സ്പെസിഫിക് ഗ്രാവിറ്റി
വ്യാഴാഴ്ച ഓഫീസ് ടൈം കഴിഞ്ഞാല്‍ ചിക്കിചികഞ്ഞിരിക്കാതെ നേരെ വീട്ടിലെത്തിയിരിക്കണം എന്ന അന്ത്യശാസനം പല തവണ കിട്ടിയിട്ടുള്ള ഗള്‍ഫ് ഭര്‍ത്താക്കളില്‍ ഒരാളാണ് ഞാനും. അഞ്ചരയോടെ തന്നെ അത്യാവശ്യം ജോലികളൊക്കെ തീര്‍ത്തു. ബാക്കിയുള്ളവ ശനിയാഴ്ചയിലേക്ക് ഷെഡ്യൂള്‍ ചെയ്തുവച്ചു. മണിയടിച്ചാല്‍ ഇറങ്ങിയോടാന്‍ പാകത്തിന് ആഞ്ഞിരിക്കുമ്പോളാണ് പുതിയ ഡിസിഷന്‍ റിക്വസ്റ്റ് വന്നത് ഡിസിഷന്‍ റിക്വസ്റ്റ് എന്നൊക്കെ പറയാമെന്നേയുള്ളൂ. സ്വഭാവം കര്‍ക്കശമായ ഉത്തരവിന്റെതു തന്നെ. തീരുമാനങ്ങളെടുക്കാന്‍ അധികാരം ഉള്ള ഒരേയൊരാള്‍ ഹിസ് ഹൈനെസ്സ് മാത്രമാണ്. ഞാന്‍ അദ്ദേഹത്തിന്റെ സ്വകാര്യനിര്‍മ്മാണങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയിലെ എഞ്ചിനീയര്‍മാരില്‍ ഒരാളും. സ്വകാര്യനിര്‍മ്മാണങ്ങള്‍ എന്ന് പറയുമ്പോള്‍ പേരക്കുട്ടികള്‍ക്ക് കളിക്കാനുള്ള പൂന്തോട്ടങ്ങള്‍ മുതല്‍ രാജകുടുംബം കുതിരപ്പന്തയം നടത്തുന്ന ഗ്രാമങ്ങള്‍ വരെ പെടും. പട്ടിക്കൂടുകള്‍ മുതല്‍ കൊട്ടാരങ്ങള്‍ വരെ. ഡിസിഷന്‍ റിക്വസ്റ്റില്‍ ചെയ്യാനുള്ള ജോലിയുടെ ചെറുവിവരണം, പ്രിലിമിനറി ഡ്രോയിങ്ങ്സ്, ഷെഡ്യൂള്‍, ഏകദേശ ബജറ്റ് എന്നിവ ഉ...