Posts

സ്പിരിറ്റ്‌

പള്ളിസെമിത്തേരിയുടെ ചുറ്റുമതില്‍ മുഴുവന്‍ ബൈബിള്‍വചനങ്ങള്‍ വലുതായി എഴുതി വെച്ചിരുന്നു.  സെമിത്തേരിയിലെക്കുള്ള പ്രധാനവഴി  പള്ളിമുറ്റത്തു കൂടിയാണ്. എന്നാല്‍ ഇടവഴിയില്‍ നിന്നും അകത്തേക്ക് കയറാവുന്ന ഒരു കൊച്ചുഗേറ്റ് സെമിത്തേരിയുടെ പുറകുവശത്തുണ്ട്. ആ ഗേറ്റിനു മുന്നില്‍ അരണ്ട് കത്തുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം മാത്രമേ രാത്രിയായാല്‍ ആ മതില്‍ക്കെട്ടിനകത്തു വീഴൂ. അതാകട്ടെ കുടുംബകല്ലറകളുടെ മുകളില്‍ മാത്രം വീണ ശേഷം കൂടുതല്‍ പരക്കാനാവാതെ അലിഞ്ഞുതീരും.  മാഞ്ഞൂരാന്‍ സൈക്കിള്‍ നിര്‍ത്തിയത്   സ്ട്രീറ്റ് ലൈറ്റിന്റെ തൊട്ടു താഴെയാണ്. അതിന്റെ പിന്നില്‍ നിന്നിറങ്ങുമ്പോള്‍ ഗെയ്റ്റിന്റെ തൊട്ടടുത്തെ മതിലില്‍ എഴുതിയത് മാത്രം ശരിക്ക് വായിക്കാം. "മനുഷ്യാ, നീ മണ്ണാകുന്നു. മണ്ണിലേക്ക്  തന്നെ മടങ്ങുന്നു - ഉ. പു. 3 : 19"  മാഞ്ഞൂരാന്റെ അമ്മാമ്മ മണ്ണിലേക്കുള്ള മടക്കയാത്രയിലാണ്. ഇന്ന് വൈകീട്ട് മരിച്ചു. അത്യാവശ്യം മരിക്കാനുള്ള പ്രായമൊക്കെ ആയിരുന്നു. അപ്പാപ്പന്‍ മരിച്ചതോടെ കിടപ്പിലുമായി. അരിയെത്തി മരിച്ച വീടുകളില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരു സ്വഭാവീകതയുണ്ടാവും. വീട്ടുക...

സ്പെസിഫിക് ഗ്രാവിറ്റി

വ്യാഴാഴ്ച ഓഫീസ് ടൈം കഴിഞ്ഞാല്‍ ചിക്കിചികഞ്ഞിരിക്കാതെ  നേരെ വീട്ടിലെത്തിയിരിക്കണം എന്ന അന്ത്യശാസനം പല തവണ കിട്ടിയിട്ടുള്ള ഗള്‍ഫ്‌ ഭര്‍ത്താക്കളില്‍ ഒരാളാണ് ഞാനും. അഞ്ചരയോടെ തന്നെ അത്യാവശ്യം ജോലികളൊക്കെ തീര്‍ത്തു. ബാക്കിയുള്ളവ ശനിയാഴ്ചയിലേക്ക്  ഷെഡ്യൂള്‍ ചെയ്തുവച്ചു. മണിയടിച്ചാല്‍ ഇറങ്ങിയോടാന്‍ പാകത്തിന് ആഞ്ഞിരിക്കുമ്പോളാണ് പുതിയ ഡിസിഷന്‍ റിക്വസ്റ്റ് വന്നത് ഡിസിഷന്‍ റിക്വസ്റ്റ് എന്നൊക്കെ പറയാമെന്നേയുള്ളൂ. സ്വഭാവം  കര്‍ക്കശമായ ഉത്തരവിന്റെതു തന്നെ. തീരുമാനങ്ങളെടുക്കാന്‍ അധികാരം ഉള്ള ഒരേയൊരാള്‍ ഹിസ്‌ ഹൈനെസ്സ് മാത്രമാണ്. ഞാന്‍ അദ്ദേഹത്തിന്റെ സ്വകാര്യനിര്‍മ്മാണങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയിലെ എഞ്ചിനീയര്‍മാരില്‍ ഒരാളും. സ്വകാര്യനിര്‍മ്മാണങ്ങള്‍ എന്ന് പറയുമ്പോള്‍ പേരക്കുട്ടികള്‍ക്ക്‌ കളിക്കാനുള്ള പൂന്തോട്ടങ്ങള്‍ മുതല്‍ രാജകുടുംബം കുതിരപ്പന്തയം നടത്തുന്ന  ഗ്രാമങ്ങള്‍ വരെ പെടും. പട്ടിക്കൂടുകള്‍ മുതല്‍ കൊട്ടാരങ്ങള്‍ വരെ. ഡിസിഷന്‍ റിക്വസ്റ്റില്‍ ചെയ്യാനുള്ള ജോലിയുടെ ചെറുവിവരണം, പ്രിലിമിനറി ഡ്രോയിങ്ങ്സ്, ഷെഡ്യൂള്‍, ഏകദേശ ബജറ്റ് എന്നിവ ഉ...

ജിന്നുകളുടെ ഉസ്താദ്‌

ബാവക്കുട്ടിയെപ്പറ്റി പറയുമ്പോള്‍ ബാലമാസികകളില്‍ കാണുന്ന ദേശാടനപക്ഷികളുടെ രേഖാചിത്രങ്ങളാണ് ഓർമ്മ   വരിക. ഉയരം കുറഞ്ഞ് ,  മെലിഞ്ഞു നെഞ്ചുന്തിയ ശരീരപ്രകൃതി കൊണ്ടും , കൈകള്‍ വിടര്‍ത്തി എന്നാല്‍ വലുതായി വീശാതെയുള്ള നടത്തത്തിന്‍റെ   പ്രത്യേകത കൊണ്ടും തോന്നുന്ന വെറും സാദൃശ്യം മാത്രമായിരുന്നില്ല അത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം   ബാവക്കുട്ടി ഒരു ദേശാടനക്കിളി തന്നെയായിരുന്നു. തോളിലൊരു എയർബാഗുമായി ഹോസ്റ്റൽ വരാന്തയിലെവിടെയെങ്കിലും പെട്ടെന്നൊരു ദിവസം   ബാവക്കുട്ടി    പ്രത്യക്ഷപ്പെടുമ്പോഴാണ്‌ പരീക്ഷാസീസണ്‍ അടുത്തെത്തിക്കഴിഞ്ഞു എന്ന സത്യം ഞങ്ങൾ മനസ്സിലാക്കുന്നത്. ഓരോ സെമെസ്റ്റര്‍ അവസാനിക്കുമ്പോഴും അത്ര കണിശമായ കൃത്യതയോടെയായിരുന്നു ബാവക്കുട്ടിയുടെ വരവ്.   സത്യത്തില്‍ ബാവക്കുട്ടി ഞങ്ങളെക്കാള്‍ എത്ര കൊല്ലം സീനിയറാണെന്നോ , ബാക്ക് പേപ്പറുകള്‍ എത്രയുണ്ടെന്നോ ആരും അന്വേഷിച്ചില്ല. സുഹൃത്തെന്നു പറയാന്‍ പ്രത്യേകിച്ചാരെങ്കിലും ചങ്ങാതിക്ക് ആ ഹോസ്റ്റലിലുണ്ടായിരുന്നുമില്ല. എങ്കിലും ബാവക്കുട്ടിക്ക് ഒരിടമില്ലാത്ത മുറികള്‍ അവിടെ കുറവായിരുന്നു. കുട്ടികളുടെതിനേക്കാൾ   ന...