Posts

പാസഞ്ചേഴ്‌സ്, അറ്റെൻഷൻ പ്ലീസ്..!

അപരിചിതമായ ഒരു മുറിയിൽ ഒറ്റയ്ക്കിരിക്കേണ്ടി വരുന്ന ഒരാളെ അയാളറിയാതെ നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ? അയാളെ നിങ്ങൾക്ക് യാതൊരു മുൻപരിചയവുമില്ല. അയാൾ ആരുമാകാം. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രവാസം തെരെഞ്ഞെടുത്ത ഒരു സാധുമലയാളിയോ, ഗുഹ്യഭാഗങ്ങളിൽ സ്വർണം ഒളിപ്പിച്ച് കടത്തുന്ന ഏജന്റോ, അതുമല്ലെങ്കിൽ ഗൂഢപദ്ധതികളുമായി എയർ പോർട്ടിനുള്ളിലേക്കു ഒളിച്ചു കടന്ന തീവ്രവാദി പോലുമാകാം. അയാളെ കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ല എന്നതു മാത്രമാണ് അയാളെ കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന ഒരേയൊരു കാര്യം. അതെന്തു തന്നെ ആയാലും, ഷിഫ്റ്റ് മാനേജർ എന്ന നിലയിൽ ഞാൻ ജോലി ചെയ്യുന്ന ബജറ്റ് എയർലൈൻസിന്റെ സൽപ്പേരും, എന്റെ ജോലിയും അടുത്ത ഒരു മണിക്കൂറിനുള്ളിൽ അയാളെ ഞാൻ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നനുസരിച്ചിരിക്കും.  ബോർഡിങ് പാസിൽ അയാളുടെ പേരെഴുതിയിരിക്കുന്നത് മുഹമ്മദ് ഐ പാഴേപ്പ എന്നാണ്. അയാളുടെ യഥാർത്ഥപേര് പാഴേപ്പറമ്പിൽ മുഹമ്മദ് ഇർഫാൻ എന്നാണെന്നു മനസിലാക്കാൻ പാസ്പോർട്ട് കോപ്പി നോക്കേണ്ടി വന്നു. വയസ് - 52. രണ്ടര മണിക്കൂർ മുൻപ്, കൃത്യമായി പറഞ്ഞാൽ രാവിലെ 8 :05 നു പത്ത് മിനിറ്റ് വൈകി ദോഹയിൽ നിന്നും കണ്ണൂർക്ക് പുറപ്പെട്ട ഞങ്ങളുടെ ഫ്‌ളൈറ്...

എക്സ് ട്രാ ടൈം ഇല്ലാത്ത കളികൾ

"എണ്ണപ്പാടത്തിനു നടുവിലാണ് ഞാൻ ജനിച്ചു വീണത്” പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകനുമായ ബൂ ബേക്കർ സങ്കടക്കെട്ടഴിക്കുന്നത് എപ്പോഴും ഈ വാചകങ്ങളോടെയാണ്‌.  “ഓയിൽ ആൻഡ് ഗ്യാസ് ഫീൽഡിൽ പതിറ്റാണ്ടുകളുടെ അനുഭവജ്ഞാനമുണ്ട്‌. എന്നിട്ടും എന്റെ ജന്മനാട്ടിൽ-അൾജീരിയയിൽ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാൻ കഴിയാതെ പോയല്ലോ!" "അൾജീരിയ നമുക്ക് അറിയാത്ത സ്ഥലമൊന്നും അല്ലല്ലോ?" ഞാൻ ആശ്വസിപ്പിക്കും. അതു പറയുമ്പോൾ "അൾജീരിയയ്ക്ക് അങ്ങനെ തന്നെ വേണം" എന്നാണോ എന്റെ മനസ്സിലിരിപ്പ്‌  എന്നു സംശയിക്കുകയും ചെയ്യും. അൾജീരിയയും ഞാനും തമ്മിലുള്ള ബന്ധത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ 1985 ജനുവരി മുതൽ. അന്ന് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. നാലാമത് നെഹ്‌റുകപ്പ്  അന്താരാഷ്‌ട്ര ഫുട്ബോൾ മത്സരം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ താൽകാലിക സ്റ്റേഡിയത്തിൽ നടക്കുന്നു. സോവിയറ്റു യുണിയൻ, സൗത്ത് കൊറിയ, മൊറോക്കോ, യൂഗോസ്ലോവിയ, അൾജീരിയ തുടങ്ങിയ ഏഴു ടീമുകൾക്കൊപ്പം ഇന്ത്യയും മാറ്റുരയ്ക്കുന്നു.  ഇന്ത്യ കളിക്കുന്ന കളികളൊഴികെ എല്ലാ കളികളും കാണാൻ ഉപ്പ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ കളി കണ്ടിരിക്കുന്നത് ...

ഓര്‍മ്മകള്‍ക്ക് എന്തു സുഗന്ധം!

“നോക്കൂ...ആരും ഭയപ്പെടേണ്ടതില്ല.” ഒരു ചെറിയ മെഗാഫോണിലൂടെ, വാക്കുകള്‍ ഓരോന്നോരോന്നായി  പെറുക്കി വെച്ചാണ് അയാള്‍ സംസാരിച്ചത്. ഓരോ വരിയും കല്ലില്‍ കൊത്തിയെടുത്ത പോലെ മനസ്സില്‍ പതിയുന്ന രീതിയില്‍. എങ്കിലും അവിടെ കൂടിനിന്നവര്‍ക്കെല്ലാം തോന്നിയത് ഇതുവരെ കേട്ടിട്ടില്ലാത്ത മറ്റേതോ ഭാഷ കേള്‍ക്കുന്നതുപോലെയാണ്. ഞങ്ങളെ കണ്ടാല്‍ പശ്ചിമേഷ്യയിലെ  എണ്ണപ്പാടങ്ങളിലോ ഉത്തരാഫ്രിക്കയിലെ ഖനികളിലോ കണ്ടുമുട്ടാവുന്ന അശരണരായ തൊഴിലാളികളെ പോലെ തോന്നിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍, ജനിച്ചു വളര്‍ന്ന നാട്ടില്‍ പുതുപ്പണത്തിന്റെ അഹന്തയോടെ ഉയര്‍ന്ന കൊച്ചു സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനു വന്നവരായിരുന്നു ഞങ്ങള്‍. “അല്ലെങ്കില്‍ എന്തിനു ഭയപ്പെടണം? നാമിവിടെ വളരെ വളരെ എളുപ്പമായ ഒരു കളി കളിക്കാന്‍ പോവുന്നു. അത്രയേ ഉള്ളൂ. ഒന്നോര്‍ത്താല്‍ ഇതൊരു കളി പോലുമല്ല.ഒറ്റച്ചോദ്യം മാത്രമുള്ള ഒരു ക്വിസ്...! സത്യവിശ്വസികള്‍ക്കാണെങ്കില്‍ വെറുമൊരു മെമ്മറിടെസ്റ്റ്‌...!” അങ്ങാടിമരുന്നുവില്പനക്കാരന്റെ ശരീരഭാഷയോടെയും, കൂട്ടിക്കൊടുപ്പുകാരന്റെ വഷളന്‍ചിരിയോടെയും ഒരു കാഷ് കൌണ്ടറിന് മേലെ കയറിനിന്നാണ് അയാള്‍ സംസാരിച്ചുതുടങ്ങിയത...

ഭൂമിയില്ലാതാവുന്ന മനുഷ്യരും മനുഷ്യരില്ലാതാവുന്ന ഭൂമിയും.

"അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ, കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ, പെറിസ്യർ, രെഫായീമ്യർ, അമോർയ്യർ, കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു." -  ഉല്പത്തി പുസ്തകം 15 : 18 -21  ദൈവം അബ്രഹാമിന് വാഗ്ദാനം ചെയ്യുകയും ഇസാക്, ജേക്കബ്‌  എന്നിവരോട് ആവര്‍ത്തിച്ചുറപ്പിക്കുകയും  ചെയ്തു എന്ന് രേഖപ്പെടുത്തിയ ഈ കരാര്‍ മുഴുവന്‍ ജൂതര്‍ക്കും വേണ്ടിയുള്ളതാണ് എന്ന വ്യാഖ്യാനമാണ് പലസ്തിനിലെ ജൂതഅധിനിവേശത്തിന്റെ പ്രധാനഹേതു.  ക്രിസ്തുവിനു 3000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇസ്രയേല്‍, സിറിയ, ജോര്‍ദാന്‍, ലെബനോന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നില നിന്നിരുന്നത് കാനാന്‍ സംസ്കാരമായിരുന്നു. BC 1800 -ലാണ് അവിടേയ്ക്ക് ആദ്യ ഹീബ്രു കുടിയേറ്റം ഉണ്ടാവുന്നത്.     മോശ ഈജിപ്തില്‍ നിന്നും ഇസ്രയേല്‍ സന്തതികളുമായി ചെങ്കടല്‍ കടന്നു സിനായ് കുന്നുകളില്‍ എത്തപ്പെട്ടുവെന്നും, ഇസ്രായേലികളുടെ ദൈവം അദ്ദേഹത്തിന് വെളി...

സ്പിരിറ്റ്‌

പള്ളിസെമിത്തേരിയുടെ ചുറ്റുമതില്‍ മുഴുവന്‍ ബൈബിള്‍വചനങ്ങള്‍ വലുതായി എഴുതി വെച്ചിരുന്നു.  സെമിത്തേരിയിലെക്കുള്ള പ്രധാനവഴി  പള്ളിമുറ്റത്തു കൂടിയാണ്. എന്നാല്‍ ഇടവഴിയില്‍ നിന്നും അകത്തേക്ക് കയറാവുന്ന ഒരു കൊച്ചുഗേറ്റ് സെമിത്തേരിയുടെ പുറകുവശത്തുണ്ട്. ആ ഗേറ്റിനു മുന്നില്‍ അരണ്ട് കത്തുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം മാത്രമേ രാത്രിയായാല്‍ ആ മതില്‍ക്കെട്ടിനകത്തു വീഴൂ. അതാകട്ടെ കുടുംബകല്ലറകളുടെ മുകളില്‍ മാത്രം വീണ ശേഷം കൂടുതല്‍ പരക്കാനാവാതെ അലിഞ്ഞുതീരും.  മാഞ്ഞൂരാന്‍ സൈക്കിള്‍ നിര്‍ത്തിയത്   സ്ട്രീറ്റ് ലൈറ്റിന്റെ തൊട്ടു താഴെയാണ്. അതിന്റെ പിന്നില്‍ നിന്നിറങ്ങുമ്പോള്‍ ഗെയ്റ്റിന്റെ തൊട്ടടുത്തെ മതിലില്‍ എഴുതിയത് മാത്രം ശരിക്ക് വായിക്കാം. "മനുഷ്യാ, നീ മണ്ണാകുന്നു. മണ്ണിലേക്ക്  തന്നെ മടങ്ങുന്നു - ഉ. പു. 3 : 19"  മാഞ്ഞൂരാന്റെ അമ്മാമ്മ മണ്ണിലേക്കുള്ള മടക്കയാത്രയിലാണ്. ഇന്ന് വൈകീട്ട് മരിച്ചു. അത്യാവശ്യം മരിക്കാനുള്ള പ്രായമൊക്കെ ആയിരുന്നു. അപ്പാപ്പന്‍ മരിച്ചതോടെ കിടപ്പിലുമായി. അരിയെത്തി മരിച്ച വീടുകളില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരു സ്വഭാവീകതയുണ്ടാവും. വീട്ടുക...