26 May 2012

സ്പിരിറ്റ്‌


പള്ളിസെമിത്തേരിയുടെ ചുറ്റുമതില്‍ മുഴുവന്‍ ബൈബിള്‍വചനങ്ങള്‍ വലുതായി എഴുതി വെച്ചിരുന്നു.  സെമിത്തേരിയിലെക്കുള്ള പ്രധാനവഴി  പള്ളിമുറ്റത്തു കൂടിയാണ്. എന്നാല്‍ ഇടവഴിയില്‍ നിന്നും അകത്തേക്ക് കയറാവുന്ന ഒരു കൊച്ചുഗേറ്റ് സെമിത്തേരിയുടെ പുറകുവശത്തുണ്ട്. ആ ഗേറ്റിനു മുന്നില്‍ അരണ്ട് കത്തുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം മാത്രമേ രാത്രിയായാല്‍ ആ മതില്‍ക്കെട്ടിനകത്തു വീഴൂ. അതാകട്ടെ കുടുംബകല്ലറകളുടെ മുകളില്‍ മാത്രം വീണ ശേഷം കൂടുതല്‍ പരക്കാനാവാതെ അലിഞ്ഞുതീരും. 

മാഞ്ഞൂരാന്‍ സൈക്കിള്‍ നിര്‍ത്തിയത്   സ്ട്രീറ്റ് ലൈറ്റിന്റെ തൊട്ടു താഴെയാണ്. അതിന്റെ പിന്നില്‍ നിന്നിറങ്ങുമ്പോള്‍ ഗെയ്റ്റിന്റെ തൊട്ടടുത്തെ മതിലില്‍ എഴുതിയത് മാത്രം ശരിക്ക് വായിക്കാം.


"മനുഷ്യാ, നീ മണ്ണാകുന്നു. മണ്ണിലേക്ക്  തന്നെ മടങ്ങുന്നു - ഉ. പു. 3 : 19" 

മാഞ്ഞൂരാന്റെ അമ്മാമ്മ മണ്ണിലേക്കുള്ള മടക്കയാത്രയിലാണ്. ഇന്ന് വൈകീട്ട് മരിച്ചു. അത്യാവശ്യം മരിക്കാനുള്ള പ്രായമൊക്കെ ആയിരുന്നു. അപ്പാപ്പന്‍ മരിച്ചതോടെ കിടപ്പിലുമായി. അരിയെത്തി മരിച്ച വീടുകളില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരു സ്വഭാവീകതയുണ്ടാവും. വീട്ടുകാര്‍ വളരെ മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തി വെച്ചിരിക്കും. പത്തു മാസം തികഞ്ഞ് ഒരു കുഞ്ഞു വന്നു ചേരുന്നത് പോലെ ലളിതമായി അവര്‍ പിരിഞ്ഞുപോവും. അടക്കിപ്പിടിച്ച ഒരു എങ്ങലടിയോ, ഒരു തണുത്ത കാറ്റോ അവിടെ തങ്ങിനില്‍ക്കില്ല. കാലം തെറ്റി ഒരു മഴ പോലും പെയ്യില്ല. 

രാവിലെ മുതല്‍ നല്ല മഴയായിരുന്നു. കോളേജില്‍ മാഞ്ഞൂരാനെ മുന്നറിയിപ്പില്ലാതെ കാണാതിരിക്കുന്നത് ആദ്യമൊന്നുമല്ല. മഴ നിര്‍ത്താതെ പെയ്തിരുന്നത്‌ കൊണ്ട് കോളേജില്‍ നിന്ന് ഇറങ്ങാനും വൈകി. ബസിലിരിക്കുമ്പോള്‍ മാഞ്ഞൂരാനെ കുറിച്ചോര്‍ത്തു. കുറച്ചു നാളായി തനിയെ മടങ്ങിപ്പോവുക പതിവില്ല. മാഞ്ഞൂരാന്‍ ഇറങ്ങുന്ന സ്റ്റോപ്പ്‌ ആയപ്പോള്‍ മഴ നിലച്ചിരിക്കുന്നു. തല പുറത്തേയ്ക്കിട്ട് നോക്കി. ഇരുട്ടും വീണിരിക്കുന്നു. മഴ പെയ്ത ലക്ഷണം പോലുമില്ല. അവിടെയിറങ്ങി.

മാഞ്ഞൂരാന്റെ വീട്ടിലേക്കുള്ള നടപ്പാതയുടെ ഒരു വശത്ത് വീതിയുള്ള ഒരു തോടും, മറുവശത്ത് പുരയിടങ്ങള്‍ക്ക് അതിരിടുന്ന മതിലുകളും വേലികളുമൊക്കെയാണ്. രണ്ടു പേര്‍ക്ക് കഷ്ടിച്ച് പരസ്പരം കടന്നുപോവാനുള്ള വീതിയേ നടപ്പാതയ്ക്കുള്ളൂ. പടുകൂറ്റന്‍ ഇരുട്ട്. ഒരു ഇലയനങ്ങിയാല്‍ പോലും അറിയുമെന്നാണ് കരുതിയത്‌. എന്നിട്ടും അത്രയടുത്ത് ഒരു സൈക്കിള്‍ വന്നു നിന്ന്  ബെല്ലടിക്കുന്നത് വരെ ഞാനറിഞ്ഞില്ല.

“വാ, കേറ്...” മാഞ്ഞൂരാന്റെ ശബ്ദം. ഈ പിശാചു പിടിച്ചവന് ഇരുട്ടിലും കണ്ണു കാണുമോ?

“എങ്ങോട്ട്”

“സെമിത്തേരിയിലേക്ക്”

അവന്‍ കാര്യമായി പറഞ്ഞതാണെന്ന് അപ്പോള്‍ തോന്നിയില്ല. സൈക്കിളിന്‍റെ പുറകില്‍ ആള്ളിപ്പിടിച്ചിരിക്കുമ്പോള്‍ തോട്ടില്‍ വീണുപോവരുതേ എന്നുമാത്രമേ തോന്നിയുള്ളൂ.

സൈക്കിള്‍ ഇരുട്ടും നടപ്പാതയും കടന്ന് റോഡിലെത്തിയപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു.

“എങ്ങോട്ടാ?”

“ആ കല്ലറയൊന്നു നോക്കീട്ടു വരാം. വല്ല പാമ്പോ പഴുതാരയോ കേറിക്കിടക്കുന്നുണ്ടെങ്കിലോ?”

ഞാന്‍ ആദ്യമായി ഒരു കല്ലറ കാണുന്നത് രണ്ടു കൊല്ലം മുന്‍പ് മാഞ്ഞൂരാന്‍റെ അപ്പാപ്പനെ അടക്കിയപ്പോഴാണ്. കല്‍ക്കെട്ടുകള്‍ മുഴുവന്‍ ഇളംനീല നിറത്തിലുള്ള സെറാമിക് ടൈലുകള്‍ ഒട്ടിച്ചു ഭംഗിയാക്കിയിരുന്നു. അതിനകത്ത് അപ്പാപ്പന്റെ ഗമയിലുള്ള കിടപ്പ് ഇപ്പോഴും കണ്മുന്നിലുണ്ട്. കല്ലറയ്ക്കകത്തു പെട്ടി വെച്ച ശേഷവും കാഴ്ചക്കാര്‍ എത്തിക്കൊണ്ടിരുന്നു. ആ സമയത്ത് പെട്ടി തുറന്നു കണ്ടവര്‍ അദ്ദേഹത്തിന്‍റെ മുഖത്ത് തങ്ങി നിന്നിരുന്ന പുച്ഛവും കുസൃതിയും നിറഞ്ഞ ചിരി മറക്കാനിടയില്ല.

“അപ്പാപ്പാന്‍റെ കല്ലറയ്ക്ക് അടുത്തു തന്നെയാണോ അമ്മാമ്മയെയും?” ഞാനൊരു ഊഹമെറിഞ്ഞു.

“കല്ലറ പണിയിക്കാന്‍ അമ്മാമ്മ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നില്ലല്ലോ” സൈക്കിള്‍ സെമിത്തേരിക്കു പിന്നിലെ ഇടവഴിയിലേക്ക് തിരിഞ്ഞു "ഇന്നത്തെ കാലത്ത് പള്ളിയില്‍ ഇതുപോലൊരു കല്ലറ കിട്ടണമെങ്കിലേ, ഇഷ്ടം പോലെ തുട്ടിറക്കണം" 

ദീര്‍ഘകാലം മാഞ്ഞൂരാന്റെ അപ്പാപ്പന്‍ ആ പഞ്ചായത്തിലെ പ്രസിഡണ്ട്‌ ആയിരുന്നു. ആ സമയത്താണ് ഒരു സ്മാരകം പോലെ ഈ കല്ലറ പണിതിടുന്നത്. വര്‍ഷങ്ങളോളം പ്രസിഡണ്ട്‌ ആയിരുന്നത് അദ്ദേഹത്തിന്റെ ജനസമ്മതി കൊണ്ടൊന്നുമല്ല. തെരഞ്ഞെടുപ്പില്‍ വാര്‍ഡിലെ കുടുംബവോട്ടുകള്‍ കൊണ്ട് ജയിച്ചു. ഒപ്പത്തിനൊപ്പം വന്ന ഭരണ പ്രതിപക്ഷ മെമ്പര്‍മാര്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയായി അപ്പാപ്പനെ നിര്‍ത്തി. ആരെയെങ്കിലും കാലുമാറ്റി ഭരണം കൈക്കലാക്കുന്നത് വരെ അപ്പാപ്പന്‍ ശല്യമില്ലാതെ അവിടെ ഇരുന്നു കൊള്ളട്ടെ എന്നാണു രണ്ടു കൂട്ടരും കരുതിയത്‌. എന്നാല്‍ അപ്പാപ്പന്‍ രണ്ടു കൂട്ടരെയും തോല്‍പ്പിച്ചു കളഞ്ഞു. ജയിച്ചു വന്ന മെമ്പര്‍മാരെ അപ്പാപ്പന്‍ ചാക്കിലാക്കി. വര്‍ഷങ്ങളോളം തെരഞ്ഞെടുപ്പു നടക്കാതിരുന്നത്‌ കൊണ്ട് ആ പഞ്ചായത്തില്‍ തന്നിഷ്ടം പോലെ അപ്പാപ്പന്‍ ഭരിച്ചു. അതെക്കുറിച്ച് മാഞ്ഞൂരാന്‍ പറയുന്നത് ഇങ്ങനെയാണ്:

"നിനക്ക് അപ്പാപ്പനെ അറിഞ്ഞു കൂടാത്തത് കൊണ്ടാണ്... വീട്ടിലെ ചാരുകസേരയില്‍ പോലും മറ്റൊരാള്‍ ഇരിക്കാന്‍ അപ്പാപ്പന്‍ സമ്മതിക്കില്ല. പിന്നെയല്ലേ വീണു കിട്ടിയ പഞ്ചായത്ത് പ്രസിഡണ്ട്‌ കസേര. അവന്മാര്‍ക്ക് ആള് മാറിപ്പോയി മോനെ..." 

എന്നാല്‍ എല്ലാ ഏകാധിപതികളുടെ ജീവിതത്തിലും സംഭവിക്കുന്ന അപ്രതീക്ഷിതസംഭവങ്ങള്‍ അപ്പാപ്പന്റെ ജീവിതത്തിലും സംഭവിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം പഞ്ചായത്ത്‌ ഇലക്ഷന്‍ നടന്നു. അപ്പാപ്പനെ രണ്ടു പാര്‍ട്ടിക്കാരും കാര്യമായെടുത്തില്ല. കുടുംബക്കാരും. വാര്‍ഡില്‍ അപ്പാപ്പന്‍ മത്സരിച്ചെങ്കിലും തോറ്റുപോയി. പ്രസിഡണ്ടാവുന്നതിനു മുന്‍പ് തനിക്കുണ്ടായിരുന്ന ജീവിതത്തെ കുറിച്ച് അപ്പാപ്പന് വലിയ ഓര്‍മ്മയൊന്നും വന്നില്ല. ജനിച്ചയന്നു മുതല്‍ താന്‍ പ്രസിഡണ്ട്‌ തന്നെയായിരുന്നുവെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പഞ്ചായത്തിലൂടെ പ്രസിഡണ്ടല്ലാതെ നടക്കാനും, സാധാരണക്കാരെ പോലെ പെരുമാറാനും അപ്പാപ്പന്  മടി തോന്നി.  മടി മാറ്റാന്‍ കുടി തുടങ്ങി. കുടിയെന്നു പറഞ്ഞാല്‍ കുടി തന്നെ കുടി. 

“ഓ.. വയസ്സാന്‍ കാലത്ത് അപ്പാപ്പന്‍ ഇത്തിരി കുടിക്കുന്നതാണോ ഇത്ര ആനക്കാര്യം?” മാഞ്ഞൂരാന് അതൊരു പ്രശ്നമായേ തോന്നിയില്ല. അവന്‍റെ വീട്ടുകാര്‍ക്കും. “കുടിക്കാതിരുന്നാല്‍ ഇവരൊക്കെ അങ്ങേരെ അമേരിക്കന്‍ പ്രസിഡണ്ടാക്കി നിര്‍ത്തി ജയിപ്പിക്കുമോ?”

“എന്നാലും ആരോഗ്യം...”

“ഹും...ആരോഗ്യം” മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും മാഞ്ഞൂരാന് സുചിന്തിതവും, വ്യക്തവും, വ്യത്യസ്തവുമായ കാഴ്ചപ്പാടുണ്ട്. "ഈ മെഡിക്കല്‍ സയന്‍സ് മൊത്തത്തില്‍ ഒരു മാതിരി ഊഡായിപ്പാണ്. അല്ലെങ്കില്‍ നീയൊരു കാര്യം നോക്കിക്കേ, ലാബിലൊക്കെ ഓരോ അവയവങ്ങള്‍ കേടു വരാതിരിക്കാന്‍ സൂക്ഷിച്ചുവെക്കുന്നത് സ്പിരിറ്റിലല്ലേ? പിന്നെങ്ങനെയാണ് സ്പിരിറ്റ്‌ ഈ അവയവങ്ങളെ കാര്‍ന്നു തിന്നുന്നു എന്നുപറയുന്നത്?”

മാഞ്ഞൂരാന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ലെങ്കിലും നാട്ടുകാര്‍ വിട്ടില്ല. നാട്ടിലെ എല്ലാ സദാചാരവിരുദ്ധപ്രവര്‍ത്തനങ്ങളിലും ഇടപെടുന്ന അതേ അവകാശത്തോടെ അവര്‍ ആവേശപൂര്‍വ്വം സഹതപിച്ചു.

"എങ്ങനെ നടന്ന മനുഷ്യനായിരുന്നു. ഇപ്പോള്‍ കണ്ടില്ലേ?"

ഒന്നും കണ്ടില്ല. കാണാതിരുന്നപ്പോള്‍ കണ്ട പോലെ കഥകളുണ്ടാക്കി. സഹി കെട്ട വീട്ടുകാര്‍ അപ്പാപ്പന്റെ കുടി മാറ്റാന്‍ ധ്യാനം കൂടിക്കാന്‍ തീരുമാനിച്ചു. “വിവരം പറഞ്ഞതും അപ്പാപ്പന്‍ കേറിയങ്ങ് സമ്മതിച്ചു” എന്നാണ് വീട്ടുകാര്‍ എല്ലാവരോടും പറഞ്ഞത്. പാതിരായ്ക്ക് പൂസായി കിടന്നുറങ്ങുമ്പോള്‍ കൈയും കാലും കെട്ടി ധ്യാനകേന്ദ്രത്തില്‍ കൊണ്ട് പോയി തള്ളുകയായിരുന്നുവെന്ന് മാഞ്ഞൂരാന്‍ എന്നോട് രഹസ്യമായി പറഞ്ഞു.

കെട്ടിറങ്ങിയപ്പോള്‍  അപ്പാപ്പന്‍ ധ്യാനകേന്ദ്രത്തിലെ ഹാളിനകത്താണ്. തലയ്ക്കകത്തേക്ക് ഉച്ചത്തില്‍ പാട്ടിരച്ചു കയറുന്നു. ശുശ്രൂഷകന്‍ പാടിക്കൊടുക്കുന്നു. "കൂടെയുണ്ടേശു നിന്‍ കൂടെയുണ്ട് ..." വിശ്വാസം കൈകളുയര്‍ത്തി അലറിക്കേഴുന്നു. അല്പം കഴിഞ്ഞപ്പോള്‍ അപ്പാപ്പന്റെ കൈ വിറയ്ക്കാന്‍ തുടങ്ങി. ക്രമേണ വിറയല്‍ തുള്ളല്‍പനിപോലെ രൂപാന്തരം പ്രാപിച്ചു. കൈകൊട്ടി പ്രാര്‍ഥനയില്‍ മുഴുകിയിരുന്ന ഭക്തജനക്കൂട്ടം അപ്പാപ്പന്‍ വേഗത്തില്‍ സുഖപ്പെടുന്ന കാഴ്ച കണ്ട് ദൈവത്തെ സ്തുതിച്ചു. ഉച്ചത്തില്‍ ഒരു  സ്തോത്രത്തോടൊപ്പം അപ്പാപ്പന്റെ കാറ്റ് പോയി.

സെമിത്തേരിയുടെ ഇടുങ്ങിയ ഗെയ്റ്റ് തള്ളിത്തുറക്കുമ്പോള്‍ മാഞ്ഞൂരാന്‍ പറഞ്ഞു.

“പാവം അമ്മാമ്മയ്ക്ക്‌ പ്രത്യേകിച്ച് കല്ലറയൊന്നുമില്ല. അപ്പാപ്പന്റെ കല്ലറയില്‍ തന്നെയാണ് അമ്മാമ്മയേയും അടക്കുന്നത്.”

“രണ്ടു പേരെയും ഒരു കല്ലറയില്‍ തന്നെ അടക്കുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല” ഞാന്‍ പറഞ്ഞു. “മരിച്ചു കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക്‌ എന്തും സഹിക്കാനുള്ള ക്ഷമയുണ്ടാവും”

“ഈ കുഞ്ഞു കല്ലറയില്‍ രണ്ടു പെട്ടി വെക്കാനുള്ള സ്ഥലമൊന്നുമില്ല” മാഞ്ഞൂരാന്‍ പറഞ്ഞു “അപ്പാപ്പന്റെ പെട്ടി മാറ്റിയിട്ടു വേണം അമ്മാമ്മയെ കിടത്താന്‍...”

രണ്ടു കൊല്ലം മുമ്പ് അപ്പാപ്പനെ അടക്കിയ കല്ലറയ്ക്ക് മുന്നില്‍ പോള്‍ മാഞ്ഞൂരാന്‍ മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഏകാഗ്രത കളയണ്ട എന്നുവിചാരിച്ച് ഞാന്‍ അല്പം മാറിനിന്നു. കുറച്ചു നേരം നോക്കി നിന്നപ്പോള്‍ അവന്‍ പ്രാര്‍ത്ഥിക്കുകയാണോ, അതോ അപ്പാപ്പനോട് സംസാരിക്കുകയാണോ എന്നു സംശയം തോന്നി. ഒരുപാട് നാളത്തെ വിശേഷങ്ങള്‍ ഗൂഡമായ കുസൃതിയോടും അംഗവിക്ഷേപങ്ങളോടും വിവരിക്കുന്നതു പോലെയാണ് ആദ്യം തോന്നിയത്. പിന്നീടെന്തൊക്കെയോ സങ്കടങ്ങള്‍ പറയുന്നത് പോലെ. ഒരുവേള അപ്പാപ്പനോട് കയര്‍ത്തു സംസാരിക്കുന്നത് പോലെയും തോന്നി. കുറച്ചു കഴിഞ്ഞപ്പോള്‍ അവനെന്നെ കൈ കാട്ടി വിളിച്ചു. ഞാന്‍ അടുത്തു ചെന്നു.

"എടാ, എനിക്കൊന്നു കാണണം..."

"എന്ത്?"

“എന്‍റെ അപ്പാപ്പനെ. രാവിലെ കല്ലറ തുറന്ന് അസ്ഥിക്കുഴിയില്‍ കൊണ്ടുപോയിടും” മാഞ്ഞൂരാന്‍ വിതുമ്പിയേക്കുമെന്ന് തോന്നി "പിന്നെ കാണണമെന്ന് വിചാരിച്ചിട്ട് ഒരു കാര്യവുമില്ല." 

പ്രജ്ഞയിലൂടെ ഒരു മിന്നല്‍പിണര്‍ പാളി. ശവക്കുഴി തോണ്ടുന്ന കാര്യമാണ് പറയുന്നത്.

രണ്ടു വര്‍ഷം മുന്‍പ് അപ്പാപ്പന്‍ ചിരിച്ച പുഛച്ചിരി മനസ്സിലോടി വന്നു. അതേ ചിരി പതിയെ ഒരു അസ്ഥികൂടത്തിന്റെ അലറിച്ചിരിയായി രൂപാന്തരപ്പെട്ടു.

മാഞ്ഞൂരാന്‍ തപ്പിത്തടഞ്ഞ് സെമിത്തേരിയുടെ മൂലയിലെ ഇരുട്ടിലേക്ക്  പോവുന്നത് കണ്ടു. മൂത്രമൊഴിക്കാനായിരിക്കും എന്നാണ് ആദ്യം കരുതിയത്‌. എനിക്ക് ആദ്യം തോന്നിയ മൂത്രശങ്ക അവസാനിച്ചിരുന്നു.

മാഞ്ഞൂരാന്‍ തിരിച്ചു വന്നപ്പോള്‍ കൈയ്യില്‍ ഒരു കമ്പിപ്പാരയും, ചെറിയ ഒരു ഷവലും ഉണ്ടായിരുന്നു. എവിടെയോ ഒളിപ്പിച്ചു വെച്ചിരുന്നതാണ്. എല്ലാം നേരത്തെ കല്പ്പിച്ചുറച്ചു തന്നെ.  

കല്ലറയ്ക്ക് മുകളിലെ സ്ലാബ് പാര കൊണ്ട് തിക്കിയിളക്കി എടുത്തുമാറ്റാന്‍ ഞാന്‍ അവനെ സഹായിച്ചു. കല്ലറയുടെ അകം മുഴുവന്‍ മണ്ണ് കൊണ്ട് മൂടിയിരിക്കുകയാണ്. നേരിയ വെളിച്ചമേയുള്ളൂ. എങ്കിലും ഷവല്‍ കൊണ്ട് പതുക്കെ മണ്ണ് നീക്കിയപ്പോള്‍ പെട്ടി കാണാറായി. ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. പെട്ടിക്കു മുകളിലെ മണ്ണ് മാറ്റുന്നത് വളരെ സൂക്ഷിച്ചു വേണം. ഒന്ന് പിഴച്ചാല്‍ എല്ലാം കൂടി പൊടിഞ്ഞു മണ്ണാവും.

മാഞ്ഞൂരാന്‍ ശ്രദ്ധാപൂര്‍വ്വം പെട്ടിക്കു മുകളിലും മൂടിയുടെ അരികിലുമുള്ള  മണ്ണ് കൈകൊണ്ടു വൃത്തിയാക്കാന്‍ തുടങ്ങി. പെട്ടി തുറക്കാറായപ്പോള്‍  ഞാന്‍ തല തിരിച്ചു കളഞ്ഞു.

ഞാനെന്തിനു നോക്കണം? എന്റെ അപ്പാപ്പനൊന്നും അല്ലല്ലോ?

മൂടി തുറക്കുന്ന ശബ്ദം ചെവിയോര്‍ത്തു. കരിയിലകള്‍ അനങ്ങുന്നതും, ചീവിടുകള്‍ കരയുന്നതും എല്ലാം  കേട്ടു. ചെന്നായ്ക്കള്‍ ഓരിയിട്ടുവെന്നോ, കടവാതിലുകള്‍ ചിറകടിച്ചുയര്‍ന്നുവെന്നോ  ഒന്നും ഞാന്‍ അവകാശപ്പെടുന്നില്ല. ഒരു പൂച്ച കരഞ്ഞു എന്നത് സത്യമാണ്. കരിമ്പൂച്ചയായിരുന്നുവെന്ന് ശബ്ദം കേട്ടാലറിയാം. 

"നാശം...” മാഞ്ഞൂരാന്റെ അമര്‍ത്തിപ്പിടിച്ച അമര്‍ഷം “അപ്പാപ്പന്‍ ഈ പണി കാണിക്കുമെന്നു എനിക്ക് അപ്പഴേ അറിയാമായിരുന്നു..." 

മാഞ്ഞൂരാന്‍ എഴുന്നേറ്റ് കമ്പിപ്പാരയെടുത്ത് ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. എനിക്ക് തിരിഞ്ഞു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 

പുറത്തെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം കൊണ്ട് മാത്രം പെട്ടിയുടെ അകം ഇത്ര വ്യക്തമായി കാണില്ല. അതിനുള്ളില്‍ നിന്നും ഒരു വെള്ളവെളിച്ചം വമിക്കുന്നുണ്ടോ? ഞാന്‍ സൂക്ഷിച്ചു നോക്കി.

പടച്ചോനെ; അപ്പാപ്പന്‍ അഴുകിയിട്ടില്ല..!! 

അപ്പാപ്പന്‍ പെട്ടിയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു. അല്പം കൂടി നീളം വെച്ചിട്ടുണ്ടോ. മുട്ടുകാല്‍ അല്പം മടക്കി വെച്ചിരിക്കുന്നു. കൂടുതല്‍ യുവാവായ പോലെ. എന്റെ ഓര്‍മ്മയില്‍ അപ്പാപ്പന്റെ തലമുടിയ്ക്ക് നല്ല തൂവെള്ള നിറമായിരുന്നു. ഇതിപ്പോള്‍ മൈലാഞ്ചിയിട്ട പോലെ ഒരു ചെമ്പന്‍ നിറം. മുഖം ഒരു പിങ്ക് റോസാപുഷ്പം പോലെ.

മാഞ്ഞൂരാന്റെ രോഷം ഏറെ നേരം നീണ്ടു നിന്നില്ല. തന്റെ ഉടലില്‍ കൂടി കടന്നു പോകുന്ന ജീവന്‍ ദീര്‍ഘകാലം തങ്ങിനിന്നിരുന്ന ഒരു ശരീരമാണ് ജീര്‍ണ്ണിക്കാതെ കണ്മുന്നില്‍. അവന്‍ നിലത്തു മുട്ടുകുത്തിയിരുന്നു. വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് അപ്പാപ്പന്റെ കവിളില്‍ ഒന്നു തൊട്ടു. 

കൈ തൊട്ടതും അപ്പാപ്പന്റെ കവിള്‍ ബലൂണ്‍ പൊട്ടുന്നത് പോലെ പൊട്ടി. ആണ്ടു പോയ വിരല്‍ ഇളകി നിന്ന ഒരു പല്ലില്‍ തട്ടി. തീപ്പൊള്ളിയത് പോലെ അവന്‍ കൈ വലിച്ചു. കവിളില്‍ രൂപം കൊണ്ട വിള്ളലിലൂടെ താടിയെല്ലുകള്‍ കാണാമായിരുന്നു. വേഗം പെട്ടി മൂടി അതിനു മുകളില്‍ മണ്ണ് വാരിയിട്ടു. സ്ലാബ് എടുത്തു തിരികെ വെക്കാനൊന്നും നിന്നില്ല. സെമിത്തേരിക്കു പുറത്തേക്കോടി.


ഞാനാണ് സൈക്കിള്‍ ചവുട്ടിയത്‌. ഒരാളെ പുറകിലിരുത്തി ഇത്ര വേഗത്തില്‍ പായാനുള്ള കരുത്ത് എനിക്കെവിടെ നിന്നാണ് കിട്ടിയത്? മാഞ്ഞൂരാന്‍ തുടരെത്തുടരെ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അനക്കമറ്റാലും അഴുകാന്‍ വിടാത്ത അപ്പാപ്പന്റെ ആ സ്പിരിറ്റുണ്ടല്ലോ, അതു ഞങ്ങളെ പിന്തുടരാതിരിക്കുന്നതെങ്ങനെ?