പാസഞ്ചേഴ്‌സ്, അറ്റെൻഷൻ പ്ലീസ്..!
അപരിചിതമായ ഒരു മുറിയിൽ ഒറ്റയ്ക്കിരിക്കേണ്ടി വരുന്ന ഒരാളെ അയാളറിയാതെ നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടോ? അയാളെ നിങ്ങൾക്ക് യാതൊരു മുൻപരിചയവുമില്ല. അയാൾ ആരുമാകാം. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രവാസം തെരെഞ്ഞെടുത്ത ഒരു സാധുമലയാളിയോ, ഗുഹ്യഭാഗങ്ങളിൽ സ്വർണം ഒളിപ്പിച്ച് കടത്തുന്ന ഏജന്റോ, അതുമല്ലെങ്കിൽ ഗൂഢപദ്ധതികളുമായി എയർ പോർട്ടിനുള്ളിലേക്കു ഒളിച്ചു കടന്ന തീവ്രവാദി പോലുമാകാം. അയാളെ കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ല എന്നതു മാത്രമാണ് അയാളെ കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന ഒരേയൊരു കാര്യം. അതെന്തു തന്നെ ആയാലും, ഷിഫ്റ്റ് മാനേജർ എന്ന നിലയിൽ ഞാൻ ജോലി ചെയ്യുന്ന ബജറ്റ് എയർലൈൻസിന്റെ സൽപ്പേരും, എന്റെ ജോലിയും അടുത്ത ഒരു മണിക്കൂറിനുള്ളിൽ അയാളെ ഞാൻ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നനുസരിച്ചിരിക്കും. ബോർഡിങ് പാസിൽ അയാളുടെ പേരെഴുതിയിരിക്കുന്നത് മുഹമ്മദ് ഐ പാഴേപ്പ എന്നാണ്. അയാളുടെ യഥാർത്ഥപേര് പാഴേപ്പറമ്പിൽ മുഹമ്മദ് ഇർഫാൻ എന്നാണെന്നു മനസിലാക്കാൻ പാസ്പോർട്ട് കോപ്പി നോക്കേണ്ടി വന്നു. വയസ് - 52. രണ്ടര മണിക്കൂർ മുൻപ്, കൃത്യമായി പറഞ്ഞാൽ രാവിലെ 8 :05 നു പത്ത് മിനിറ്റ് വൈകി ദോഹയിൽ നിന്നും കണ്ണൂർക്ക് പുറപ്പെട്ട ഞങ്ങളുടെ ഫ്‌ളൈറ്...