ഭൂമിയില്ലാതാവുന്ന മനുഷ്യരും മനുഷ്യരില്ലാതാവുന്ന ഭൂമിയും.
"അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ, കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ, പെറിസ്യർ, രെഫായീമ്യർ, അമോർയ്യർ, കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു." - ഉല്പത്തി പുസ്തകം 15 : 18 -21 ദൈവം അബ്രഹാമിന് വാഗ്ദാനം ചെയ്യുകയും ഇസാക്, ജേക്കബ് എന്നിവരോട് ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു എന്ന് രേഖപ്പെടുത്തിയ ഈ കരാര്‍ മുഴുവന്‍ ജൂതര്‍ക്കും വേണ്ടിയുള്ളതാണ് എന്ന വ്യാഖ്യാനമാണ് പലസ്തിനിലെ ജൂതഅധിനിവേശത്തിന്റെ പ്രധാനഹേതു. ക്രിസ്തുവിനു 3000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇസ്രയേല്‍, സിറിയ, ജോര്‍ദാന്‍, ലെബനോന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നില നിന്നിരുന്നത് കാനാന്‍ സംസ്കാരമായിരുന്നു. BC 1800 -ലാണ് അവിടേയ്ക്ക് ആദ്യ ഹീബ്രു കുടിയേറ്റം ഉണ്ടാവുന്നത്. മോശ ഈജിപ്തില്‍ നിന്നും ഇസ്രയേല്‍ സന്തതികളുമായി ചെങ്കടല്‍ കടന്നു സിനായ് കുന്നുകളില്‍ എത്തപ്പെട്ടുവെന്നും, ഇസ്രായേലികളുടെ ദൈവം അദ്ദേഹത്തിന് വെളി...