ഭൂമിയില്ലാതാവുന്ന മനുഷ്യരും മനുഷ്യരില്ലാതാവുന്ന ഭൂമിയും.
"അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ, കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ, പെറിസ്യർ, രെഫായീമ്യർ, അമോർയ്യർ, കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു." - ഉല്പത്തി പുസ്തകം 15 : 18 -21
ദൈവം അബ്രഹാമിന് വാഗ്ദാനം ചെയ്യുകയും ഇസാക്, ജേക്കബ് എന്നിവരോട് ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു എന്ന് രേഖപ്പെടുത്തിയ ഈ കരാര്‍ മുഴുവന്‍ ജൂതര്‍ക്കും വേണ്ടിയുള്ളതാണ് എന്ന വ്യാഖ്യാനമാണ് പലസ്തിനിലെ ജൂതഅധിനിവേശത്തിന്റെ പ്രധാനഹേതു.
ക്രിസ്തുവിനു 3000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇസ്രയേല്‍, സിറിയ, ജോര്‍ദാന്‍, ലെബനോന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നില നിന്നിരുന്നത് കാനാന്‍ സംസ്കാരമായിരുന്നു. BC 1800 -ലാണ് അവിടേയ്ക്ക് ആദ്യ ഹീബ്രു കുടിയേറ്റം ഉണ്ടാവുന്നത്.
മോശ ഈജിപ്തില്‍ നിന്നും ഇസ്രയേല്‍ സന്തതികളുമായി ചെങ്കടല്‍ കടന്നു സിനായ് കുന്നുകളില്‍ എത്തപ്പെട്ടുവെന്നും, ഇസ്രായേലികളുടെ ദൈവം അദ്ദേഹത്തിന് വെളിപ്പെട്ടുവെന്നും, അവിടെ വെച്ച് അദ്ദേഹം പത്തു കല്പനകള്‍ സ്വീകരിച്ചുവെന്നും പലായനത്തിന്റെ പുസ്തകം പറയുന്നു. ക്രിസ്തുവിനു ആയിരത്തി ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന മോശ വിശുദ്ധഭൂമിക്കു വിളിപ്പാടകലെ വെച്ച് മരണപ്പെട്ടു.
ഇന്ന് ജൂതന്മാര്‍ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്ന 'ദാവീദിന്റെയും ശലമോന്റെയും സാമ്രാജ്യം' BC 1000 മുതല്‍ 922 വരെയുള്ള 78 വര്‍ഷക്കാലം മാത്രമാണ് നിലവിലുണ്ടായിരുന്നത്. ശലമോന്‍ പണി കഴിപ്പിച്ചതെന്നു കരുതപ്പെടുന്ന ജറുസലെമിലെ വിശുദ്ധക്ഷേത്രം, BC 586 -ല്‍ ബാബിലോണ്‍ രാജാവ് ഹാതി (സിറിയയും പലസ്തിനും അടങ്ങുന്ന പ്രദേശം) ആക്രമിച്ചു കീഴടക്കിയപ്പോള്‍ തകര്‍ക്കപ്പെട്ടു. BC 539-ല്‍ യുഫ്രാടീസ് നദിയിലൂടെ നടത്തിയ ഒരു സൈനീക മുന്നേറ്റത്തില്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന സൈറസ് ബാബിലോണ്‍ കീഴ്പ്പെടുത്തി. പിന്നീട് ഒരു ഉത്തരവിലൂടെ ജൂതന്മാരടക്കമുള്ള തദ്ദേശിയര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചു വരാനും ജറുസലം നഗരത്തില്‍ തകര്‍ക്കപ്പെട്ട ജൂതദേവാലയം പുതുക്കി പണിയാനുള്ള അനുവാദം നല്‍കുകയും ചെയ്തു.
രണ്ടു നൂറ്റാണ്ടോളം തലയുയര്‍ത്തി നിന്ന പേര്‍ഷ്യന്‍ സാമ്രാജ്യം അസ്തമിക്കുന്നത് BC 331 - ല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ ആക്രമണത്തോട് കൂടിയാണ്. ഗ്രീക്കുകാര്‍ ശലമോന്റെ അമ്പലത്തില്‍ സിയുസ് ദേവന്റെ പ്രതിമ സ്ഥാപിക്കുകയും തങ്ങളുടെ വിശ്വാസപ്രകാരം പന്നികളെ ബലിയര്‍പ്പിക്കാന്‍ ആരംഭിക്കുകയും ചെയ്തു. അതോടെ ജൂതന്മാരും ഗ്രീക്കുകാരും തമ്മില്‍ രക്തരൂഷിതമായ ഏറ്റുമുട്ടലുകള്‍ ആരംഭിച്ചു. BC 165 - ല്‍ ജൂതന്മാര്‍ ഗ്രീക്കുകാരില്‍ നിന്നും അമ്പലം തിരിച്ചു പിടിച്ചു.
AD - 70 ല്‍ റോമാ ചക്രവര്‍ത്തിയായ ടൈറ്റസ് ജറുസലേം ആക്രമിക്കുകയും പുതുക്കി പണിത രണ്ടാം അമ്പലം തകര്‍ക്കുകയും ചെയ്തു. ഒന്ന് രണ്ടു നൂറ്റാണ്ടുകളിലായി റോമാക്കാരുമായി നടത്തിയ മൂന്നു യുദ്ധങ്ങള്‍ ജൂതരെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ചിതറി തെറിപ്പിച്ചു.
നിരന്തരമായ അധിനിവേശങ്ങള്‍ ഈ പ്രദേശത്തെ ജനതയെ ഒരു പ്രത്യേക സമുദായമായി മാറ്റുകയായിരുന്നു. കാനാന്‍ എന്ന തായ് വൃക്ഷത്തില്‍ പടര്‍ന്നു കയറിയ നിരവധി സംസ്കാരങ്ങള്‍'! ക്രിസ്തു മതം സ്വീകരിച്ച പ്രാചീനഗോത്രങ്ങളും, ഗ്രീസില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും റോമില്‍ നിന്നുമുള്ള യോദ്ധാക്കളുടെ തലമുറകളും, അറബി സഞ്ചാരികളുടെ പിന്മുറക്കാരുമടങ്ങുന്ന സങ്കരസമുദായം മുന്തിരിക്കൃഷിയുടെ ഏകമാനസ്വത്വത്തില്‍ ഒരുമപ്പെട്ടു.
ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ ഇസ്ലാം മതം ഉദയം ചെയ്തു. മുഹമ്മദു നബിയുടെ കാലഘട്ടത്തിലും, റാഷിദുന്‍ ഖലിഫാമാരുടെ കാലത്തും തുടര്‍ന്ന് ഉമയ്യാദ് ഖലിഫമാരുടെ കീഴിലും ഇസ്ലാം സാമ്രാജ്യം ക്രമാനുഗതമായ വളര്‍ച്ച കൈ വരിച്ചതോടെ റോമാസാമ്രാജ്യത്തിന്റെ പതനവും ആരംഭിച്ചു. ഏഴാം നൂറ്റാണ്ടില്‍ തന്നെ റോമാക്കാരില്‍ നിന്നും പലസ്തിന്‍ അടങ്ങുന്ന പ്രദേശം ഖലിഫ ഉമ്മര്‍ പിടിച്ചെടുത്തു. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനങ്ങളുണ്ടായി. മിശ്രവിവാഹങ്ങളും കുടിയേറ്റങ്ങളുമുണ്ടായി. പതിയെ പതിയെ കാനാന്‍ സമുദായം ഇസ്ലാം മതത്തിനും അറബിഭാഷയ്ക്കും വഴിമാറി. ഫലസ്തിന്‍ എന്ന അറബ് നാമം ഈ പ്രദേശം സ്വീകരിക്കുകയും ചെയ്തു.
പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ജറുസലേം പിടിച്ചെടുക്കാനുള്ള ഉദ്ദേശ്യത്തോടെ യൂറോപ്പിലെ റോമന്‍ കത്തോലിക്കര്‍ തുടങ്ങിയ കുരിശുയുദ്ധങ്ങള്‍ ശക്തി പ്രാപിക്കുന്നത്. മുസ്ലിങ്ങളും ജൂതന്മാരും ഒരുപോലെ ആക്രമിക്കപ്പെട്ടു. 1453 - ല്‍ മെഹമെദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റ്നോപ്പിള്‍ പിടിച്ചടക്കിയതോടെ ജറുസലം കീഴടക്കുന്നത് കുരിശു യുദ്ധ പോരാളികളെ സംബന്ധിച്ചടത്തോളം തികച്ചും അപ്രാപ്യമായ ലക്ഷ്യമായിത്തീര്‍ന്നു. അതോടെ തുര്‍ക്കികളുടെ അധീശത്വത്തില്‍ ഓട്ടോമന്‍ സാമ്രാജ്യം രൂപികൃതമായി. 1516 - ല്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വന്‍കരകളിലായി വ്യാപിച്ചു കിടന്ന ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി പലസ്തിന്‍ മാറി. 1917 - ല്‍ സഖ്യശക്തികളോട് പരാജയപ്പെടുന്നത് വരെ പലസ്തിന്റെ മേലുള്ള ആധിപത്യം തുര്‍ക്കി തുടര്‍ന്നു. ഒന്നാം ലോകമഹായുദ്ധം മുതല്‍ സഖ്യശക്തികളുടെ - പ്രധാനമായും ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സാമ്രാജ്യത്വതാല്പര്യങ്ങളാണ് പലസ്തീന്റെ ഭാഗധേയം നിര്‍ണ്ണയിച്ചിരുന്നത്.
രണ്ടാം നൂറ്റാണ്ടില്‍ റോമക്കാരാല്‍ ആട്ടിയോടിക്കപ്പെട്ടതുമുതല്‍, ജൂതചരിത്രം നിരന്തരമായ നായാടപ്പെടലുകളുടെ കഥയാണ്. കുരിശു യുദ്ധങ്ങളുടെ തുടര്‍ച്ചയായി 1096 - ല്‍ ജര്‍മ്മനിയിലും ഫ്രാന്‍സിലും പിന്നീട് 1189 -ല്‍ ലണ്ടനിലും ന്യൂ യോര്‍ക്കിലും കൂട്ടക്കൊല ചെയ്യപ്പെട്ടു. പതിനൊന്നാം നൂറ്റാണ്ടില്‍ ഇസ്ലാമിക് സ്പെയിന്‍ അവരെ വേട്ടയാടി. 1033 , 1276 , 1465 വര്‍ഷങ്ങളില്‍ മൊറോക്കോയില്‍ ആയിരക്കണക്കിന് ജൂതന്മാര്‍ മുസ്ലിങ്ങളാല്‍ കൊല്ലപ്പെട്ടു. പതിന്നാലാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ പ്ലേഗ് ബാധ ജനസംഖ്യയുടെ പകുതിയോളം പേരെയാണ് തുടച്ചു നീക്കിയത്. താരതമ്യേന വൃത്തിയുള്ള ജീവിതം പുലര്‍ത്തിയിരുന്ന ജൂതന്മാരില്‍ രോഗബാധ കുറവായത് അവര്‍ക്ക് വിനാശകരമായി. രോഗബാധയ്ക്ക് കാരണം ജൂതരുടെ ആഭിചാരമാണെന്ന് ആരോപിക്കപ്പെട്ടു. വിവിധ യൂറോപ്പ്യന്‍ നഗരങ്ങളില്‍ ജൂതകശാപ്പു പതിവായി. 1506 - ല്‍ പോര്‍ച്ചുഗീസില്‍ ഉണ്ടായ കൃഷിനാശത്തിനും ജൂതന്മാര്‍ വലിയ വില കൊടുക്കേണ്ടി വന്നു. മൂന്നു ദിവസം കൊണ്ട് ലിസ്ബണ്‍ നഗരത്തിലെ മുഴുവന്‍ ജൂതന്മാരും ഇല്ലായ്മ ചെയ്യപ്പെട്ടു. പതിനഞ്ചു പതിനാറു നൂറ്റാണ്ടുകളില്‍ ഉക്രയിനിലെ കോസാക്കുകളും പതിനായിരക്കണക്കിനു ജൂതന്മാരെ കൊന്നൊടുക്കി ചരിത്രത്താളുകള്‍ക്ക് തങ്ങളുടേതായ സംഭാവന സമര്‍പ്പിച്ചു.
രണ്ടാം നൂറ്റാണ്ടില്‍ റോമക്കാരാല്‍ ആട്ടിയോടിക്കപ്പെട്ടതുമുതല്‍, ജൂതചരിത്രം നിരന്തരമായ നായാടപ്പെടലുകളുടെ കഥയാണ്. കുരിശു യുദ്ധങ്ങളുടെ തുടര്‍ച്ചയായി 1096 - ല്‍ ജര്‍മ്മനിയിലും ഫ്രാന്‍സിലും പിന്നീട് 1189 -ല്‍ ലണ്ടനിലും ന്യൂ യോര്‍ക്കിലും കൂട്ടക്കൊല ചെയ്യപ്പെട്ടു. പതിനൊന്നാം നൂറ്റാണ്ടില്‍ ഇസ്ലാമിക് സ്പെയിന്‍ അവരെ വേട്ടയാടി. 1033 , 1276 , 1465 വര്‍ഷങ്ങളില്‍ മൊറോക്കോയില്‍ ആയിരക്കണക്കിന് ജൂതന്മാര്‍ മുസ്ലിങ്ങളാല്‍ കൊല്ലപ്പെട്ടു. പതിന്നാലാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ പ്ലേഗ് ബാധ ജനസംഖ്യയുടെ പകുതിയോളം പേരെയാണ് തുടച്ചു നീക്കിയത്. താരതമ്യേന വൃത്തിയുള്ള ജീവിതം പുലര്‍ത്തിയിരുന്ന ജൂതന്മാരില്‍ രോഗബാധ കുറവായത് അവര്‍ക്ക് വിനാശകരമായി. രോഗബാധയ്ക്ക് കാരണം ജൂതരുടെ ആഭിചാരമാണെന്ന് ആരോപിക്കപ്പെട്ടു. വിവിധ യൂറോപ്പ്യന്‍ നഗരങ്ങളില്‍ ജൂതകശാപ്പു പതിവായി. 1506 - ല്‍ പോര്‍ച്ചുഗീസില്‍ ഉണ്ടായ കൃഷിനാശത്തിനും ജൂതന്മാര്‍ വലിയ വില കൊടുക്കേണ്ടി വന്നു. മൂന്നു ദിവസം കൊണ്ട് ലിസ്ബണ്‍ നഗരത്തിലെ മുഴുവന്‍ ജൂതന്മാരും ഇല്ലായ്മ ചെയ്യപ്പെട്ടു. പതിനഞ്ചു പതിനാറു നൂറ്റാണ്ടുകളില്‍ ഉക്രയിനിലെ കോസാക്കുകളും പതിനായിരക്കണക്കിനു ജൂതന്മാരെ കൊന്നൊടുക്കി ചരിത്രത്താളുകള്‍ക്ക് തങ്ങളുടേതായ സംഭാവന സമര്‍പ്പിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജൂതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തി. ജര്‍മ്മനിയില്‍ തുടങ്ങിയ അതിക്രമങ്ങള്‍ ഡെന്മാര്‍ക്ക്, പോളണ്ട്, ബോഹിമിയ, ലാത്വിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് അതിവേഗം വ്യാപിച്ചു. സാര്‍ ചക്രവര്‍ത്തിമാരുടെ റഷ്യന്‍ സാമ്രാജ്യത്തില്‍ ജൂതവേട്ട പതിവായി.സിറിയയിലും ഇറാഖിലും പേര്‍ഷ്യയിലും കൂട്ടക്കൊലകള്‍ അരങ്ങേറി.
"ഞാന്‍ ഈ ലഘുലേഖയില്‍ വിവരിച്ചിരിക്കുന്ന ആശയം അതിപുരാതനമായ ഒന്നാണ് - ജൂതരുടെ വിശുദ്ധഭൂമി പുനര്‍നിര്‍മ്മിക്കുക" 1895 - ല്‍ പുറത്തിറങ്ങിയ ജൂതരാഷ്ട്രം എന്ന പുസ്തകത്തില്‍ സയണിസ്റ്റ് സ്ഥാപകനായ തിയോദാര്‍ ഹെര്‍സല്‍ എഴുതി.
"ഞാന്‍ മനസ്സിലാക്കുന്നത് ജൂതരുടെ പ്രശ്നം മതപരമോ സാമൂഹികമോ അല്ലെന്നാണ്. അത്തരത്തിലുള്ള പലവിധ മാനങ്ങള്‍ അത് കൈവരിക്കുന്നുണ്ടെങ്കിലും, അതൊരു ദേശീയപ്രശ്നമാണ്. ലോകത്തിലെ സംസ്കാരസമ്പന്നരായ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ പാകത്തില്‍ നാം അതിനെ ഒരു അന്തര്‍ദേശീയ രാഷ്ട്രീയപ്രശ്നമായി ഉയര്‍ത്തിക്കാട്ടുകയും വേണം. "
"നമ്മുടെ പിതാക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടി ലോകത്തിലെ വിവിധ ദേശീയതകളുമായി കഴിയും വിധം ഇഴുകി ചേര്‍ന്ന് ജീവിക്കുന്നതിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. നാമും വിനീതവിധേയരായ ദേശസ്നേഹികളായിരുന്നു. ജീവിച്ചിരുന്ന നാടുകളില്‍ മറ്റുള്ളവര്‍ ചെയ്തത് പോലെ ജൂതരും തങ്ങളുടെ ജീവനും സ്വത്തും ത്യജിച്ചിട്ടുണ്ട്. ശാസ്ത്രത്തിലും കലയിലും രാജ്യത്തിന്‍റെ പ്രശസ്തി വര്‍ധിപ്പിക്കാനും, കച്ചവടത്തിലൂടെ രാജ്യത്തിന്റെ സമ്പത്ത് സ്വരുക്കൂട്ടാനും ജൂതരും അഹോരാത്രം പ്രയത്നിച്ചിട്ടുണ്ട്. എന്നിട്ടും നൂറ്റാണ്ടുകളായി നാം ജീവിച്ചിരുന്ന നാടുകളില്‍ അന്യഗ്രഹജീവികളെ പോലെ നാം പരിഗണിക്കപ്പെട്ടു. തിരസ്കാരികളുടെ പൂര്‍വികര്‍ കാലു കുത്തുന്നതിനും എത്രയോ മുന്‍പേ അത്തരം നാടുകളില്‍ ജൂതരുടെ നെടുവീര്‍പ്പുകള്‍ പരിചിതമായിരുന്നു!!"
"അടിച്ചമര്‍ത്തലുകളും ആട്ടിപ്പായിക്കലുകളും കൊണ്ട് നമ്മെ ഉന്മൂലനാശം വരുത്താന്‍ കഴിയില്ല. നമ്മളുനുഭവിച്ചതു പോലെ ദുരിതങ്ങളും സമരങ്ങളും ലോകത്ത് മറ്റൊരു ജനതയും അനുഭവിച്ചിട്ടുമില്ല. ജൂതവേട്ട കൊണ്ട് നമ്മുടെ പതിര് തെളിഞ്ഞേയുള്ളൂ. ആട്ടിപ്പായിക്കപ്പെടുന്തോറും നമ്മുടെ ഇടയിലെ ശക്തര്‍ സ്വത്വത്തിലേക്ക് തിരികെ വരും. പലസ്തിന്‍ ചരിത്രപരമായി നമ്മുടെ മറക്കാനാവാത്ത ജന്മദേശമാണ്...''
1901 - ല്‍ തിയോഡര്‍ ഹെര്‍സല്‍ ജൂതദേശിയനിധി (Jewish National Fund) രൂപികരിച്ചു. പലസ്തിനിലെ ഭൂമി വാങ്ങിക്കൂട്ടുന്നതിനുള്ള ധനസമാഹരണമായിരുന്നു ലക്‌ഷ്യം. ലോകത്തെമ്പാടുമുള്ള ജൂതപ്രവാസമേഖലകളില്‍ നീലനിറത്തിലുള്ള സംഭാവനപ്പെട്ടികള്‍ സ്ഥാപിച്ചു. ഈ നീലപ്പെട്ടികള്‍ ഇന്നും സയണിസത്തിന്റെ ഏറ്റവും ശക്തമായ ബിംബങ്ങളിലൊന്നാണ്.
1858 - ലാണ് ഓട്ടോമന്‍ ഭൂനിയമം നിലവില്‍ വന്നത്. അന്നുവരെ കര്‍ഷകന്റെതായിരുന്ന കൃഷിഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നതായിരുന്നു നിയമം. കീഴ്വഴക്കപ്രകാരം ഭൂമി തങ്ങളുടേത് മാത്രമാണെന്ന് വിശ്വസിച്ചിരുന്ന കര്‍ഷകര്‍ ഈ നിയമത്തെ അവഗണിച്ചു. സമൂഹത്തിലെ ഉന്നതരാവട്ടെ, എല്ലാ സ്വധീനവുമുപയോഗിയിച്ചു കഴിയുന്നത്ര ഭൂമി രജിസ്റ്റര്‍ ചെയ്തു തങ്ങളുടെതാക്കി. ഈ ഭൂവുടമകളുടെ കൈയ്യില്‍ നിന്നും ജൂതദേശിയനിധി വന്‍തോതില്‍ ഭൂമി വിലയ്ക്ക് വാങ്ങാന്‍ തുടങ്ങി.
ജൂതദേശിയനിധി ഭൂമി സമാഹരിച്ചതിലൂടെ ഉദ്ദേശിച്ചത് ലോകത്തെമ്പാടുമുള്ള വേട്ടയാടപ്പെടുന്ന ജൂതസമൂഹത്തിന് ഒരു ജീവിതമാര്‍ഗ്ഗം മാത്രമല്ല. ഒരു രാജ്യം തന്നെയായിരുന്നു. വാങ്ങിക്കൂട്ടുന്ന ഭൂമി അറബികള്‍ക്ക് തിരിച്ചു വില്‍ക്കാനോ പാട്ടത്തിനു കൊടുക്കാനോ പാടില്ലെന്ന് വ്യവസ്ഥ ചെയ്തു. സ്വാഭാവികമായും അറബികള്‍ പ്രതിരോധിക്കുകയും സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. നിരന്തരമായ പീഡനങ്ങള്‍ക്ക് വിധേയമായിരുന്ന ഒരു സമുദായം ചവുട്ടി നില്‍ക്കാന്‍ അല്പം മണ്ണ് കിട്ടിയതോടെ ശപ്തമായ ഭൂതകാലത്തിലേക്ക് തിരിച്ചു പോവാന്‍ തയ്യാറല്ലെന്ന് തീരുമാനിച്ചു. വര്‍ഷങ്ങളോളം കൃഷിചെയ്തു ജീവിച്ച മണ്ണില്‍ നിന്നും അറബ് കര്‍ഷകര്‍ കുടിയിറക്കപ്പെട്ടു.
ഇസ്രായേലിന്റെ ആദ്യ പ്രസിഡന്റ് ആയിരുന്ന ചായിം വെയിസ്മന്‍ ഒരു രസതന്ത്രന്ജന്‍ കൂടിയായിരുന്നു. വെടിക്കോപ്പുകളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസെറ്റോണ്‍ വേര്‍തിരിക്കുന്നത് അദ്ദേഹമാണ്. ഈ കണ്ടുപിടുത്തമാണ് ബ്രിട്ടീഷ് കോളനിഭരണത്തിലെ അതികായരായിരുന്ന ലോയ്ഡ് ജോര്‍ജ്, ബാല്‍ഫോര്‍ പ്രഭു എന്നിവരിലേക്ക് അദ്ദേഹത്തെ അടുപ്പിക്കുന്നത്. ഈ അടുപ്പം ബ്രിട്ടീഷ് ഭരണാധികാരികളില്‍ ഒരു ജൂതാനുകൂലനിലപാട് വളര്‍ത്താന്‍ അദ്ദേഹത്തെ സഹായിച്ചു. ഒന്നാം ലോക മഹായുദ്ധത്തില്‍ അമേരിക്കയുടെ പിന്തുണ ഉറപ്പു വരുത്തുന്നതിന് ജൂതാനുകൂലനിലപാടുകള്‍ സഹായിക്കുമെന്നും ബ്രിട്ടീഷ് നേതൃത്വം കണക്കു കൂട്ടി.
1917 - ല്‍, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ബാല്‍ഫോര്‍ പലസ്തിനില്‍ ഒരു ജൂതരാജ്യം സ്ഥാപിക്കുന്നതില്‍ ബ്രിട്ടണ്‍ പ്രതിജ്ഞാബദ്ധമാണെന്ന പ്രഖ്യാപനം നടത്തി. ബ്രിട്ടീഷ് കോളനി ഭരണത്തില്‍ സജീവമായിരുന്ന ജൂതസാന്നിധ്യവും ഇത്തരമൊരു പ്രഖ്യാപനത്തിന് കാരണമായിട്ടുണ്ട്. പലസ്തിനിലെക്കുള്ള ജൂതകുടിയേറ്റം ത്വരിതഗതിയിലാക്കുന്ന നടപടിയായിരുന്നു അത്.
ബാല്‍ഫോര്‍ പ്രഖ്യാപനം നടക്കുന്നതിനും വളരെ മുന്‍പ് തന്നെ ജൂത രാഷ്ട്രം എന്ന സങ്കല്പത്തെ കുറിച്ച് ബ്രിട്ടന്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചിരുന്നു. 1903 - ല്‍ ബ്രിട്ടീഷ് കോളനി ജൂതന്മാര്‍ക്ക് ആഫ്രിക്കയില്‍ 13000 ചതുരശ്ര കിലോമീറ്റര്‍ വാഗ്ദാനം ചെയ്തു. ഇന്നത്തെ കെനിയയും ഉഗാണ്ടയും ഉള്‍പ്പെടുന്ന പ്രദേശമായിരുന്നു അത്. എന്നാല്‍ 'വിശുദ്ധ ഭൂമി'യ്ക്ക് പകരം സ്വീകരിക്കാന്‍ സയണിസ്റ്റ് നേതൃത്വം തയ്യാറായില്ല. സയണിസത്തിന്റെ നിലപാടുകള്‍ ഭൂരിഭാഗം വരുന്ന ജൂതന്മാരെ പ്രതിനിധീകരിക്കുന്നതുമായിരുന്നില്ല. വിശുദ്ധ ഭൂമിക്കു വേണ്ടിയുള്ള കരുനീക്കങ്ങള്‍ നടക്കുമ്പോള്‍ അവര്‍ നിര്‍ബാധം അമേരിക്കയിലേക്കും അര്‍ജെന്റിനയിലെക്കും കുടിയേറ്റം നടത്തിക്കൊണ്ടിരുന്നു.
ഒന്നാം ലോകമഹായുദ്ധസമയത്തു തന്നെ അറബ് മേഖലയിലെ നിയന്ത്രണം മക്ക ശരീഫിനു ബ്രിട്ടീഷ് കോളനി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ മേഖലയിലെ ഏതാനും പ്രദേശങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഫ്രെഞ്ച് കോളനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ലെബനോനും ജൂതരാഷ്ട്രത്തിനു വേണ്ടി നീക്കിവെച്ചിരുന്ന പ്രദേശങ്ങളുമാണ് ഒഴിവാക്കപ്പെട്ടത്. യുദ്ധാനന്തരം ബ്രിട്ടീഷ് അധീനതയിലായ അറബ് ഭൂമിയില്‍ ഭരണം നടത്തുന്നതിനുള്ള രൂപരേഖ 1922 - ല്‍ ബ്രിട്ടന്‍ തയ്യാറാക്കി. ഇതുപ്രകാരം മേഖല രണ്ടായി വിഭജിക്കപ്പെട്ടു. 'ജൂതരുടെ ജന്മഭൂമി' ഉള്‍പ്പെടുന്ന പലസ്തിന്‍ നേരിട്ട് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലും, 'ട്രാന്‍സ്ജോര്‍ദ്ദാന്‍' ബ്രിട്ടീഷ് മേല്‍നോട്ടത്തില്‍ ഹാഷിമൈറ്റ് രാജകുടുംബത്തിന്റെ ഭരണത്തിലുമായി. ലഭിച്ച വാഗ്ദാനം പൂര്‍ണ്ണമായും പാലിക്കപ്പെട്ടില്ലെങ്കില്‍ പോലും മക്ക ശരീഫ്, ഹുസൈന്‍ ബിന്‍ അലി, ജൂതരെ പലസ്തിനിലേക്ക് സ്വാഗതം ചെയ്യുകയാണുണ്ടായത്. 1946 - ല്‍ ജോര്‍ദ്ദാന്‍ സ്വതന്ത്രരാജ്യമായി.
1919 - ല്‍ ഫൈസല്‍ രാജകുമാരനും വെയിസ്മനും തമ്മില്‍ അറബ് - ജൂത സഹകരണ ഉടമ്പടി ഒപ്പുവെച്ചു. പലസ്തിനില്‍ ജൂതരാജ്യവും മധ്യ പൂര്‍വേഷ്യയില്‍ അറബ് സാമ്രാജ്യവും സ്ഥാപിക്കാനുള്ള ധാരണാപത്രമായിരുന്നു അത്.
ബാല്‍ഫോര്‍ പ്രഖ്യാപനത്തിനു ശേഷം ബ്രിട്ടിന്റെ ശക്തമായ സൈനീകസാന്നിധ്യത്തിന്റെ സഹായത്തില്‍ ജൂതര്‍ തങ്ങളുടെ അധിനിവേശമേഖല വിപുലപ്പെടുത്തി. മേഖലയിലെ തൊണ്ണൂറു ശതമാനം വരുന്ന അറബ് പ്രതിഷേധം ബ്രിട്ടീഷ് സേനയുടെ പിന്‍ബലമില്ലാതെ ചെറുക്കാനാവില്ലായിരുന്നു. 1921 - ല്‍ സയണിസ്റ്റ് ഓര്‍ഗനൈസെഷന് 'ജ്യുയിഷ് ഏജന്‍സി ഫോര്‍ പലസ്തിന്‍' എന്ന പേരില്‍ ഔദ്യോഗീക അംഗീകാരവും ജൂതമേഖലകളില്‍ ഭരണം നടത്താനുള്ള അനുമതിയും ലഭിച്ചു. സമാനമായി, 'അറബ് ഏജന്‍സി ഫോര്‍ പലസ്തിന്‍' രൂപികരിച്ചു അറബ് മേഖലകളില്‍ ഭരണം നടത്താനുള്ള നിര്‍ദ്ദേശം നിരാകരിക്കപ്പെട്ടു. 'തുല്യനീതിയിലെ അനീതി' ജനസംഖ്യയുടെ പത്തില്‍ ഒമ്പത് ഭാഗവും പ്രതിനിധാനം ചെയ്യുന്ന അറബ് വംശജര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. എതിരാളികളില്ലാത്ത മൈതാനത്ത് നിറഞ്ഞു കളിക്കാനുള്ള അവസരമാണ് ഇതുമൂലം ജൂതര്‍ക്ക് കൈ വന്നത്.
1919 - ല്‍ ഫൈസല്‍ രാജകുമാരനും വെയിസ്മനും തമ്മില്‍ അറബ് - ജൂത സഹകരണ ഉടമ്പടി ഒപ്പുവെച്ചു. പലസ്തിനില്‍ ജൂതരാജ്യവും മധ്യ പൂര്‍വേഷ്യയില്‍ അറബ് സാമ്രാജ്യവും സ്ഥാപിക്കാനുള്ള ധാരണാപത്രമായിരുന്നു അത്.
ബാല്‍ഫോര്‍ പ്രഖ്യാപനത്തിനു ശേഷം ബ്രിട്ടിന്റെ ശക്തമായ സൈനീകസാന്നിധ്യത്തിന്റെ സഹായത്തില്‍ ജൂതര്‍ തങ്ങളുടെ അധിനിവേശമേഖല വിപുലപ്പെടുത്തി. മേഖലയിലെ തൊണ്ണൂറു ശതമാനം വരുന്ന അറബ് പ്രതിഷേധം ബ്രിട്ടീഷ് സേനയുടെ പിന്‍ബലമില്ലാതെ ചെറുക്കാനാവില്ലായിരുന്നു. 1921 - ല്‍ സയണിസ്റ്റ് ഓര്‍ഗനൈസെഷന് 'ജ്യുയിഷ് ഏജന്‍സി ഫോര്‍ പലസ്തിന്‍' എന്ന പേരില്‍ ഔദ്യോഗീക അംഗീകാരവും ജൂതമേഖലകളില്‍ ഭരണം നടത്താനുള്ള അനുമതിയും ലഭിച്ചു. സമാനമായി, 'അറബ് ഏജന്‍സി ഫോര്‍ പലസ്തിന്‍' രൂപികരിച്ചു അറബ് മേഖലകളില്‍ ഭരണം നടത്താനുള്ള നിര്‍ദ്ദേശം നിരാകരിക്കപ്പെട്ടു. 'തുല്യനീതിയിലെ അനീതി' ജനസംഖ്യയുടെ പത്തില്‍ ഒമ്പത് ഭാഗവും പ്രതിനിധാനം ചെയ്യുന്ന അറബ് വംശജര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. എതിരാളികളില്ലാത്ത മൈതാനത്ത് നിറഞ്ഞു കളിക്കാനുള്ള അവസരമാണ് ഇതുമൂലം ജൂതര്‍ക്ക് കൈ വന്നത്.
അതേ സമയം ജൂതദേശിയനിധി പലസ്തിനില്‍ ഭൂമി വാങ്ങിക്കൂട്ടുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. ഒരു രാജ്യത്തിനകത്ത് കൃത്യമായ അതിര്‍ത്തികളില്ലാത്ത മറ്റൊരു രാജ്യം വളര്‍ന്നു. ജൂതരുടെ താല്‍പര്യങ്ങളെ കുറിച്ച് അറബികളും ബോധാവാന്മാരായിരുന്നു. അല്ലെങ്കില്‍ ജൂതരാജ്യം അവരുടെ ലക്‌ഷ്യം തന്നെയാണെന്ന് ജൂതര്‍ മറച്ചു വെച്ചില്ല. അറബികള്‍ക്കും ജൂതര്‍ക്കും ഒരുമിച്ചു തുടരാനാവില്ലെന്ന് അവര്‍ തുറന്നു പറഞ്ഞുകൊണ്ടിരുന്നു. 1919 മുതല്‍ 1923 വരെ 40000 , 1923 മുതല്‍ 29 വരെ 82000 , 1929 മുതല്‍ 39 വരെ 250000 എന്ന തോതില്‍ പലസ്തിനിലേക്ക് ജൂതകുടിയേറ്റമുണ്ടായി.
"ഇന്ന് പലസ്തിനില്‍ നാലര ലക്ഷത്തില്‍ പരം ജൂതന്മാരുണ്ട്. ജൂതര്‍ക്ക് സ്വന്തമായി ഒരു ദേശം എന്ന ലക്‌ഷ്യം പൂര്‍ത്തികരിക്കപ്പെട്ടിരിക്കുന്നു. ജൂതരാജ്യം ഇനിയൊരിക്കലും ബ്രിട്ടന്റെ ബാധ്യതയല്ല." 1939 - ല്‍ ബ്രിട്ടന്‍ ധവളപത്രം പുറപ്പെടുവിച്ചു.
1936 - 39 കാലഘട്ടത്തില്‍ പലസ്തിനിയന്‍ അറബികള്‍ ശക്തമായ ചെറുത്തുനില്‍പ്പും പോരാട്ടവും നടത്തി. ബ്രിട്ടന്‍ ആ സ്വാതന്ത്ര്യസമരത്തെ ഉരുക്കുമുഷ്ടി കൊണ്ട് കീഴ്പ്പെടുത്തി. ഒരു രാജ്യമെന്ന നിലയില്‍ ഒന്നായി നില നില്‍ക്കാനുള്ള പലസ്തിന്റെ സാദ്ധ്യതകള്‍ ഈ കലാപത്തോടെ അവസാനിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് പത്തു ലക്ഷത്തിലധികം ജൂതര്‍ ബ്രിട്ടീഷ്/'/യു എസ് സൈനികര്‍ക്കൊപ്പം ചേര്‍ന്നുനിന്ന് പൊരുതി. നാസി അധിനിവേശ യൂറോപ്പില്‍ മാത്രം അറുപതു ലക്ഷത്തോളം ജൂതര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലേക്കും പലസ്തിനിലെക്കും കുടിയേറിയ ജൂതരുടെ വേരുകള്‍ യൂറോപ്പില്‍ അറ്റുപോയി. യുദ്ധാനന്തര യൂറോപ്പില്‍ അവശേഷിച്ച ജൂതരുടെ സ്ഥിതി അഭയാര്‍ഥികളെക്കാള്‍ കഷ്ടമായിരുന്നു. അവര്‍ ഏതാണ്ട് മുഴുവനായും പലസ്തീനിലേക്ക് കുടിയേറാന്‍ ആഗ്രഹിച്ചു. യുദ്ധാനന്തരപലസ്തിനു പറയാനുണ്ടായിരുന്നത് സ്വാഭാവീകമായും അനധികൃതകുടിയേറ്റങ്ങളുടെ കഥയായിരുന്നു.
യൂറോപ്പിലെ അവശിഷ്ട ജൂതര്‍ ചെറുബോട്ടുകളിലായി പലസ്തിനിലേക്ക് പലായനം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധത്തോടെ ശക്തി ക്ഷയിച്ചുതുടങ്ങിയ ബ്രിട്ടന്റെ താല്പര്യങ്ങളും മാറിത്തുടങ്ങിയിരുന്നു. ജൂതരുടെ താല്പര്യങ്ങളേക്കാള്‍ അറബ് രാജ്യങ്ങളുടെ എണ്ണസമ്പത്തില്‍ അവര്‍ കണ്ണുവെച്ചു തുടങ്ങി. ജൂത കുടിയേറ്റങ്ങള്‍ക്ക് നേരെ ബ്രിട്ടീഷ് കോളനി ശക്തമായ ഉപരോധങ്ങള്‍ ആരംഭിച്ചു. അതോടെ ബ്രിട്ടീഷ് കോളനിയില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള ഇസ്രായേലിന്റെ സമരങ്ങളും.
1948 മെയ് മാസത്തോടു കൂടി പലസ്തിനിലെ കോളനിവാഴ്ച അവസാനിപ്പിക്കാനുള്ള തീരുമാനം 1947 ഫെബ്രുവരി 18 നു തന്നെ ബ്രിട്ടണ്‍ പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരുടെ പിന്മാറ്റത്തിന് ശേഷമുള്ള പലസ്തിനെ വിഭജിക്കാനുള്ള പദ്ധതി, 1947 നവംബര്‍ 29 നു ഐക്യരാഷ്ട്രസംഘടന പൊതു സഭയില്‍ പ്രമേയമായി അവതരിപ്പിച്ചു. അതു പ്രകാരം ഒരു സ്വതന്ത്ര അറബ് രാജ്യവും, ഒരു സ്വതന്ത്ര ജൂതരാജ്യവും, യു എന്‍ നിയന്ത്രണത്തിലുള്ള ജരുസലെമും രൂപികരിക്കപ്പെടെണ്ടതായിരുന്നു. വിഭജനത്തിനു ശേഷം രൂപപ്പെടുന്ന ജൂതരാജ്യതിന്റെ പത്തു ശതമാനം പോലും അപ്പോഴും നിയമപരമായി ജൂതന്മാര്‍ കൈവശപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. അറബികള്‍ സ്വാഭാവികമായും അതൃപ്തരായിരുന്നു. ജൂതന്മാരും അതൃപ്തരായിരുന്നു. ഒരു സൈനീക നടപടിയിലൂടെ സ്വന്തമാക്കാമായിരുന്ന ഭൂമിയുടെ ഒരു ചെറിയ പങ്കു മാത്രമാണ് വിഭജനത്തിലൂടെ സാധ്യമായതെന്ന് അവരും കണക്കു കൂട്ടി. രാജ്യം വിട്ടുപോവുകയായിരുന്ന ബ്രിട്ടണാകട്ടെ വിഭജനപദ്ധതിക്ക് വലിയ പിന്തുണ നല്‍കിയതുമില്ല. ആംഗ്ലോ-അറബ് ബന്ധങ്ങളില്‍ ബ്രിട്ടണ്‍ കാര്യമായ പ്രതീക്ഷയര്‍പ്പിച്ചിരുന്ന സമയമായിരുന്നു അത്.
യു എന്‍ വിഭജന പദ്ധതിക്കെതിരെ പലസ്തിനില്‍ അഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1948 ഏപ്രില്‍ മാസത്തില്‍ ജോര്‍ദാന്‍, ഈജിപ്ത്, ഇറാഖ, സിറിയ, ലെബനോന്‍ എന്നീ അഞ്ചു രാജ്യങ്ങള്‍ ഉള്‍പ്പെട്ട അറബ് ലീഗ് പലസ്തിനില്‍ യുദ്ധം ആരംഭിച്ചു. പലസ്തിന്‍ ജനതയോടുള്ള സഹാനുഭൂതിയെക്കാള്‍ സ്ഥാപിതതാല്പര്യങ്ങളും അറബ് സമൂഹത്തില്‍ മേല്‍ക്കൈ നേടാനുള്ള മത്സരബുദ്ധിയുമാണ് വേണ്ടത്ര തയ്യാറെടുപ്പുകളില്ലാത്ത തിടുക്കത്തിലുള്ള സൈനീക നടപടിയ്ക്ക് ഈ രാജ്യങ്ങളെ പ്രേരിപ്പിച്ചത്. പലസ്തിനെ മൊത്തമായോ ചില്ലറയായോ തങ്ങളുടെ രാജ്യത്തിലേക്ക് ചേര്‍ക്കാമെന്ന് അയല്‍രാജ്യങ്ങള്‍ വ്യാമോഹിച്ചു. കൂട്ടത്തില്‍ താരതമ്യേന സജ്ജമായ ഒരു സേന ഉണ്ടായിരുന്നത് ജോര്‍ദ്ദാനിലെ അബ്ദുള്ള രാജാവിന് മാത്രമായിരുന്നു. ജൂതന്മാരോട് യുദ്ധം ചെയ്യുന്നതിനോടൊപ്പം വെസ്റ്റ് ബാങ്ക് ജോര്‍ദാനില്‍ ലയിപ്പിക്കാനുള്ള സമാന്തര ചര്‍ച്ചകളും അദ്ദേഹം അവരുമായി നടത്തി. അറബ് ലീഗില്‍ അബ്ദുള്ള രാജാവിനുള്ള മേല്‍ക്കൈ ഈജിപ്തിലെ ഫാറൂക്ക് രാജാവ് ആശങ്കയോടും അസൂയയോടുമാണ് നോക്കിക്കണ്ടത്. തെക്കന്‍ പലസ്തിനെ ഈജിപ്തില്‍ ലയിപ്പിക്കാംഎന്ന താല്‍പര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇറാഖും സിറിയയും ലബനോനും കണ്ണ് വെച്ചത് പലസ്തീനിലെ ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളില്‍ തന്നെ. പരസ്പരവിശ്വസമില്ലാത്ത ഒരു സംഘമായിരുന്നു അറബ് ലീഗ്. അവര്‍ പരസ്പരം അവിശ്വസിച്ചതിനെക്കാളുപരി പലസ്തിന്‍ ജനത അവരെ അവിശ്വസിച്ചു. പിറന്ന മണ്ണിനു വേണ്ടി പോരാടുന്ന ഒരു ജനത മറ്റൊരു അറബ് രാജ്യത്തിന് തങ്ങളുടെ ഭൂമി അടിയറവു വെക്കാന്‍ തയ്യാറല്ലായിരുന്നു.
അറബ് പലസ്തിനില്‍ അധിനിവേശം നടത്താനുള്ള അവസരമാണ് അതോടെ ഇസ്രായേലിനു കൈവന്നത്. ജനിക്കാനിരിക്കുന്ന ഒരു കൊച്ചുരാജ്യം അഞ്ചു അറബ് രാജ്യങ്ങള്‍ക്കെതിരെ നടത്തുന്ന പോരാട്ടങ്ങളെ ആവേശത്തോടെയും സഹാനുഭൂതിയോടെയും പാശ്ചാത്യമാധ്യമങ്ങള്‍ അവതരിപ്പിച്ചു. ഒരു വര്‍ഷത്തോളം നീണ്ട നിരന്തര കൂട്ടക്കൊലകള്‍ ഏഴു ലക്ഷത്തോളം പലസ്തിന്‍ അഭയാര്‍ഥികളെയാണ് സൃഷ്ടിച്ചത്. പകരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഏഴുലക്ഷം ജൂതന്മാര്‍ കുടിയേറുകയും ഇസ്രായേലിന്റെ അതിര്‍ത്തികളില്‍ പാര്‍പ്പുറപ്പിക്കുകയും ചെയ്തു. പലസ്തിന്‍ മേഖലയിലെ വീടുകള്‍ ബുള്‍ഡോസരുകള്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തുകയും കൃഷിയിടങ്ങള്‍ ചാമ്പലാക്കുകയും ചെയ്തു. അഭയാര്‍ഥികള്‍ക്ക് തിരിച്ചു വരാനുള്ള അവശേഷിപ്പുകള്‍ ഒന്നും ബാക്കി വെക്കാതെ.
1948 - ഡിസംബറില്‍ യു എന്‍ പ്രമേയം പാസ്സാക്കി. അഭയാര്‍ഥികള്‍ക്ക് വേണമെങ്കില്‍ പലസ്തിനിലേക്ക് തിരിച്ചു വരാം. അയല്‍ക്കാരുമായി സമാധാനപരമായി സഹവര്‍ത്തിക്കണം. ഏകപക്ഷീയമായ ഈ പ്രമേയത്തിന് കാരണം യു എന്നില്‍ അമേരിക്ക കൈ വരിച്ച അപ്രമാദിത്വവും അമേരിക്കന്‍ രാഷ്ട്രീയത്തിലും സമ്പദ്വ്യവസ്ഥയിലും ജൂതന്മാര്‍ക്കുണ്ടായ സ്വാധീനവുമാണ്.
1956 - ല്‍ ഇസ്രയേല്‍ ഈജിപ്തിനെ ആക്രമിച്ചു. ബ്രിട്ടനും ഫ്രാന്‍സും ഇരു രാജ്യങ്ങളോടും യുദ്ധത്തില്‍ നിന്നും പിന്തിരിയാന്‍ ആവശ്യപ്പെട്ട ശേഷം കെയ്റോയില്‍ ബോംബു ചെയ്യാനാരംഭിച്ചു. സൂയസ് കനാലിന്റെ ആധിപത്യം പിടിച്ചെടുക്കാന്‍ മൂന്നു ശക്തികളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയായിരുന്നു ഈ ആക്രമണത്തിന്റെ പിന്നില്‍..'. അതിന്റെ തുടര്‍ച്ചയായി സൂയസ് കനാല്‍ ദേശസാല്‍ക്കരിച്ചതായി ഈജിപ്ത് പ്രഖ്യാപിച്ചു. യുദ്ധത്തില്‍ വളരെയേറെ മുന്നേറിയെങ്കിലും സോവിയറ്റ് യുണിയന്റെ സമ്മര്‍ദ്ദഫലമായി ബ്രിട്ടനും ഫ്രാന്‍സിനും യുദ്ധത്തില്‍ നിന്നും പിന്തിരിയേണ്ടി വന്നു. ഈജിപ്തില്‍ നിന്നും പിന്‍മാറാതിരുന്ന ഇസ്രയേല്‍ ടിറാന്‍ ചാലിലൂടെ ഗതാഗതം നടത്താനുള്ള അവകാശം നേടിയെടുത്തു.
1967 ജൂലൈ അഞ്ചാം തീയതി ഇസ്രായില്‍ ഈജിപ്തിന് മേല്‍ വ്യോമാക്രമണം ആരംഭിച്ചു. അതിനു തുടര്‍ച്ചയായി ജോര്‍ദാന്‍ അധീന വെസ്റ്റ് ബാങ്കിലും സിറിയന്‍ പ്രവിശ്യകളിലും ബോംബുവര്‍ഷം നടത്തി. വെറും ആറു ദിവസം നീണ്ടു നിന്ന യുദ്ധത്തിനൊടുവില്‍ ഈജിപ്തില്‍ നിന്ന് ഗാസയും സിനായി മുനമ്പും, ജോര്‍ദാനില്‍ നിന്ന് വെസ്റ്റ് ബാങ്കും കിഴക്കന്‍ ജറുസലവും , സിറിയയില്‍ നിന്ന് ഗോലാന്‍ കുന്നുകളും പിടിച്ചടക്കി. യുദ്ധത്തിനു ശേഷം 1300 ലധികം പലസ്തിനിയന്‍ വീടുകള്‍ ഇടിച്ചു നിരത്തി. മൂന്നു ലക്ഷത്തിലധികം പേരെ തടവുകാരാക്കി.
1973 ലെ റമദാനില്‍ ജൂതന്മാരുടെ പുണ്യദിനമായ യോം കിപ്പുരില്‍ സോവിയറ്റ് പിന്തുണയോടെ ഈജിപ്റ്റ് സിറിയ സഖ്യസേന ഇസ്രയേല്‍ ആക്രമിച്ചു. തുടക്കത്തില്‍ വിജയം കണ്ടെങ്കിലും അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ തിരിച്ചടിച്ചു. ഇസ്രയേല്‍ സേന ദാമാസ്കസിനു 40 കിലോമീറ്ററും കെയ്റോയ്ക്ക് 100 കിലോമീറ്ററും അടുത്തെത്തുന്നത് വരെ മുന്നേറി. വന്‍ശക്തികള്‍ തമ്മിലുള്ള യുദ്ധത്തിലേക്ക് വഴിമാറുമായിരുന്ന ഈ ഏറ്റുമുട്ടല്‍ ഇരുപതാം ദിവസം യു എന്‍ ഇടപെട്ടു വെടി നിര്‍ത്തിച്ചു. യുദ്ധത്തിനു ശേഷം ഈജിപ്ത് സോവിയറ്റ് ചേരിയില്‍ നിന്നും വ്യതിചലിച്ചു.
1978 സെപ്റ്റംബര്‍ 17 നു ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തും ഇസ്രയേല്‍ പ്രധാനമന്ത്രി മനാകെം ബെഗിനും തമ്മില്‍ ക്യാമ്പ് ഡേവിഡ് ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഈ ഉടമ്പടി ഇരുവരെയും സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു അര്‍ഹരാക്കി. ഇസ്രായിലിനെ സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിക്കുന്ന ആദ്യത്തെ അറബ് രാജ്യമായി ഈജിപ്ത് മാറി. ഗാസയിലും വെസ്റ്റ് ബാങ്കിലും സ്വയം ഭരണം ഇസ്രയേല്‍ അംഗീകരിച്ചു. സിനായി കുന്നുകള്‍ ഉപാധികളോടെ ഈജിപ്തിന് വിട്ടു കൊടുത്തു. രണ്ടു രാജ്യങ്ങള്‍ക്കും അമേരിക്കയുടെ സൈനീക സാമ്പത്തീക സഹായങ്ങള്‍..', അമേരിക്കയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാനുള്ള കരാറുകള്‍. തുടങ്ങിയവയും ഉടമ്പടിയുടെ ഭാഗമായിരുന്നു.
1948 - ലെ വിഭജനത്തോടെ തന്നെ പലസ്തിനില്‍ വിവിധ സ്വാതന്ത്ര്യസമരസംഘടനകള്‍ ഉദയം ചെയ്യാന്‍ തുടങ്ങി. പലസ്തിന്റെ സ്വതന്ത്രനിര്‍ണ്ണയാവകാശവും പരമാധികാരവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരുപിടി സംഘടനകള്‍ പലസ്തിനിലും ഇസ്രായേലിലും ചുറ്റുമുള്ള അറബ് രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്നു. 1959 - ല്‍ 'ഫത്താ', 1964 - ല്‍ PLO , 1967 - ല്‍ PFLP , 1967 - ല്‍ DFLP , 1970 - ല്‍ PIJ , 1987 - ല്‍ 'ഹമാസ്', 2000 - ല്‍ PRC എന്നിങ്ങനെ നിരവധി സംഘടനകളാണ് പലസ്തിന്റെ മോചനം ലക്ഷ്യമാക്കി രൂപം കൊണ്ടത്.'. കുട്ടികളെ കൊണ്ട് കല്ലെറിയിക്കുന്നത് മുതല്‍ വിമാനറാഞ്ചലും ചാവേര്‍ ആക്രമണങ്ങളും വരെ ഇവര്‍ നടപ്പിലാക്കുന്നു.
ഇസ്രയേല്‍ അധിനിവേശത്തിനെതിരെ 1987 - ല്‍ പൊട്ടിപ്പുറപ്പെട്ട ലഹളയാണ് ഒന്നാം ഇന്തിഫാദ എന്ന പേരില്‍ അറിയപ്പെടുന്നത്. അഹിംസാത്മകമായ നിസ്സഹകരണമായിരുന്നു തുടക്കത്തില്‍ ഒന്നാം ഇന്തിഫാദയുടെ മുഖമുദ്ര. പൊതുപണിമുടക്കുകള്‍, ഇസ്രായേലി ഉല്‍പ്പന്നങ്ങളുടെ ബഹിഷ്കരണം, നികുതി നിഷേധം, തെരുവ്പ്രകടനങ്ങള്‍, ചുമരെഴുത്തുകള്‍ തുടങ്ങിയ സമരമാര്‍ഗ്ഗങ്ങളിലൂടെ വിഘടിച്ചു നിന്നിരുന്ന പലസ്തിനി ഗ്രൂപ്പുകള്‍ സ്വതന്ത്രപലസ്തിന്‍ എന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി അണി ചേര്‍ന്നു. എന്നാല്‍ 1993 - ല്‍ കലാപം അവസാനിക്കുമ്പോഴേക്കും വിവിധഗ്രൂപ്പുകള്‍ തമ്മിലുള്ള ഭിന്നതകള്‍ പുറത്തു വരികയും അഹിംസാമാര്‍ഗ്ഗം കൈവെടിയുകയും ചെയ്തിരുന്നു.
1993 - യില്‍ ഇസ്രയേല്‍ ഗവണ്മെന്റും PLO യും തമ്മില്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ ഓസ്ലോ ഉടമ്പടിയില്‍ ഒപ്പു വെച്ചു. ഈ ഉടമ്പടി പ്രകാരം പലസ്തിനില്‍ ഒരു താല്കാലീക ഗവന്മേന്റ്റ് ഉണ്ടാക്കാനുള്ള സാഹചര്യമുണ്ടായി. ഗാസയിലേയും വെസ്റ്റ് ബാങ്കിലേയും ചില പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സേനാപിന്മാറ്റവും ഉടമ്പടിയുടെ ഭാഗമായിരുന്നു. PLO ഇസ്രയേലിനെ അംഗീകരിക്കുകയും പിന്മാറ്റപ്രദേശങ്ങളിലെ സുരക്ഷ ഉറപ്പു വരുത്താനുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തു. പലസ്തിനിലെ താല്‍കാലിക ഗവന്മേന്റ്റ് അഞ്ചു വര്‍ഷത്തേക്ക് തുടരണമെന്നും അതിനിടയില്‍ ഒരു സ്ഥിര സംവിധാനം ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്നുമായിരുന്നു മറ്റൊരു വ്യവസ്ഥ.
ഓസ്ലോ സമാധാന ഉടമ്പടിയെ തുടര്‍ന്ന് 1995 - ല്‍ യിസാക് റാബിന്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഉടമ്പടിക്ക് ശേഷം തുടര്‍ സമാധാനചര്‍ച്ചകള്‍ക്കും നയതന്ത്ര ബന്ധങ്ങള്‍ക്കും അവസരമൊരുങ്ങി. ജറുസലെമിന്റെ അവകാശം, അതിര്‍ത്തികള്‍, പലസ്തിന്‍ അഭയാര്‍ഥികള്‍, ഇസ്രയേല്‍ അധിനിവേശം, രാജ്യസുരക്ഷ, ജലവിനിയോഗം എന്നിങ്ങനെ ഇസ്രയേല്‍ പലസ്തിന്‍ തര്‍ക്കത്തിലെ പ്രധാനപ്രശ്നങ്ങളെല്ലാം നയതന്ത്ര ചര്‍ച്ചയ്ക്കു വിധേയമായി.
2000 - ലെ ക്യാമ്പ് ഡേവിഡ് ഉച്ചകോടി പ്രശ്നപരിഹാരത്തിന് നിര്‍ണ്ണായക വഴിത്തിരിവാകുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് അന്നത്തെ പ്രതിപക്ഷ നേതാവും, ലികുഡ് പാര്‍ട്ടി നേതാവുമായിരുന്ന ഏരിയല്‍ ഷാരോണ്‍ ആയിരത്തോളം അനുയായികളുമായി അല്‍ അഖ്‌സ പള്ളി നില കൊള്ളുന്ന കിഴക്കന്‍ ജറുസലേമിലെ temple mount സന്ദര്‍ശിക്കുകയും പ്രകോപനപരമായി പ്രസംഗിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് രണ്ടാം ഇന്തിഫാദ പൊട്ടിപുറപ്പെട്ടു.
2006 ജനുവരിയില്‍ പലസ്തിന്‍ അസ്സെംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചു. ഇസ്രയേലിനെ അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും, പലസ്തിനെ മോചിപ്പിക്കാനുള്ള ജിഹാദ് തുടരുമെന്നും പലസ്തിന്‍ പ്രധാനമന്ത്രിയായി അവരോധിതനായ ഇസ്മയേല്‍ ഹനിയ പ്രഖ്യാപിച്ചു. ഇതോടെ സാമ്പത്തീകവും നയതന്ത്രപരവുമായി ഒറ്റപ്പെട്ട പലസ്തിനു ഒരു പുതിയ പ്രതിച്ഛായ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ഇസ്മയില്‍ ഹനിയ രാജി വെച്ചു. 2007 - ല്‍ ഹമാസ്, ഫാത്ത, മറ്റു പലസ്തിന്‍ ഗ്രൂപ്പുകള്‍ എന്നിവയില്‍ നിന്നൊക്കെ പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് ഹനിയയുടെ തന്നെ നേതൃത്വത്തില്‍ ഐക്യസര്‍കാര്‍ അധികാരത്തില്‍ വന്നു. എന്നാല്‍ ഫാത്ത ഹമാസ് തര്‍ക്കങ്ങള്‍ രൂക്ഷമാവുകയായിരുന്നു. 2007 ജൂണില്‍ ഹമാസ് ഗാസ പിടിച്ചെടുത്തു. തുടര്‍ന്ന് പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഹനിയ സര്‍ക്കാരിനെ പിരിച്ചു വിടുകയും പുതിയ പ്രധാനമന്ത്രിയായി സലാം ഫയദിനെ നിയമിക്കുകയും ചെയ്തു. ഈ നീക്കത്തെ ഹമാസ് അംഗീകരിക്കാതെ വന്നതോടെ പലസ്തിന്‍ അസ്സെംബ്ലിയുടെ ഭരണം വെസ്റ്റ് ബാങ്കില്‍ മാത്രമായി ചുരുങ്ങി. ഗാസ ഹമാസ് പോരാളികളുടെ കൈയ്യിലും. പരസ്പരം നിരാകരിക്കുന്ന രണ്ടു സര്‍ക്കാരുകളാണ് ഹമാസിന്റെ നേതൃത്വത്തില്‍ ഗാസയിലും ഫത്തായുടെ നേതൃത്വത്തില്‍ വെസ്റ്റ് ബാങ്കിലും ഭരണം നടത്തുന്നത്.
2012 നവംബര്‍ 29 : പലസ്തിന്‍ വിഭജനതിനുള്ള പദ്ധതിരേഖ അവതരിപ്പിച്ചതിന്റെ അറുപത്തഞ്ചാം വാര്‍ഷീകദിനത്തില്‍, വോട്ടവകാശമോ സ്ഥിരാംഗത്വമോ ഇല്ലാത്ത നിരീക്ഷകരാഷ്ട്രമായി ഐക്യരാഷ്ട്രസഭ പലസ്തിന്റെ പദവി ഉയര്‍ത്തി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പലസ്തിനിലേക്ക് ജൂതകുടിയേറ്റങ്ങള്‍ ആരംഭിച്ചപ്പോള്‍ അതിനു ന്യായീകരണമായ മുദ്രാവാക്യമാണ് "ഭൂമിയില്ലാത്ത മനുഷ്യര്‍ക്ക് മനുഷ്യരില്ലാത്ത ഭൂമി". എന്നാല്‍ ആ സമയത്ത് പലസ്തിനില്‍ ഏഴു ലക്ഷത്തോളം അറബ് വംശജര്‍ ഉണ്ടായിരുന്നു. അവിടേയ്ക്കാണ് വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും അവകാശവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഭൂമിയില്ലാത്ത ജനത പ്രവാസം ആരംഭിക്കുന്നത്. ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും ശരിതെറ്റുകള്‍ അന്വേഷിച്ചിറങ്ങുമ്പോള്‍ അതെത്ര അര്‍ത്ഥരഹിതമായ അന്വേഷണമാണെന്ന് മനസ്സിലാവും. യഥാര്‍ത്ഥവിഷയം വര്‍ത്തമാനകാലമനുഷ്യന്റെ നിലനില്‍ക്കാനുള്ള അവകാശം മാത്രമാണ്. ഇസ്രായേലിലും പലസ്തിനിലുമായി 68 ലക്ഷത്തില്‍ പരം ജൂതന്മാര്‍ ജീവിക്കുന്നു. 54 ലക്ഷത്തോളം അറബ് വംശജരും. നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരും അവരുടെ തലമുറകളുമായി 50 ലക്ഷത്തോളം പലസ്തിന്‍ അഭയാര്‍ഥികള്‍ ലോകത്തിന്റെ നാനാഭാഗത്തുമുണ്ട്. കൊല്ലുക അല്ലെങ്കില്‍ ഇല്ലാതാവുക എന്ന അവസ്ഥ വന്നു ചേരുന്ന രണ്ടു ജനതയും ലോകത്തിന്റെ സഹാനുഭൂതി അര്‍ഹിക്കുന്നു. ഒന്ന് മറ്റൊന്നിനെ നിരാകരിച്ചു കൊണ്ടുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ ഈ വിഷയത്തില്‍ സാധ്യവുമല്ല. ഭൂമിക്കു വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടം മനുഷ്യത്വപരമാവണം. എങ്കില്‍ മാത്രമേ ഭൂമി മനുഷ്യരുടെതാവുന്നുള്ളൂ.