തരാം" എന്ന മട്ടില്‍ ഗ്രൌണ്ടിനു
ചുറ്റും ജോഗ് ചെയ്യുന്നു. പക്ഷേ, എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അലിയെ ബെഞ്ചിലിരുത്താനാണ് ഫിറോസ്
തീരുമാനിച്ചത്. അലി കൂടി എത്തിയതോടെ ഇരുമ്പനെ എങ്ങനെ പൂശണമെന്ന ചര്‍ച്ച
ചൂടുപിടിച്ചു.
“ഇരുമ്പനെയോര്‍ത്ത് ഇവിടാരും തല
പുകയ്ക്കണ്ട.” അലി പ്രഖ്യാപിച്ചു “അവന്‍റെ കാര്യം ജിന്നുകളുടെ ഈ ഉസ്താദിന്
വിട്ടേക്ക്..."
രണ്ടാം പകുതി മുഴുവന്‍ പോസ്റ്റിനു മുന്നില്‍ കീപ്പര്‍ ഫിറോസ് ഖാന് പിടിപ്പതു പണിയായിരുന്നു. സദാചാരശിക്ഷണം വേണ്ടുവോളം സിദ്ധിച്ച കന്യകയുടെ ജാഗ്രതയോടെ ഫിറോസ് ഗോള്‍വല കാത്തു. പക്ഷേ, നിര്‍ണ്ണായകമായത് ക്യാപ്ടന്‍ ഫിറോസ് ഖാന്റെ തീരുമാനമായിരുന്നു. ഇരുമ്പന്‍റെ മിന്നുന്ന രണ്ടു ഗോളുകള്‍... ശൂദ്രന്മാര്‍ കെട്ടുകെട്ടി.
എന്നാല്‍ ആര്‍ക്കു വേണം ഗോളുകള്‍? ഇതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കളിയുടെ
തിരക്കഥ അതിനോടകം രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
ഇരുമ്പനെ തോളിലിരുത്തി വിജയാഹ്ലാദപ്രകടനമായി താഴത്തെ
കടയിലേക്ക്. അലി നേരത്തെ സ്ഥലം വിട്ടിരുന്നു. അമ്മാവന്റെ കട വെടുപ്പാക്കുന്നതിനിടെ
അലിയുടെ ദ്വന്ദവ്യക്തിത്വത്തെ കുറച്ചുള്ള നിറം പിടിപ്പിച്ച കഥകളാണ് എല്ലാവര്‍ക്കും
പറയാനുണ്ടായിരുന്നത്. കഥ മെനയുമ്പോള്‍ മാത്രം യഥേഷ്ടം ചേര്‍ക്കാന്‍ പാകത്തില്‍ ഇത്രയേറെ നിറങ്ങള്‍ ഇവരൊക്കെ എവിടെയാണ്
ഒളിപ്പിച്ചുവെക്കുന്നത്? ഒരേ സമയം ടി വി റൂമിലും മെസ്സ് ഹാളിലും
പ്രത്യക്ഷപ്പെടുന്ന അലി. ക്ലാസ്സില്‍ തൊട്ടടുത്തിരുന്നു പഠിക്കുമ്പോള്‍
കോറിഡോറിലൂടെ നടന്നുപോവുന്ന അലി. എന്തിന്, ലൈബ്രറിയില്‍
പോലും അലിയെ കണ്ടവരുണ്ടത്രേ.
അല്‍പസമയത്തിന് ശേഷം അലിയും എത്തിച്ചേര്‍ന്നു. തിരിച്ചു
പോവുമ്പോള്‍ ഇരുമ്പനടിച്ച രണ്ടു
ഗോളുകളെ വാനോളം പുകഴ്ത്തിക്കൊണ്ടിരിക്കാന്‍ അലി ഒരു പിശുക്കും കാണിച്ചില്ല.
ഇരുമ്പനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ പീഡ തന്നെയായിരുന്നു. ഹോസ്റ്റലിനടുത്തെത്തിയതോടെ വേഗം യാത്ര പറഞ്ഞ് അവന്‍ സ്ഥലം വിട്ടു.
അതെ. ഇതാണ് എല്ലാവരും കാത്തിരുന്ന ആ നിമിഷം. ഇരുമ്പന്‍
കണ്മുന്നില്‍ നിന്ന് മറഞ്ഞതും അലി എതിര്‍ദിശയിലേക്ക് ഓടി. ഡി ബ്ലോക്ക് വഴി കയറി
ഇരുമ്പനേക്കാള്‍ മുമ്പ് അവന്‍റെ റൂമിനടുത്തെത്തി. വെന്‍ടിലേറ്ററിലൂടെ ചാടി മുറിയില്‍
പതുങ്ങിയിരുന്നു. ഇരുമ്പന്‍ വാതില്‍ തുറന്ന് അകത്തുകടക്കുന്നതും അലി "ഹായ് ഇരുമ്പന്‍..."
എന്നുപറഞ്ഞ് പുറത്തേക്കു പോകണം. എന്നിട്ടും അവന്‍ ചത്തില്ലെങ്കില്‍ അപ്പോള്‍ നോക്കാം.
വളരെ ആലോചിച്ചെടുത്ത ഈ തിരക്കഥ പാളുമെന്നു ഒരുത്തനും
പ്രതീക്ഷിച്ചില്ല. എന്നാല്‍ ഭയം മനുഷ്യരെ കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കുന്നത്? ഇരുമ്പനും വാതില്‍
തുറന്നില്ല. പകരം അള്ളിപ്പിടിച്ചു വെന്‍ടിലേറ്ററിലൂടെ തന്നെ അകത്തേയ്ക്ക് കയറാന്‍ തുടങ്ങി.
അടഞ്ഞു കിടക്കുന്ന വാതില്‍ കണ്ടു നിരാശരായി ജിന്നുകള്‍ മടങ്ങിപ്പോകുമെന്നു പാവം
വെറുതെ ആശിച്ചു.
അകത്തു കാത്തിരുന്നിരുന്ന ഉസ്താദിന് വാതിലിലെ തട്ടും
മുട്ടും കേട്ടപ്പോള്‍ കാര്യം പിടികിട്ടി. വേഗം കട്ടിലിനടിയിലേക്ക് ഒളിക്കാന്‍
ശ്രമിച്ചു. എന്നാല്‍ അതിനും മുമ്പ് ചക്ക വെട്ടിയിടുന്നപോലെ മുറിയില്‍ ഇരുമ്പന്‍
വന്നുവീണു. എഴുന്നേറ്റുനിന്നപ്പോള്‍ തൊട്ടുമുന്നില്‍ വിശ്വരൂപം പൂണ്ട്
ജിന്ന്. പുറകില്‍ പുറത്തുനിന്നും തഴുതിട്ട വാതില്‍... ഇരുമ്പന് മറ്റൊന്നും
ചെയ്യാനുണ്ടായിരുന്നില്ല.
കണ്ണും പൂട്ടി ഒരൊറ്റയടി. അലി നിലത്തുവീണു.
നിലത്തുവീണു കിടക്കുന്ന പ്രേതത്തിനുമേല്‍ അല്‍പം മുമ്പ് ഗ്രൗണ്ടില്‍ കാഴ്ച
വെച്ചതിനു സമാനമായ രണ്ടു തകര്‍പ്പന്‍ കിക്കുകള്‍ കൂടി... അതോടെ അലിയുടെ ഞരക്കം
പോലും അവസാനിച്ചു.
വെന്റിലെട്ടരിലൂടെ പുറത്തുകടന്ന് ഇരുമ്പന്‍ കോറിഡോറിലൂടെ
നെഞ്ചുവിരിച്ച് നടന്നു:
“ഇനി ഒറിജിനല്‍ അലി വരട്ടെ!"
പിന്നീടൊരിക്കലും ഹോസ്റ്റലില്‍ പ്രേതശല്യം ഉണ്ടായതായി
അറിവില്ല.