13 Apr 2015

ഓര്‍മ്മകള്‍ക്ക് എന്തു സുഗന്ധം!

“നോക്കൂ...ആരും ഭയപ്പെടേണ്ടതില്ല.”

ഒരു ചെറിയ മെഗാഫോണിലൂടെ, വാക്കുകള്‍ ഓരോന്നോരോന്നായി  പെറുക്കി വെച്ചാണ് അയാള്‍ സംസാരിച്ചത്. ഓരോ വരിയും കല്ലില്‍ കൊത്തിയെടുത്ത പോലെ മനസ്സില്‍ പതിയുന്ന രീതിയില്‍. എങ്കിലും അവിടെ കൂടിനിന്നവര്‍ക്കെല്ലാം തോന്നിയത് ഇതുവരെ കേട്ടിട്ടില്ലാത്ത മറ്റേതോ ഭാഷ കേള്‍ക്കുന്നതുപോലെയാണ്. ഞങ്ങളെ കണ്ടാല്‍ പശ്ചിമേഷ്യയിലെ  എണ്ണപ്പാടങ്ങളിലോ ഉത്തരാഫ്രിക്കയിലെ ഖനികളിലോ കണ്ടുമുട്ടാവുന്ന അശരണരായ തൊഴിലാളികളെ പോലെ തോന്നിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍, ജനിച്ചു വളര്‍ന്ന നാട്ടില്‍ പുതുപ്പണത്തിന്റെ അഹന്തയോടെ ഉയര്‍ന്ന കൊച്ചു സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനു വന്നവരായിരുന്നു ഞങ്ങള്‍.

“അല്ലെങ്കില്‍ എന്തിനു ഭയപ്പെടണം? നാമിവിടെ വളരെ വളരെ എളുപ്പമായ ഒരു കളി കളിക്കാന്‍ പോവുന്നു. അത്രയേ ഉള്ളൂ. ഒന്നോര്‍ത്താല്‍ ഇതൊരു കളി പോലുമല്ല.ഒറ്റച്ചോദ്യം മാത്രമുള്ള ഒരു ക്വിസ്...! സത്യവിശ്വസികള്‍ക്കാണെങ്കില്‍ വെറുമൊരു മെമ്മറിടെസ്റ്റ്‌...!”

അങ്ങാടിമരുന്നുവില്പനക്കാരന്റെ ശരീരഭാഷയോടെയും, കൂട്ടിക്കൊടുപ്പുകാരന്റെ വഷളന്‍ചിരിയോടെയും ഒരു കാഷ് കൌണ്ടറിന് മേലെ കയറിനിന്നാണ് അയാള്‍ സംസാരിച്ചുതുടങ്ങിയത്. ചത്തുമലച്ച പാമ്പുകളെ പോലെ ഏതാനും ക്യൂകള്‍ അനക്കമറ്റു കിടന്നു. അതിനു പിന്നില്‍ ചെറിയ വരികളായും കൂട്ടങ്ങളായും ഞങ്ങള്‍. ഹൃദയമിടിപ്പ്‌ പിടിച്ചുനിര്‍ത്തുന്ന നിശ്ശബ്ദത.

“കളി വളരെ ലളിതമാണ്... അതിനി വൈകിപ്പിക്കേണ്ടതില്ല. ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുന്നു. ഉത്തരം അറിയാവുന്നവര്‍ക്ക് പുറകുവശത്തെ ഡെലിവറി ഡോറിലൂടെ ശബ്ദമുണ്ടാക്കാതെ പുറത്തു പോവാം. മെമ്മറി ടെസ്റ്റ്‌ നടക്കുന്നത് കെട്ടിടത്തിന് പുറത്താണ്. ഉത്തരം അറിയാത്തവരുടെ വിധി ഈ കെട്ടിടത്തിനകത്തു വെച്ച് നടപ്പിലാക്കപ്പെടുന്നു. ഒന്നോര്‍ത്താല്‍ ആ വിധി എന്നേ എഴുതപ്പെട്ടതാണ്!”

വിധി നടപ്പിലാക്കാന്‍ വന്നവര്‍ പത്തുപേര്‍ ഉണ്ടായിരുന്നിരിക്കണം. ഞങ്ങളോ? മുന്നൂറ്...? അഞ്ഞൂറ്...? ആയിരം? എത്രയെങ്കിലുമാവട്ടെ. ഞങ്ങള്‍ പരസ്പരംഅറിയാത്തവരാണല്ലോ! എന്‍ജിനിയര്‍മാരും, അധ്യാപകരും, കൂലിപ്പണിക്കാരും, യാത്രികരും,ധനികരും, ദരിദ്രരും, മുതിര്‍ന്നവരും, കൗമാരക്കാരും, സ്ത്രീകളും, പുരുഷന്‍മാരും,ബാച്ചിലേര്‍സും, ഫാമിലീസുമൊക്കെയായ ഞങ്ങള്‍ ഓരോരുത്തരും ഒറ്റ മനുഷ്യനായി ഒറ്റച്ചോദ്യം ചെവിയോര്‍ത്തു നിന്നു. അമ്മമാര്‍ മക്കളെ ചേര്‍ത്തുപിടിച്ചു.

“ചോദ്യം വളരെ വളരെ ലളിതമാണ്. പ്രവാചകതിരുമേനിയുടെ മാതാവിന്റെ പേര് അറിയുന്നവര്‍ക്ക് പുറകുവശത്തെ ഡെലിവറി ഡോറിലൂടെ പുറത്തേയ്ക്ക് പോവാം”

ഹാവൂ...! അടക്കിപ്പിടിച്ചിരുന്ന ഒരു ശ്വാസം പെട്ടെന്ന് പുറത്തേക്ക് വന്നു.വഹാബിന്റെ മകള്‍ ആമിന. ആമിനാബീവി എന്നായിരുന്നു പ്രവാചകന്റെ ഉമ്മയുടെ പേര്. ആമിനാ ബിന്‍ത് വഹാബ്.

ഓര്‍മ്മകളുടെ പെരുമഴ. മദ്രസാക്കാലം... നബിചരിതം... മക്കാനഗരം... ഖുറൈശികള്‍... അമീര്‍ ഉസ്താദിന്റെ ശബ്ദത്തിന് അല്പം സ്ത്രൈണസ്വഭാവമുണ്ടായിരുന്നു. ഒരുചരിത്രകാരന്റെ ആധികാരികതയും. “ഖുറൈശി ഗോത്രത്തിലെ ബനൂ സൂറാ കുടുംബത്തിലാണ് നബിതിരുമേനിയുടെ ഉമ്മ ആമിനാബീവി ജനിച്ചത്‌. ബനൂ സൂറാ വിഭാഗക്കാര്‍ ഇബ്രാഹിം നബിയുടെ പിന്തുടര്‍ച്ചക്കാരായിരുന്നു. വിശുദ്ധ കഅബാ ദേവാലയത്തിന്റെ നടത്തിപ്പുകാര്‍...”

“ചോദ്യത്തിനു ഉത്തരം അറിയാവുന്നവര്‍ നിശബ്ദരായി പുറകുവശത്തെ ഡോറിലൂടെ പുറത്തേക്ക് പോവുക”

ഉത്തരമറിയാവുന്നവര്‍ തിടുക്കത്തില്‍ അവര്‍ പോലുമറിയാതെ ഒരു നിരയുണ്ടാക്കി അച്ചടക്കത്തോടെ പുറത്തേക്ക് നടക്കുമ്പോള്‍, മറ്റുള്ളവരെ  താറാക്കൂട്ടത്തെയെന്ന പോലെ തോക്കുധാരികള്‍ തടുത്തുകൂട്ടി. ഒരു പ്രതിഷേധമോ നിലവിളിയോ ഉണ്ടായില്ല. മയക്കുമരുന്ന്കുത്തിവെക്കപ്പെട്ടവരെ പോലെ അവര്‍ തല കുമ്പിട്ടുനിന്നു. ജീവനോടെ തീ കൊളുത്തപ്പെടുകയും,  കഴുത്തറുക്കപ്പെടുകയുംചെയ്യുന്നവരുടെ  വീഡിയോകള്‍ കണ്ടിട്ടില്ലേ? അതുപോലെ.

അമീര്‍ ഉസ്താദ് പറയും: നബി തിരുമേനിയുടെ ഉപ്പ അബ്ദുള്ള മക്കയിലെ ഏറ്റവും സുന്ദരനായ പുരുഷനായിരുന്നു. നബിതിരുമേനിയെ ഉമ്മ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അദ്ദേഹത്തിന് സിറിയയില്‍ കച്ചവടത്തിനു പോവേണ്ടി വന്നു. മടക്കയാത്രയില്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു.അബ്ദുള്ളയുടെ വിയോഗവാര്‍ത്തയറിഞ്ഞു രോഗിണിയായ നബിയുടെ ഉമ്മ പിന്നീട് ഒരിക്കലും പഴയനിലയിലേക്ക് തിരിച്ചുവന്നില്ല. ഭര്‍തൃമതിയായ ആ സ്ത്രീയുടെ പേര്...

“പുറത്തുകടന്നവര്‍ ആരും പരസ്പരം സഹായിക്കാന്‍ ശ്രമിക്കരുത്. വഞ്ചകരെ വെച്ചുപൊറുപ്പിക്കാനാവില്ല. ഓരോരുത്തരായി ഇമാമിന്റെ അടുത്തു ചെന്ന് ആ പേര് വെളിപ്പെടുത്തുക. ”

ഭാഗ്യവാന്മാരുടെ നിര പതുക്കെ പുറത്തേക്ക്...

മനസ്സില്‍ ഉരുവിട്ടു: നബി തിരുമേനിയുടെ ഉമ്മയുടെ പേര് ആമിനാ ബിന്‍ത് വഹാബ്!!
ആമിനാ ബിന്‍ത് വഹാബ്?

അതോ, ആമിനാ ബിന്‍ത് വലീദോ?
വലീദ്...വലീദ്....വഹാബ്....വാഹിദ്...

ആമിനാ....ആമിനാ....
അതോ സുമയ്യ എന്നാണോ?

യാ അല്ലാഹ്!!

26 comments:

 1. ഖുറശി ഗോത്രക്കാരനായ അൽ ബാഗ്ദാദിയുടെ അനുചരർക്ക്‌ ഇതുപോലെ ഏതെങ്കിലും ഷോപ്പിഗ്‌ മാളുകളിൽ ക്വിസ്‌ നടത്താൻ തോന്നിയാൽ സ്ഥിതി മറ്റൊന്നാവില്ല. എഴുത്ത്‌ സംഭവ്യമാകുമ്പോഴാണല്ലോ എഴുത്തുകാരൻ ദീഖദർശനം ചെയ്തു എന്നൊക്കെ പറയുക. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

  ReplyDelete
 2. കഥ വായിച്ചു ഒന്ന് ഞെട്ടി എന്ന് പറയുന്നതാവും ശരി. ഇങ്ങിനെയൊന്നും സംഭവിക്കാതിരിക്കട്ടെ.... ആശംസകള്‍ ഉബൈദ്

  ReplyDelete
 3. വര്‍ത്തമാന കാലത്തിന്‍റെ നേര്‍ക്കൊരു കണ്ണാടി.മനോഹരം.

  ReplyDelete
 4. ഇങ്ങനെ സംഭവിക്കുന്നുണ്ടാകുമോ...? വാര്‍ത്തകള്‍ ശരി വെക്കുന്നുണ്ട്.

  ReplyDelete
 5. പേടി തോന്നുന്നു ...

  ReplyDelete
 6. ഞാന്‍ പഠിക്കാന്‍ തീരുമാനിച്ചു. വരാവുന്ന എല്ലാ ചോദ്യങ്ങളുടെയും ഉത്തരം മനഃപാഠം ചെയ്യണം. എപ്പഴാ ആവശ്യം വരുന്നതെന്നറിയില്ലല്ലോ.

  ReplyDelete
 7. ലളിതമായ കളിയും വിധിയും...
  ഒന്നോര്‍ത്താല്‍ ആ വിധി എന്നേ എഴുതപ്പെട്ടതാണ്!

  ReplyDelete
 8. സമാനമായ സ്ഥിതിഗതികൾ ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകളിൽ ചർച്ചചെയ്യുന്നുണ്ട് - ISIS ന്റെ വളർച്ച കണ്ടിട്ട് സമീപഭാവിയിൽ ഇതൊക്കെ സംഭാവ്യമാണെന്നു തോന്നുന്നു......

  ReplyDelete
 9. ഇത്തരത്തില്‍ പോയാല്‍ എന്നേ എഴുതപ്പെട്ട വിധി നടപ്പാക്കപ്പെടും!
  ആശംസകള്‍

  ReplyDelete
 10. കാണുന്ന കാഴ്ചകള്‍ , കേള്‍ക്കുന്ന വാര്‍ത്തകള്‍
  ഇതൊക്കെയാണ് എഴുത്തിലും നമ്മളിലേക്ക് നിറയുക ...
  ചിലത് മായ്ച്ചാലും മായാതെ നില നില്‍ക്കും ..
  ഇന്നിന്റെ ചില ആകുല പര്‍വ്വങ്ങള്‍ നമ്മുടെ മനസ്സിനേ
  വല്ലാതെ വിമ്മിട്ടപെടുത്തും .. നാളേ ഭാരത്തതിന്റെ
  ഉള്‍നാടന്‍ ഗ്രാമങ്ങളിലും ഇതു കേള്‍ക്കാം .. വ്യക്തമായ
  ശബ്ദത്തോടെ ... ശ്രീകൃഷ്ണന്റെ അമ്മയുടെ പേരാകും ചോദ്യം ..
  അവര്‍ കരുതുന്ന ആളുകള്‍ പൊലും ചിലപ്പൊള്‍ നിന്ന് തിരിയും ..
  ഒരിക്കല്‍ പൊലും കടന്ന് ചെല്ലാത്ത മതപഠനങ്ങളില്‍ നിന്നും
  മനുഷ്യനെന്ന സത്യത്തെ തേടി നടക്കുന്നവരില്‍ മതം ചിലപ്പൊള്‍
  സ്വാധീനം ചെലുത്തിയേക്കില്ല .. അവസ്സാനം നാവില്‍ വിരിയുന്ന
  ഒന്നില്‍ അത് ആമിനയാണോ , സുമയ്യ ആണൊയെന്നുള്ള
  സംശയം തന്നെയാണ് ഇന്നിന്റെ ആകുലതയും ..
  ഒന്നും .. ഒന്നും ഇനിയങ്ങൊട്ട് സംഭവിക്കാതിരിക്കട്ടെ ..
  ശാന്തിയും സമാധാനവും പുലരട്ടെ .. മതം എന്താണൊ
  നല്‍കാന്‍ ആഗ്രഹിച്ചത് , അത് മാത്രം ലോകത്ത് നിറയട്ടെ ..
  ഒരുപിടി കനല്‍ കോരിയിട്ടെങ്കിലും ... സ്നേഹം ഇക്കാ

  ReplyDelete
 11. ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ.....

  ReplyDelete
 12. ശരിക്കും ഭയപ്പെടുത്തുന്നു.

  ReplyDelete
 13. എഴുത്ത് നന്നായിരിക്കുന്നു. എഴുതിയ പോലൊരു തരം തിരിവ് വിദൂരമല്ലെന്ന് ഭയപെട്ട് പോകുന്നു

  ReplyDelete
 14. okke sambhavikkaavunanthe ulloo.. :(

  ReplyDelete
 15. സംഭവ്യം ആണ്.......

  ReplyDelete
 16. പഴയ ഹോളിവുഡ് ചിത്രങ്ങളില്‍ ചില സയന്‍സ് ഫിക്ഷന്‍ കഥകളില്‍ വന്നതൊക്കെ ഇന്ന് യാഥാര്‍ത്ഥ്യമായി സംഭവിച്ചിട്ടുണ്ട് ..ഇങ്ങനൊന്ന് സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു..പേടിപ്പിക്കുന്ന വിഷയമാണെങ്കിലും മനോഹരമായി എഴുതി...ഉദ്വേഗപൂര്‍വം വായിക്കുക മാത്രമല്ല ഇതിനെ ഒരു സിനിമ പോലെ കാണാനും കഴിഞ്ഞു ..

  ReplyDelete
 17. സമീപഭാവിയിൽ ഇങ്ങനെയോ അല്ലെങ്കിൽ മറ്റൊരു തരത്തിലോ നമ്മളും അനുഭവീചെക്കാവുന്ന കാൻസർ ആയി മാറിയിരിക്കുന്നു എല്ലാ മതങ്ങളും .
  അത് പിടി മുറുക്കി കഴിഞിരിക്കുന്നു
  നമ്മളോ അറിവുണ്ടോ? ഇല്ലേ ? ശരിയാണോ ? അല്ലെ?
  എന്നുള്ള അങ്കലാപ്പിലും!!
  ശരിയുത്തരങ്ങൾ പോലും ശരിയാണോ തെറ്റാണോ എന്നറിയാത്ത വിധം!!!
  -------------------------------------------------
  ചുരുക്കി ഒതുക്കിപ്പറഞ്ഞത്‌ നന്നായി
  സത്ത പൂര്ണ്ണമായും വ്യക്തവുമാണ് ........ ആശംസകൾ

  ReplyDelete
 18. ഒരുപാട് അര്‍ത്ഥതലങ്ങള്‍ പങ്കുവയ്ക്കുന്ന കഥ.. ഇത് ഒരു ചൂണ്ടുപലകയാണ്...
  പേടിപ്പെടുത്തുന്ന വായന..

  ReplyDelete
 19. നല്ല എഴുത്ത്..
  നമ്മുടെ പോക്കും ഈ രീതിയിലേക്കാണ്..
  ഈയടുത്ത് 'കോടീശ്വരന്‍' എന്ന പരിപാടിയില്‍ ഒരു മുസ്ലീം സ്ത്രീയോട് ഖുര്‍ആനില്‍ ഏതു വനിതയുടെ പേരിലാണ് സൂറത്ത് ഉള്ളത് എന്ന ചോദ്യം ഉയര്‍ത്തിയപ്പോള്‍ മേലോട്ട് നോക്കിയത് നാമേവരും കണ്ടതാണ്... കാലത്തിനൊത്ത് പലരും കോലം മറക്കുന്നു..

  ReplyDelete
  Replies
  1. ഖുര്‍ ആനില്‍ ഉള്ള സൂറത്തുകള്‍ എല്ലാവര്ക്കും അറിയണം എന്നില്ലല്ലോ .അറിവും അടിച്ചേല്‍പ്പിക്കപ്പെടേണ്ട ഒന്നല്ല

   Delete
 20. ആരും ഭയപ്പെടേണ്ടതില്ല ,,,ഈയിടെയായി ഇങ്ങനെ മാത്രമേ സംഭവിക്കാറുള്ളൂ ,,എത്ര ഭീകരമായ കാര്യവും സ്ഥിരമായി അനുഭവിക്കേണ്ടി വന്നാല്‍ ഭയം ഇല്ലാതെയാകും .(നിങ്ങള്‍ മൌനം പാലിക്കുന്നതും വലിയൊരു കുറ്റകൃത്യമാണ് എന്നു ഉബൈദിനെ ഓര്‍മ്മപ്പെടുത്തുന്നു )..

  ReplyDelete
 21. അവതരണം നന്നായിരിക്കുന്നു ഹസീൻ. അൽ ബാഗ്ദാദി കുരൈഷി ഗോത്രക്കാരനല്ല Joselet Mamprayil.

  ReplyDelete
  Replies
  1. മാതൃഭൂമിയുടെ ഒരു ആര്‍ട്ടിക്കിള്‍ വായിച്ചുള്ള അറിവേ ഈ വിഷയത്തില്‍ എനിക്കുള്ളൂ...
   തിരുത്തലിനു നന്ദി. ഇതാണ് സംഭവം.

   //ബാഗ്ദാദിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ഇസ്ലാമിക ചരിത്രം, സംസ്‌കാരം, നീതിന്യായവ്യവസ്ഥ എന്നിവയില്‍ പിഎച്ച്.ഡി. നേടിയ ബാഗ്ദാദി അല്‍ ഖ്വെയ്ദയുടെ നേതാക്കളായ ലാദനെയും സവാഹിരിയെയുംകാള്‍ ഇസ്ലാമികവിഷയങ്ങളില്‍ പണ്ഡിതനാണ് (ലാദന്‍ എന്‍ജിനീയറും സവാഹിരി നേത്രരോഗവിദഗ്ധനുമാണ്). പോരെങ്കില്‍ ഇയാള്‍ പ്രവാചകന്റെ ഗോത്രത്തില്‍പ്പെട്ടവനുമാണ്. ഇതൊക്കെയാണ് ബാഗ്ദാദിയെ ഖലീഫയുടെ സ്ഥാനത്തിനര്‍ഹനാക്കുന്നത്. 'ദൈവനിശ്ചയപ്രകാരം' ഖലീഫയാകുന്ന ബാഗ്ദാദി നബിയുടെ യഥാര്‍ഥ പിന്തുടര്‍ച്ചാവകാശിയുമാണ്. ഖലീഫയുടെ വരവോടെ ഇസ്ലാമികരാജ്യങ്ങള്‍ക്കിടയിലെ അതിര്‍ത്തികളെല്ലാം അസാധുവായി. 'ഇനി ഇസ്ലാമികവ്യവസ്ഥകള്‍ക്കെല്ലാം ഒറ്റ സമ്പദ്വ്യവസ്ഥയും നാണയവും സൈന്യവുമായിരിക്കും', ഒരു സലഫി പുരോഹിതന്‍ ഖിലാഫത്തിനെ ഇങ്ങനെയാണു വിവരിച്ചത്. //
   http://www.mathrubhumi.com/story.php?id=537020

   Delete
 22. അതി വിദൂരമല്ല ,, ഈ കോലത്തില്‍ അല്ലങ്കില്‍ വേറൊരു കോലത്തില്‍ നമ്മുടെ നാട്ടിലും :(

  ReplyDelete
 23. കോലം മാറുന്ന കാലത്തെ അടയാളപ്പെടുത്തുന്ന രചന.
  ശാസനകളെ അനുസരിക്കുന്ന വെറും ആൾക്കൂട്ടമാകാതെ മാനവികതയ്ക്കായി ഉണരേണ്ടതിന്റെ ആവശ്യകതക്ക് അടിവരയിടുന്നുണ്ട് ഇതിലെ സന്ദേശം.
  നല്ല എഴുത്ത്.

  ReplyDelete