12 Mar 2012

സ്പെസിഫിക് ഗ്രാവിറ്റി

വ്യാഴാഴ്ച ഓഫീസ് ടൈം കഴിഞ്ഞാല്‍ ചിക്കിചികഞ്ഞിരിക്കാതെ  നേരെ വീട്ടിലെത്തിയിരിക്കണം എന്ന അന്ത്യശാസനം പല തവണ കിട്ടിയിട്ടുള്ള ഗള്‍ഫ്‌ ഭര്‍ത്താക്കളില്‍ ഒരാളാണ് ഞാനും. അഞ്ചരയോടെ തന്നെ അത്യാവശ്യം ജോലികളൊക്കെ തീര്‍ത്തു. ബാക്കിയുള്ളവ ശനിയാഴ്ചയിലേക്ക്  ഷെഡ്യൂള്‍ ചെയ്തുവച്ചു. മണിയടിച്ചാല്‍ ഇറങ്ങിയോടാന്‍ പാകത്തിന് ആഞ്ഞിരിക്കുമ്പോളാണ് പുതിയ ഡിസിഷന്‍ റിക്വസ്റ്റ് വന്നത്

ഡിസിഷന്‍ റിക്വസ്റ്റ് എന്നൊക്കെ പറയാമെന്നേയുള്ളൂ. സ്വഭാവം  കര്‍ക്കശമായ ഉത്തരവിന്റെതു തന്നെ. തീരുമാനങ്ങളെടുക്കാന്‍ അധികാരം ഉള്ള ഒരേയൊരാള്‍ ഹിസ്‌ ഹൈനെസ്സ് മാത്രമാണ്. ഞാന്‍ അദ്ദേഹത്തിന്റെ സ്വകാര്യനിര്‍മ്മാണങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയിലെ എഞ്ചിനീയര്‍മാരില്‍ ഒരാളും. സ്വകാര്യനിര്‍മ്മാണങ്ങള്‍ എന്ന് പറയുമ്പോള്‍ പേരക്കുട്ടികള്‍ക്ക്‌ കളിക്കാനുള്ള പൂന്തോട്ടങ്ങള്‍ മുതല്‍ രാജകുടുംബം കുതിരപ്പന്തയം നടത്തുന്ന  ഗ്രാമങ്ങള്‍ വരെ പെടും. പട്ടിക്കൂടുകള്‍ മുതല്‍ കൊട്ടാരങ്ങള്‍ വരെ.

ഡിസിഷന്‍ റിക്വസ്റ്റില്‍ ചെയ്യാനുള്ള ജോലിയുടെ ചെറുവിവരണം, പ്രിലിമിനറി ഡ്രോയിങ്ങ്സ്, ഷെഡ്യൂള്‍, ഏകദേശ ബജറ്റ് എന്നിവ ഉണ്ടാകും. അതില്‍ രാജകുടുംബത്തിന്റെ പ്രതിനിധി ഒപ്പ് വെക്കുന്നതോടെ അതൊരു ഓര്‍ഡര്‍ ആയി മാറുന്നു. രൂപാന്തരം സംഭവിച്ച ഇത്തരം അപേക്ഷകളാണ് ഞങ്ങളുടെ മേശകളില്‍ ഇടിത്തീ പോലെ വന്നു വീഴുന്നത്.

സത്യത്തില്‍ ഇത്തവണ ചെയ്യേണ്ടത് അത്ര വിചിത്രമായ സംഗതിയാണെന്ന് പറഞ്ഞു കൂടാ. പുതുതായി കുടുംബത്തില്‍ എത്തിയ ഇളയ രാജ്ഞി മൂത്ത രാജകുമാരന് വേണ്ടി ഒരു സമ്മാനം വാങ്ങിയിരിക്കുന്നു- കറുത്ത ഭൂഖണ്ഡത്തിൽ നിന്നും ഒരു വെളുത്ത സിംഹത്തിനെ.

രാജകുടുംബം പൊതുവേ സാഹസീകതയ്ക്ക് പേര് കേട്ടവരാണ്. അവിടത്തെ കുമാരന്മാര്‍ സിംഹം എന്ന് കേട്ടാല്‍ പേടിക്കുന്നവരുമല്ല. വീട്ടു മുറ്റത്തു കളിച്ചു തിമിര്‍ക്കുന്ന വന്യമൃഗങ്ങളെ കണ്ടു തന്നെയാണ് അവര്‍ വളര്‍ന്നത്‌. എത്ര ഭീകരനായ കാട്ടുമൃഗമായാലും വേവിച്ച മാംസം മാത്രം കഴിച്ചു വളര്‍ന്നാല്‍, കാലാന്തരേ ജന്മസിദ്ധമായ മൃഗീയവാസനകള്‍ മറക്കുകയും, രക്തത്തിന്റെ ഗന്ധം തിരിച്ചറിയാനാവാത്ത ശാന്തശീലരായി മാറുകയും ചെയ്യുമെന്ന് അവര്‍ക്ക് നന്നായി അറിയാം. ഇത്തരത്തില്‍ ദുര്‍ഗുണപരിഹാരം കൈവരിച്ചു കൊട്ടാരമുറ്റത്തു മേഞ്ഞുനടക്കുന്ന മുനിതുല്യരായ മൃഗരാജന്മാരെ ഞാനും പലപ്പോഴും കണ്ടിട്ടുണ്ട്.

ഒരു എഞ്ചിനീയർക്കോ അയാളുടെ ഡിപാർട്ടുമെന്റിനോ ഇതിലൊന്നും ഒരു കാര്യവുമില്ല. ഞങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം- സൌത്ത് ആഫ്രിക്കന്‍ വൈറ്റ് ലയണ്‍ ഞായറാഴ്ച വൈകീട്ട്  തുറമുഖത്ത് എത്തിച്ചേരും. വരുമ്പോള്‍ ജന്തുവിന് കയറിക്കിടക്കാന്‍ ഒരു കൊച്ചു കൂട് വേണം.

ഡ്രോയിങ്ങുകളിലൂടെ പെട്ടെന്ന് ഒന്നോടിച്ചു നോക്കി. എഞ്ചിനീയറിംഗ് ഡ്രോയിങ്ങിനെക്കാള്‍ ഒരു പെന്‍സില്‍ സ്കെട്ചിന്റെ മനോഹാരിതയുണ്ട്. രണ്ടു എ സി മുറികള്‍, തറ നിരപ്പില്‍ നിന്നും മൂന്നടി മുകളില്‍ ഗ്ലാസ്‌ ഇട്ടിരിക്കുന്നു. സിംഹം ഗ്ലാസ്‌ അടിച്ചു പൊട്ടിക്കാതിരിക്കാന്‍ രണ്ടു വശത്തും ഇരുമ്പ് വല. കൂടിന്റെ തുടര്‍ച്ചയായി ഒരു കമ്പിവേലി വളച്ചു കെട്ടിയിട്ടുണ്ട്. സിംഹത്തിന് വെയില്‍ കായാനും, വ്യായാമം ചെയ്യാനുമുള്ള മുറ്റമാണത്. മുറ്റം നിറയെ മരങ്ങളും കുറ്റിചെടികളും. കൂടിന്റെ ഒരു മതില്‍ ഇഷ്ടികയില്‍ തീര്‍ത്തതായിരിക്കണം. കാനനച്ഛായ വീണ മുറ്റത്തിന്റെ തുടര്‍ച്ച മതിലില്‍ വരച്ചു ചേര്‍ക്കണം.  സിംഹം മരം കയറുമോ? മരത്തില്‍ കയറി വേലിക്കു പുറത്തേയ്ക്ക് ചാടിയാലോ? ഇത്തരം സംശയങ്ങള്‍ ആര്‍ക്കിടെക്ടിന്റെ അധികാരത്തില്‍ കൈ കടത്തലാവുമോ എന്നുപേടിച്ച് ആലോചനകളുടെ സ്വിച്ച് ഓഫ്‌ ചെയ്തു.

നമ്മുടെ കൂടിന്റെ ഓരോ മുറിക്കും രണ്ടു വാതിലുകള്‍ വീതമുണ്ട്. ഒന്ന് മുറ്റത്ത്‌ വരാതെ തന്നെ കൂട്ടില്‍ കയറാവുന്നത്, മറ്റേതു മുറ്റത്ത്‌ നിന്ന് കയറാവുന്നതും. മുറ്റത്ത്‌ നിന്ന് കയറാവുന്ന വാതില്‍ റിമോട്ട് കണ്ട്രോള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍  പറ്റുന്ന തരത്തില്‍ വേണം. ഈ വാതില്‍ തുറന്നു സിംഹത്തെ പുറത്തേക്കു ഇറക്കിയ ശേഷം വേണം ഭക്ഷണം കൊണ്ട് വെക്കാനും കൂട് കഴുകാനുമൊക്കെയായി  ജോലിക്കാര്‍ക്ക് അതില്‍ പ്രവേശിക്കാന്‍. മുറ്റത്ത് എന്തെങ്കിലും പണിയുണ്ടെങ്കില്‍ ഇതുപോലെ സിംഹത്തിനെ കൂട്ടിനകത്താക്കുകയും വേണം. പതിവില്ലാത്ത സുരക്ഷാസംവിധാനങ്ങളില്‍ നിന്നും ഒരു കാര്യം ഉറപ്പിക്കാം - വരുന്നയാള്‍ അത്ര ചില്ലറക്കാരനല്ല!

ഈ കൂടിന്റെ ആകര്‍ഷണം അതൊന്നുമല്ല. ഉരുളന്‍ കല്ലുകള്‍ കൊണ്ടലങ്കരിച്ച ഒരു ചെറിയ കുളം മുറ്റത്തിന്റെ നടുക്കുണ്ട്. ആഴം തീരെയില്ല. സിംഹത്തിനു വെള്ളം കുടിക്കാനുള്ളതാണ്. കൂട്ടില്‍ നിന്നും കുളത്തിലേക്ക്‌ നീളുന്ന ഒരു കാനനപാതയും വരച്ചിട്ടുണ്ട്. കുളത്തിലെ ജലനിരപ്പ്‌ നിലനിര്‍ത്താനും, വെള്ളം മാറ്റാനുമുള്ള സംവിധാനങ്ങള്‍ മുറ്റത്തിന് പുറത്താണ്. ചുരുക്കത്തില്‍ കാര്യമായ ജോലി സിവില്‍ എഞ്ചിനീയര്‍ക്ക്. എ സി, ഡോര്‍ മോട്ടോര്‍, ഫ്ലോട്ട് വാല്‍വ് എന്നിവ രാത്രി തന്നെ എത്തുമെന്ന് ഉറപ്പാക്കി. വൈദുതിയും, വെള്ളവും കൊണ്ടുവരാനുള്ള വഴിയും കണ്ടെത്തി. ഈ പ്രൊജക്റ്റ്‌ ഇതുവരെ ചെയ്തിട്ടുള്ളവയില്‍ നിന്നും എങ്ങനെ വ്യത്യസ്തവും, പ്രധാനപ്പെട്ടതുമാവുന്നു  എന്ന പതിവ് പ്രഭാഷണം സൂപ്പര്‍വൈസര്മാര്‍ക്ക് നല്‍കിയതോടെ അന്നത്തെ എന്റെ ജോലി ഏതാണ്ട് അവസാനിച്ചു. 

രണ്ടു ദിവസത്തില്‍ കൂടിന്റെ പണി തീരുമോ? വിനയനാണ് സിവില്‍ എഞ്ചിനീയര്‍. അവനു ഇത്തരമൊരു പണി കിട്ടിയതില്‍ ചെറുതല്ലാത്ത സന്തോഷം തോന്നി. വീട്ടിലെത്താറായപ്പോള്‍ സമയം എട്ടര. ഒരു സന്തോഷവും അത്ര ദീര്‍ഘമൊന്നുമല്ല.

വെള്ളിയാഴ്ച പള്ളിയില്‍ പോകുമ്പോള്‍ സൈലെന്സില്‍ വെച്ച മൊബൈല്‍ ഫോണ്‍ നിറയെ മിസ്ഡ് കാളുകള്‍. കണ്‍സ്ട്രക്ഷന്‍ ഹെഡ് മണിക്ക് തിവാരിയാണ്. സാധാരണ അവധി ദിവസങ്ങളില്‍ ഇങ്ങനെ വിളിച്ചു ശല്യപ്പെടുത്താതിരിക്കാറില്ല. തിരിച്ചു വിളിച്ചപ്പോള്‍ ഒറ്റശ്വാസത്തില്‍ കാര്യം പറഞ്ഞു: "പ്രിൻസ് വാണ്ട്സ് റ്റു മീറ്റ്‌ മി. എന്താണ് കാര്യമെന്ന് അറിയില്ല. നീ വേഗം വാ. ഐ ആം ഓണ്‍ ദി വേ."

രാജകുമാരന്മാരും സുഹൃത്തുക്കളും മാത്രം ഉപയോഗിക്കുന്ന ഒരു റിക്രിയേഷന്‍ ക്ലബിലാണ് സിംഹക്കൂട് പണിയേണ്ടത്. ഗേറ്റിനടുത്തെത്തിയപ്പോള്‍ ഒരു വലിയ ഷവല്‍ പുറത്തേക്കു വരുന്നത് കണ്ടു. റെഡിമിക്സ്‌ കോണ്‍ക്രീറ്റ് എവിടെയെങ്കിലും കൊണ്ടുപോയി കുഴിച്ചു മൂടാന്‍ പോവുകയാണ്. വിനയന്‍ പണി വാങ്ങിയോ?

മണിക്ക് തിവാരി വിയര്‍ത്തൊലിച്ച് നില്‍പ്പുണ്ട്. വയര്‍ നിറയെ കിട്ടിയത് മുഖത്ത് കാണാം.

"ആര്‍ വി നോട്ട് സ്ടുപിട്സ്? കുടിക്കാന്‍ ഉണ്ടാക്കിയ കുളത്തില്‍ സിംഹത്തിനു കുളിക്കാനും തോന്നും എന്നോര്‍ക്കാനുള്ള ബുദ്ധി നമുക്കാര്‍ക്കുമില്ലേ? എ പ്രിന്‍സ് ഹാസ്‌ ടു സേ ദാറ്റ്‌?"

വിവരം പിടികിട്ടി. കുളത്തിന് ആഴം പോര. സിംഹത്തിനു കുളിക്കാനുള്ള ആഴത്തില്‍ കുളം ഉണ്ടാക്കണം.

ആഴം കൂട്ടല്‍ ഒറ്റ നോട്ടത്തില്‍ എളുപ്പമെന്നു തോന്നും.  റിക്രിയേഷന്‍ ക്ലബ്‌ ഏരിയയിലെ വാട്ടര്‍ ടേബിള്‍ വളരെ മുകളില്‍ ആണെന്നാണ് മുന്‍കാല അനുഭവം. ഒന്നര മീറ്റര്‍ കുഴിക്കുന്നതിന് മുന്‍പ് വെള്ളം കാണും. കുളത്തിന്റെ തറനിരപ്പ്  അതിനു താഴെ പോയാല്‍ പുറത്തു നിന്നും വാട്ടര്‍ പ്രൂഫ്‌ ചെയ്യണം. സിംഹം വളരെ വൃത്തിയായി ജീവിക്കുന്ന ജന്തുവാണല്ലോ? അതുകൊണ്ട് വെള്ളം കലങ്ങാതിരിക്കാന്‍ കുളം  തുടര്‍ച്ചയായി ഫില്‍റ്റര്‍ ചെയ്യുകയും വേണം. ചുരുക്കി പറഞ്ഞാല്‍ ഒരു ചെറിയ സ്വിമ്മിംഗ് പൂളില്‍ കുറഞ്ഞതൊന്നും നടക്കില്ല.

വിനയന് എത്ര ശ്രമിച്ചിട്ടും ഒരു ചിരി ഒളിച്ചു വെക്കാന്‍ കഴിയുന്നില്ല. ഇന്നലത്തെ എന്റെ മനസ്സ് അവന്‍ എത്ര കൃത്യമായി വായിച്ചെടുത്തിരിക്കുന്നു! ഇത്ര മനോഹരമായി ഒരു കുളം കുഴിച്ചു തന്ന ആര്‍ക്കിട്ടെക്ക്ടിനെയും  ഒരു നിമിഷം ഓർത്തു പോയി. പന്ത് ഇപ്പോള്‍ എന്റെ മാത്രം കോര്‍ട്ടില്‍ ആണ്- ഒന്നര ദിവസം കൊണ്ട് ഒരു സ്വിമ്മിംഗ് പൂള്‍...

ഓഫീസിലേക്ക് വണ്ടിയോടിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് വ്യക്തമായ ഒരു ധാരണയുമില്ല. സിനിമ തുടങ്ങുന്നതിനു മുന്‍പ് ടൈറ്റില്‍ എഴുതിക്കാണിക്കുന്നതു പോലെ സ്വിമ്മിംഗ് പൂളിന്റെ കാരാര്‍ ജോലികള്‍ ചെയ്യുന്ന കമ്പനികളുടെ പേരുകള്‍ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. വെള്ളിയാഴ്ച ഏതെങ്കിലും ഓഫിസ് തുറന്നിരിക്കുമോ? ഇത്തരം കമ്പനികള്‍ മിക്കവയും ശനിയാഴ്ചയും തുറക്കാറില്ല. സ്വിമ്മിംഗ് പൂള്‍ ഒരു അടിയന്തിര  ആവശ്യമല്ലാത്തതിനാല്‍ ആരുടേയും മൊബൈല്‍ നമ്പര്‍ സ്റ്റോര്‍ ചെയ്തിട്ടുമില്ല. ഓഫീസില്‍ ആരുടെയെങ്കിലും വിസിറ്റിംഗ് കാര്‍ഡ്‌  കാണുമായിരിക്കും.

ഓഫീസില്‍ ആരുമില്ല. യെലോ പേജുകളും, വെബ്‌ സൈറ്റുകളും അരിച്ചു പെറുക്കിയെങ്കിലും ഓഫിസ് നമ്പറുകള്‍ മാത്രമേ കിട്ടിയുള്ളൂ. എങ്ങും ഫോണെടുക്കുന്നില്ല. കിട്ടിയ വിസിറ്റിംഗ് കാര്‍ഡുകളിലെ നമ്പരുകളാകട്ടെ പലതും മാറിയിരിക്കുന്നു. എഞ്ചിനീയറിംഗ് ജോലികള്‍ ചെയ്യുന്ന സുഹൃത്തുക്കളെ ഓരോരുത്തരെയായി വിളിച്ചു നോക്കി. സ്വിമ്മിംഗ് പൂളുകള്‍ ചെയ്യുന്ന ആരുടെയെങ്കിലും നംബര്‍. ഒന്നും നടന്നില്ല. എന്ത് ചെയ്യും? സൌത്ത് ആഫ്രിക്കയിലെ വെളുത്ത സിംഹം നീരാടാന്‍ പാകത്തില്‍ ഞായറാഴ്ച എത്തിച്ചേരും!

സമയമില്ല. പൂള്‍ തനിയെ ഉണ്ടാക്കുക തന്നെ. ആര്‍ക്കിട്ടെക്റ്റ് കല്ലീവല്ലി. കോണ്‍ക്രീറ്റിന്റെ അടിയില്‍ പോവേണ്ട പൈപുകളും കേബിളുകള്‍ പോകേണ്ട കുഴലുകളും വരച്ചുണ്ടാക്കി സൈറ്റിലേക്കു കൊടുത്തയച്ചു. മൂന്നു മീറ്റര്‍ നീളവും, രണ്ടു മീറ്റര്‍ വീതിയുമുള്ള ഒരു കുളത്തിലേക്ക്‌ ഒരു സിംഹം എങ്ങനെയാണ് കുളിക്കാന്‍ ഇറങ്ങുക? നാല്‍ക്കാലിക്ക്‌ പാകത്തില്‍ ചവിട്ടു പടികള്‍ കൊടുക്കാമെന്നു വെച്ചാല്‍ ചവിട്ടുപടി തീരും മുന്‍പ് കുളം തീര്‍ന്നു പോകും. സിംഹം ഡൈവ് ചെയ്യുമോ? ഇത്ര ചെറിയ കുളത്തിലേക്ക്‌ പാവം  ഡൈവ് ചെയ്‌താല്‍ തന്നെ അതൊരു പ്ലാസ്റ്റിക്‌ സര്‍ജറിയിലായിരിക്കും അവസാനിക്കുക. സ്വിം സ്വീട്ടും ഗോഗിള്‍സുമായി ലാഡര്‍ വഴി പൂളിലേക്ക് ഇറങ്ങുന്ന സിംഹത്തിന്റെ രൂപം ഓര്‍ക്കാന്‍ രസം തോന്നി. ഒറ്റ വഴിയെ ഉള്ളൂ. മുറ്റത്ത്‌ നിന്നും ഒരു റാമ്പ് ഉണ്ടാക്കുക. കുളത്തിന്റെയും റാമ്പിന്റെയും  ക്രോസ് സെക്ഷന്‍ വരച്ചുണ്ടാക്കി സ്ട്രക്ച്ചരല്‍ ഡിസൈനറുടെ മേശപ്പുറത്തുവച്ചു. ഭീകരനെ വിരട്ടി ഓഫീസില്‍ വരുത്തുന്ന ചുമതല മണിക്ക് തിവാരിയെ ഏല്‍പ്പിച്ചു.

പ്രശ്നങ്ങള്‍ തീരുന്നില്ലല്ലോ? ഫില്‍റ്ററേഷന്‍ സിസ്റ്റം എവിടെ കിട്ടും?

വിചാരിച്ച കാര്യം നടന്നു കാണാത്ത ഒരു ചരിത്രം കൊട്ടാരത്തില്‍ ഉണ്ടായിട്ടില്ല. കൃഷി ഓഫീസര്‍ മന്‍സൂര്‍ ഖാനെ പറ്റി പറയുന്ന ഒരു തമാശയുണ്ട്. രാവിലെ നട്ട ചെടിയിലെ പൂവിന്റെ നിറം എന്തായിരിക്കുമെന്ന് രാജകുടുംബത്തിലെ ആരെങ്കിലും വെറുതെയൊന്നു ചോദിച്ചാല്‍ മതി. അന്ന് മുഴുവന്‍ ഖാനും പാക്കിസ്ഥാനിപ്പടയും എന്തിനെന്നറിയാതെ പരക്കം പായും. അതെന്തായാലും, ഇരുട്ടും മുന്‍പ് ചെടി തനിയെ വളര്‍ന്നു പൂവിട്ടു നില്‍ക്കും. ശ്രദ്ധയാകര്‍ഷിക്കാന്‍ ആ പൂവില്‍ നിന്നു മാത്രം പരക്കുന്ന പരിമളം  ഖാന്‍ പെര്‍ഫ്യും അടിച്ചുണ്ടാക്കുന്നതാണെന്നു അസൂയാലുക്കള്‍ വെറുതെ പറയുന്നതാണ്. എന്തു സംഭവിച്ചാലും ഞായറാഴ്ച സ്വിമ്മിംഗ് പൂള്‍ അവിടെ ഉണ്ടാവുക തന്നെ ചെയ്യും. എന്റെ കാര്യം വലിയ ഉറപ്പില്ല.

അവസാനശ്രമം എന്ന വണ്ണം മുന്‍പ് ഫില്‍റ്ററുകള്‍ വാങ്ങിയിട്ടുള്ള പഴയ പര്‍ച്ചേസ് ഓര്‍ഡര്‍കള്‍ എടുത്തു നോക്കി. ഫോളോ അപ്പിന് വേണ്ടി വിളിക്കുന്ന സെയില്‍സ് മാനേജര്‍മാരുടെ നമ്പരുകള്‍ അതില്‍ എഴുതിയിടുന്ന ഒരു ശീലമുണ്ട്. ബോധപൂര്‍വം ചെയ്യുന്നതല്ല. എങ്കിലും പലപ്പോഴും ഉപകരിച്ചിട്ടുണ്ട്. അതേറ്റു. സേഫ് വാട്ടേര്‍സ് എന്ന കമ്പനിയ്ക്ക് കൊടുത്ത പര്‍ച്ചേസ് ഓര്‍ഡറില്‍ നിന്നും റൊസാരിയോ  എന്ന  സെയില്‍സ് മാനേജരുടെ നമ്പര്‍ എന്നെ നോക്കി ചിരിച്ചു. വരാനിരിക്കുന്ന വെള്ളസിംഹവുമായി ഒരു മല്ലയുദ്ധത്തിനു പ്രാപ്തനാക്കുന്ന ആത്മവിശ്വാസമാണ് അതെനിക്ക് തന്നത്.

റൊസാരിയോ ഫോണെടുക്കാന്‍ പല തവണ വിളിക്കേണ്ടി വന്നു. ശബ്ദത്തില്‍ ഉറക്കച്ചടവ് മാറുന്നില്ല. അത് കാര്യമാക്കാതെ വിഷയം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:

"സുഹൃത്തേ, ഒരു ഇന്റര്‍നാഷണല്‍ കമ്പനിയ്ക്ക് ചില നടപടി ക്രമങ്ങളുണ്ട്. ഈ നാട്ടിലെ ഗവന്മേന്റ്റ് സ്ഥാപനങ്ങള്‍ക്ക് ഐ എസ് ഓ യെ കുറിച്ചൊക്കെ പറഞ്ഞാല്‍ മനസ്സിലാവുമോ?  ഇപ്പോള്‍ ചെറിയ കമ്പനികള്‍ പോലും ഓര്‍ഡറിന്  വേണ്ടി ആരുടേയും പുറകെ നടക്കാറില്ല. പിന്നെയല്ലേ ഞങ്ങള്‍?  ഞങ്ങളുടെ ഓഫേഴ്സ്  യു കെ യിലാണ് തയ്യാറാക്കുന്നത്. എന്താ കാര്യം?ചാനലില്‍ കൂടിയല്ലാത്ത ഒന്നും വേണ്ടെന്നു തന്നെ. ഞങ്ങള്‍ ഇന്ന് വര്‍ക്ക്‌ ചെയ്യുന്നില്ല. ശനിയും ഞായറും യു കെ യില്‍ അവധിയാണ്. തിങ്കളാഴ്ച വിളിക്കൂ."

കാല്‍ക്കല്‍ വീണിട്ടു കാര്യമില്ലെന്ന് ഉറപ്പായിരുന്നു. സംഗതി അത്യാവശ്യമാണെന്നും, വില പ്രശ്നമല്ലെന്നും പറഞ്ഞു നോക്കി. അടുക്കുന്നില്ല. ഇതിനിടയിലും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഞങ്ങളുടെ ഓഫീസിലുള്ളവര്‍ എടുത്തു പ്രയോഗിക്കുന്ന പൂഴിക്കടകന്‍ ഡയലോഗ് ഞാന്‍ മനസ്സില്‍ ഉരുവിട്ട് പഠിക്കുകയായിരുന്നു.

"റൊസാരിയോ, ഞാന്‍ കമ്പനിയിലെ ഒരു എഞ്ചിനീയര്‍ മാത്രമാണ്. പക്ഷെ, ഞാന്‍ ഇനി പറയുന്നത് ഈ രാജ്യം ഭരിക്കുന്ന ഹിസ്‌ ഹൈനെസ്സ് പറയുന്നതായി തന്നെ താങ്കള്‍ക്കു കണക്കാക്കാം. സേഫ് വാട്ടര്‍സിനെ  ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യാന്‍ ചിലപ്പോള്‍ ഒരാഴ്ച എടുത്തേക്കും. രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാന്‍ പരമാവധി പത്തു ദിവസം. പക്ഷേ, കാരണം കൂടാതെ നിങ്ങളെ പിടിച്ച് അകത്തിടാന്‍ ഒരു മണിക്കൂര്‍ പോലും വേണ്ട."

ഭാഗ്യവശാല്‍ ജാള്യത മറയ്ക്കാനുള്ള പ്രകടനങ്ങള്‍ കുറവായിരുന്നു.
"നോക്കൂ, എന്റെ കാര്‍ സര്‍വീസിനു പോയിരിക്കുക്കയാണ്. താങ്കള്‍ക്കു എന്നെയൊന്നു പിക്ക് ചെയ്യാമോ?"

ടെലിഫോണ്‍ സംസാരത്തിനിടെ റൊസാരിയോയെ മനസ്സില്‍ വരച്ചത് അപ്പാടെ തെറ്റി.  പരമാവധി ഒരു മുപ്പത്തഞ്ചു വയസ്സേ പ്രതീക്ഷിച്ചിരുന്നുള്ളൂ. ശബ്ദവും ചെറുപ്പമായിരുന്നു. എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ അമ്പത്തഞ്ചു വയസ്സെങ്കിലും കാണും. മറ്റാര്‍ക്കോ വേണ്ടിയാണ് മുടി കറുപ്പിചിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. ഈ പാവത്തിനോട് ഉമ്മാക്കി കാണിച്ചതില്‍ ചെറിയ വിഷമം തോന്നി. സന്ദര്‍ഭത്തിന്റെ ഗൌരവം പറഞ്ഞു മനസ്സിലാക്കി ക്ഷമ ചോദിച്ചാല്‍ തിരിച്ചു കടിക്കുമോ എന്ന പേടിയുള്ളതു കൊണ്ട് മിണ്ടാതിരുന്നു.

ക്ലബിലേക്കുള്ള യാത്രയില്‍ ഞാന്‍ ഇനി കടക്കാനുള്ള കടമ്പകളുടെ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു.  റൊസാരിയോയുടെ പെട്ടെന്നുള്ള ചോദ്യം ആ താളം തെറ്റിച്ചു.
"ഈ വരുന്ന സിംഹം ആണോ, പെണ്ണോ?"
"എനിക്കറിയില്ല. എന്തായാലും ഒരു സിംഹമല്ലേ?"
"ആയിരിക്കാം. പക്ഷെ, പുരുഷന്മാര്‍ക്ക് വേണ്ടത്‌ സ്ത്രീകള്‍ക്ക് മതിയാവുമോ? പ്രത്യേകിച്ച്  പൂള്‍ ഡിസൈന്‍..."
അതൊരു പുതിയ അറിവായിരുന്നു. 
"സ്ത്രീകളുടെ മൂത്രാശയപേശികള്‍ക്ക് തീരെ ബലമുണ്ടാവില്ല. വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ തന്നെ അവര്‍ അറിയാതെ മൂത്രമൊഴിച്ചു പോവും. അത് കൊണ്ട് സ്ത്രീകളുടെ പൂളുകളില്‍ സര്‍കുലേഷന്‍ പമ്പുകളുടെ ഫ്ലോ റേറ്റ് കൂടുതല്‍ കണക്കാക്കും. ഡോസിങ്ങും കൂടുതല്‍ വേണം. സിംഹത്തിന്റെതും അങ്ങനെ തന്നെ ആവാനാണ് സാധ്യത."

എനിക്ക് തൃപ്തിയായി. ഈ സമയത്ത് ഇതിനേക്കാള്‍ നല്ല ഒരാളെ കിട്ടില്ല.

ഞങ്ങള്‍ ക്ലബ്ബില്‍ എത്തിയപ്പോഴേക്കും സന്ധ്യ ആയിരുന്നു. ഞാന്‍ കാര്‍ പാര്‍ക്ക്‌ ചെയ്തു പുറത്തിറങ്ങിയിട്ടും  റൊസാരിയോ അനങ്ങുന്നില്ല. സ്തബ്ധനായി കാറില്‍ തന്നെ ഇരിക്കുകയാണ്.അപ്പോഴേക്കും ഞങ്ങളുടെ ഫോര്‍മാന്‍ പീറ്റര്‍ ഓടി വന്നു.

"ഇറങ്ങിക്കോളൂ സാറേ, അതൊന്നും ചെയ്യില്ല. കെട്ടിയിട്ടിയിരിക്കുകയാണ്"

അപ്പോഴാണ്‌ ഞാനും ശ്രദ്ധിച്ചത്. അവിടെ ഒരു ലൈറ്റ് പോളില്‍ ഒരു സിംഹത്തിനെ കെട്ടിയിട്ടിരിക്കുന്നു. വെള്ളയല്ല. ഒരു വലിയ തവിട്ടു സിംഹം. പീറ്റര്‍ എന്നെ നോക്കി ചിരിച്ചു.

"ഇതിനെ ഇവിടെ കൊണ്ട് വന്നു കെട്ടിയിട്ടു അര മണിക്കൂര്‍ ആയി. കൂട് ടെസ്റ്റ്‌ ചെയ്യാനാണത്രേ. സിംഹങ്ങളുടെ ടെയിസ്റ്റ് വ്യത്യാസമുണ്ടെങ്കിലോ?" 

ആ പറഞ്ഞതിനോട് എനിക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. ആര്‍ക്കിടെക്ട്ടുകള്‍ക്ക് നിരൂപകന്മാരെ പോലെ മറ്റുള്ളവരുടെ ടെയിസ്റ്റ് നിശ്ചയിക്കാനുള്ള അവകാശമുണ്ട്‌..'.

സിംഹമായത് കൊണ്ട് ഒരുകാര്യം  ഒളികണ്ണിട്ടു നോക്കാതെ തന്നെ മനസ്സിലാവും. വെള്ളസിംഹത്തിന്റെ ഡ്യൂപ്പ് പുരുഷകേസരി തന്നെ. ശാന്തഗംഭീരമായ പ്രൌഡലക്ഷണങ്ങള്‍ മൃഗരാജന്റെതോ, മുനിവര്യന്റെതോ? സിംഹങ്ങള്‍ക്ക് പേരിടാന്‍ ഒരവസരം കിട്ടിയെങ്കില്‍ ഞാനിവനെ സ്നാപകയോഹന്നാന്‍ എന്നു വിളിച്ചേനേ. 

റൊസാരിയോയുടെ മുഖത്ത് ചോരയില്ല. ആദ്യത്തെ അനുഭവമാകും. ഏതായാലും വിനയന്‍ അത്യാവശ്യം പണി  ചെയ്തിരിക്കുന്നു. മൂന്നു വശങ്ങളില്‍ ഒരു മീറ്റര്‍ ഉയരത്തിലും, ഒരു വശത്ത് മുഴുവന്‍ ഭിത്തിയും ഉയര്‍ന്നു കഴിഞ്ഞു. നമുക്ക് അതിനകത്ത് നിന്ന് സംസാരിക്കാമെന്ന് നിര്‍ദ്ദേശിച്ചത്  റൊസാരിയോയാണ്.

അകത്തു തറയില്‍ ഇരുമ്പ് കമ്പികള്‍ കൊണ്ട് വല നെയ്തു വച്ചിരിക്കുന്നു. മുഴുവന്‍ ഭിത്തിയില്‍ പ്രൈമര്‍ അടിച്ചു തുടങ്ങി.   തറയില്‍ ഒഴിക്കാനുള്ള റെഡിമിക്സ്‌ പുറപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും വിനയന്റെ സംഘടനാപാടവം സമ്മതിക്കണം.

കാടിന്റെ ചിത്രം ഭിത്തിയില്‍ വരയ്ക്കാന്‍ വന്നവര്‍ ഒന്ന് രണ്ടു മോഡലുകള്‍ കാന്‍വാസില്‍  വരച്ചു പരിശീലിക്കുന്നു. കാട് വരച്ചാല്‍ കാട് പോലെ തന്നെയിരിക്കണം. അടിക്കുറിപ്പ് എഴുതി രക്ഷപ്പെടാനൊന്നും പറ്റില്ല. സിംഹങ്ങളും താടിയും, മുടിയും, വലിയ നാറ്റവുമൊക്കെയുള്ള ജീവികള്‍ തന്നെ. പക്ഷെ അതുകൊണ്ട് മാത്രം അവര്‍ ബുദ്ധിജീവികള്‍ ആവുന്നില്ലല്ലോ?

കെട്ടി വച്ചിരിക്കുന്ന റീ ബാറില്‍ ചവുട്ടി നില്‍ക്കാന്‍ അത്ര എളുപ്പമല്ല. എങ്കിലും പുറത്തു കെട്ടിയിട്ടിരിക്കുന്ന സിംഹത്തില്‍ നിന്നും ഒരു രക്ഷ അത് തരുന്നുണ്ടെന്നു  റൊസാരിയോയ്ക്ക് തോന്നി. ഒരു മീറ്റര്‍ ഉയരമുള്ള ചുമരിന്റെ രക്ഷ.

അരമതിലിന്റെ അദൃശ്യരക്ഷ ഉറപ്പിച്ചു കഴിഞ്ഞപ്പോള്‍  റൊസാരിയോ ഉഷാറായി.
"നിങ്ങള്‍ എവിടെ നിന്നാണ് ഈ സിംഹത്തെ വാങ്ങിച്ചത്?"
"സൌത്ത് ആഫ്രിക്കയില്‍ നിന്നാണെന്നു പറയുന്നു. കൃത്യമായി അറിയില്ല"
"അവിടെ നിന്നും ചില റിപ്പോര്‍ട്ടുകള്‍ അടിയന്തിരമായി സംഘടിപ്പിക്കണം. ഇപ്പോള്‍ അവിടെ സമയം എത്രയായി?"
"എന്താണ് വേണ്ടതെന്നു പറയൂ. മിക്കവാറും റിപ്പോര്‍ട്ടുകള്‍ ഓഫീസില്‍ കാണും"
"സിംഹം നിലത്തു കിടക്കുന്ന ജീവിയല്ലേ? അങ്ങനെ ശരീരത്തില്‍ പറ്റുന്ന അഴുക്കുകള്‍ ശുദ്ധീകരിക്കാന്‍ നമ്മുടെ ഫില്‍റ്ററിനു പറ്റും."
"കാര്യത്തിലേക്ക് വരൂ.."
"സിംഹത്തിന്റെ മലം പരിശോധിച്ച റിപ്പോര്‍ട്ട്‌ വേണം"
"മലം പരിശോധിച്ച റിപ്പോര്‍ട്ടോ? അതെന്തിനാണ്?"
"എന്തിനാണെന്നോ? നിങ്ങള്ക്ക് സിംഹവിസര്‍ജ്ജ്യതിന്റെ സ്പെസിഫിക് ഗ്രാവിറ്റി എത്രയാണെന്ന് അറിയുമോ? പോട്ടെ, സിംഹം മലവിസര്‍ജ്ജനം  നടത്തിയാല്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ, താഴ്ന്നു പോവുമോ ?"

കച്ചവടക്കാരന്‍ പലപ്പോഴും പത്രക്കാരെ പോലെയാണ്. ഏതു വിഷയത്തിലും അസാമാന്യപ്രാവിണ്യം നേടാന്‍ നിമിഷങ്ങള്‍ മാത്രം മതി. കുനിഞ്ഞ തല ഉയരും മുന്‍പ് അടുത്ത ചോദ്യം വന്നു.
"സിംഹക്കാട്ടം എത്ര സമയം കൊണ്ട് വെള്ളത്തില്‍ ലയിക്കും? സിംഹം ഒരു പ്രാവശ്യം അപ്പിയിട്ടാല്‍ ഒന്‍പതു കുബിക് മീറ്റര്‍ വെള്ളത്തില്‍ ഉണ്ടാക്കുന്ന ടി ഡി എസ് എത്ര?"

പുറത്തു കെട്ടിയിട്ടിരിക്കുന്ന സിംഹം എത്ര ഭേദം? ഇയാള്‍ ഇറച്ചി വേവിച്ചല്ലേ കഴിക്കുന്നത്?
"ഇതൊന്നും അറിയാതെയാണോ ഫില്‍റ്റര്‍ വാങ്ങാന്‍ വരുന്നത്? കുട്ടിക്കളിയാണെന്ന് വിചാരിച്ചോ? നോക്കൂ, മുപ്പതു വര്‍ഷമായി ഞാനീ ജോലി ചെയ്യുന്നു. കൃത്യമായ ഡാറ്റ ഇല്ലാതെ ഒന്നും നടക്കില്ല. പെട്ടെന്ന് മലം പരിശോധിച്ച റിപ്പോര്‍ട്ട്‌ സംഘടിപ്പിക്കൂ. തല്‍ക്കാലം എന്നെ വീട്ടില്‍ കൊണ്ടുപോയി വിടൂ."

ആവശ്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ഇതിനപ്പുറവും സഹിക്കും. പക്ഷെ എല്ലാവരും അങ്ങനെയാണോ? പുറത്തു ഭയങ്കരമായ ശബ്ദം. ആളുകള്‍ ചിതറിയോടുന്നു. സിംഹം കയര്‍ പൊട്ടിച്ചതാണ്. 

ഉച്ചത്തില്‍ അമറിക്കൊണ്ട് സിംഹം തലങ്ങും വിലങ്ങും ഓടുന്നു. ഓടുമ്പോള്‍ ഭൂമി കുലുങ്ങുന്നത് പോലെ. അല്പം മുന്‍പ് നിരുപദ്രവകാരിയെന്നു തോന്നിച്ച ശാന്തസ്വരൂപനാണോ ഇത്? നിമിഷനേരം കൊണ്ട് അവിടെ കൂടി നിന്നിരുന്ന ആരെയും കാണാതായി. ഒരു മീറ്റര്‍ പൊക്കമുള്ള മതില്‍ക്കെട്ടിനുള്ളില്‍ ഞാനും റൊസാരിയോയും മാത്രം. ഇറങ്ങിയോടിയാല്‍ അപകടമായിരിക്കും. അനങ്ങാന്‍ പോലും തോന്നിയില്ല എന്നതാണ് സത്യം.  റൊസാരിയോ എന്റെ കൈയ്യില്‍ ഇറുക്കി പിടിച്ചിരിക്കുന്നു.

കുറച്ചു നേരം ഓടിയ ശേഷം കിതച്ചു കൊണ്ട് നടക്കാന്‍ തുടങ്ങി. മുന്നില്‍ കാണുന്നതൊക്കെ തട്ടിത്തെറിപ്പിച്ചു. പിന്നെ കലിയടങ്ങാത്ത പോലെ ഒരു മരത്തിന്റെ തൊലി അള്ളിപ്പൊളിക്കാന്‍ തുടങ്ങി.

"യാ ള്ളാ ...ഹമാര്‍..!(നിൽക്കെടാ  അവിടെ. കഴുതേ...)": അല്പം മുന്‍പ് കേട്ട സിംഹഗര്‍ജ്ജനത്തെ വെറും നിസ്സാരമാക്കുന്ന ഒരലര്‍ച്ച. ക്ലബ്ബിന്റെ അകത്തു നിന്നും ഇളയ രാജകുമാരന്‍ ഇറങ്ങി വരുന്നു. കൈയ്യില്‍ തോക്ക്. 

രാജകുമാരന്‍ അറബിയില്‍ എന്തൊക്കെയോ ഉറക്കെ വിളിച്ചു പറഞ്ഞു. സിംഹം തിരിഞ്ഞോടി.  പ്രിൻസ് കൂടുതല്‍ ഉച്ചത്തില്‍ അലറി. യോഹന്നാന്‍ ഒന്നു നിന്ന ശേഷം അനുസരണയോടെ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. പൂച്ച പതുങ്ങുന്നത് പോലെ മുന്‍കാലുകള്‍ മുന്നോട്ടു നീട്ടി നിലത്തു പതുങ്ങി. ഒന്നും സംഭവിക്കാത്ത പോലെ അദ്ദേഹം അവനെ കൊണ്ടുപോയി കെട്ടിയിട്ടു.

മാളങ്ങളില്‍ ഒളിച്ചവര്‍ പുറത്തേയ്ക്ക് വരാന്‍ തുടങ്ങി. എല്ലാവരും കൂടി ഓടിയാര്‍ത്തു ഞങ്ങളുടെ അടുത്തേക്കാണ് വരുന്നത്. പീറ്റര്‍ എന്റെ മുന്നില്‍ വന്നു കണ്ണിമ വെട്ടാതെ നോക്കി. ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്നവനെ കാണുന്നതു പോലെ. മരണത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്ന തോന്നല്‍ അപ്പോള്‍ മാത്രമാണുണ്ടായത്. റൊസാരിയോയ്ക്ക് ജീവനുണ്ടോ? തിരിഞ്ഞു നോക്കിയപ്പോൾ എല്ലാവരേയും അതിശയിപ്പിച്ചു കൊണ്ട് റൊസാരിയോ ഒരു പ്രഖ്യാപനം നടത്തുകയായിരുന്നു.

"നാളെ രാവിലെ വെയര്‍ഹൌസിലേക്ക് വണ്ടി വിട്ടാല്‍ ഫില്‍ട്ടരും, പമ്പുകളും, ഡോസിംഗ് സിസ്റ്റവും തന്നു വിടാം. കണ്ട്രോള്‍ പാനല്‍ വൈകുന്നേരത്തോടെ ശരിയാവും. പൈപ്പുകള്‍ ഘടിപ്പിച്ചു സ്വിമ്മിംഗ് പൂളില്‍ വെള്ളം നിറച്ച ശേഷം വിളിച്ചാല്‍ മതി. ഞങ്ങളുടെ ടെക്നിഷ്യന്‍മാര്‍ വന്നു ടെസ്റ്റ്‌ ചെയ്തു ഫില്‍റ്ററില്‍ മീഡിയ നിറയ്ക്കും. നാളെ രാത്രിയോടെ പൂള്‍ വര്‍ക്ക്‌ ചെയ്തു തുടങ്ങും"

''അപ്പോള്‍ മലം?"

അത് ശ്രദ്ധിക്കാതെ  റൊസാരിയോ നേരെ കാറിനടുത്തേക്ക് നടന്നു. വണ്ടിയോടിക്കുമ്പോള്‍ ഞാന്‍ ഒരു അടിപൊളിപ്പാട്ട് കേള്‍ക്കാനുള്ള മൂഡിലായിരുന്നു. എനിക്കിപ്പോഴും സംഭവിച്ചത് എന്തെല്ലാമാണെന്ന് ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല.  റൊസാരിയോ ഒരക്ഷരം സംസാരിക്കുന്നുമില്ല. എന്റെ ഇടതു കൈത്തണ്ടയ്ക്കു നല്ല വേദനയുണ്ട്. നോക്കിയപ്പോള്‍, വളയിട്ട പോലെ നാല് വരകള്‍ ചുവന്നു തണര്‍ത്തു കിടക്കുന്നു. 

ഈ മെലിഞ്ഞ മനുഷ്യന്റെ ഉണക്ക വിരലുകള്‍ക്ക് ഇത്ര കരുത്തോ?