13 Apr 2015

ഓര്‍മ്മകള്‍ക്ക് എന്തു സുഗന്ധം!

“നോക്കൂ...ആരും ഭയപ്പെടേണ്ടതില്ല.”

ഒരു ചെറിയ മെഗാഫോണിലൂടെ, വാക്കുകള്‍ ഓരോന്നോരോന്നായി  പെറുക്കി വെച്ചാണ് അയാള്‍ സംസാരിച്ചത്. ഓരോ വരിയും കല്ലില്‍ കൊത്തിയെടുത്ത പോലെ മനസ്സില്‍ പതിയുന്ന രീതിയില്‍. എങ്കിലും അവിടെ കൂടിനിന്നവര്‍ക്കെല്ലാം തോന്നിയത് ഇതുവരെ കേട്ടിട്ടില്ലാത്ത മറ്റേതോ ഭാഷ കേള്‍ക്കുന്നതുപോലെയാണ്. ഞങ്ങളെ കണ്ടാല്‍ പശ്ചിമേഷ്യയിലെ  എണ്ണപ്പാടങ്ങളിലോ ഉത്തരാഫ്രിക്കയിലെ ഖനികളിലോ കണ്ടുമുട്ടാവുന്ന അശരണരായ തൊഴിലാളികളെ പോലെ തോന്നിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍, ജനിച്ചു വളര്‍ന്ന നാട്ടില്‍ പുതുപ്പണത്തിന്റെ അഹന്തയോടെ ഉയര്‍ന്ന കൊച്ചു സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനു വന്നവരായിരുന്നു ഞങ്ങള്‍.

“അല്ലെങ്കില്‍ എന്തിനു ഭയപ്പെടണം? നാമിവിടെ വളരെ വളരെ എളുപ്പമായ ഒരു കളി കളിക്കാന്‍ പോവുന്നു. അത്രയേ ഉള്ളൂ. ഒന്നോര്‍ത്താല്‍ ഇതൊരു കളി പോലുമല്ല.ഒറ്റച്ചോദ്യം മാത്രമുള്ള ഒരു ക്വിസ്...! സത്യവിശ്വസികള്‍ക്കാണെങ്കില്‍ വെറുമൊരു മെമ്മറിടെസ്റ്റ്‌...!”

അങ്ങാടിമരുന്നുവില്പനക്കാരന്റെ ശരീരഭാഷയോടെയും, കൂട്ടിക്കൊടുപ്പുകാരന്റെ വഷളന്‍ചിരിയോടെയും ഒരു കാഷ് കൌണ്ടറിന് മേലെ കയറിനിന്നാണ് അയാള്‍ സംസാരിച്ചുതുടങ്ങിയത്. ചത്തുമലച്ച പാമ്പുകളെ പോലെ ഏതാനും ക്യൂകള്‍ അനക്കമറ്റു കിടന്നു. അതിനു പിന്നില്‍ ചെറിയ വരികളായും കൂട്ടങ്ങളായും ഞങ്ങള്‍. ഹൃദയമിടിപ്പ്‌ പിടിച്ചുനിര്‍ത്തുന്ന നിശ്ശബ്ദത.

“കളി വളരെ ലളിതമാണ്... അതിനി വൈകിപ്പിക്കേണ്ടതില്ല. ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുന്നു. ഉത്തരം അറിയാവുന്നവര്‍ക്ക് പുറകുവശത്തെ ഡെലിവറി ഡോറിലൂടെ ശബ്ദമുണ്ടാക്കാതെ പുറത്തു പോവാം. മെമ്മറി ടെസ്റ്റ്‌ നടക്കുന്നത് കെട്ടിടത്തിന് പുറത്താണ്. ഉത്തരം അറിയാത്തവരുടെ വിധി ഈ കെട്ടിടത്തിനകത്തു വെച്ച് നടപ്പിലാക്കപ്പെടുന്നു. ഒന്നോര്‍ത്താല്‍ ആ വിധി എന്നേ എഴുതപ്പെട്ടതാണ്!”

വിധി നടപ്പിലാക്കാന്‍ വന്നവര്‍ പത്തുപേര്‍ ഉണ്ടായിരുന്നിരിക്കണം. ഞങ്ങളോ? മുന്നൂറ്...? അഞ്ഞൂറ്...? ആയിരം? എത്രയെങ്കിലുമാവട്ടെ. ഞങ്ങള്‍ പരസ്പരംഅറിയാത്തവരാണല്ലോ! എന്‍ജിനിയര്‍മാരും, അധ്യാപകരും, കൂലിപ്പണിക്കാരും, യാത്രികരും,ധനികരും, ദരിദ്രരും, മുതിര്‍ന്നവരും, കൗമാരക്കാരും, സ്ത്രീകളും, പുരുഷന്‍മാരും,ബാച്ചിലേര്‍സും, ഫാമിലീസുമൊക്കെയായ ഞങ്ങള്‍ ഓരോരുത്തരും ഒറ്റ മനുഷ്യനായി ഒറ്റച്ചോദ്യം ചെവിയോര്‍ത്തു നിന്നു. അമ്മമാര്‍ മക്കളെ ചേര്‍ത്തുപിടിച്ചു.

“ചോദ്യം വളരെ വളരെ ലളിതമാണ്. പ്രവാചകതിരുമേനിയുടെ മാതാവിന്റെ പേര് അറിയുന്നവര്‍ക്ക് പുറകുവശത്തെ ഡെലിവറി ഡോറിലൂടെ പുറത്തേയ്ക്ക് പോവാം”

ഹാവൂ...! അടക്കിപ്പിടിച്ചിരുന്ന ഒരു ശ്വാസം പെട്ടെന്ന് പുറത്തേക്ക് വന്നു.വഹാബിന്റെ മകള്‍ ആമിന. ആമിനാബീവി എന്നായിരുന്നു പ്രവാചകന്റെ ഉമ്മയുടെ പേര്. ആമിനാ ബിന്‍ത് വഹാബ്.

ഓര്‍മ്മകളുടെ പെരുമഴ. മദ്രസാക്കാലം... നബിചരിതം... മക്കാനഗരം... ഖുറൈശികള്‍... അമീര്‍ ഉസ്താദിന്റെ ശബ്ദത്തിന് അല്പം സ്ത്രൈണസ്വഭാവമുണ്ടായിരുന്നു. ഒരുചരിത്രകാരന്റെ ആധികാരികതയും. “ഖുറൈശി ഗോത്രത്തിലെ ബനൂ സൂറാ കുടുംബത്തിലാണ് നബിതിരുമേനിയുടെ ഉമ്മ ആമിനാബീവി ജനിച്ചത്‌. ബനൂ സൂറാ വിഭാഗക്കാര്‍ ഇബ്രാഹിം നബിയുടെ പിന്തുടര്‍ച്ചക്കാരായിരുന്നു. വിശുദ്ധ കഅബാ ദേവാലയത്തിന്റെ നടത്തിപ്പുകാര്‍...”

“ചോദ്യത്തിനു ഉത്തരം അറിയാവുന്നവര്‍ നിശബ്ദരായി പുറകുവശത്തെ ഡോറിലൂടെ പുറത്തേക്ക് പോവുക”

ഉത്തരമറിയാവുന്നവര്‍ തിടുക്കത്തില്‍ അവര്‍ പോലുമറിയാതെ ഒരു നിരയുണ്ടാക്കി അച്ചടക്കത്തോടെ പുറത്തേക്ക് നടക്കുമ്പോള്‍, മറ്റുള്ളവരെ  താറാക്കൂട്ടത്തെയെന്ന പോലെ തോക്കുധാരികള്‍ തടുത്തുകൂട്ടി. ഒരു പ്രതിഷേധമോ നിലവിളിയോ ഉണ്ടായില്ല. മയക്കുമരുന്ന്കുത്തിവെക്കപ്പെട്ടവരെ പോലെ അവര്‍ തല കുമ്പിട്ടുനിന്നു. ജീവനോടെ തീ കൊളുത്തപ്പെടുകയും,  കഴുത്തറുക്കപ്പെടുകയുംചെയ്യുന്നവരുടെ  വീഡിയോകള്‍ കണ്ടിട്ടില്ലേ? അതുപോലെ.

അമീര്‍ ഉസ്താദ് പറയും: നബി തിരുമേനിയുടെ ഉപ്പ അബ്ദുള്ള മക്കയിലെ ഏറ്റവും സുന്ദരനായ പുരുഷനായിരുന്നു. നബിതിരുമേനിയെ ഉമ്മ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന് സിറിയയില്‍ കച്ചവടത്തിനു പോവേണ്ടി വന്നു. മടക്കയാത്രയില്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു.അബ്ദുള്ളയുടെ വിയോഗവാര്‍ത്തയറിഞ്ഞു രോഗിണിയായ നബിയുടെ ഉമ്മ പിന്നീട് ഒരിക്കലും പഴയനിലയിലേക്ക് തിരിച്ചുവന്നില്ല. ഭര്‍തൃമതിയായ ആ സ്ത്രീയുടെ പേര്...

“പുറത്തുകടന്നവര്‍ ആരും പരസ്പരം സഹായിക്കാന്‍ ശ്രമിക്കരുത്. വഞ്ചകരെ വെച്ചുപൊറുപ്പിക്കാനാവില്ല. ഓരോരുത്തരായി ഇമാമിന്റെ അടുത്തു ചെന്ന് ആ പേര് വെളിപ്പെടുത്തുക. ”

ഭാഗ്യവാന്മാരുടെ നിര പതുക്കെ പുറത്തേക്ക്...

മനസ്സില്‍ ഉരുവിട്ടു: നബി തിരുമേനിയുടെ ഉമ്മയുടെ പേര് ആമിനാ ബിന്‍ത് വഹാബ്!!
ആമിനാ ബിന്‍ത് വഹാബ്?

അതോ, ആമിനാ ബിന്‍ത് വലീദോ?
വലീദ്...വലീദ്....വഹാബ്....വാഹിദ്...

ആമിനാ....ആമിനാ....
അതോ സുമയ്യ എന്നാണോ?

യാ അല്ലാഹ്!!

26 May 2012

സ്പിരിറ്റ്‌


പള്ളിസെമിത്തേരിയുടെ ചുറ്റുമതില്‍ മുഴുവന്‍ ബൈബിള്‍വചനങ്ങള്‍ വലുതായി എഴുതി വെച്ചിരുന്നു.  സെമിത്തേരിയിലെക്കുള്ള പ്രധാനവഴി  പള്ളിമുറ്റത്തു കൂടിയാണ്. എന്നാല്‍ ഇടവഴിയില്‍ നിന്നും അകത്തേക്ക് കയറാവുന്ന ഒരു കൊച്ചുഗേറ്റ് സെമിത്തേരിയുടെ പുറകുവശത്തുണ്ട്. ആ ഗേറ്റിനു മുന്നില്‍ അരണ്ട് കത്തുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം മാത്രമേ രാത്രിയായാല്‍ ആ മതില്‍ക്കെട്ടിനകത്തു വീഴൂ. അതാകട്ടെ കുടുംബകല്ലറകളുടെ മുകളില്‍ മാത്രം വീണ ശേഷം കൂടുതല്‍ പരക്കാനാവാതെ അലിഞ്ഞുതീരും. 

മാഞ്ഞൂരാന്‍ സൈക്കിള്‍ നിര്‍ത്തിയത്   സ്ട്രീറ്റ് ലൈറ്റിന്റെ തൊട്ടു താഴെയാണ്. അതിന്റെ പിന്നില്‍ നിന്നിറങ്ങുമ്പോള്‍ ഗെയ്റ്റിന്റെ തൊട്ടടുത്തെ മതിലില്‍ എഴുതിയത് മാത്രം ശരിക്ക് വായിക്കാം.


"മനുഷ്യാ, നീ മണ്ണാകുന്നു. മണ്ണിലേക്ക്  തന്നെ മടങ്ങുന്നു - ഉ. പു. 3 : 19" 

മാഞ്ഞൂരാന്റെ അമ്മാമ്മ മണ്ണിലേക്കുള്ള മടക്കയാത്രയിലാണ്. ഇന്ന് വൈകീട്ട് മരിച്ചു. അത്യാവശ്യം മരിക്കാനുള്ള പ്രായമൊക്കെ ആയിരുന്നു. അപ്പാപ്പന്‍ മരിച്ചതോടെ കിടപ്പിലുമായി. അരിയെത്തി മരിച്ച വീടുകളില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരു സ്വഭാവീകതയുണ്ടാവും. വീട്ടുകാര്‍ വളരെ മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തി വെച്ചിരിക്കും. പത്തു മാസം തികഞ്ഞ് ഒരു കുഞ്ഞു വന്നു ചേരുന്നത് പോലെ ലളിതമായി അവര്‍ പിരിഞ്ഞുപോവും. അടക്കിപ്പിടിച്ച ഒരു എങ്ങലടിയോ, ഒരു തണുത്ത കാറ്റോ അവിടെ തങ്ങിനില്‍ക്കില്ല. കാലം തെറ്റി ഒരു മഴ പോലും പെയ്യില്ല. 

രാവിലെ മുതല്‍ നല്ല മഴയായിരുന്നു. കോളേജില്‍ മാഞ്ഞൂരാനെ മുന്നറിയിപ്പില്ലാതെ കാണാതിരിക്കുന്നത് ആദ്യമൊന്നുമല്ല. മഴ നിര്‍ത്താതെ പെയ്തിരുന്നത്‌ കൊണ്ട് കോളേജില്‍ നിന്ന് ഇറങ്ങാനും വൈകി. ബസിലിരിക്കുമ്പോള്‍ മാഞ്ഞൂരാനെ കുറിച്ചോര്‍ത്തു. കുറച്ചു നാളായി തനിയെ മടങ്ങിപ്പോവുക പതിവില്ല. മാഞ്ഞൂരാന്‍ ഇറങ്ങുന്ന സ്റ്റോപ്പ്‌ ആയപ്പോള്‍ മഴ നിലച്ചിരിക്കുന്നു. തല പുറത്തേയ്ക്കിട്ട് നോക്കി. ഇരുട്ടും വീണിരിക്കുന്നു. മഴ പെയ്ത ലക്ഷണം പോലുമില്ല. അവിടെയിറങ്ങി.

മാഞ്ഞൂരാന്റെ വീട്ടിലേക്കുള്ള നടപ്പാതയുടെ ഒരു വശത്ത് വീതിയുള്ള ഒരു തോടും, മറുവശത്ത് പുരയിടങ്ങള്‍ക്ക് അതിരിടുന്ന മതിലുകളും വേലികളുമൊക്കെയാണ്. രണ്ടു പേര്‍ക്ക് കഷ്ടിച്ച് പരസ്പരം കടന്നുപോവാനുള്ള വീതിയേ നടപ്പാതയ്ക്കുള്ളൂ. പടുകൂറ്റന്‍ ഇരുട്ട്. ഒരു ഇലയനങ്ങിയാല്‍ പോലും അറിയുമെന്നാണ് കരുതിയത്‌. എന്നിട്ടും അത്രയടുത്ത് ഒരു സൈക്കിള്‍ വന്നു നിന്ന്  ബെല്ലടിക്കുന്നത് വരെ ഞാനറിഞ്ഞില്ല.

“വാ, കേറ്...” മാഞ്ഞൂരാന്റെ ശബ്ദം. ഈ പിശാചു പിടിച്ചവന് ഇരുട്ടിലും കണ്ണു കാണുമോ?

“എങ്ങോട്ട്”

“സെമിത്തേരിയിലേക്ക്”

അവന്‍ കാര്യമായി പറഞ്ഞതാണെന്ന് അപ്പോള്‍ തോന്നിയില്ല. സൈക്കിളിന്‍റെ പുറകില്‍ ആള്ളിപ്പിടിച്ചിരിക്കുമ്പോള്‍ തോട്ടില്‍ വീണുപോവരുതേ എന്നുമാത്രമേ തോന്നിയുള്ളൂ.

സൈക്കിള്‍ ഇരുട്ടും നടപ്പാതയും കടന്ന് റോഡിലെത്തിയപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു.

“എങ്ങോട്ടാ?”

“ആ കല്ലറയൊന്നു നോക്കീട്ടു വരാം. വല്ല പാമ്പോ പഴുതാരയോ കേറിക്കിടക്കുന്നുണ്ടെങ്കിലോ?”

ഞാന്‍ ആദ്യമായി ഒരു കല്ലറ കാണുന്നത് രണ്ടു കൊല്ലം മുന്‍പ് മാഞ്ഞൂരാന്‍റെ അപ്പാപ്പനെ അടക്കിയപ്പോഴാണ്. കല്‍ക്കെട്ടുകള്‍ മുഴുവന്‍ ഇളംനീല നിറത്തിലുള്ള സെറാമിക് ടൈലുകള്‍ ഒട്ടിച്ചു ഭംഗിയാക്കിയിരുന്നു. അതിനകത്ത് അപ്പാപ്പന്റെ ഗമയിലുള്ള കിടപ്പ് ഇപ്പോഴും കണ്മുന്നിലുണ്ട്. കല്ലറയ്ക്കകത്തു പെട്ടി വെച്ച ശേഷവും കാഴ്ചക്കാര്‍ എത്തിക്കൊണ്ടിരുന്നു. ആ സമയത്ത് പെട്ടി തുറന്നു കണ്ടവര്‍ അദ്ദേഹത്തിന്‍റെ മുഖത്ത് തങ്ങി നിന്നിരുന്ന പുച്ഛവും കുസൃതിയും നിറഞ്ഞ ചിരി മറക്കാനിടയില്ല.

“അപ്പാപ്പാന്‍റെ കല്ലറയ്ക്ക് അടുത്തു തന്നെയാണോ അമ്മാമ്മയെയും?” ഞാനൊരു ഊഹമെറിഞ്ഞു.

“കല്ലറ പണിയിക്കാന്‍ അമ്മാമ്മ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നില്ലല്ലോ” സൈക്കിള്‍ സെമിത്തേരിക്കു പിന്നിലെ ഇടവഴിയിലേക്ക് തിരിഞ്ഞു "ഇന്നത്തെ കാലത്ത് പള്ളിയില്‍ ഇതുപോലൊരു കല്ലറ കിട്ടണമെങ്കിലേ, ഇഷ്ടം പോലെ തുട്ടിറക്കണം" 

ദീര്‍ഘകാലം മാഞ്ഞൂരാന്റെ അപ്പാപ്പന്‍ ആ പഞ്ചായത്തിലെ പ്രസിഡണ്ട്‌ ആയിരുന്നു. ആ സമയത്താണ് ഒരു സ്മാരകം പോലെ ഈ കല്ലറ പണിതിടുന്നത്. വര്‍ഷങ്ങളോളം പ്രസിഡണ്ട്‌ ആയിരുന്നത് അദ്ദേഹത്തിന്റെ ജനസമ്മതി കൊണ്ടൊന്നുമല്ല. തെരഞ്ഞെടുപ്പില്‍ വാര്‍ഡിലെ കുടുംബവോട്ടുകള്‍ കൊണ്ട് ജയിച്ചു. ഒപ്പത്തിനൊപ്പം വന്ന ഭരണ പ്രതിപക്ഷ മെമ്പര്‍മാര്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി അപ്പാപ്പനെ നിര്‍ത്തി. ആരെയെങ്കിലും കാലുമാറ്റി ഭരണം കൈക്കലാക്കുന്നത് വരെ അപ്പാപ്പന്‍ ശല്യമില്ലാതെ അവിടെ ഇരുന്നു കൊള്ളട്ടെ എന്നാണു രണ്ടു കൂട്ടരും കരുതിയത്‌. എന്നാല്‍ അപ്പാപ്പന്‍ രണ്ടു കൂട്ടരെയും തോല്‍പ്പിച്ചു കളഞ്ഞു. ജയിച്ചു വന്ന മെമ്പര്‍മാരെ അപ്പാപ്പന്‍ ചാക്കിലാക്കി. വര്‍ഷങ്ങളോളം തെരഞ്ഞെടുപ്പു നടക്കാതിരുന്നത്‌ കൊണ്ട് ആ പഞ്ചായത്തില്‍ തന്നിഷ്ടം പോലെ അപ്പാപ്പന്‍ ഭരിച്ചു. അതെക്കുറിച്ച് മാഞ്ഞൂരാന്‍ പറയുന്നത് ഇങ്ങനെയാണ്:

"നിനക്ക് അപ്പാപ്പനെ അറിഞ്ഞു കൂടാത്തത് കൊണ്ടാണ്... വീട്ടിലെ ചാരുകസേരയില്‍ പോലും മറ്റൊരാള്‍ ഇരിക്കാന്‍ അപ്പാപ്പന്‍ സമ്മതിക്കില്ല. പിന്നെയല്ലേ വീണു കിട്ടിയ പഞ്ചായത്ത് പ്രസിഡണ്ട്‌ കസേര. അവന്മാര്‍ക്ക് ആള് മാറിപ്പോയി മോനെ..." 

എന്നാല്‍ എല്ലാ ഏകാധിപതികളുടെ ജീവിതത്തിലും സംഭവിക്കുന്ന അപ്രതീക്ഷിതസംഭവങ്ങള്‍ അപ്പാപ്പന്റെ ജീവിതത്തിലും സംഭവിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ചായത്ത്‌ ഇലക്ഷന്‍ നടന്നു. അപ്പാപ്പനെ രണ്ടു പാര്‍ട്ടിക്കാരും കാര്യമായെടുത്തില്ല. കുടുംബക്കാരും. വാര്‍ഡില്‍ അപ്പാപ്പന്‍ മത്സരിച്ചെങ്കിലും തോറ്റുപോയി. പ്രസിഡണ്ടാവുന്നതിനു മുന്‍പ് തനിക്കുണ്ടായിരുന്ന ജീവിതത്തെ കുറിച്ച് അപ്പാപ്പന് വലിയ ഓര്‍മ്മയൊന്നും വന്നില്ല. ജനിച്ചയന്നു മുതല്‍ താന്‍ പ്രസിഡണ്ട്‌ തന്നെയായിരുന്നുവെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പഞ്ചായത്തിലൂടെ പ്രസിഡണ്ടല്ലാതെ നടക്കാനും, സാധാരണക്കാരെ പോലെ പെരുമാറാനും അപ്പാപ്പന്  മടി തോന്നി.  മടി മാറ്റാന്‍ കുടി തുടങ്ങി. കുടിയെന്നു പറഞ്ഞാല്‍ കുടി തന്നെ കുടി. 

“ഓ.. വയസ്സാന്‍ കാലത്ത് അപ്പാപ്പന്‍ ഇത്തിരി കുടിക്കുന്നതാണോ ഇത്ര ആനക്കാര്യം?” മാഞ്ഞൂരാന് അതൊരു പ്രശ്നമായേ തോന്നിയില്ല. അവന്‍റെ വീട്ടുകാര്‍ക്കും. “കുടിക്കാതിരുന്നാല്‍ ഇവരൊക്കെ അങ്ങേരെ അമേരിക്കന്‍ പ്രസിഡണ്ടാക്കി നിര്‍ത്തി ജയിപ്പിക്കുമോ?”

“എന്നാലും ആരോഗ്യം...”

“ഹും...ആരോഗ്യം” മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും മാഞ്ഞൂരാന് സുചിന്തിതവും, വ്യക്തവും, വ്യത്യസ്തവുമായ കാഴ്ചപ്പാടുണ്ട്. "ഈ മെഡിക്കല്‍ സയന്‍സ് മൊത്തത്തില്‍ ഒരു മാതിരി ഊഡായിപ്പാണ്. അല്ലെങ്കില്‍ നീയൊരു കാര്യം നോക്കിക്കേ, ലാബിലൊക്കെ ഓരോ അവയവങ്ങള്‍ കേടു വരാതിരിക്കാന്‍ സൂക്ഷിച്ചുവെക്കുന്നത് സ്പിരിറ്റിലല്ലേ? പിന്നെങ്ങനെയാണ് സ്പിരിറ്റ്‌ ഈ അവയവങ്ങളെ കാര്‍ന്നു തിന്നുന്നു എന്നുപറയുന്നത്?”

മാഞ്ഞൂരാന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ലെങ്കിലും നാട്ടുകാര്‍ വിട്ടില്ല. നാട്ടിലെ എല്ലാ സദാചാരവിരുദ്ധപ്രവര്‍ത്തനങ്ങളിലും ഇടപെടുന്ന അതേ അവകാശത്തോടെ അവര്‍ ആവേശപൂര്‍വ്വം സഹതപിച്ചു.

"എങ്ങനെ നടന്ന മനുഷ്യനായിരുന്നു. ഇപ്പോള്‍ കണ്ടില്ലേ?"

ഒന്നും കണ്ടില്ല. കാണാതിരുന്നപ്പോള്‍ കണ്ട പോലെ കഥകളുണ്ടാക്കി. സഹി കെട്ട വീട്ടുകാര്‍ അപ്പാപ്പന്റെ കുടി മാറ്റാന്‍ ധ്യാനം കൂടിക്കാന്‍ തീരുമാനിച്ചു. “വിവരം പറഞ്ഞതും അപ്പാപ്പന്‍ കേറിയങ്ങ് സമ്മതിച്ചു” എന്നാണ് വീട്ടുകാര്‍ എല്ലാവരോടും പറഞ്ഞത്. പാതിരായ്ക്ക് പൂസായി കിടന്നുറങ്ങുമ്പോള്‍ കൈയും കാലും കെട്ടി ധ്യാനകേന്ദ്രത്തില്‍ കൊണ്ട് പോയി തള്ളുകയായിരുന്നുവെന്ന് മാഞ്ഞൂരാന്‍ എന്നോട് രഹസ്യമായി പറഞ്ഞു.

കെട്ടിറങ്ങിയപ്പോള്‍  അപ്പാപ്പന്‍ ധ്യാനകേന്ദ്രത്തിലെ ഹാളിനകത്താണ്. തലയ്ക്കകത്തേക്ക് ഉച്ചത്തില്‍ പാട്ടിരച്ചു കയറുന്നു. ശുശ്രൂഷകന്‍ പാടിക്കൊടുക്കുന്നു. "കൂടെയുണ്ടേശു നിന്‍ കൂടെയുണ്ട് ..." വിശ്വാസം കൈകളുയര്‍ത്തി അലറിക്കേഴുന്നു. അല്പം കഴിഞ്ഞപ്പോള്‍ അപ്പാപ്പന്റെ കൈ വിറയ്ക്കാന്‍ തുടങ്ങി. ക്രമേണ വിറയല്‍ തുള്ളല്‍പനിപോലെ രൂപാന്തരം പ്രാപിച്ചു. കൈകൊട്ടി പ്രാര്‍ഥനയില്‍ മുഴുകിയിരുന്ന ഭക്തജനക്കൂട്ടം അപ്പാപ്പന്‍ വേഗത്തില്‍ സുഖപ്പെടുന്ന കാഴ്ച കണ്ട് ദൈവത്തെ സ്തുതിച്ചു. ഉച്ചത്തില്‍ ഒരു  സ്തോത്രത്തോടൊപ്പം അപ്പാപ്പന്റെ കാറ്റ് പോയി.

സെമിത്തേരിയുടെ ഇടുങ്ങിയ ഗെയ്റ്റ് തള്ളിത്തുറക്കുമ്പോള്‍ മാഞ്ഞൂരാന്‍ പറഞ്ഞു.

“പാവം അമ്മാമ്മയ്ക്ക്‌ പ്രത്യേകിച്ച് കല്ലറയൊന്നുമില്ല. അപ്പാപ്പന്റെ കല്ലറയില്‍ തന്നെയാണ് അമ്മാമ്മയേയും അടക്കുന്നത്.”

“രണ്ടു പേരെയും ഒരു കല്ലറയില്‍ തന്നെ അടക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല” ഞാന്‍ പറഞ്ഞു. “മരിച്ചു കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക്‌ എന്തും സഹിക്കാനുള്ള ക്ഷമയുണ്ടാവും”

“ഈ കുഞ്ഞു കല്ലറയില്‍ രണ്ടു പെട്ടി വെക്കാനുള്ള സ്ഥലമൊന്നുമില്ല” മാഞ്ഞൂരാന്‍ പറഞ്ഞു “അപ്പാപ്പന്റെ പെട്ടി മാറ്റിയിട്ടു വേണം അമ്മാമ്മയെ കിടത്താന്‍...”

രണ്ടു കൊല്ലം മുമ്പ് അപ്പാപ്പനെ അടക്കിയ കല്ലറയ്ക്ക് മുന്നില്‍ പോള്‍ മാഞ്ഞൂരാന്‍ മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഏകാഗ്രത കളയണ്ട എന്നുവിചാരിച്ച് ഞാന്‍ അല്പം മാറിനിന്നു. കുറച്ചു നേരം നോക്കി നിന്നപ്പോള്‍ അവന്‍ പ്രാര്‍ത്ഥിക്കുകയാണോ, അതോ അപ്പാപ്പനോട് സംസാരിക്കുകയാണോ എന്നു സംശയം തോന്നി. ഒരുപാട് നാളത്തെ വിശേഷങ്ങള്‍ ഗൂഡമായ കുസൃതിയോടും അംഗവിക്ഷേപങ്ങളോടും വിവരിക്കുന്നതു പോലെയാണ് ആദ്യം തോന്നിയത്. പിന്നീടെന്തൊക്കെയോ സങ്കടങ്ങള്‍ പറയുന്നത് പോലെ. ഒരുവേള അപ്പാപ്പനോട് കയര്‍ത്തു സംസാരിക്കുന്നത് പോലെയും തോന്നി. കുറച്ചു കഴിഞ്ഞപ്പോള്‍ അവനെന്നെ കൈ കാട്ടി വിളിച്ചു. ഞാന്‍ അടുത്തു ചെന്നു.

"എടാ, എനിക്കൊന്നു കാണണം..."

"എന്ത്?"

“എന്‍റെ അപ്പാപ്പനെ. രാവിലെ കല്ലറ തുറന്ന് അസ്ഥിക്കുഴിയില്‍ കൊണ്ടുപോയിടും” മാഞ്ഞൂരാന്‍ വിതുമ്പിയേക്കുമെന്ന് തോന്നി "പിന്നെ കാണണമെന്ന് വിചാരിച്ചിട്ട് ഒരു കാര്യവുമില്ല." 

പ്രജ്ഞയിലൂടെ ഒരു മിന്നല്‍പിണര്‍ പാളി. ശവക്കുഴി തോണ്ടുന്ന കാര്യമാണ് പറയുന്നത്.

രണ്ടു വര്‍ഷം മുന്‍പ് അപ്പാപ്പന്‍ ചിരിച്ച പുഛച്ചിരി മനസ്സിലോടി വന്നു. അതേ ചിരി പതിയെ ഒരു അസ്ഥികൂടത്തിന്റെ അലറിച്ചിരിയായി രൂപാന്തരപ്പെട്ടു.

മാഞ്ഞൂരാന്‍ തപ്പിത്തടഞ്ഞ് സെമിത്തേരിയുടെ മൂലയിലെ ഇരുട്ടിലേക്ക്  പോവുന്നത് കണ്ടു. മൂത്രമൊഴിക്കാനായിരിക്കും എന്നാണ് ആദ്യം കരുതിയത്‌. എനിക്ക് ആദ്യം തോന്നിയ മൂത്രശങ്ക അവസാനിച്ചിരുന്നു.

മാഞ്ഞൂരാന്‍ തിരിച്ചു വന്നപ്പോള്‍ കൈയ്യില്‍ ഒരു കമ്പിപ്പാരയും, ചെറിയ ഒരു ഷവലും ഉണ്ടായിരുന്നു. എവിടെയോ ഒളിപ്പിച്ചു വെച്ചിരുന്നതാണ്. എല്ലാം നേരത്തെ കല്പ്പിച്ചുറച്ചു തന്നെ.  

കല്ലറയ്ക്ക് മുകളിലെ സ്ലാബ് പാര കൊണ്ട് തിക്കിയിളക്കി എടുത്തുമാറ്റാന്‍ ഞാന്‍ അവനെ സഹായിച്ചു. കല്ലറയുടെ അകം മുഴുവന്‍ മണ്ണ് കൊണ്ട് മൂടിയിരിക്കുകയാണ്. നേരിയ വെളിച്ചമേയുള്ളൂ. എങ്കിലും ഷവല്‍ കൊണ്ട് പതുക്കെ മണ്ണ് നീക്കിയപ്പോള്‍ പെട്ടി കാണാറായി. ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. പെട്ടിക്കു മുകളിലെ മണ്ണ് മാറ്റുന്നത് വളരെ സൂക്ഷിച്ചു വേണം. ഒന്ന് പിഴച്ചാല്‍ എല്ലാം കൂടി പൊടിഞ്ഞു മണ്ണാവും.

മാഞ്ഞൂരാന്‍ ശ്രദ്ധാപൂര്‍വ്വം പെട്ടിക്കു മുകളിലും മൂടിയുടെ അരികിലുമുള്ള  മണ്ണ് കൈകൊണ്ടു വൃത്തിയാക്കാന്‍ തുടങ്ങി. പെട്ടി തുറക്കാറായപ്പോള്‍  ഞാന്‍ തല തിരിച്ചു കളഞ്ഞു.

ഞാനെന്തിനു നോക്കണം? എന്റെ അപ്പാപ്പനൊന്നും അല്ലല്ലോ?

മൂടി തുറക്കുന്ന ശബ്ദം ചെവിയോര്‍ത്തു. കരിയിലകള്‍ അനങ്ങുന്നതും, ചീവിടുകള്‍ കരയുന്നതും എല്ലാം  കേട്ടു. ചെന്നായ്ക്കള്‍ ഓരിയിട്ടുവെന്നോ, കടവാതിലുകള്‍ ചിറകടിച്ചുയര്‍ന്നുവെന്നോ  ഒന്നും ഞാന്‍ അവകാശപ്പെടുന്നില്ല. ഒരു പൂച്ച കരഞ്ഞു എന്നത് സത്യമാണ്. കരിമ്പൂച്ചയായിരുന്നുവെന്ന് ശബ്ദം കേട്ടാലറിയാം. 

"നാശം...” മാഞ്ഞൂരാന്റെ അമര്‍ത്തിപ്പിടിച്ച അമര്‍ഷം “അപ്പാപ്പന്‍ ഈ പണി കാണിക്കുമെന്നു എനിക്ക് അപ്പഴേ അറിയാമായിരുന്നു..." 

മാഞ്ഞൂരാന്‍ എഴുന്നേറ്റ് കമ്പിപ്പാരയെടുത്ത് ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. എനിക്ക് തിരിഞ്ഞു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 

പുറത്തെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം കൊണ്ട് മാത്രം പെട്ടിയുടെ അകം ഇത്ര വ്യക്തമായി കാണില്ല. അതിനുള്ളില്‍ നിന്നും ഒരു വെള്ളവെളിച്ചം വമിക്കുന്നുണ്ടോ? ഞാന്‍ സൂക്ഷിച്ചു നോക്കി.

പടച്ചോനെ; അപ്പാപ്പന്‍ അഴുകിയിട്ടില്ല..!! 

അപ്പാപ്പന്‍ പെട്ടിയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. അല്പം കൂടി നീളം വെച്ചിട്ടുണ്ടോ. മുട്ടുകാല്‍ അല്പം മടക്കി വെച്ചിരിക്കുന്നു. കൂടുതല്‍ യുവാവായ പോലെ. എന്റെ ഓര്‍മ്മയില്‍ അപ്പാപ്പന്റെ തലമുടിയ്ക്ക് നല്ല തൂവെള്ള നിറമായിരുന്നു. ഇതിപ്പോള്‍ മൈലാഞ്ചിയിട്ട പോലെ ഒരു ചെമ്പന്‍ നിറം. മുഖം ഒരു പിങ്ക് റോസാപുഷ്പം പോലെ.

മാഞ്ഞൂരാന്റെ രോഷം ഏറെ നേരം നീണ്ടു നിന്നില്ല. തന്റെ ഉടലില്‍ കൂടി കടന്നു പോകുന്ന ജീവന്‍ ദീര്‍ഘകാലം തങ്ങിനിന്നിരുന്ന ഒരു ശരീരമാണ് ജീര്‍ണ്ണിക്കാതെ കണ്മുന്നില്‍. അവന്‍ നിലത്തു മുട്ടുകുത്തിയിരുന്നു. വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് അപ്പാപ്പന്റെ കവിളില്‍ ഒന്നു തൊട്ടു. 

കൈ തൊട്ടതും അപ്പാപ്പന്റെ കവിള്‍ ബലൂണ്‍ പൊട്ടുന്നത് പോലെ പൊട്ടി. ആണ്ടു പോയ വിരല്‍ ഇളകി നിന്ന ഒരു പല്ലില്‍ തട്ടി. തീപ്പൊള്ളിയത് പോലെ അവന്‍ കൈ വലിച്ചു. കവിളില്‍ രൂപം കൊണ്ട വിള്ളലിലൂടെ താടിയെല്ലുകള്‍ കാണാമായിരുന്നു. വേഗം പെട്ടി മൂടി അതിനു മുകളില്‍ മണ്ണ് വാരിയിട്ടു. സ്ലാബ് എടുത്തു തിരികെ വെക്കാനൊന്നും നിന്നില്ല. സെമിത്തേരിക്കു പുറത്തേക്കോടി.


ഞാനാണ് സൈക്കിള്‍ ചവുട്ടിയത്‌. ഒരാളെ പുറകിലിരുത്തി ഇത്ര വേഗത്തില്‍ പായാനുള്ള കരുത്ത് എനിക്കെവിടെ നിന്നാണ് കിട്ടിയത്? മാഞ്ഞൂരാന്‍ തുടരെത്തുടരെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അനക്കമറ്റാലും അഴുകാന്‍ വിടാത്ത അപ്പാപ്പന്റെ ആ സ്പിരിറ്റുണ്ടല്ലോ, അതു ഞങ്ങളെ പിന്തുടരാതിരിക്കുന്നതെങ്ങനെ?

12 Mar 2012

സ്പെസിഫിക് ഗ്രാവിറ്റി

വ്യാഴാഴ്ച ഓഫീസ് ടൈം കഴിഞ്ഞാല്‍ ചിക്കിചികഞ്ഞിരിക്കാതെ  നേരെ വീട്ടിലെത്തിയിരിക്കണം എന്ന അന്ത്യശാസനം പല തവണ കിട്ടിയിട്ടുള്ള ഗള്‍ഫ്‌ ഭര്‍ത്താക്കളില്‍ ഒരാളാണ് ഞാനും. അഞ്ചരയോടെ തന്നെ അത്യാവശ്യം ജോലികളൊക്കെ തീര്‍ത്തു. ബാക്കിയുള്ളവ ശനിയാഴ്ചയിലേക്ക്  ഷെഡ്യൂള്‍ ചെയ്തുവച്ചു. മണിയടിച്ചാല്‍ ഇറങ്ങിയോടാന്‍ പാകത്തിന് ആഞ്ഞിരിക്കുമ്പോളാണ് പുതിയ ഡിസിഷന്‍ റിക്വസ്റ്റ് വന്നത്

ഡിസിഷന്‍ റിക്വസ്റ്റ് എന്നൊക്കെ പറയാമെന്നേയുള്ളൂ. സ്വഭാവം  കര്‍ക്കശമായ ഉത്തരവിന്റെതു തന്നെ. തീരുമാനങ്ങളെടുക്കാന്‍ അധികാരം ഉള്ള ഒരേയൊരാള്‍ ഹിസ്‌ ഹൈനെസ്സ് മാത്രമാണ്. ഞാന്‍ അദ്ദേഹത്തിന്റെ സ്വകാര്യനിര്‍മ്മാണങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയിലെ എഞ്ചിനീയര്‍മാരില്‍ ഒരാളും. സ്വകാര്യനിര്‍മ്മാണങ്ങള്‍ എന്ന് പറയുമ്പോള്‍ പേരക്കുട്ടികള്‍ക്ക്‌ കളിക്കാനുള്ള പൂന്തോട്ടങ്ങള്‍ മുതല്‍ രാജകുടുംബം കുതിരപ്പന്തയം നടത്തുന്ന  ഗ്രാമങ്ങള്‍ വരെ പെടും. പട്ടിക്കൂടുകള്‍ മുതല്‍ കൊട്ടാരങ്ങള്‍ വരെ.

ഡിസിഷന്‍ റിക്വസ്റ്റില്‍ ചെയ്യാനുള്ള ജോലിയുടെ ചെറുവിവരണം, പ്രിലിമിനറി ഡ്രോയിങ്ങ്സ്, ഷെഡ്യൂള്‍, ഏകദേശ ബജറ്റ് എന്നിവ ഉണ്ടാകും. അതില്‍ രാജകുടുംബത്തിന്റെ പ്രതിനിധി ഒപ്പ് വെക്കുന്നതോടെ അതൊരു ഓര്‍ഡര്‍ ആയി മാറുന്നു. രൂപാന്തരം സംഭവിച്ച ഇത്തരം അപേക്ഷകളാണ് ഞങ്ങളുടെ മേശകളില്‍ ഇടിത്തീ പോലെ വന്നു വീഴുന്നത്.

സത്യത്തില്‍ ഇത്തവണ ചെയ്യേണ്ടത് അത്ര വിചിത്രമായ സംഗതിയാണെന്ന് പറഞ്ഞു കൂടാ. പുതുതായി കുടുംബത്തില്‍ എത്തിയ ഇളയ രാജ്ഞി മൂത്ത രാജകുമാരന് വേണ്ടി ഒരു സമ്മാനം വാങ്ങിയിരിക്കുന്നു- കറുത്ത ഭൂഖണ്ഡത്തിൽ നിന്നും ഒരു വെളുത്ത സിംഹത്തിനെ.

രാജകുടുംബം പൊതുവേ സാഹസീകതയ്ക്ക് പേര് കേട്ടവരാണ്. അവിടത്തെ കുമാരന്മാര്‍ സിംഹം എന്ന് കേട്ടാല്‍ പേടിക്കുന്നവരുമല്ല. വീട്ടു മുറ്റത്തു കളിച്ചു തിമിര്‍ക്കുന്ന വന്യമൃഗങ്ങളെ കണ്ടു തന്നെയാണ് അവര്‍ വളര്‍ന്നത്‌. എത്ര ഭീകരനായ കാട്ടുമൃഗമായാലും വേവിച്ച മാംസം മാത്രം കഴിച്ചു വളര്‍ന്നാല്‍, കാലാന്തരേ ജന്മസിദ്ധമായ മൃഗീയവാസനകള്‍ മറക്കുകയും, രക്തത്തിന്റെ ഗന്ധം തിരിച്ചറിയാനാവാത്ത ശാന്തശീലരായി മാറുകയും ചെയ്യുമെന്ന് അവര്‍ക്ക് നന്നായി അറിയാം. ഇത്തരത്തില്‍ ദുര്‍ഗുണപരിഹാരം കൈവരിച്ചു കൊട്ടാരമുറ്റത്തു മേഞ്ഞുനടക്കുന്ന മുനിതുല്യരായ മൃഗരാജന്മാരെ ഞാനും പലപ്പോഴും കണ്ടിട്ടുണ്ട്.

ഒരു എഞ്ചിനീയർക്കോ അയാളുടെ ഡിപാർട്ടുമെന്റിനോ ഇതിലൊന്നും ഒരു കാര്യവുമില്ല. ഞങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം- സൌത്ത് ആഫ്രിക്കന്‍ വൈറ്റ് ലയണ്‍ ഞായറാഴ്ച വൈകീട്ട്  തുറമുഖത്ത് എത്തിച്ചേരും. വരുമ്പോള്‍ ജന്തുവിന് കയറിക്കിടക്കാന്‍ ഒരു കൊച്ചു കൂട് വേണം.

ഡ്രോയിങ്ങുകളിലൂടെ പെട്ടെന്ന് ഒന്നോടിച്ചു നോക്കി. എഞ്ചിനീയറിംഗ് ഡ്രോയിങ്ങിനെക്കാള്‍ ഒരു പെന്‍സില്‍ സ്കെട്ചിന്റെ മനോഹാരിതയുണ്ട്. രണ്ടു എ സി മുറികള്‍, തറ നിരപ്പില്‍ നിന്നും മൂന്നടി മുകളില്‍ ഗ്ലാസ്‌ ഇട്ടിരിക്കുന്നു. സിംഹം ഗ്ലാസ്‌ അടിച്ചു പൊട്ടിക്കാതിരിക്കാന്‍ രണ്ടു വശത്തും ഇരുമ്പ് വല. കൂടിന്റെ തുടര്‍ച്ചയായി ഒരു കമ്പിവേലി വളച്ചു കെട്ടിയിട്ടുണ്ട്. സിംഹത്തിന് വെയില്‍ കായാനും, വ്യായാമം ചെയ്യാനുമുള്ള മുറ്റമാണത്. മുറ്റം നിറയെ മരങ്ങളും കുറ്റിചെടികളും. കൂടിന്റെ ഒരു മതില്‍ ഇഷ്ടികയില്‍ തീര്‍ത്തതായിരിക്കണം. കാനനച്ഛായ വീണ മുറ്റത്തിന്റെ തുടര്‍ച്ച മതിലില്‍ വരച്ചു ചേര്‍ക്കണം.  സിംഹം മരം കയറുമോ? മരത്തില്‍ കയറി വേലിക്കു പുറത്തേയ്ക്ക് ചാടിയാലോ? ഇത്തരം സംശയങ്ങള്‍ ആര്‍ക്കിടെക്ടിന്റെ അധികാരത്തില്‍ കൈ കടത്തലാവുമോ എന്നുപേടിച്ച് ആലോചനകളുടെ സ്വിച്ച് ഓഫ്‌ ചെയ്തു.

നമ്മുടെ കൂടിന്റെ ഓരോ മുറിക്കും രണ്ടു വാതിലുകള്‍ വീതമുണ്ട്. ഒന്ന് മുറ്റത്ത്‌ വരാതെ തന്നെ കൂട്ടില്‍ കയറാവുന്നത്, മറ്റേതു മുറ്റത്ത്‌ നിന്ന് കയറാവുന്നതും. മുറ്റത്ത്‌ നിന്ന് കയറാവുന്ന വാതില്‍ റിമോട്ട് കണ്ട്രോള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍  പറ്റുന്ന തരത്തില്‍ വേണം. ഈ വാതില്‍ തുറന്നു സിംഹത്തെ പുറത്തേക്കു ഇറക്കിയ ശേഷം വേണം ഭക്ഷണം കൊണ്ട് വെക്കാനും കൂട് കഴുകാനുമൊക്കെയായി  ജോലിക്കാര്‍ക്ക് അതില്‍ പ്രവേശിക്കാന്‍. മുറ്റത്ത് എന്തെങ്കിലും പണിയുണ്ടെങ്കില്‍ ഇതുപോലെ സിംഹത്തിനെ കൂട്ടിനകത്താക്കുകയും വേണം. പതിവില്ലാത്ത സുരക്ഷാസംവിധാനങ്ങളില്‍ നിന്നും ഒരു കാര്യം ഉറപ്പിക്കാം - വരുന്നയാള്‍ അത്ര ചില്ലറക്കാരനല്ല!

ഈ കൂടിന്റെ ആകര്‍ഷണം അതൊന്നുമല്ല. ഉരുളന്‍ കല്ലുകള്‍ കൊണ്ടലങ്കരിച്ച ഒരു ചെറിയ കുളം മുറ്റത്തിന്റെ നടുക്കുണ്ട്. ആഴം തീരെയില്ല. സിംഹത്തിനു വെള്ളം കുടിക്കാനുള്ളതാണ്. കൂട്ടില്‍ നിന്നും കുളത്തിലേക്ക്‌ നീളുന്ന ഒരു കാനനപാതയും വരച്ചിട്ടുണ്ട്. കുളത്തിലെ ജലനിരപ്പ്‌ നിലനിര്‍ത്താനും, വെള്ളം മാറ്റാനുമുള്ള സംവിധാനങ്ങള്‍ മുറ്റത്തിന് പുറത്താണ്. ചുരുക്കത്തില്‍ കാര്യമായ ജോലി സിവില്‍ എഞ്ചിനീയര്‍ക്ക്. എ സി, ഡോര്‍ മോട്ടോര്‍, ഫ്ലോട്ട് വാല്‍വ് എന്നിവ രാത്രി തന്നെ എത്തുമെന്ന് ഉറപ്പാക്കി. വൈദുതിയും, വെള്ളവും കൊണ്ടുവരാനുള്ള വഴിയും കണ്ടെത്തി. ഈ പ്രൊജക്റ്റ്‌ ഇതുവരെ ചെയ്തിട്ടുള്ളവയില്‍ നിന്നും എങ്ങനെ വ്യത്യസ്തവും, പ്രധാനപ്പെട്ടതുമാവുന്നു  എന്ന പതിവ് പ്രഭാഷണം സൂപ്പര്‍വൈസര്മാര്‍ക്ക് നല്‍കിയതോടെ അന്നത്തെ എന്റെ ജോലി ഏതാണ്ട് അവസാനിച്ചു. 

രണ്ടു ദിവസത്തില്‍ കൂടിന്റെ പണി തീരുമോ? വിനയനാണ് സിവില്‍ എഞ്ചിനീയര്‍. അവനു ഇത്തരമൊരു പണി കിട്ടിയതില്‍ ചെറുതല്ലാത്ത സന്തോഷം തോന്നി. വീട്ടിലെത്താറായപ്പോള്‍ സമയം എട്ടര. ഒരു സന്തോഷവും അത്ര ദീര്‍ഘമൊന്നുമല്ല.

വെള്ളിയാഴ്ച പള്ളിയില്‍ പോകുമ്പോള്‍ സൈലെന്സില്‍ വെച്ച മൊബൈല്‍ ഫോണ്‍ നിറയെ മിസ്ഡ് കാളുകള്‍. കണ്‍സ്ട്രക്ഷന്‍ ഹെഡ് മണിക്ക് തിവാരിയാണ്. സാധാരണ അവധി ദിവസങ്ങളില്‍ ഇങ്ങനെ വിളിച്ചു ശല്യപ്പെടുത്താതിരിക്കാറില്ല. തിരിച്ചു വിളിച്ചപ്പോള്‍ ഒറ്റശ്വാസത്തില്‍ കാര്യം പറഞ്ഞു: "പ്രിൻസ് വാണ്ട്സ് റ്റു മീറ്റ്‌ മി. എന്താണ് കാര്യമെന്ന് അറിയില്ല. നീ വേഗം വാ. ഐ ആം ഓണ്‍ ദി വേ."

രാജകുമാരന്മാരും സുഹൃത്തുക്കളും മാത്രം ഉപയോഗിക്കുന്ന ഒരു റിക്രിയേഷന്‍ ക്ലബിലാണ് സിംഹക്കൂട് പണിയേണ്ടത്. ഗേറ്റിനടുത്തെത്തിയപ്പോള്‍ ഒരു വലിയ ഷവല്‍ പുറത്തേക്കു വരുന്നത് കണ്ടു. റെഡിമിക്സ്‌ കോണ്‍ക്രീറ്റ് എവിടെയെങ്കിലും കൊണ്ടുപോയി കുഴിച്ചു മൂടാന്‍ പോവുകയാണ്. വിനയന്‍ പണി വാങ്ങിയോ?

മണിക്ക് തിവാരി വിയര്‍ത്തൊലിച്ച് നില്‍പ്പുണ്ട്. വയര്‍ നിറയെ കിട്ടിയത് മുഖത്ത് കാണാം.

"ആര്‍ വി നോട്ട് സ്ടുപിട്സ്? കുടിക്കാന്‍ ഉണ്ടാക്കിയ കുളത്തില്‍ സിംഹത്തിനു കുളിക്കാനും തോന്നും എന്നോര്‍ക്കാനുള്ള ബുദ്ധി നമുക്കാര്‍ക്കുമില്ലേ? എ പ്രിന്‍സ് ഹാസ്‌ ടു സേ ദാറ്റ്‌?"

വിവരം പിടികിട്ടി. കുളത്തിന് ആഴം പോര. സിംഹത്തിനു കുളിക്കാനുള്ള ആഴത്തില്‍ കുളം ഉണ്ടാക്കണം.

ആഴം കൂട്ടല്‍ ഒറ്റ നോട്ടത്തില്‍ എളുപ്പമെന്നു തോന്നും.  റിക്രിയേഷന്‍ ക്ലബ്‌ ഏരിയയിലെ വാട്ടര്‍ ടേബിള്‍ വളരെ മുകളില്‍ ആണെന്നാണ് മുന്‍കാല അനുഭവം. ഒന്നര മീറ്റര്‍ കുഴിക്കുന്നതിന് മുന്‍പ് വെള്ളം കാണും. കുളത്തിന്റെ തറനിരപ്പ്  അതിനു താഴെ പോയാല്‍ പുറത്തു നിന്നും വാട്ടര്‍ പ്രൂഫ്‌ ചെയ്യണം. സിംഹം വളരെ വൃത്തിയായി ജീവിക്കുന്ന ജന്തുവാണല്ലോ? അതുകൊണ്ട് വെള്ളം കലങ്ങാതിരിക്കാന്‍ കുളം  തുടര്‍ച്ചയായി ഫില്‍റ്റര്‍ ചെയ്യുകയും വേണം. ചുരുക്കി പറഞ്ഞാല്‍ ഒരു ചെറിയ സ്വിമ്മിംഗ് പൂളില്‍ കുറഞ്ഞതൊന്നും നടക്കില്ല.

വിനയന് എത്ര ശ്രമിച്ചിട്ടും ഒരു ചിരി ഒളിച്ചു വെക്കാന്‍ കഴിയുന്നില്ല. ഇന്നലത്തെ എന്റെ മനസ്സ് അവന്‍ എത്ര കൃത്യമായി വായിച്ചെടുത്തിരിക്കുന്നു! ഇത്ര മനോഹരമായി ഒരു കുളം കുഴിച്ചു തന്ന ആര്‍ക്കിട്ടെക്ക്ടിനെയും  ഒരു നിമിഷം ഓർത്തു പോയി. പന്ത് ഇപ്പോള്‍ എന്റെ മാത്രം കോര്‍ട്ടില്‍ ആണ്- ഒന്നര ദിവസം കൊണ്ട് ഒരു സ്വിമ്മിംഗ് പൂള്‍...

ഓഫീസിലേക്ക് വണ്ടിയോടിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണയുമില്ല. സിനിമ തുടങ്ങുന്നതിനു മുന്‍പ് ടൈറ്റില്‍ എഴുതിക്കാണിക്കുന്നതു പോലെ സ്വിമ്മിംഗ് പൂളിന്റെ കാരാര്‍ ജോലികള്‍ ചെയ്യുന്ന കമ്പനികളുടെ പേരുകള്‍ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. വെള്ളിയാഴ്ച ഏതെങ്കിലും ഓഫിസ് തുറന്നിരിക്കുമോ? ഇത്തരം കമ്പനികള്‍ മിക്കവയും ശനിയാഴ്ചയും തുറക്കാറില്ല. സ്വിമ്മിംഗ് പൂള്‍ ഒരു അടിയന്തിര  ആവശ്യമല്ലാത്തതിനാല്‍ ആരുടേയും മൊബൈല്‍ നമ്പര്‍ സ്റ്റോര്‍ ചെയ്തിട്ടുമില്ല. ഓഫീസില്‍ ആരുടെയെങ്കിലും വിസിറ്റിംഗ് കാര്‍ഡ്‌  കാണുമായിരിക്കും.

ഓഫീസില്‍ ആരുമില്ല. യെലോ പേജുകളും, വെബ്‌ സൈറ്റുകളും അരിച്ചു പെറുക്കിയെങ്കിലും ഓഫിസ് നമ്പറുകള്‍ മാത്രമേ കിട്ടിയുള്ളൂ. എങ്ങും ഫോണെടുക്കുന്നില്ല. കിട്ടിയ വിസിറ്റിംഗ് കാര്‍ഡുകളിലെ നമ്പരുകളാകട്ടെ പലതും മാറിയിരിക്കുന്നു. എഞ്ചിനീയറിംഗ് ജോലികള്‍ ചെയ്യുന്ന സുഹൃത്തുക്കളെ ഓരോരുത്തരെയായി വിളിച്ചു നോക്കി. സ്വിമ്മിംഗ് പൂളുകള്‍ ചെയ്യുന്ന ആരുടെയെങ്കിലും നംബര്‍. ഒന്നും നടന്നില്ല. എന്ത് ചെയ്യും? സൌത്ത് ആഫ്രിക്കയിലെ വെളുത്ത സിംഹം നീരാടാന്‍ പാകത്തില്‍ ഞായറാഴ്ച എത്തിച്ചേരും!

സമയമില്ല. പൂള്‍ തനിയെ ഉണ്ടാക്കുക തന്നെ. ആര്‍ക്കിട്ടെക്റ്റ് കല്ലീവല്ലി. കോണ്‍ക്രീറ്റിന്റെ അടിയില്‍ പോവേണ്ട പൈപുകളും കേബിളുകള്‍ പോകേണ്ട കുഴലുകളും വരച്ചുണ്ടാക്കി സൈറ്റിലേക്കു കൊടുത്തയച്ചു. മൂന്നു മീറ്റര്‍ നീളവും, രണ്ടു മീറ്റര്‍ വീതിയുമുള്ള ഒരു കുളത്തിലേക്ക്‌ ഒരു സിംഹം എങ്ങനെയാണ് കുളിക്കാന്‍ ഇറങ്ങുക? നാല്‍ക്കാലിക്ക്‌ പാകത്തില്‍ ചവിട്ടു പടികള്‍ കൊടുക്കാമെന്നു വെച്ചാല്‍ ചവിട്ടുപടി തീരും മുന്‍പ് കുളം തീര്‍ന്നു പോകും. സിംഹം ഡൈവ് ചെയ്യുമോ? ഇത്ര ചെറിയ കുളത്തിലേക്ക്‌ പാവം  ഡൈവ് ചെയ്‌താല്‍ തന്നെ അതൊരു പ്ലാസ്റ്റിക്‌ സര്‍ജറിയിലായിരിക്കും അവസാനിക്കുക. സ്വിം സ്വീട്ടും ഗോഗിള്‍സുമായി ലാഡര്‍ വഴി പൂളിലേക്ക് ഇറങ്ങുന്ന സിംഹത്തിന്റെ രൂപം ഓര്‍ക്കാന്‍ രസം തോന്നി. ഒറ്റ വഴിയെ ഉള്ളൂ. മുറ്റത്ത്‌ നിന്നും ഒരു റാമ്പ് ഉണ്ടാക്കുക. കുളത്തിന്റെയും റാമ്പിന്റെയും  ക്രോസ് സെക്ഷന്‍ വരച്ചുണ്ടാക്കി സ്ട്രക്ച്ചരല്‍ ഡിസൈനറുടെ മേശപ്പുറത്തുവച്ചു. ഭീകരനെ വിരട്ടി ഓഫീസില്‍ വരുത്തുന്ന ചുമതല മണിക്ക് തിവാരിയെ ഏല്‍പ്പിച്ചു.

പ്രശ്നങ്ങള്‍ തീരുന്നില്ലല്ലോ? ഫില്‍റ്ററേഷന്‍ സിസ്റ്റം എവിടെ കിട്ടും?

വിചാരിച്ച കാര്യം നടന്നു കാണാത്ത ഒരു ചരിത്രം കൊട്ടാരത്തില്‍ ഉണ്ടായിട്ടില്ല. കൃഷി ഓഫീസര്‍ മന്‍സൂര്‍ ഖാനെ പറ്റി പറയുന്ന ഒരു തമാശയുണ്ട്. രാവിലെ നട്ട ചെടിയിലെ പൂവിന്റെ നിറം എന്തായിരിക്കുമെന്ന് രാജകുടുംബത്തിലെ ആരെങ്കിലും വെറുതെയൊന്നു ചോദിച്ചാല്‍ മതി. അന്ന് മുഴുവന്‍ ഖാനും പാക്കിസ്ഥാനിപ്പടയും എന്തിനെന്നറിയാതെ പരക്കം പായും. അതെന്തായാലും, ഇരുട്ടും മുന്‍പ് ചെടി തനിയെ വളര്‍ന്നു പൂവിട്ടു നില്‍ക്കും. ശ്രദ്ധയാകര്‍ഷിക്കാന്‍ ആ പൂവില്‍ നിന്നു മാത്രം പരക്കുന്ന പരിമളം  ഖാന്‍ പെര്‍ഫ്യും അടിച്ചുണ്ടാക്കുന്നതാണെന്നു അസൂയാലുക്കള്‍ വെറുതെ പറയുന്നതാണ്. എന്തു സംഭവിച്ചാലും ഞായറാഴ്ച സ്വിമ്മിംഗ് പൂള്‍ അവിടെ ഉണ്ടാവുക തന്നെ ചെയ്യും. എന്റെ കാര്യം വലിയ ഉറപ്പില്ല.

അവസാനശ്രമം എന്ന വണ്ണം മുന്‍പ് ഫില്‍റ്ററുകള്‍ വാങ്ങിയിട്ടുള്ള പഴയ പര്‍ച്ചേസ് ഓര്‍ഡര്‍കള്‍ എടുത്തു നോക്കി. ഫോളോ അപ്പിന് വേണ്ടി വിളിക്കുന്ന സെയില്‍സ് മാനേജര്‍മാരുടെ നമ്പരുകള്‍ അതില്‍ എഴുതിയിടുന്ന ഒരു ശീലമുണ്ട്. ബോധപൂര്‍വം ചെയ്യുന്നതല്ല. എങ്കിലും പലപ്പോഴും ഉപകരിച്ചിട്ടുണ്ട്. അതേറ്റു. സേഫ് വാട്ടേര്‍സ് എന്ന കമ്പനിയ്ക്ക് കൊടുത്ത പര്‍ച്ചേസ് ഓര്‍ഡറില്‍ നിന്നും റൊസാരിയോ  എന്ന  സെയില്‍സ് മാനേജരുടെ നമ്പര്‍ എന്നെ നോക്കി ചിരിച്ചു. വരാനിരിക്കുന്ന വെള്ളസിംഹവുമായി ഒരു മല്ലയുദ്ധത്തിനു പ്രാപ്തനാക്കുന്ന ആത്മവിശ്വാസമാണ് അതെനിക്ക് തന്നത്.

റൊസാരിയോ ഫോണെടുക്കാന്‍ പല തവണ വിളിക്കേണ്ടി വന്നു. ശബ്ദത്തില്‍ ഉറക്കച്ചടവ് മാറുന്നില്ല. അത് കാര്യമാക്കാതെ വിഷയം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:

"സുഹൃത്തേ, ഒരു ഇന്റര്‍നാഷണല്‍ കമ്പനിയ്ക്ക് ചില നടപടി ക്രമങ്ങളുണ്ട്. ഈ നാട്ടിലെ ഗവന്മേന്റ്റ് സ്ഥാപനങ്ങള്‍ക്ക് ഐ എസ് ഓ യെ കുറിച്ചൊക്കെ പറഞ്ഞാല്‍ മനസ്സിലാവുമോ?  ഇപ്പോള്‍ ചെറിയ കമ്പനികള്‍ പോലും ഓര്‍ഡറിന്  വേണ്ടി ആരുടേയും പുറകെ നടക്കാറില്ല. പിന്നെയല്ലേ ഞങ്ങള്‍?  ഞങ്ങളുടെ ഓഫേഴ്സ്  യു കെ യിലാണ് തയ്യാറാക്കുന്നത്. എന്താ കാര്യം?ചാനലില്‍ കൂടിയല്ലാത്ത ഒന്നും വേണ്ടെന്നു തന്നെ. ഞങ്ങള്‍ ഇന്ന് വര്‍ക്ക്‌ ചെയ്യുന്നില്ല. ശനിയും ഞായറും യു കെ യില്‍ അവധിയാണ്. തിങ്കളാഴ്ച വിളിക്കൂ."

കാല്‍ക്കല്‍ വീണിട്ടു കാര്യമില്ലെന്ന് ഉറപ്പായിരുന്നു. സംഗതി അത്യാവശ്യമാണെന്നും, വില പ്രശ്നമല്ലെന്നും പറഞ്ഞു നോക്കി. അടുക്കുന്നില്ല. ഇതിനിടയിലും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഞങ്ങളുടെ ഓഫീസിലുള്ളവര്‍ എടുത്തു പ്രയോഗിക്കുന്ന പൂഴിക്കടകന്‍ ഡയലോഗ് ഞാന്‍ മനസ്സില്‍ ഉരുവിട്ട് പഠിക്കുകയായിരുന്നു.

"റൊസാരിയോ, ഞാന്‍ കമ്പനിയിലെ ഒരു എഞ്ചിനീയര്‍ മാത്രമാണ്. പക്ഷെ, ഞാന്‍ ഇനി പറയുന്നത് ഈ രാജ്യം ഭരിക്കുന്ന ഹിസ്‌ ഹൈനെസ്സ് പറയുന്നതായി തന്നെ താങ്കള്‍ക്കു കണക്കാക്കാം. സേഫ് വാട്ടര്‍സിനെ  ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യാന്‍ ചിലപ്പോള്‍ ഒരാഴ്ച എടുത്തേക്കും. രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാന്‍ പരമാവധി പത്തു ദിവസം. പക്ഷേ, കാരണം കൂടാതെ നിങ്ങളെ പിടിച്ച് അകത്തിടാന്‍ ഒരു മണിക്കൂര്‍ പോലും വേണ്ട."

ഭാഗ്യവശാല്‍ ജാള്യത മറയ്ക്കാനുള്ള പ്രകടനങ്ങള്‍ കുറവായിരുന്നു.
"നോക്കൂ, എന്റെ കാര്‍ സര്‍വീസിനു പോയിരിക്കുക്കയാണ്. താങ്കള്‍ക്കു എന്നെയൊന്നു പിക്ക് ചെയ്യാമോ?"

ടെലിഫോണ്‍ സംസാരത്തിനിടെ റൊസാരിയോയെ മനസ്സില്‍ വരച്ചത് അപ്പാടെ തെറ്റി.  പരമാവധി ഒരു മുപ്പത്തഞ്ചു വയസ്സേ പ്രതീക്ഷിച്ചിരുന്നുള്ളൂ. ശബ്ദവും ചെറുപ്പമായിരുന്നു. എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ അമ്പത്തഞ്ചു വയസ്സെങ്കിലും കാണും. മറ്റാര്‍ക്കോ വേണ്ടിയാണ് മുടി കറുപ്പിചിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ഈ പാവത്തിനോട് ഉമ്മാക്കി കാണിച്ചതില്‍ ചെറിയ വിഷമം തോന്നി. സന്ദര്‍ഭത്തിന്റെ ഗൌരവം പറഞ്ഞു മനസ്സിലാക്കി ക്ഷമ ചോദിച്ചാല്‍ തിരിച്ചു കടിക്കുമോ എന്ന പേടിയുള്ളതു കൊണ്ട് മിണ്ടാതിരുന്നു.

ക്ലബിലേക്കുള്ള യാത്രയില്‍ ഞാന്‍ ഇനി കടക്കാനുള്ള കടമ്പകളുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു.  റൊസാരിയോയുടെ പെട്ടെന്നുള്ള ചോദ്യം ആ താളം തെറ്റിച്ചു.
"ഈ വരുന്ന സിംഹം ആണോ, പെണ്ണോ?"
"എനിക്കറിയില്ല. എന്തായാലും ഒരു സിംഹമല്ലേ?"
"ആയിരിക്കാം. പക്ഷെ, പുരുഷന്മാര്‍ക്ക് വേണ്ടത്‌ സ്ത്രീകള്‍ക്ക് മതിയാവുമോ? പ്രത്യേകിച്ച്  പൂള്‍ ഡിസൈന്‍..."
അതൊരു പുതിയ അറിവായിരുന്നു. 
"സ്ത്രീകളുടെ മൂത്രാശയപേശികള്‍ക്ക് തീരെ ബലമുണ്ടാവില്ല. വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ അവര്‍ അറിയാതെ മൂത്രമൊഴിച്ചു പോവും. അത് കൊണ്ട് സ്ത്രീകളുടെ പൂളുകളില്‍ സര്‍കുലേഷന്‍ പമ്പുകളുടെ ഫ്ലോ റേറ്റ് കൂടുതല്‍ കണക്കാക്കും. ഡോസിങ്ങും കൂടുതല്‍ വേണം. സിംഹത്തിന്റെതും അങ്ങനെ തന്നെ ആവാനാണ് സാധ്യത."

എനിക്ക് തൃപ്തിയായി. ഈ സമയത്ത് ഇതിനേക്കാള്‍ നല്ല ഒരാളെ കിട്ടില്ല.

ഞങ്ങള്‍ ക്ലബ്ബില്‍ എത്തിയപ്പോഴേക്കും സന്ധ്യ ആയിരുന്നു. ഞാന്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു പുറത്തിറങ്ങിയിട്ടും  റൊസാരിയോ അനങ്ങുന്നില്ല. സ്തബ്ധനായി കാറില്‍ തന്നെ ഇരിക്കുകയാണ്.അപ്പോഴേക്കും ഞങ്ങളുടെ ഫോര്‍മാന്‍ പീറ്റര്‍ ഓടി വന്നു.

"ഇറങ്ങിക്കോളൂ സാറേ, അതൊന്നും ചെയ്യില്ല. കെട്ടിയിട്ടിയിരിക്കുകയാണ്"

അപ്പോഴാണ്‌ ഞാനും ശ്രദ്ധിച്ചത്. അവിടെ ഒരു ലൈറ്റ് പോളില്‍ ഒരു സിംഹത്തിനെ കെട്ടിയിട്ടിരിക്കുന്നു. വെള്ളയല്ല. ഒരു വലിയ തവിട്ടു സിംഹം. പീറ്റര്‍ എന്നെ നോക്കി ചിരിച്ചു.

"ഇതിനെ ഇവിടെ കൊണ്ട് വന്നു കെട്ടിയിട്ടു അര മണിക്കൂര്‍ ആയി. കൂട് ടെസ്റ്റ്‌ ചെയ്യാനാണത്രേ. സിംഹങ്ങളുടെ ടെയിസ്റ്റ് വ്യത്യാസമുണ്ടെങ്കിലോ?" 

ആ പറഞ്ഞതിനോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. ആര്‍ക്കിടെക്ട്ടുകള്‍ക്ക് നിരൂപകന്മാരെ പോലെ മറ്റുള്ളവരുടെ ടെയിസ്റ്റ് നിശ്ചയിക്കാനുള്ള അവകാശമുണ്ട്‌..'.

സിംഹമായത് കൊണ്ട് ഒരുകാര്യം  ഒളികണ്ണിട്ടു നോക്കാതെ തന്നെ മനസ്സിലാവും. വെള്ളസിംഹത്തിന്റെ ഡ്യൂപ്പ് പുരുഷകേസരി തന്നെ. ശാന്തഗംഭീരമായ പ്രൌഡലക്ഷണങ്ങള്‍ മൃഗരാജന്റെതോ, മുനിവര്യന്റെതോ? സിംഹങ്ങള്‍ക്ക് പേരിടാന്‍ ഒരവസരം കിട്ടിയെങ്കില്‍ ഞാനിവനെ സ്നാപകയോഹന്നാന്‍ എന്നു വിളിച്ചേനേ. 

റൊസാരിയോയുടെ മുഖത്ത് ചോരയില്ല. ആദ്യത്തെ അനുഭവമാകും. ഏതായാലും വിനയന്‍ അത്യാവശ്യം പണി  ചെയ്തിരിക്കുന്നു. മൂന്നു വശങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തിലും, ഒരു വശത്ത് മുഴുവന്‍ ഭിത്തിയും ഉയര്‍ന്നു കഴിഞ്ഞു. നമുക്ക് അതിനകത്ത് നിന്ന് സംസാരിക്കാമെന്ന് നിര്‍ദ്ദേശിച്ചത്  റൊസാരിയോയാണ്.

അകത്തു തറയില്‍ ഇരുമ്പ് കമ്പികള്‍ കൊണ്ട് വല നെയ്തു വച്ചിരിക്കുന്നു. മുഴുവന്‍ ഭിത്തിയില്‍ പ്രൈമര്‍ അടിച്ചു തുടങ്ങി.   തറയില്‍ ഒഴിക്കാനുള്ള റെഡിമിക്സ്‌ പുറപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും വിനയന്റെ സംഘടനാപാടവം സമ്മതിക്കണം.

കാടിന്റെ ചിത്രം ഭിത്തിയില്‍ വരയ്ക്കാന്‍ വന്നവര്‍ ഒന്ന് രണ്ടു മോഡലുകള്‍ കാന്‍വാസില്‍  വരച്ചു പരിശീലിക്കുന്നു. കാട് വരച്ചാല്‍ കാട് പോലെ തന്നെയിരിക്കണം. അടിക്കുറിപ്പ് എഴുതി രക്ഷപ്പെടാനൊന്നും പറ്റില്ല. സിംഹങ്ങളും താടിയും, മുടിയും, വലിയ നാറ്റവുമൊക്കെയുള്ള ജീവികള്‍ തന്നെ. പക്ഷെ അതുകൊണ്ട് മാത്രം അവര്‍ ബുദ്ധിജീവികള്‍ ആവുന്നില്ലല്ലോ?

കെട്ടി വച്ചിരിക്കുന്ന റീ ബാറില്‍ ചവുട്ടി നില്‍ക്കാന്‍ അത്ര എളുപ്പമല്ല. എങ്കിലും പുറത്തു കെട്ടിയിട്ടിരിക്കുന്ന സിംഹത്തില്‍ നിന്നും ഒരു രക്ഷ അത് തരുന്നുണ്ടെന്നു  റൊസാരിയോയ്ക്ക് തോന്നി. ഒരു മീറ്റര്‍ ഉയരമുള്ള ചുമരിന്റെ രക്ഷ.

അരമതിലിന്റെ അദൃശ്യരക്ഷ ഉറപ്പിച്ചു കഴിഞ്ഞപ്പോള്‍  റൊസാരിയോ ഉഷാറായി.
"നിങ്ങള്‍ എവിടെ നിന്നാണ് ഈ സിംഹത്തെ വാങ്ങിച്ചത്?"
"സൌത്ത് ആഫ്രിക്കയില്‍ നിന്നാണെന്നു പറയുന്നു. കൃത്യമായി അറിയില്ല"
"അവിടെ നിന്നും ചില റിപ്പോര്‍ട്ടുകള്‍ അടിയന്തിരമായി സംഘടിപ്പിക്കണം. ഇപ്പോള്‍ അവിടെ സമയം എത്രയായി?"
"എന്താണ് വേണ്ടതെന്നു പറയൂ. മിക്കവാറും റിപ്പോര്‍ട്ടുകള്‍ ഓഫീസില്‍ കാണും"
"സിംഹം നിലത്തു കിടക്കുന്ന ജീവിയല്ലേ? അങ്ങനെ ശരീരത്തില്‍ പറ്റുന്ന അഴുക്കുകള്‍ ശുദ്ധീകരിക്കാന്‍ നമ്മുടെ ഫില്‍റ്ററിനു പറ്റും."
"കാര്യത്തിലേക്ക് വരൂ.."
"സിംഹത്തിന്റെ മലം പരിശോധിച്ച റിപ്പോര്‍ട്ട്‌ വേണം"
"മലം പരിശോധിച്ച റിപ്പോര്‍ട്ടോ? അതെന്തിനാണ്?"
"എന്തിനാണെന്നോ? നിങ്ങള്ക്ക് സിംഹവിസര്‍ജ്ജ്യതിന്റെ സ്പെസിഫിക് ഗ്രാവിറ്റി എത്രയാണെന്ന് അറിയുമോ? പോട്ടെ, സിംഹം മലവിസര്‍ജ്ജനം  നടത്തിയാല്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ, താഴ്ന്നു പോവുമോ ?"

കച്ചവടക്കാരന്‍ പലപ്പോഴും പത്രക്കാരെ പോലെയാണ്. ഏതു വിഷയത്തിലും അസാമാന്യപ്രാവിണ്യം നേടാന്‍ നിമിഷങ്ങള്‍ മാത്രം മതി. കുനിഞ്ഞ തല ഉയരും മുന്‍പ് അടുത്ത ചോദ്യം വന്നു.
"സിംഹക്കാട്ടം എത്ര സമയം കൊണ്ട് വെള്ളത്തില്‍ ലയിക്കും? സിംഹം ഒരു പ്രാവശ്യം അപ്പിയിട്ടാല്‍ ഒന്‍പതു കുബിക് മീറ്റര്‍ വെള്ളത്തില്‍ ഉണ്ടാക്കുന്ന ടി ഡി എസ് എത്ര?"

പുറത്തു കെട്ടിയിട്ടിരിക്കുന്ന സിംഹം എത്ര ഭേദം? ഇയാള്‍ ഇറച്ചി വേവിച്ചല്ലേ കഴിക്കുന്നത്?
"ഇതൊന്നും അറിയാതെയാണോ ഫില്‍റ്റര്‍ വാങ്ങാന്‍ വരുന്നത്? കുട്ടിക്കളിയാണെന്ന് വിചാരിച്ചോ? നോക്കൂ, മുപ്പതു വര്‍ഷമായി ഞാനീ ജോലി ചെയ്യുന്നു. കൃത്യമായ ഡാറ്റ ഇല്ലാതെ ഒന്നും നടക്കില്ല. പെട്ടെന്ന് മലം പരിശോധിച്ച റിപ്പോര്‍ട്ട്‌ സംഘടിപ്പിക്കൂ. തല്‍ക്കാലം എന്നെ വീട്ടില്‍ കൊണ്ടുപോയി വിടൂ."

ആവശ്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഇതിനപ്പുറവും സഹിക്കും. പക്ഷെ എല്ലാവരും അങ്ങനെയാണോ? പുറത്തു ഭയങ്കരമായ ശബ്ദം. ആളുകള്‍ ചിതറിയോടുന്നു. സിംഹം കയര്‍ പൊട്ടിച്ചതാണ്. 

ഉച്ചത്തില്‍ അമറിക്കൊണ്ട് സിംഹം തലങ്ങും വിലങ്ങും ഓടുന്നു. ഓടുമ്പോള്‍ ഭൂമി കുലുങ്ങുന്നത് പോലെ. അല്പം മുന്‍പ് നിരുപദ്രവകാരിയെന്നു തോന്നിച്ച ശാന്തസ്വരൂപനാണോ ഇത്? നിമിഷനേരം കൊണ്ട് അവിടെ കൂടി നിന്നിരുന്ന ആരെയും കാണാതായി. ഒരു മീറ്റര്‍ പൊക്കമുള്ള മതില്‍ക്കെട്ടിനുള്ളില്‍ ഞാനും റൊസാരിയോയും മാത്രം. ഇറങ്ങിയോടിയാല്‍ അപകടമായിരിക്കും. അനങ്ങാന്‍ പോലും തോന്നിയില്ല എന്നതാണ് സത്യം.  റൊസാരിയോ എന്റെ കൈയ്യില്‍ ഇറുക്കി പിടിച്ചിരിക്കുന്നു.

കുറച്ചു നേരം ഓടിയ ശേഷം കിതച്ചു കൊണ്ട് നടക്കാന്‍ തുടങ്ങി. മുന്നില്‍ കാണുന്നതൊക്കെ തട്ടിത്തെറിപ്പിച്ചു. പിന്നെ കലിയടങ്ങാത്ത പോലെ ഒരു മരത്തിന്റെ തൊലി അള്ളിപ്പൊളിക്കാന്‍ തുടങ്ങി.

"യാ ള്ളാ ...ഹമാര്‍..!(നിൽക്കെടാ  അവിടെ. കഴുതേ...)": അല്പം മുന്‍പ് കേട്ട സിംഹഗര്‍ജ്ജനത്തെ വെറും നിസ്സാരമാക്കുന്ന ഒരലര്‍ച്ച. ക്ലബ്ബിന്റെ അകത്തു നിന്നും ഇളയ രാജകുമാരന്‍ ഇറങ്ങി വരുന്നു. കൈയ്യില്‍ തോക്ക്. 

രാജകുമാരന്‍ അറബിയില്‍ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറഞ്ഞു. സിംഹം തിരിഞ്ഞോടി.  പ്രിൻസ് കൂടുതല്‍ ഉച്ചത്തില്‍ അലറി. യോഹന്നാന്‍ ഒന്നു നിന്ന ശേഷം അനുസരണയോടെ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. പൂച്ച പതുങ്ങുന്നത് പോലെ മുന്‍കാലുകള്‍ മുന്നോട്ടു നീട്ടി നിലത്തു പതുങ്ങി. ഒന്നും സംഭവിക്കാത്ത പോലെ അദ്ദേഹം അവനെ കൊണ്ടുപോയി കെട്ടിയിട്ടു.

മാളങ്ങളില്‍ ഒളിച്ചവര്‍ പുറത്തേയ്ക്ക് വരാന്‍ തുടങ്ങി. എല്ലാവരും കൂടി ഓടിയാര്‍ത്തു ഞങ്ങളുടെ അടുത്തേക്കാണ് വരുന്നത്. പീറ്റര്‍ എന്റെ മുന്നില്‍ വന്നു കണ്ണിമ വെട്ടാതെ നോക്കി. ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്നവനെ കാണുന്നതു പോലെ. മരണത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന തോന്നല്‍ അപ്പോള്‍ മാത്രമാണുണ്ടായത്. റൊസാരിയോയ്ക്ക് ജീവനുണ്ടോ? തിരിഞ്ഞു നോക്കിയപ്പോൾ എല്ലാവരേയും അതിശയിപ്പിച്ചു കൊണ്ട് റൊസാരിയോ ഒരു പ്രഖ്യാപനം നടത്തുകയായിരുന്നു.

"നാളെ രാവിലെ വെയര്‍ഹൌസിലേക്ക് വണ്ടി വിട്ടാല്‍ ഫില്‍ട്ടരും, പമ്പുകളും, ഡോസിംഗ് സിസ്റ്റവും തന്നു വിടാം. കണ്ട്രോള്‍ പാനല്‍ വൈകുന്നേരത്തോടെ ശരിയാവും. പൈപ്പുകള്‍ ഘടിപ്പിച്ചു സ്വിമ്മിംഗ് പൂളില്‍ വെള്ളം നിറച്ച ശേഷം വിളിച്ചാല്‍ മതി. ഞങ്ങളുടെ ടെക്നിഷ്യന്‍മാര്‍ വന്നു ടെസ്റ്റ്‌ ചെയ്തു ഫില്‍റ്ററില്‍ മീഡിയ നിറയ്ക്കും. നാളെ രാത്രിയോടെ പൂള്‍ വര്‍ക്ക്‌ ചെയ്തു തുടങ്ങും"

''അപ്പോള്‍ മലം?"

അത് ശ്രദ്ധിക്കാതെ  റൊസാരിയോ നേരെ കാറിനടുത്തേക്ക് നടന്നു. വണ്ടിയോടിക്കുമ്പോള്‍ ഞാന്‍ ഒരു അടിപൊളിപ്പാട്ട് കേള്‍ക്കാനുള്ള മൂഡിലായിരുന്നു. എനിക്കിപ്പോഴും സംഭവിച്ചത് എന്തെല്ലാമാണെന്ന് ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.  റൊസാരിയോ ഒരക്ഷരം സംസാരിക്കുന്നുമില്ല. എന്റെ ഇടതു കൈത്തണ്ടയ്ക്കു നല്ല വേദനയുണ്ട്. നോക്കിയപ്പോള്‍, വളയിട്ട പോലെ നാല് വരകള്‍ ചുവന്നു തണര്‍ത്തു കിടക്കുന്നു. 

ഈ മെലിഞ്ഞ മനുഷ്യന്റെ ഉണക്ക വിരലുകള്‍ക്ക് ഇത്ര കരുത്തോ?

26 Feb 2012

ജിന്നുകളുടെ ഉസ്താദ്‌

ബാവക്കുട്ടിയെപ്പറ്റി പറയുമ്പോള്‍ ബാലമാസികകളില്‍ കാണുന്ന ദേശാടനപക്ഷികളുടെ രേഖാചിത്രങ്ങളാണ് ഓർമ്മ വരിക. ഉയരം കുറഞ്ഞ്മെലിഞ്ഞു നെഞ്ചുന്തിയ ശരീരപ്രകൃതി കൊണ്ടും, കൈകള്‍ വിടര്‍ത്തി എന്നാല്‍ വലുതായി വീശാതെയുള്ള നടത്തത്തിന്‍റെ പ്രത്യേകത കൊണ്ടും തോന്നുന്ന വെറും സാദൃശ്യം മാത്രമായിരുന്നില്ല അത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ബാവക്കുട്ടി ഒരു ദേശാടനക്കിളി തന്നെയായിരുന്നു.

തോളിലൊരു എയർബാഗുമായി ഹോസ്റ്റൽ വരാന്തയിലെവിടെയെങ്കിലും പെട്ടെന്നൊരു ദിവസം ബാവക്കുട്ടി  പ്രത്യക്ഷപ്പെടുമ്പോഴാണ്‌ പരീക്ഷാസീസണ്‍ അടുത്തെത്തിക്കഴിഞ്ഞു എന്ന സത്യം ഞങ്ങൾ മനസ്സിലാക്കുന്നത്. ഓരോ സെമെസ്റ്റര്‍ അവസാനിക്കുമ്പോഴും അത്ര കണിശമായ കൃത്യതയോടെയായിരുന്നു ബാവക്കുട്ടിയുടെ വരവ്. സത്യത്തില്‍ ബാവക്കുട്ടി ഞങ്ങളെക്കാള്‍ എത്ര കൊല്ലം സീനിയറാണെന്നോ, ബാക്ക് പേപ്പറുകള്‍ എത്രയുണ്ടെന്നോ ആരും അന്വേഷിച്ചില്ല. സുഹൃത്തെന്നു പറയാന്‍ പ്രത്യേകിച്ചാരെങ്കിലും ചങ്ങാതിക്ക് ആ ഹോസ്റ്റലിലുണ്ടായിരുന്നുമില്ല. എങ്കിലും ബാവക്കുട്ടിക്ക് ഒരിടമില്ലാത്ത മുറികള്‍ അവിടെ കുറവായിരുന്നു. കുട്ടികളുടെതിനേക്കാൾ നിഷ്കളങ്കമായ ചിരിയേയും, കലര്‍പ്പില്ലാത്ത സ്നേഹത്തെയും ആര്‍ക്കാണ് വേണ്ടെന്നു പറയാനാവുക!

ബാവക്കുട്ടി ഹോസ്റ്റല്‍ ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്നു എന്നതിനേക്കാള്‍, ഹോസ്റ്റല്‍ ബാവക്കുട്ടിയെക്കൊണ്ട് നിറഞ്ഞു എന്നുപറയുന്നതായിരിക്കും കൂടുതല്‍ ശരി. പച്ചവെള്ളം നിറച്ച ഗ്ലാസ്സില്‍ ഒരു തുള്ളി ചോര അലിയുംപോലെ ഊഷ്മളമായിരുന്നു ആ ലയനം. വിസ്മയാവഹമായ ഏതോ കുഴല്‍വിളി കേട്ടിട്ടെന്ന പോലെ താരതമ്യേന ജൂനിയറായ കൂട്ടുകാര്‍ പോലും അയാളുടെ പുറകേ കൂടി. എങ്കിലും മറ്റുള്ളവരേക്കാള്‍ കുറച്ചുകൂടി ദൃഡമായ ആത്മബന്ധം ഞാനും ബാവക്കുട്ടിയും തമ്മിലുണ്ടായിരുന്നുവെന്ന് ഞാന്‍ കരുതിയിരുന്നു. ഇതുപോലെ കരുതിയിരുന്ന മറ്റു ചിലരെക്കൂടി എനിക്കറിയാം.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ആ വാര്‍ത്ത പരക്കുന്നത് - "ബാവക്കുട്ടി മറ്റുള്ളവരുടെ മനസ്സ് വായിക്കുന്നു."

അതെ. നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും മനസ്സില്‍ വിചാരിക്കാം. അതെന്തു തന്നെയായാലും ബാവക്കുട്ടി വെളിപ്പെടുത്തും. പക്ഷേ വിചാരിക്കുന്നത് തെളിമയോടെയായിരിക്കണം. അവനവനു പോലും മനസ്സിലാവാത്ത കുഴഞ്ഞുമറിഞ്ഞ ചിന്തകള്‍ കൊണ്ടുനടക്കുന്ന ഭീകരന്മാര്‍ വരണമെന്നില്ല.

അന്നേ ദിവസം തന്നെ ബാവക്കുട്ടി അഞ്ചുപേരുടെ മനസ്സ് വായിച്ചു. അഞ്ചും കിറുകൃത്യം. സ്വാഭാവീകമായും ഒരു ഒത്തുകളി മണത്തതുകൊണ്ടാണ് മനസ്സറിയിച്ച അഞ്ചുപേരെക്കുറിച്ചും അന്വേഷിച്ചത്. ഷിറാസും അതിലുണ്ടായിരുന്നു എന്നറിഞ്ഞപ്പോള്‍ അതിശയം തോന്നി. ബാവക്കുട്ടി നടത്തുന്ന കറക്കുകമ്പനിയില്‍ നിന്നുകൊടുക്കാന്‍ അവനെ കിട്ടാനിടയില്ല.

“ഡേയ്, ആളെപ്പറ്റിക്കുന്ന ഈ ഇടപാടില്‍ നിനക്കെന്തു കിട്ടും?” ഞാന്‍ ഷിറാസിനോട് ചോദിച്ചു.

മിണ്ടാതെ സ്ഥലം വിട്ടോ. ഇവിടെ ഒരുത്തന്‍റെ തല കറങ്ങുന്നു. അപ്പോഴാണ്‌ അവന്‍റെയൊരു ക്വൊസ്റ്റ്യന്‍ ചെയ്യല്‍...”

എന്തായാലും ഇത്രയും ഭംഗിയായി അഭിനയിക്കാനൊന്നും ഷിറാസിന് കഴിയില്ല. എന്തോ കുഴപ്പമുണ്ട്.

“തലകറക്കമൊക്കെ അവിടെ നിക്കട്ടെ. നീയെന്താണ് മനസ്സില്‍ വിചാരിച്ചത്?”

“അതുപിന്നെ..” ഷിറാസ് ലജ്ജിച്ചു. “ലവളെയും കൊണ്ട്...സിനിമ...”

“മിണ്ടിപ്പോവരുത്! ഈ ഹോസ്റ്റലിലെ ഏതു കുഞ്ഞും നിന്‍റെ മനസ്സിലിരിപ്പ് ഇതാണെന്ന് പറയും. ഒരു ബാവക്കുട്ടി വന്നിരിക്കുന്നു.”

അന്വേഷിച്ചപ്പോള്‍ എല്ലാവരുടെയും സ്ഥിതി ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ. ഞാന്‍ വിഷയം വിട്ടു. എങ്കിലും ഈ ടെലെപതി മാഹാത്മ്യം പറഞ്ഞു നടക്കുന്നവരെ കിട്ടുന്നിടത്ത് കളിയാക്കാന്‍ ഒരു മടിയും തോന്നിയതുമില്ല.

അന്നു രാത്രി ഞാന്‍ ഒരു സുഹൃത്തിന്‍റെ എഴുത്ത് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവന്‍റെ കത്തുകള്‍ എപ്പോഴും അങ്ങനെയാണ്. എത്ര വായിച്ചാലും മതി വരില്ല. എഴുത്തിന്റെ ഒടുവില്‍ കവിത പോലെ എന്തോ കുറിച്ചിട്ടിരിക്കുന്നു.

"രക്തസേചിതമായ പ്രണയവൃക്ഷമേ..."

ആരാധനയോടും അല്പം അസൂയയോടും കൂടി ആ വരികള്‍ വീണ്ടും വീണ്ടും വായിക്കുമ്പോള്‍, ബാവക്കുട്ടി കയറി വന്നു. മുഖം ചുവന്നു തുടുത്തിട്ടുണ്ട്. നല്ല ദ്വേഷ്യത്തിലാണെന്ന് കണ്ടാലറിയാം.

“സര്‍വ്വജ്ഞാനി എന്ന് സ്വയം വിശ്വസിക്കുന്നവരെക്കാള്‍ പമ്പരവിഡ്ഢികള്‍ ലോകത്ത് വേറെ കാണില്ല. നീ അക്കൂട്ടത്തില്‍പ്പെട്ട ഒരാളാണ്.”

മുഖവുരയില്ലാതെ ബാവക്കുട്ടി വിഷയത്തിലേക്ക് പ്രവേശിച്ചു.

“ക്ലാസ്സില്‍ പഠിപ്പിക്കുന്ന ഒരു കണക്ക് നിനക്ക് മനസ്സിലായില്ലെങ്കില്‍ അത് ഗണിതശാസ്ത്രത്തിന്‍റെ തകരാറാണോ? നിന്‍റെ ചെറിയ ബുദ്ധിക്ക് ആ കണക്ക് മനസ്സിലാക്കാനുള്ള പ്രാപ്തിയില്ല എന്നുമാത്രമാണ് അതിനര്‍ത്ഥം.”

അതൊരു യുക്തിസഹമായ വാദം തന്നെയാണെന്ന് എനിക്ക് തോന്നി. എങ്കിലും ചോദിച്ചു.

“ബാവക്കുട്ടിയുടെ മനസ്സുവായന ഏതു ശാസ്ത്രശാഖയില്‍ പെട്ടതാണ്?”

“പരിഹാസം മാത്രം ശീലിച്ചവരോട് വാദിച്ചു ജയിക്കാന്‍ എനിക്ക് താല്പര്യമില്ല. പക്ഷേ, എനിക്കു വേണമെങ്കില്‍ നിന്‍റെ മനസ്സും വായിക്കാനാവും. എന്താ, കാണണോ?”

"തീര്‍ച്ചയായും കാണേണ്ടിവരും"

“കണ്ടു കളയാം. പക്ഷെ എനിക്ക് നിന്നെ ഭയങ്കരവിശ്വാസമാണ് എന്നറിയാമല്ലോ? ഇനിയിപ്പോ ഞാന്‍ ശരിയായി പറഞ്ഞാലും നീ സമ്മതിച്ചു തരില്ല. അതുകൊണ്ട് മനസ്സില്‍ വിചാരിക്കുന്ന ഏര്‍പ്പാട് വേണ്ട. എഴുതിവെക്കണം."

അതാണു നല്ലത്. ഈ തല്ലിപ്പൊളി നാടകം ഇവിടെ അവസാനിക്കാന്‍ ഒരു തെളിവിരിക്കട്ടെ. പുസ്തകത്തില്‍ നിന്നും പേജ് കീറി മേശപ്പുറത്തു വെച്ചു. താഴത്തെ പേജുകളില്‍ ഒന്നും പതിയുന്നില്ലെന്ന് ഉറപ്പു വരുത്തണമല്ലോ. ജയിക്കുമെന്ന് ഉറപ്പുള്ള ഒരു കളി തുടങ്ങും പോലെ എഴുതിത്തുടങ്ങി.

"രക്തസേചിതമായ പ്രണയവൃക്ഷമേ..."

ശരിക്കും ഓര്‍മയില്ല. കിട്ടാത്ത ഭാഗങ്ങള്‍ അതെഴുതിയ സുഹൃത്തിനോട് മനസ്സില്‍ ക്ഷമ ചോദിച്ച് സ്വയം പൂരിപ്പിച്ചു. പത്തു വരിയോളം എഴുതി. ഇത്രയും മതി.

"കഴിഞ്ഞു"

“ഇനി അതു മടക്കി നിന്‍റെ തന്നെ പോക്കെറ്റില്‍ ഇട്ടോളൂ. എന്നിട്ട് കണ്ണടച്ച് വെളുത്ത്‌ ചതുരാകൃതിയിലുള്ള ഒരു സ്ക്രീന്‍ മനസ്സില്‍ വിചാരിക്കുക."

ബാവക്കുട്ടി കട്ടിലിലാണ് ഇരിക്കുന്നത്. ഞാന്‍ മേശയോട്‌ ചേര്‍ന്ന കസേരയിലും...നാല് മീറ്ററോളം ദൂരമുണ്ട്. കണ്ണടച്ചാലും കുഴപ്പമില്ല. ബാവക്കുട്ടി എഴുന്നേറ്റാല്‍ കട്ടില്‍ കരയുന്ന ശബ്ദം കൊണ്ടറിയും.

"വെളുത്ത്‌ ചതുരാകൃതിയിലുള്ള ഒരു സ്ക്രീന്‍...! വിചാരിച്ചോ?"

"വിചാരിച്ചു"

"ഇനി വെളുത്ത സ്ക്രീനില്‍ ഒരു കറുത്ത ഒന്ന് വിചാരിക്കൂ"

"ശരി"

“ഒന്ന് കഴിഞ്ഞാല്‍ രണ്ട്...പിന്നെ മൂന്ന്...എന്നിങ്ങനെ ക്രമത്തില്‍ വിചാരിക്കണം. ഞാന്‍ നിര്‍ത്താന്‍ പറയുന്നതുവരെ. ഇരുപതെത്തുന്നതിനു മുമ്പ് നിര്‍ത്താന്‍ പറഞ്ഞില്ലെങ്കില്‍ ഞാന്‍ തോറ്റുപോയി എന്നാണര്‍ത്ഥം."

"സമ്മതിച്ചു"

ഒന്ന്...രണ്ട്...മൂന്ന്...പതിമ്മൂന്നെത്തിയപ്പോള്‍ ബാവക്കുട്ടി നിര്‍ത്താന്‍ പറഞ്ഞു.

“പതിമ്മൂന്നല്ലേ?"

"അതെ"

“ഇനി നീ പോക്കെറ്റിലിട്ടിരിക്കുന്നതെടുത്ത് മനസ്സില്‍ വായിക്ക്. ശബ്ദം വേണ്ട"

ഞാന്‍ മനസ്സില്‍ വായിക്കാന്‍ തുടങ്ങി. ഭ്രാന്തു പിടിച്ചതുപോലെ ബാവക്കുട്ടി എഴുതാനും. എഴുതിത്തീര്‍ന്നപ്പോള്‍ പേപ്പര്‍ എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ ശേഷം വാതില്‍ വലിച്ചടച്ചു പുറത്തേക്കു പോയി.

ഞാന്‍ ആ പേപ്പറെടുത്ത് വായിച്ചു. എന്തൊരു എഴുത്താണിത്? ഏതു ലിപി? ചില അക്ഷരങ്ങള്‍ വളരെ വലുത്. ചിലത് കുറുകിയത്... കൈയ്യൊടിഞ്ഞതും, കാലൊടിഞ്ഞതുമായ അക്ഷരങ്ങള്‍ വേറെ. എഴുതിയെന്നതിനേക്കാള്‍ വരച്ചുവെച്ച മാതിരിയുണ്ട്. വായിക്കാന്‍ വല്ലാതെ കഷ്ടപ്പെടണം.

അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി ഞാന്‍ പതുക്കെ വായിച്ചു:

"രക്തസേചിതമായ പ്രണയവൃക്ഷമേ..."

വിശ്വസിക്കാന്‍ കഴിയുന്നില്ല. വാക്കുകള്‍ ഏതോ പ്രേതലോകത്തു നിന്ന് വന്നുവീണത്‌ പോലെ ആ പേപ്പറില്‍ ചിതറിക്കിടക്കുന്നു. അവ എന്നെ പരിഹസിച്ചു കൊണ്ട് ആര്‍ത്തട്ടഹസിക്കുന്ന പോലെയും, നൃത്തം വെയ്ക്കുന്ന പോലെയും തോന്നി.

യുക്തിബോധം വീണ്ടെടുക്കാന്‍ കുറച്ചു സമയമെടുത്തു. ഇനി ഞാനില്ലത്താപ്പോഴെങ്ങാന്‍ ബാവക്കുട്ടി ആ എഴുത്ത് വായിച്ചു കാണുമോ? ഇല്ല. ഞാന്‍ ഇതുതന്നെ എഴുതുമെന്ന് അയാളെങ്ങനെ അറിയാന്‍? ബാവക്കുട്ടി എഴുതിയതാവട്ടെ ഞാന്‍ വരുത്തിയ തെറ്റുകള്‍ പോലും വള്ളിയോ പുള്ളിയോ വിടാതെ.

ബാവക്കുട്ടിയുടെ മനസ്സുവായന ഷിറാസിന് സമ്മാനിച്ചത് വെറുമൊരു തലകറക്കം മാത്രമായിരുന്നു. എന്നാല്‍ എനിക്കോ? ജീവിതത്തില്‍ അതുവരെ പുലര്‍ത്തിപ്പോന്ന ജീവിതശൈലിയും മനോനിലയും ഒറ്റയടിക്ക് ആ ഷോക്ക്‌ ട്രീറ്റ്മെന്‍റ് തകിടം മറിച്ചു. സാമാന്യയുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ പോലും തള്ളിക്കളയാനുള്ള ധൈര്യം പിന്നീടൊരിക്കലുമുണ്ടായിട്ടില്ല. പിന്നീടൊരു കാര്യത്തിലും ഉറച്ചു വിശ്വസിച്ചിട്ടില്ല, ഉറച്ച് അവിശ്വസിച്ചിട്ടുമില്ല.

അപ്പോഴും ഒരു സംശയം മാത്രം ബാക്കി. പിറ്റേന്ന് എ-മിഡിലിലെ തിണ്ണയിലിരുന്ന്,  ഗ്രൗണ്ടില്‍ അടൂര്‍ സതീഷും സംഘവും ഹോക്കി കളിക്കുന്നതു കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഞാനത് ബാവക്കുട്ടിയോടു ചോദിക്കുകയും ചെയ്തു.

“അല്ല മാഷേ, ഇത്തരം കഴിവുകളുണ്ടായിട്ടും നിങ്ങളെന്തിനാണ് ആറാറു മാസം കൂടുമ്പോള്‍ പരീക്ഷയെഴുതാനെന്നും പറഞ്ഞ് ഇങ്ങോട്ട് കെട്ടിയെടുക്കുന്നത്? പരീക്ഷാഹാളില്‍ അടുത്തിരിക്കുന്ന ഏതെങ്കിലും തലേക്കല്ലന്‍റെ മനസ്സൊന്നു വായിച്ചാല്‍ പോരെ?”

“അതു നടക്കില്ല. ആരുടെ മനസ്സാണോ വായിക്കേണ്ടത് അയാളുടെ സഹായം കൂടാതെ ഈ പരിപാടി ലോകത്തിലാര്‍ക്കും കഴിയില്ല” ബാവക്കുട്ടി പറഞ്ഞു. “മറ്റുള്ളവരുടെ മനസ്സറിയാനുള്ള കഴിവ് എല്ലാ മനുഷ്യര്‍ക്കും ഉള്ളതാണ്. നിനക്ക് പോലുമുണ്ട്. നാമെല്ലാം നിത്യേന അറിഞ്ഞോ അറിയാതെയോ എത്രയോ പേരുടെ മനസ്സ് വായിക്കുന്നു! ഒന്നഭ്യസിച്ചാല്‍ ആര്‍ക്കും വികസിപ്പിക്കാവുന്ന ചെറിയൊരു ടെക്നിക് മാത്രമാണിത്"

അപ്പോഴേക്കും ബോള്‍ ഗ്രൌണ്ടിനപ്പുറത്തെ ചെരിവിലേക്ക് വീണുപോയിട്ടുണ്ടായിരുന്നു. കളിക്കാരില്‍ ചിലര്‍ പന്തന്വേഷിച്ചു താഴോട്ടിറങ്ങി. ബാവക്കുട്ടി എഴുന്നേറ്റു.

“എന്നു കരുതി ഞാനൊരു പോങ്ങനാണെന്നൊന്നും നീ വിചാരിക്കണ്ട. ബാക്കിയുള്ള പരീക്ഷകള്‍ ജയിക്കാനുള്ള കുതന്ത്രമൊക്കെ ഈ ബുദ്ധിയില്‍ എപ്പോഴേ വിരിഞ്ഞു കഴിഞ്ഞു."

ബാവക്കുട്ടിയുടെ ആത്മവിശ്വാസം കണ്ടപ്പോള്‍ എനിക്ക് ചിരിവന്നു. തുണ്ടുവെയ്പ്പിന് മറ്റൊരു സാങ്കേതികവിദ്യ കൂടി കണ്ടുപിടിക്കപ്പെട്ടിരിക്കാം എന്നുമാത്രമേ അപ്പോള്‍ തോന്നിയുള്ളൂ.

“അതേന്നേ. കുറച്ചു ചിലവുണ്ട്. തൃശ്ശൂരടുത്ത് ഒല്ലൂര്‍ എന്നൊരു സ്ഥലം അറിയുമോ? അവിടെ കുട്ടിച്ചാത്തനെ വാടകയ്ക്ക് കിട്ടും. ഒരെണ്ണത്തിനെ വാങ്ങിച്ച് യൂണിവേര്‍സിറ്റിയില്‍ കടത്തിവിട്ടാല്‍ മതി. ചോദ്യപേപ്പര്‍ അടിച്ചു കൊണ്ടിങ്ങു വരും” ബാക്കി അല്പം പതുക്കെയാണ് പറഞ്ഞത്. “തല്‍ക്കാലം വേറെയാരും അറിയണ്ട"

"ഞാനായിട്ട് പുറത്തു പറയില്ല” ഞാന്‍ ജാമ്യമെടുത്തു “ആരും മനസ്സ് വായിക്കാതിരുന്നാല്‍ മാത്രം മതി"

എങ്കിലും എന്‍റെ കണ്ണുകള്‍ അറിയാതെ മുറിയിലെ വാതിലിനു മുകളിലെ വെന്‍ടിലേറ്ററില്‍ ചെന്നുനിന്നു. ഹോസ്റ്റല്‍ മുറികളുടെ ട്രേഡ് മാര്‍ക്കാണ് മൂന്നു ഇരുമ്പഴികള്‍ വീതമുള്ള വെന്‍ടിലേറ്ററുകള്‍. എല്ലാത്തിന്റെയും അഴികള്‍ ഒരാള്‍ക്ക്‌ അകത്തു ചാടിക്കടക്കാന്‍ പാകത്തില്‍ വളച്ചുവെച്ചിട്ടുണ്ടാവും. ഇത്രയും  പഴക്കമുള്ള ഹോസ്റ്റലിലെ ഈ അഴികള്‍ ആരാണ് വളച്ചുവെച്ചതെന്നോ, എന്തിനാണതു ചെയ്തതെന്നോ ചോദിക്കരുത്. അടച്ചു തഴുതിട്ട വാതിലിനു മുകളിലൂടെ വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയ സഞ്ചാരം മാത്രം മിക്കവാറും മുറികളില്‍ ഇപ്പോഴും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

യൂണിവേര്‍സിറ്റിയില്‍ ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാവുമോ? എന്തൊക്കെയാണ് ഈ ചങ്ങാതി ഇനി ഒപ്പിക്കാനിരിക്കുന്നത്?

പരീക്ഷകള്‍ തുടങ്ങി. പല വര്‍ഷങ്ങളിലുംബ്രാഞ്ചുകളിലും ഉള്ളവര്‍ക്ക് പല സമയത്താണ് പരീക്ഷകള്‍. പഠനമെന്നത് ഒരു സീസണല്‍ ഏര്‍പ്പാടായതുകൊണ്ട് ഓടിയെത്തിക്കാന്‍ ഇത്തിരി പണിയാണ്. മിക്കവാറും പരീക്ഷാത്തലേന്ന് ഉറങ്ങാന്‍ കഴിയാറില്ല. ഇത്തവണ കുറച്ചു വ്യത്യാസമുണ്ട്. വെളുപ്പിന് നാലു മണിയായിരിക്കുന്നു. ഏതാണ്ടൊക്കെ പഠിച്ചുതീര്‍ന്നു. നാലരയ്ക്ക് ചെറുതായൊന്നു കണ്ണുവലിക്കണം. ആറരയ്ക്ക് തട്ടിവിളിക്കണമെന്ന് സൂരജിനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഏല്‍പ്പിച്ചില്ലെങ്കിലും എന്റെ ഉറക്കം അറിയാവുന്നതുകൊണ്ട് അവനതുചെയ്യും.

"ടക്...ടക്...ടക്..."

വാതിലില്‍ ആരോ ശക്തിയായി തട്ടുന്നു. മുട്ടുന്നതല്ല. ചവുട്ടിപ്പൊളിക്കുന്ന പോലെ. സൂരജ് ഇത്ര നേരത്തെയോഅവനൊരിക്കലും ഇങ്ങനെ തട്ടില്ല. ഒറ്റയടിക്ക് ഉറക്കെ വിളിക്കുക പോലുമില്ല.

ഞാന്‍ എഴുന്നേറ്റുചെന്ന് വാതില്‍ തുറന്നു  ബാവക്കുട്ടി!

പിടിച്ചില്ലെങ്കില്‍ വീണുപോകുമെന്ന പ്രതീതി. മുഖത്ത് ഒരു തുള്ളി ചോരയില്ല. ഇട്ടിരിക്കുന്ന ഷര്‍ട്ട്‌ വിയര്‍ത്തൊട്ടിയിരിക്കുന്നു. ഷര്‍ട്ട്‌ മാത്രമല്ലഉടുത്തിരിക്കുന്ന ലുങ്കിയും... എന്തിന്തലമുടി വരെ.

ഞാന്‍ താങ്ങിപ്പിടിച്ചുകൊണ്ടുവന്ന് കട്ടിലില്‍ ഇരുത്തി. ഒരു ഗ്ലാസ്‌ വെള്ളം കൊടുത്തപ്പോഴേക്കും കിടക്കയിലേക്ക് മറിഞ്ഞുവീണ് ഉറക്കം തുടങ്ങി.

അപ്പോള്‍ എന്‍റെ ഉറക്കം കസേരയില്‍ തന്നെ. ബാവക്കുട്ടിക്ക് എന്തുപറ്റിആകെ പേടിച്ചിരിക്കുന്നു. ആരോ ഇട്ടോടിച്ച മട്ടുണ്ട്. എനിക്ക് പെട്ടെന്ന് കുട്ടിച്ചാത്തനെ ഓര്‍മ വന്നു. ഇന്നുരാത്രി തന്നെ പോലീസ് അന്വേഷിച്ചെത്തുമോ?

ഏതായാലും ഞാന്‍ കസേരയിലിരുന്ന് ഒന്നുറങ്ങി. അത്ര സുഖമുള്ള ഉറക്കമൊന്നും ആയിരുന്നില്ല അത്. ബാവക്കുട്ടി നിര്‍ത്താതെ പിച്ചും പേയും പറയുന്നു. നേരമൊന്ന്‍ വെട്ടം വെച്ചപ്പോള്‍, ബക്കറ്റുംതോര്‍ത്തും, ബീഡിപ്പൊതിയും മറ്റുമെടുത്ത് പുറത്തേക്കിറങ്ങുന്നതിനുമുമ്പ് ബാവക്കുട്ടിയെ കുലുക്കിവിളിച്ച് ഞാന്‍ വിവരം ചോദിച്ചു.

"എടാ അതുപിന്നെ, നമ്മുടെ അലിയുടെ റൂമില്ലേ....ഞാന്‍ നോക്കിയപ്പോള്‍, അതില്‍ നിന്നും അലിയുടെ പാന്റും ഷര്‍ട്ടുമിട്ട് ഒരു ജിന്ന് ഇറങ്ങിപ്പോവുന്നു” ബാവക്കുട്ടി തിരിഞ്ഞു കിടന്ന് ഉടുമുണ്ട് തലവഴി പുതച്ചു. “അപ്പൊ ശരി. നിന്ന് നാറ്റമടിപ്പിക്കാതെ പോയി പല്ലുതേക്കാന്‍ നോക്കെടാ..."

എനിക്ക് ശരിക്കും ദ്വേഷ്യം വന്നു. എന്‍റെ വിലപ്പെട്ട ഉറക്കം ഈ അരക്കിറുക്കന്‍ കാരണം...

ഹോസ്റ്റലിലെ കുളിമുറികളിലുംകക്കൂസുകളിലും വെള്ളം വരാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് കുളിയും പല്ലുതേപ്പുമൊക്കെ പുറത്തെ ഒരു വാട്ടര്‍ ടാങ്കിനു ചുറ്റുമാണ്. ആണുങ്ങളുടെ കുളിസീന്‍ വിവരിക്കുന്നത് അരോചകമായത് കൊണ്ട് ഒരു കാര്യം മാത്രം പറയാം. അലത്തറയിലേക്കും തിരിച്ചും പോയിരുന്ന സിറ്റി ബസുകളുടെ ജനല്‍ഷട്ടറുകള്‍ ഹോസ്റ്റലിനടുത്തെത്തുമ്പോള്‍ താഴ്ത്തിയിടാറാണ് പതിവ്.

ഞാന്‍ കുളിക്കാനെത്തിയപ്പോള്‍ത്തന്നെ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ഹോസ്റ്റല്‍ ദിവസങ്ങളെ ഇത്ര ഉന്മേഷഭരിതമാക്കുന്നത് പുലര്‍ച്ചെയുള്ള ഈ കുളിയാണ്. തണുത്ത വെള്ളവും തമാശകളും പൊട്ടിച്ചിരികളും ചെറിയ പാരവെപ്പുകളുമൊക്കെച്ചേര്‍ന്ന്, ഈ വാട്ടര്‍ടാങ്കിനടുത്തു നിന്നാണ് സംഭവബഹുലമായ ഓരോ ദിവസവും ആരംഭിക്കുന്നത്. എന്നാല്‍ ഇന്നത്തെ ഉത്സാഹത്തിന് ഒരു പ്രത്യേകകാരണം കൂടിയുണ്ട്. മിക്കവര്‍ക്കും ഇന്നത്തേത് കഴിഞ്ഞാല്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് അടുത്ത പരീക്ഷ. അപൂര്‍വ്വം ചിലര്‍ക്ക് നാളെയുമുണ്ട്. നാളെ വൈകുന്നേരം ശൂദ്രന്മാരുമായി ഫുട്ബോള്‍ മാച്ച്. വടക്കേ ഇന്ത്യയില്‍ നിന്നും സര്‍ക്കാര്‍ സ്കോളര്‍ഷിപ്പില്‍ പഠിക്കാന്‍ വരുന്ന ഇവരില്‍ മിക്കവരും സമ്പന്നരും, ഉദ്യോഗസ്ഥ രാഷ്ട്രീയതലങ്ങളില്‍ നല്ല സ്വാധീനമുള്ളവരുമാണ്. പിന്നെ ശൂദ്രനെന്ന വിളിപ്പേര് എങ്ങനെ കിട്ടിയെന്നു ചോദിച്ചാല്‍ ഊഹിക്കൂ എന്നുമാത്രമാണ് മറുപടി.

മിക്കവര്‍ക്കും നാളത്തെ കളിയെക്കുറിച്ചു മാത്രമേ സംസാരിക്കാനുള്ളൂ. വെല്ലുവിളികള്‍ പലത് നടന്നുകഴിഞ്ഞു. തോറ്റാല്‍ സ്ഥലം വിടണോഅടിയുണ്ടാക്കണോ എന്നതാണ് പ്രധാനചര്‍ച്ച. അപ്പോഴാണ്‌ വായ നിറച്ചു പതയും കടിച്ചു പിടിച്ച ബ്രഷുമായി സ്ലോ മോഷനില്‍ അലി പ്രത്യക്ഷപ്പെട്ടത്. എനിക്ക് ഒരൊറ്റ നോട്ടമേ നോക്കാന്‍ കഴിഞ്ഞുള്ളു. ചിരിച്ചു പോയി. അലിയുടെ വേഷത്തില്‍ ബാവക്കുട്ടി  ജിന്നിനെ കണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാന്‍ മാത്രം എന്താണുള്ളത്ഇത് വെറും ജിന്നല്ലജിന്നുകളുടെ തമ്പുരാന്‍ തന്നെ.

ചുറ്റുമുള്ളവരോട് ബാവക്കുട്ടി ജിന്നിനെ കണ്ട കാര്യം ഞാന്‍  വിശദീകരിച്ച് പറഞ്ഞുകൊടുത്തു. അവനവന്‍റെ ഭാവനയ്ക്ക് തോന്നുന്ന രീതിയില്‍ എരിവും പുളിയും ചേര്‍ത്ത തമാശകളുടെ ഘോഷയാത്രയായിരുന്നു പിന്നീട്. എന്നാല്‍ അലിയൊരു പിശാചാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇതെല്ലാം കേട്ട് ചെറുചിരിയോടും എന്നാല്‍ പെരുത്ത്‌ അഭിമാനത്തോടും കൂടി അലി അവിടെയൊക്കെ ഉലാത്തിക്കൊണ്ടിരുന്നു. തിരിച്ചെന്തെങ്കിലും ഉരിയാടുക പോലും ചെയ്യാതെ. ഇതിലും വലിയ വെള്ളിയാഴ്ച്ച വന്നിട്ടില്ലേ? വെല്ലുപ്പ പള്ളിയില്‍ പോയിട്ടുണ്ടോ?

പരീക്ഷ വലിയ കുഴപ്പമില്ലായിരുന്നു. എങ്കിലും ഒരു വല്ലായ്മ.  അലിയെ ജിന്ന് ബാധിച്ച കഥ തൊണ്ട തൊടാതെ വിഴുങ്ങാന്‍ കഴിയുന്നില്ല. സത്യത്തില്‍ ബാവക്കുട്ടി ഏതു കുരുക്കിലാണ് ചെന്നുചാടിയിരിക്കുന്നത്? ഹാളില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ കേള്‍ക്കാനിഷ്ടമില്ലാത്ത ഒരു വാര്‍ത്തയും കാത്തുനില്‍ക്കരുതേ.

പുറത്തേക്കിറങ്ങിയതും കണ്മുന്നില്‍ ബാവക്കുട്ടി. എയര്‍ബാഗ്‌ കൈയ്യിലെടുത്തിരിക്കുന്നുഒരു വലിയ യാത്രയ്ക്കുള്ള തുടക്കം പോലെയുണ്ട്. ഞങ്ങള്‍ ഒരുമിച്ചു നടന്നു. ബാവക്കുട്ടി നടക്കുന്നിടത്തേക്ക് ഞാന്‍ കൂടെച്ചെന്നു എന്നുപറയുന്നതായിരിക്കും ശരി. താഴത്തെ കടയില്‍ നിന്നും എനിക്ക് ഒരു നാരങ്ങാവെള്ളവും വില്‍സും വാങ്ങിത്തന്നു. ബാവക്കുട്ടിക്ക് എന്തോ പറയാനുണ്ടെന്ന കാര്യം ഉറപ്പായിരുന്നു. പക്ഷേ അതൊന്നു തുടങ്ങിക്കിട്ടാനാണ് ഈ ഒരുക്കങ്ങളത്രയും. ബാവക്കുട്ടിയെ പോലെ മനസ്സ് വായിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇത്രയും ക്ഷമിച്ച്‌ കാത്തുനില്‍ക്കില്ലായിരുന്നു.

“വലിയ തമാശക്കാരനാവരുതെന്ന് ഞാന്‍ നിന്നോട് മുമ്പും പറഞ്ഞിട്ടുണ്ട്” ഒടുവില്‍ ബാവക്കുട്ടി വായ തുറന്നു. “ചുമ്മാ ഒച്ചപ്പാടുണ്ടാക്കി നടക്കാനല്ലാതെ നിനക്കൊക്കെ എന്തറിയാം?"

പടച്ചോനെ, അടുത്ത ഷോക്ക്‌ ട്രീറ്റ്‌മെന്റാണോ വരുന്നത്?

ഭൂതപ്രേതപിശാചുക്കളുടെ ഒരു വിഹാരരംഗമാണ് നമ്മുടെ ഹോസ്റ്റല്‍. ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട.”

“ബാവക്കുട്ടി പറയൂ...എന്‍റെ മുഖത്ത് പെട്ടെന്നുണ്ടായ വിനയവും ജിജ്ഞാസയും ഒട്ടും കൃത്രിമമായിരുന്നില്ല "ഇന്നലെ എന്താണുണ്ടായത്?"

ബാവക്കുട്ടി സംഭവം വിവരിച്ചു. ഇന്നലെ രാത്രി അലിയുടെ മുറിയിലാണ് കിടന്നുറങ്ങിയത്. എപ്പോഴോവലിയ ശബ്ദം കേട്ടുണര്‍ന്നു. അലി ഉറക്കെ പാട്ട് വെച്ചിരിക്കുകയാണ്. അതും തമിഴ് പാട്ട് - "ഒട്ടകത്തെ കെട്ടിക്കോ..കെട്ടിയാടി..." അലി പാന്‍റ്സും ഷര്‍ട്ടുമിട്ട് പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്നു. പാട്ട് തീരുമ്പോള്‍ അതേ പാട്ടുതന്നെ റീ വൈന്‍ഡു ചെയ്തു വീണ്ടും വെക്കും. കുറെ നേരമായി ഈ കളി തുടങ്ങിയിട്ട്. ചെയ്യുന്നത് അലിയായതുകൊണ്ട് പാതിരാത്രി തമിഴ്പാട്ടു വെച്ച് ഒറ്റയ്ക്കു ഡാന്‍സ് ചെയ്യുന്നതിനെ അസ്വാഭാവികമായി കാണേണ്ടതില്ല. പാതിമയക്കത്തില്‍ ബാവക്കുട്ടി ഇതു സഹിച്ചുകൊണ്ട് കിടന്നു. പെട്ടെന്ന് ശബ്ദം നിലയ്ക്കുന്നു. ഒരു നിമിഷം സ്തബ്ദനായി നിന്ന അലി വാതില്‍തുറന്ന് പുറത്തേക്ക് ഇറങ്ങിയോടുന്നു. അതേ നിമിഷംതന്നെ മുണ്ടും ടി ഷര്‍ട്ടും ധരിച്ച അലി മുറിയിലേക്ക് കയറിവരുന്നു. വന്നയുടനെ മുണ്ടും ടി ഷര്‍ട്ടും ധരിച്ച അലി അടുത്ത കട്ടിലില്‍ കയറിക്കിടന്നു. കൂര്‍ക്കംവലി തുടങ്ങിയപ്പോള്‍ ബാവക്കുട്ടി ഇറങ്ങിയോടി. ജീവന്‍ കൂട്ടിപ്പിടിച്ചോടിയ ആ ഓട്ടമാണ് എന്‍റെ മുറിയില്‍ വന്നുനിന്നത്.

“ആ ഡാന്‍സ് ചെയ്തത് അലിയല്ല. എനിക്കുറപ്പാണ്ബാവക്കുട്ടി പ്രവചനം പോലെ മന്ത്രിച്ചു അതൊരു ജിന്നായിരുന്നു. വേറെയും പിശാചുക്കള്‍ ഇവിടെ കറങ്ങി നടപ്പുണ്ട്."

ജിന്നുകള്‍ ഡാന്‍സ് ചെയ്യുമോ? എനിക്ക് നല്ല സംശയമുണ്ടായിരുന്നു. എന്നാല്‍ ചോദിച്ചത് മറ്റൊന്നാണ്.

“കുട്ടിച്ചാത്തനെ കിട്ടിയോ?"

ഓ, അതൊന്നും നടന്നില്ല.” ബാവക്കുട്ടി നെടുവീര്‍പ്പിട്ടു മാത്രവുമല്ലമനുഷ്യര്‍ക്ക്‌ നിയന്ത്രിക്കാവുന്ന വെറും അടിമകള്‍മാത്രമാണ് കുട്ടിച്ചാത്തന്‍മാര്‍. അമാനുഷീകജീവികള്‍ കറങ്ങിനടക്കുന്ന സ്ഥലത്തേക്ക് അവരെ കൊണ്ടുവന്നാല്‍ നമ്മുടെ കൈയ്യില്‍ നില്‍ക്കില്ല. വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു."

ബാവക്കുട്ടി ഷേക്ക്‌ ഹാന്‍ഡ്‌ തന്നു. വിരലുകള്‍ നന്നേ തണുത്തിരുന്നു.

“ഞാനിനി അങ്ങോട്ടില്ല. രണ്ടാഴ്ച കഴിഞ്ഞേയുള്ളൂ അടുത്ത എക്സാം. തിരിച്ചു വന്നിട്ട് ഏതെങ്കിലും ലോഡ്ജില്‍ മുറിയെടുക്കും. നീ വേണം എല്ലാവരെയും ഇക്കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍. പ്രേതങ്ങളുമായാണ് കളി എന്ന ഓര്‍മ വേണം."

തല്‍ക്കാലം ശൂദ്രന്മാരുമായുള്ള കളിയാണ് പ്രധാനം. എങ്കിലും രാത്രിഭക്ഷണത്തിനു ശേഷം മെസ്സ് ഹാളിനു പുറത്ത് നാളത്തെ കളിയെക്കുറിച്ചുള്ള അടവുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരുന്ന ജനാവലിയെ അഭിസംബോധന ചെയ്ത് ബാവക്കുട്ടി പറഞ്ഞ വിവരങ്ങള്‍ ഞാന്‍ അവതരിപ്പിച്ചു. പ്രതീക്ഷിച്ചതിനു വിപരീതമായി അവിടെ ഒരു പൊട്ടിച്ചിരിയോഅനുബന്ധതമാശകളോ ഉണ്ടായില്ല. പറയുന്നത് നമ്മളെപ്പോലെ സാധാരണക്കാരനല്ലല്ലോ. ബാവക്കുട്ടിയല്ലേ?

ഏതായാലും അലി തന്നെയായിരുന്നു അന്നത്തെ ചര്‍ച്ചയിലെ താരം. സാധാരണ ബാക്ക് കളിക്കുന്ന അലിയെ മിഡ്‌ഫീല്‍ഡില്‍ കളിപ്പിക്കണം എന്ന ആവശ്യത്തിന്മേല്‍ ഒരു തീരുമാനം ഇതുവരെ ആയിട്ടില്ല. അതിനിടയിലാണ് അലി  ജിന്നാണെന്നുള്ള പുതിയ വിവാദം.

അലിയുടെ ഒരൊറ്റ ഡയലോഗ് കൊണ്ട് ആ വിവാദം അവിടെ കെട്ടടങ്ങി.

“ആ കള്ളഹിമാറ് ബാവക്കുട്ടിക്ക് മറ്റുള്ളവരുടെ ഖല്‍ബില്‍ കയറിനോക്കാമെങ്കില്‍ എനിക്കും ചിലതൊക്കെ പറ്റും. അലിയായാലും ശരി,   ജിന്നായാലും ശരി... ഞാനില്ലാതെ നാളത്തെ കളി നീയൊക്കെ കുറെ ഒലത്തും"

ശരിയാണ്. അലിയില്ലാതെ കളി ജയിക്കാന്‍ ബുദ്ധിമുട്ടാണ്. സത്യത്തില്‍ അലി വലിയ ചടുലതയുള്ള കളിക്കാരനൊന്നുമല്ല. എങ്കിലും പ്രതീക്ഷിക്കാത്ത നേരത്ത് അലിയുടെ ലോങ്ങ്‌ പാസ്സുകള്‍ പലപ്പോഴും ഗോളില്‍ കലാശിക്കാറാണ് പതിവ്. മാര്‍ക്കു ചെയ്യപ്പെടാതെ നില്‍ക്കുന്ന ഫോര്‍വേഡുകളെ കണ്ടെത്താന്‍ കക്ഷിക്ക് നല്ല മിടുക്കാണ്. ഇതുകൊണ്ടാണ് അലിയെ മിഡ്‌ഫീല്‍ഡില്‍ കളിപ്പിക്കണം എന്ന പുതിയ ആവശ്യം ഉയര്‍ന്നുവന്നിരിക്കുന്നത്. ഒടുവില്‍ "അലി ബാക്ക് തന്നെ..." എന്ന് ഫിറോസ്‌ ഖാന്‍ പറഞ്ഞതോടെ അക്കാര്യത്തിലും ഒരു തീരുമാനമായി. മലയാളികള്‍ പൊതുവേ ഗോളടിവീരന്മാരായതു കൊണ്ടാവും ഡിഫെണ്ടര്‍മാര്‍ക്ക് എപ്പോഴും ക്ഷാമം.

കളി തുടങ്ങി. ക്യാപ്റ്റന്‍ ഫിറോസ്‌ ഖാന്‍ തന്നെയാണ് ഗോള്‍ കീപ്പര്‍. ദാവീദും ഗോലിയാത്തും തമ്മിലാണ് മത്സരമെന്നു തോന്നും. ശൂദ്രന്മാരുടെ വലുപ്പത്തോടുംകരുത്തിനോടും അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത് സെന്റര്‍ ഫോര്‍വേഡ് ഇരുമ്പന്‍ രാജേഷിനു മാത്രം. രാജേഷ്‌ എന്ന പേര് മിക്കവര്‍ക്കും അറിയില്ല. ഒരിക്കല്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇരുമ്പനെയോര്‍ക്കാന്‍ ഒരു പേരിന്‍റെ ആവശ്യവുമില്ല.

കളി വളരെ പതുക്കെയാണ് നടക്കുന്നത്. ശൂദ്രന്മാര്‍ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കൊണ്ടിരിക്കുന്നു. സ്റ്റാമിനയില്ലാത്ത ബ്ലഡി മലയാളീസ് ക്ഷീണിച്ചു കഴിയുമ്പോള്‍ കയറിപ്പൂശാനാണ് പരിപാടി. എന്നാല്‍ പതിനാറാം മിനുറ്റില്‍ അലി നടത്തിയ ഒരൊറ്റ നീക്കം കളിയുടെ ഗതി മാറ്റി. ഫിറോസ്‌ തട്ടിക്കൊടുത്ത ഗോള്‍ കിക്കുമായി അലി ഇടതു വിങ്ങിലൂടെ പതുക്കെ മുന്നോട്ട്... രണ്ടു ഫോര്‍വേഡുകളെ ഡ്രിബിള്‍ ചെയ്തതോടെ അലിയുടെ മട്ടുമാറി. മിന്നല്‍ വേഗത്തില്‍ കോര്‍ണര്‍ ഫ്ലാഗിനടുത്തേക്ക്. തിരിച്ചു കിട്ടുമെന്നുറപ്പുള്ള രണ്ടു പാസ്സുകളൊഴിച്ചാല്‍ കൃത്യമായ സെല്‍ഫ് പ്ലേ. കോര്‍ണറില്‍ നിന്ന് അലി അളന്നു മുറിച്ചുവിട്ട ക്രോസ്സില്‍ ഇരുമ്പന്‍ കാലുവെക്കുന്നതോടെ പന്ത് ശൂദ്രന്മാരുടെ പോസ്റ്റില്‍...

ഗോള്‍...!!!

എന്നാല്‍ അതുണ്ടായില്ല. ഇരുമ്പന്‍ കാലുവെച്ചില്ല. ഇരുമ്പന് അബദ്ധം പറ്റിയെന്നാണ് ആദ്യം കരുതിയത്‌. നാല്‍പ്പത്തിരണ്ടാം മിനുറ്റിലെ അലിയുടെ അടുത്ത മാസ്മരീകപ്രകടനം വരെ. വര്‍ഷങ്ങള്‍ക്കു ശേഷം അലി ഒരു ഹാജിയാരാവുമെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. എന്നാല്‍ റുമേനിയയുടെ ഫുട്ബോള്‍ ഇതിഹാസം  ജോര്‍ജി ഹാജിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു വോളിയായിരുന്നു ഹാഫ് ലൈനിനു പിന്നില്‍നിന്ന് അലി അപ്പോള്‍ തൊടുത്തുവിട്ടത്. മാര്‍ക്കു ചെയ്യപ്പെടാതെ നിന്ന ഇരുമ്പന് മുന്നില്‍ പാരഷൂട്ടിലിറങ്ങുന്നതുപോലെ  അത് വന്നുവീണു. വലതുകാലുകൊണ്ട് സ്റ്റോപ്പ്‌ ചെയ്തശേഷം ഇടങ്കാലു നീട്ടിയൊരടി. ഗോള്‍ കീപ്പര്‍ക്ക് നോക്കി നില്‍ക്കാനേ പറ്റൂ. എന്നാല്‍ അതും ഉണ്ടായില്ല.

“ഇരുമ്പന്‍ ഗോ ബാക്ക്" വിളികളുയര്‍ന്നു. ഉടനെ തന്നെ ആ ആരവവും നിലച്ചു. അതിനര്‍ത്ഥം ഇന്നുരാത്രി ഇരുമ്പന് ഇരുട്ടടി ഉറപ്പായി എന്നാണ്.

പക്ഷെഞാനൊരിക്കലും ഇരുമ്പനെ കുറ്റപ്പെടുത്തില്ല. പുറത്തിരിക്കുന്നവര്‍ക്ക് എന്തുവേണമെങ്കിലും പറയാം. തരുന്നത് മനുഷ്യനാണോ പിശാചാണോ എന്നറിയാതെ പാസ്സുകള്‍ സ്വീകരിക്കുന്നത് എളുപ്പമല്ല.

ഏതായാലും ഹാഫ് ടൈമോടെ ഇരുമ്പനെ തിരിച്ചുവിളിക്കും. സബ്സ്റ്റിട്ട്യുട്ട് "ദിപ്പ ശരിയാക്കിത്തരാം" എന്ന മട്ടില്‍ ഗ്രൌണ്ടിനു ചുറ്റും ജോഗ് ചെയ്യുന്നു. പക്ഷേ, എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അലിയെ ബെഞ്ചിലിരുത്താനാണ് ഫിറോസ്‌ തീരുമാനിച്ചത്. അലി കൂടി എത്തിയതോടെ ഇരുമ്പനെ എങ്ങനെ പൂശണമെന്ന ചര്‍ച്ച ചൂടുപിടിച്ചു.

“ഇരുമ്പനെയോര്‍ത്ത് ഇവിടാരും തല പുകയ്ക്കണ്ട.” അലി പ്രഖ്യാപിച്ചു അവന്‍റെ കാര്യം ജിന്നുകളുടെ  ഉസ്താദിന് വിട്ടേക്ക്..."

രണ്ടാം പകുതി മുഴുവന്‍ പോസ്റ്റിനു മുന്നില്‍ കീപ്പര്‍ ഫിറോസ്‌ ഖാന് പിടിപ്പതു പണിയായിരുന്നു. സദാചാരശിക്ഷണം വേണ്ടുവോളം സിദ്ധിച്ച കന്യകയുടെ ജാഗ്രതയോടെ ഫിറോസ്‌ ഗോള്‍വല കാത്തു. പക്ഷേ, നിര്‍ണ്ണായകമായത് ക്യാപ്ടന്‍ ഫിറോസ്‌ ഖാന്റെ തീരുമാനമായിരുന്നു. ഇരുമ്പന്‍റെ മിന്നുന്ന രണ്ടു ഗോളുകള്‍... ശൂദ്രന്മാര്‍ കെട്ടുകെട്ടി.

എന്നാല്‍ ആര്‍ക്കു വേണം ഗോളുകള്‍? ഇതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കളിയുടെ തിരക്കഥ അതിനോടകം രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

ഇരുമ്പനെ തോളിലിരുത്തി വിജയാഹ്ലാദപ്രകടനമായി താഴത്തെ കടയിലേക്ക്. അലി നേരത്തെ സ്ഥലം വിട്ടിരുന്നു. അമ്മാവന്റെ കട വെടുപ്പാക്കുന്നതിനിടെ അലിയുടെ ദ്വന്ദവ്യക്തിത്വത്തെ കുറച്ചുള്ള നിറം പിടിപ്പിച്ച കഥകളാണ് എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്. കഥ മെനയുമ്പോള്‍ മാത്രം യഥേഷ്ടം ചേര്‍ക്കാന്‍ പാകത്തില്‍  ഇത്രയേറെ നിറങ്ങള്‍ ഇവരൊക്കെ എവിടെയാണ് ഒളിപ്പിച്ചുവെക്കുന്നത്? ഒരേ സമയം ടി വി റൂമിലും മെസ്സ് ഹാളിലും പ്രത്യക്ഷപ്പെടുന്ന അലി. ക്ലാസ്സില്‍ തൊട്ടടുത്തിരുന്നു പഠിക്കുമ്പോള്‍ കോറിഡോറിലൂടെ നടന്നുപോവുന്ന അലി. എന്തിന്ലൈബ്രറിയില്‍ പോലും അലിയെ കണ്ടവരുണ്ടത്രേ.

അല്‍പസമയത്തിന് ശേഷം അലിയും എത്തിച്ചേര്‍ന്നു. തിരിച്ചു പോവുമ്പോള്‍ ഇരുമ്പനടിച്ച രണ്ടു ഗോളുകളെ വാനോളം പുകഴ്ത്തിക്കൊണ്ടിരിക്കാന്‍ അലി ഒരു പിശുക്കും കാണിച്ചില്ല. ഇരുമ്പനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ പീഡ തന്നെയായിരുന്നു. ഹോസ്റ്റലിനടുത്തെത്തിയതോടെ വേഗം യാത്ര പറഞ്ഞ് അവന്‍ സ്ഥലം വിട്ടു.

അതെ. ഇതാണ് എല്ലാവരും കാത്തിരുന്ന ആ നിമിഷം. ഇരുമ്പന്‍ കണ്മുന്നില്‍ നിന്ന് മറഞ്ഞതും അലി എതിര്‍ദിശയിലേക്ക് ഓടി. ഡി ബ്ലോക്ക്‌ വഴി കയറി ഇരുമ്പനേക്കാള്‍ മുമ്പ് അവന്‍റെ റൂമിനടുത്തെത്തി. വെന്‍ടിലേറ്ററിലൂടെ ചാടി മുറിയില്‍ പതുങ്ങിയിരുന്നു. ഇരുമ്പന്‍ വാതില്‍ തുറന്ന് അകത്തുകടക്കുന്നതും അലി "ഹായ് ഇരുമ്പന്‍..." എന്നുപറഞ്ഞ് പുറത്തേക്കു പോകണം. എന്നിട്ടും അവന്‍ ചത്തില്ലെങ്കില്‍ അപ്പോള്‍ നോക്കാം.

വളരെ ആലോചിച്ചെടുത്ത ഈ തിരക്കഥ പാളുമെന്നു ഒരുത്തനും പ്രതീക്ഷിച്ചില്ല. എന്നാല്‍ ഭയം മനുഷ്യരെ കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കുന്നത്ഇരുമ്പനും വാതില്‍ തുറന്നില്ല. പകരം അള്ളിപ്പിടിച്ചു വെന്‍ടിലേറ്ററിലൂടെ തന്നെ അകത്തേയ്ക്ക് കയറാന്‍ തുടങ്ങി. അടഞ്ഞു കിടക്കുന്ന വാതില്‍ കണ്ടു നിരാശരായി ജിന്നുകള്‍ മടങ്ങിപ്പോകുമെന്നു പാവം വെറുതെ ആശിച്ചു.

അകത്തു കാത്തിരുന്നിരുന്ന ഉസ്താദിന് വാതിലിലെ തട്ടും മുട്ടും കേട്ടപ്പോള്‍ കാര്യം പിടികിട്ടി. വേഗം കട്ടിലിനടിയിലേക്ക് ഒളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനും മുമ്പ്  ചക്ക വെട്ടിയിടുന്നപോലെ മുറിയില്‍ ഇരുമ്പന്‍ വന്നുവീണു. എഴുന്നേറ്റുനിന്നപ്പോള്‍ തൊട്ടുമുന്നില്‍  വിശ്വരൂപം പൂണ്ട് ജിന്ന്. പുറകില്‍ പുറത്തുനിന്നും തഴുതിട്ട വാതില്‍... ഇരുമ്പന് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

കണ്ണും പൂട്ടി ഒരൊറ്റയടി. അലി നിലത്തുവീണു.

നിലത്തുവീണു കിടക്കുന്ന പ്രേതത്തിനുമേല്‍ അല്‍പം മുമ്പ് ഗ്രൗണ്ടില്‍ കാഴ്ച വെച്ചതിനു സമാനമായ രണ്ടു തകര്‍പ്പന്‍ കിക്കുകള്‍ കൂടി... അതോടെ അലിയുടെ ഞരക്കം പോലും അവസാനിച്ചു.

വെന്റിലെട്ടരിലൂടെ പുറത്തുകടന്ന് ഇരുമ്പന്‍ കോറിഡോറിലൂടെ നെഞ്ചുവിരിച്ച് നടന്നു: 

“ഇനി ഒറിജിനല്‍ അലി വരട്ടെ!"

പിന്നീടൊരിക്കലും ഹോസ്റ്റലില്‍ പ്രേതശല്യം ഉണ്ടായതായി അറിവില്ല.