ഓര്‍മ്മകള്‍ക്ക് എന്തു സുഗന്ധം!
“നോക്കൂ...ആരും ഭയപ്പെടേണ്ടതില്ല.” ഒരു ചെറിയ മെഗാഫോണിലൂടെ, വാക്കുകള്‍ ഓരോന്നോരോന്നായി പെറുക്കി വെച്ചാണ് അയാള്‍ സംസാരിച്ചത്. ഓരോ വരിയും കല്ലില്‍ കൊത്തിയെടുത്ത പോലെ മനസ്സില്‍ പതിയുന്ന രീതിയില്‍. എങ്കിലും അവിടെ കൂടിനിന്നവര്‍ക്കെല്ലാം തോന്നിയത് ഇതുവരെ കേട്ടിട്ടില്ലാത്ത മറ്റേതോ ഭാഷ കേള്‍ക്കുന്നതുപോലെയാണ്. ഞങ്ങളെ കണ്ടാല്‍ പശ്ചിമേഷ്യയിലെ എണ്ണപ്പാടങ്ങളിലോ ഉത്തരാഫ്രിക്കയിലെ ഖനികളിലോ കണ്ടുമുട്ടാവുന്ന അശരണരായ തൊഴിലാളികളെ പോലെ തോന്നിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍, ജനിച്ചു വളര്‍ന്ന നാട്ടില്‍ പുതുപ്പണത്തിന്റെ അഹന്തയോടെ ഉയര്‍ന്ന കൊച്ചു സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനു വന്നവരായിരുന്നു ഞങ്ങള്‍. “അല്ലെങ്കില്‍ എന്തിനു ഭയപ്പെടണം? നാമിവിടെ വളരെ വളരെ എളുപ്പമായ ഒരു കളി കളിക്കാന്‍ പോവുന്നു. അത്രയേ ഉള്ളൂ. ഒന്നോര്‍ത്താല്‍ ഇതൊരു കളി പോലുമല്ല.ഒറ്റച്ചോദ്യം മാത്രമുള്ള ഒരു ക്വിസ്...! സത്യവിശ്വസികള്‍ക്കാണെങ്കില്‍ വെറുമൊരു മെമ്മറിടെസ്റ്റ്...!” അങ്ങാടിമരുന്നുവില്പനക്കാരന്റെ ശരീരഭാഷയോടെയും, കൂട്ടിക്കൊടുപ്പുകാരന്റെ വഷളന്‍ചിരിയോടെയും ഒരു കാഷ് കൌണ്ടറിന് മേലെ കയറിനിന്നാണ് അയാള്‍ സംസാരിച്ചുതുടങ്ങിയത...