എക്സ് ട്രാ ടൈം ഇല്ലാത്ത കളികൾ
"എണ്ണപ്പാടത്തിനു നടുവിലാണ് ഞാൻ ജനിച്ചു വീണത്” പ്രിയപ്പെട്ട സുഹൃത്തും സഹപ്രവർത്തകനുമായ ബൂ ബേക്കർ സങ്കടക്കെട്ടഴിക്കുന്നത് എപ്പോഴും ഈ വാചകങ്ങളോടെയാണ്. “ഓയിൽ ആൻഡ് ഗ്യാസ് ഫീൽഡിൽ പതിറ്റാണ്ടുകളുടെ അനുഭവജ്ഞാനമുണ്ട്. എന്നിട്ടും എന്റെ ജന്മനാട്ടിൽ-അൾജീരിയയിൽ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാൻ കഴിയാതെ പോയല്ലോ!" "അൾജീരിയ നമുക്ക് അറിയാത്ത സ്ഥലമൊന്നും അല്ലല്ലോ?" ഞാൻ ആശ്വസിപ്പിക്കും. അതു പറയുമ്പോൾ "അൾജീരിയയ്ക്ക് അങ്ങനെ തന്നെ വേണം" എന്നാണോ എന്റെ മനസ്സിലിരിപ്പ് എന്നു സംശയിക്കുകയും ചെയ്യും. അൾജീരിയയും ഞാനും തമ്മിലുള്ള ബന്ധത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ 1985 ജനുവരി മുതൽ. അന്ന് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. നാലാമത് നെഹ്‌റുകപ്പ് അന്താരാഷ്‌ട്ര ഫുട്ബോൾ മത്സരം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ താൽകാലിക സ്റ്റേഡിയത്തിൽ നടക്കുന്നു. സോവിയറ്റു യുണിയൻ, സൗത്ത് കൊറിയ, മൊറോക്കോ, യൂഗോസ്ലോവിയ, അൾജീരിയ തുടങ്ങിയ ഏഴു ടീമുകൾക്കൊപ്പം ഇന്ത്യയും മാറ്റുരയ്ക്കുന്നു. ഇന്ത്യ കളിക്കുന്ന കളികളൊഴികെ എല്ലാ കളികളും കാണാൻ ഉപ്പ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ കളി കണ്ടിരിക്കുന്നത്